01 October Sunday

കേരളത്തെ മാറ്റിമറിക്കും ഈ കര്‍മപരിപാടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബഹുമുഖ കര്‍മപദ്ധതികളില്‍ തെളിയുന്നത് കേരളം നേരിടുന്ന പ്രശ്നങ്ങളെ ശരിയാംവണ്ണം അഭിസംബോധനചെയ്യാനുള്ള സന്നദ്ധതയും ദീര്‍ഘവീക്ഷണവും. ജീവിതഗുണമേന്മാ പൊതുസൂചകങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ലോകനിലവാരത്തിനൊപ്പമാണെങ്കിലും അടിസ്ഥാനസൌകര്യങ്ങള്‍ പലതും ലഭിക്കാത്ത ജനങ്ങള്‍ ഒട്ടനവധിയാണ്. പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളോരോന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒട്ടേറെ പരാധീനതകള്‍ പ്രകടമായിത്തന്നെ കാണാനാകും. പൊതുഉടമസ്ഥതയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയും കാലികമായ നവീകരണം ഇല്ലായ്മയും ജനങ്ങളെയാകെ വലയ്ക്കുകയാണ്. അടിസ്ഥാന പശ്ചാത്തലവികസനമാകട്ടെ, ആവശ്യമായതിന്റെ ചെറിയൊരംശംപോലുമായിട്ടില്ല. ലഭ്യമായ സൌകര്യങ്ങള്‍തന്നെ വിവേചനപരമായും അസന്തുലിതമായും വിതരണം ചെയ്യപ്പെടുന്നതിന്റെ പ്രശ്നങ്ങള്‍ വേറെയും. എല്ലാവര്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പാര്‍ശ്വവല്‍ക്കരിപ്പെട്ട ജനവിഭാഗങ്ങള്‍ ഏറെ അവഗണിക്കപ്പെടുകയും ചെയ്യുന്നു. 

പൊതുസേവനങ്ങളിലെ ഈ അപര്യാപ്തത സ്വകാര്യമേഖലയ്ക്ക് വളമാകുകയും പണംകൊടുത്താല്‍ എന്തു സൌകര്യവും ലഭിക്കുമെന്ന പൊതുബോധത്തിലേക്ക് ചിലരെങ്കിലും എത്തുകയും ചെയ്തിരിക്കുന്നു. പൊതുവായതെല്ലാം സംരക്ഷിക്കുകയും വളര്‍ത്തുകയുംചെയ്യേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന കാഴ്ചപ്പാടുതന്നെ കൈമോശംവന്നു. പരിസ്ഥിതിസംരക്ഷണവും ശുചിത്വവും സര്‍ക്കാരിന്റെമാത്രം ചുമതലയായി മാറി. ഗൌരവമേറിയതാണ് നമ്മുടെ പൊതുജീവിതത്തിലെ പ്രശ്നസങ്കീര്‍ണതകള്‍. മുഖംമിനുക്കലുകള്‍കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവയൊന്നും. ഇച്ഛാശക്തിയോടെയുള്ള ഭരണനടപടികളിലൂടെമാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ. ഈ തിരിച്ചറിവാണ് ചുമതലയേറ്റ് നാലുമാസം തികയ്ക്കുന്നതിനുമുമ്പ് അടിസ്ഥാനപ്രശ്നങ്ങളെയാകെ തൊട്ടറിഞ്ഞുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവര്‍ത്തനപദ്ധതികള്‍ക്ക് ആധാരം.

സമ്പൂര്‍ണ പാര്‍പ്പിടം, ഹരിതകേരളം, വിദ്യാഭ്യാസശാക്തീകരണം, ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നീ പദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതിനുള്ളതാണ് കര്‍മപരിപാടികള്‍. ഭവനപദ്ധതികള്‍ പലതുപിന്നിട്ടെങ്കിലും കേരളത്തില്‍ ഇനിയുമേറെപേര്‍ ഭൂമിയും വീടും ഇല്ലാത്തവരായുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. അഞ്ചുവര്‍ഷംകൊണ്ട് എല്ലാ ഭൂരഹിത–ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചുനല്‍കും. ഒപ്പം തൊഴില്‍ചെയ്ത് ഉപജീവനം നടത്താനും വഴിയൊരുക്കും.

  ആയിരം സ്കൂളുകളെ അന്താരാഷ്ട്രനിലവാരമുള്ളതാക്കുക, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒമ്പതുമുതല്‍ 12 വരെ എല്ലാ ക്ളാസ് റൂമുകളും ഹൈടെക് ആക്കുക, ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ പ്രത്യേക പാക്കേജും ഇംഗ്ളീഷ് ഭാഷാ പ്രോത്സാഹനവും നല്‍കുക എന്നിവയടങ്ങിയതാണ് വിദ്യാഭ്യാസ നവീകരണ പദ്ധതി. ജനസൌഹൃദ  ആര്‍ദ്രം– ആരോഗ്യമിഷന്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രികളിലാണ് ആദ്യഘട്ടം നടപ്പാക്കുക. തുടര്‍ന്ന് ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വ്യാപിപ്പിക്കും. ശുചിത്വം, മാലിന്യസംസ്കരണം, കൃഷിവികസനം, ജലസംരക്ഷണം എന്നീ മേഖലകള്‍ അടങ്ങുന്നതാണ് ഹരിതകേരളം മിഷന്‍.

