26 April Friday

വികസനപാതയിലെ നാഴികക്കല്ലുകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

എല്ലാം ശരിയാകുമെന്ന്‌ പറഞ്ഞാണ്‌ അഞ്ച്‌ വർഷംമുമ്പ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നത്‌. ആ വാക്ക്‌ അക്ഷരാർഥത്തിൽ പാലിക്കുന്നതായി കൊച്ചി നഗരത്തിലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനം. കന്യാകുമാരി–-പൻവേൽ എൻഎച്ച്‌‌ 66 ദേശീയപാതയിലാണ്‌ ഈ രണ്ട്‌ മേൽപ്പാലവും. മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പൊതുഗതാഗതത്തിന്‌  രണ്ട്‌ മേൽപ്പാലവും തുറന്നുകൊടുത്തപ്പോൾ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ്‌ അന്ത്യമായത്‌. ‌ ആലുവ, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക്‌ മാത്രമല്ല, എറണാകുളം നഗരത്തിൽ തൃപ്പൂണിത്തുറയിലേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്രയും ഇനി സുഗമമാകും. സംസ്ഥാനത്തിന്റെ  വികസനപാതയിലെ നാഴികക്കല്ലുകളായി അവ അടയാളപ്പെടുത്തും. പാലം നിർമാണത്തിന്‌ നേതൃത്വം നൽകിയ പൊതുമരാമത്ത്‌ വകുപ്പും ഫണ്ട്‌ അനുവദിച്ച കിഫ്‌ബിയും ധനമന്ത്രാലയവുമെല്ലാം അഭിനന്ദനമർഹിക്കുന്നു.

മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനം ഒഴുകുന്ന വൈറ്റില ജങ്‌ഷൻ, മൂന്നു ദേശീയപാത സംഗമിക്കുന്ന ഏറ്റവും വലിയ ജങ്‌ഷനുകളിലൊന്നായ കുണ്ടന്നൂർ എന്നീ മേൽപ്പാലങ്ങൾ തുറന്നുകൊടുത്തതോടെ ഒഴിവാകുന്നത്‌ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കാണ്‌. അഞ്ച്‌ കിലോമീറ്ററിനുള്ളിൽ  വരുന്ന ഈ രണ്ടിടത്തും തിരക്കുള്ള സമയങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്‌ ഉണ്ടാകുക പതിവായിരുന്നു. അതില്ലാതാകുന്നുവെന്ന്‌ മാത്രമല്ല സമയനഷ്ടവും ഇനി പരിഹരിക്കാം. കേരളം നിർമിച്ചതുകൊണ്ട്‌ ടോൾപിരിവും ഒഴിവായി.

രാജ്യത്തെതന്നെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ കൊച്ചിയുടെ മുഖച്ഛായതന്നെ മാറ്റുന്ന വികസനസംരംഭങ്ങൾക്കാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷത്തെ എൽഡിഎഫ്‌ ഭരണം വഴിയൊരുക്കിയത്‌. മെട്രോ യാഥാർഥ്യമായതിന്‌ പുറകെ ദേശീയപാതയിലെ രണ്ട്‌ മേൽപ്പാലവും ഇപ്പോൾ പൊതുഗതാഗതത്തിന്‌ തുറന്നുകൊടുത്തിരിക്കുന്നു. ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതിയും രാജ്യത്തിന്‌ സമർപ്പിക്കപ്പെട്ടത്‌ കഴിഞ്ഞ ദിവസമാണ്‌. വാട്ടർ മെട്രോയും ഉടൻ ഉദ്‌ഘാടനം ചെയ്യപ്പെടും. യുഡിഎഫ്‌ ഭരണകാലത്തെ അഴിമതിയുടെ പ്രതീകമായ പാലാരിവട്ടം പാലവും മെയ്‌മാസത്തോടെ ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ പാലംനിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌.

ദേശീയപാതയിലെ മേൽപ്പാലങ്ങൾ നിർമിക്കേണ്ടത്‌ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്(എൻഎച്ച്‌എഐ)‌. 2008ൽ ദേശീയപാത അതോറിറ്റി മേൽപ്പാലങ്ങളുടെ നിർമാണത്തിന്‌ പദ്ധതിരേഖ തയ്യാറാക്കിയെങ്കിലും 1200 കോടി രൂപ ചെലവുവരുമെന്നുപറഞ്ഞ്‌ കേന്ദ്ര ഉപരിതല ഗതാഗാഗത മന്ത്രാലയം അനുമതി നിഷേധിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നതിന്‌ പകരം നാല്‌ മേൽപ്പാലത്തിന്റെ(-ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ)  നിർമാണവും യുഡിഎഫ്‌ സർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഈ സ്വയം ഏറ്റെടുക്കൽ എന്തിനു ‌വേണ്ടിയായിരുന്നുവെന്ന്‌ ‌ പാലാരിവട്ടം പാലം നിർമാണത്തിലെ കോടികളുടെ അഴിമതി വ്യക്തമാക്കി.  കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ ന്യായമായും ലഭിക്കേണ്ട പെട്രോളിയം ഉൽപ്പന്നങ്ങളുടെ സെസായി പിരിച്ചെടുക്കുന്ന പണത്തിൽനിന്ന്‌ ലഭിക്കേണ്ട വിഹിതമാണ്‌ ഇതോടെ സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടത്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്റെ ശ്രദ്ധയിലേക്ക്‌ ഇക്കാര്യം വീണ്ടും കൊണ്ടുവന്നുവെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ സമ്മതപത്രം കാണിച്ച് കേന്ദ്രം അത് നിരസിക്കുകയായിരുന്നു.

കേന്ദ്രം സാങ്കേതികത്വം പറഞ്ഞ്‌ കേരളത്തെ അവഗണിച്ചെങ്കിലും  സംസ്ഥാനത്തിന്റെ വികസനം തടയാൻ കഴിയില്ലെന്ന  സമീപനമാണ്‌ പിണറായി സർക്കാർ സ്വീകരിച്ചത്‌. അതിന്റെ ഫലമായാണ്‌ കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്‌. 152.81 കോടി രൂപ ചെലവഴിച്ചാണ്‌ പാലം നിർമിച്ചത്‌. എസ്‌റ്റിമേറ്റ്‌ തുകയിൽനിന്ന്‌ 15.02 കോടി രൂപ ലാഭമുണ്ടാക്കിയാണ്‌ പണി പൂർത്തിയാക്കിയത്‌.  സംസ്ഥാനത്തിന്റെ  വികസനസ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകുന്ന സ്ഥാപനമായതുകൊണ്ടായിരിക്കണം കിഫ്‌ബിക്കെതിരെ കേന്ദ്ര ഏജൻസികൾ വട്ടമിട്ട്‌ പറക്കുന്നത്‌. ഏതായാലും കേന്ദ്രത്തിന്റെ ഫണ്ട്‌‌ ഉപയോഗിച്ചാണ്‌ കേരളത്തിൽ എല്ലാം നടക്കുന്നതെന്ന വായ്‌ത്താരി ഈ മേൽപ്പാലങ്ങളുടെ നിർമാണത്തിലെങ്കിലും ബിജെപിക്ക്‌ ഉയർത്താനാകില്ല. കേന്ദ്രം എത്രമാത്രം അവഗണിച്ചാലും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌‌ അതിനെ അതിജീവിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ്‌ ഈ രണ്ട്‌ മേൽപ്പാലത്തിന്റെയും നിർമാണം. എൽഡിഎഫ്‌ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഇത്‌ സഹായിക്കുമെന്നതിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top