പദ്ധതിപ്രഖ്യാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ളതല്ല. എന്നാല്‍, പതിവുരീതികളില്‍നിന്ന് വ്യത്യസ്തമായി പ്രഖ്യാപനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് വരച്ചുകാണിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. എന്താണ് പ്രശ്നം, പരിഹാരം എങ്ങനെ, വിഭവം എവിടെനിന്ന്, ആരാണ് നടപ്പാക്കേണ്ടത്, ചുമതലകള്‍ ആര്‍ക്കൊക്കെ? ഇതിനെല്ലാം വ്യക്തമായ രൂപരേഖ അവതരിപ്പിച്ചപ്പോള്‍,  അതൊരു പുതിയ അനുഭവമായി. മുഖ്യമന്ത്രി അധ്യക്ഷനും ബന്ധപ്പെട്ട മന്ത്രിമാര്‍ ഉപ, സഹ  അധ്യക്ഷരുമായ മിഷനുകളാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കും മിഷനുകളില്‍ പ്രത്യേക ചുമതലയുണ്ട്. എല്ലാ മിഷനുകളിലും പ്രതിപക്ഷനേതാവിനെ ഉള്‍പ്പെടുത്തിയത് അഭിനന്ദനാര്‍ഹമായ തീരുമാനമായി. ഇതിനുപുറമെ നിര്‍വഹണത്തിന് വിദഗ്ധരടങ്ങിയ ടാസ്ക് ഫോഴ്സുകളും മിഷനുകളുടെ ഏകോപനത്തിന് എംപവേര്‍ഡ് കമ്മിറ്റിയും. മിഷനുകളുടെയും ടാസ്ക് ഫോഴ്സുകളുടെയും പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. പദ്ധതികളുടെ നടത്തിപ്പില്‍ ആവശ്യമായ മേഖലകളിലെല്ലാം ജനപങ്കാളിത്തം, ഉദ്യോഗസ്ഥര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്തം, കൃത്യതയാര്‍ന്ന പ്രവൃത്തിവിഭജനം, കര്‍ശനമായ മേല്‍നോട്ടം; ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ ജനങ്ങള്‍ അത് രണ്ട് കൈയുംനീട്ടി സ്വീകരിച്ചു. ഇത് പൂര്‍ണ അര്‍ഥത്തില്‍ത്തന്നെ നടപ്പാകുമെന്ന വിശ്വാസം അവര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നു. വിരമിച്ചവരുടെ സേവനംകൂടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍, അത്തരക്കാരുടെ തെരഞ്ഞെടുപ്പും പരിശീലനവും ഐഐഎം വഴിയായിരിക്കുമെന്നതിനാല്‍ ഏറ്റവും മികച്ച കരങ്ങള്‍ക്ക് മാത്രമേ പരിഗണന ലഭിക്കുകയുള്ളൂ എന്നും ഉറപ്പിക്കാനാകും. 

പദ്ധതികളുടെ ഇഴഞ്ഞുനീങ്ങലും ചുവപ്പുനാടയുമാണ് നമ്മുടെനാട്ടില്‍ എല്ലാകാലത്തും നിലനിന്നുപോന്ന ശാപങ്ങള്‍. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ പദ്ധതിനിര്‍വഹണ സമീപനത്തില്‍ അത്തരം പഴുതുകള്‍ അടച്ചിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നതിനുള്ള ഗ്യാരണ്ടി അതിനായി ചുമതലപ്പെട്ട ഭരണ, ജനകീയ, ഉദ്യോഗസ്ഥ സംവിധനങ്ങള്‍ തന്നെയാണ്. ഏകജാലകരീതിയായതിനാല്‍ വിവിധ വകുപ്പുകളിലേക്ക് ഫയലുകള്‍ തട്ടിക്കളിച്ചുകൊണ്ടുള്ള ചുവപ്പുനാടയ്ക്കും സാധ്യതയില്ല. സംസ്ഥാന, ജില്ലാ, തദ്ദേശഭരണ മിഷനുകളിലും ടാസ്ക്ഫോഴ്സിലും അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയും ഏകോപനവും നിര്‍ബന്ധമാക്കിയതിനാല്‍ സമയബന്ധിതമായും ഫലപ്രദമായും പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ഉറപ്പിക്കാം. വികസനത്തിലെ മുരടിപ്പും സേവന, ക്ഷേമ രംഗങ്ങളിലെ അപര്യാപ്തകളും മറികടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ ദൌത്യം ഏറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ചടുലവും നവീനവുമായ ഒരുപ്രവര്‍ത്തന സംസ്കാരത്തിലേക്കാണ് കേരളത്തെ ആനയിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top