06 June Tuesday

സംവരണം : സർക്കാരിന്റേത‌് ഉറച്ച തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019


സംവരണത്തിന്റെ പേരിൽ ബോധപൂർവം ചില കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരണങ്ങൾ ചിലർക്കിടയിൽ  സൃഷ്ടിച്ച ആശങ്ക പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ‌് എൽഡിഎഫ‌് സർക്കാർ. സംവരണം സംബന്ധിച്ച‌് ഉയർത്തിയ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന തീരുമാനങ്ങളാണ‌് സർക്കാർ കൈക്കൊണ്ടിരിക്കുന്നത‌്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കും സർക്കാർ സർവീസിൽ കയറുന്നതിന‌് സഹായകരമായ നിലപാടാണ‌് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത‌്. സർക്കാരിന്റെ ഈ  തീരുമാനത്തെ എല്ലാവിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുമെന്നതിൽ സംശയമില്ല.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) സർക്കാർ നടപ്പാക്കുമ്പോൾ സംവരണം അട്ടിമറിക്കപ്പെടുമെന്ന  ആശങ്കയ‌്ക്ക‌്  ഇനി സ്ഥാനമില്ല.  കെഎഎസിലെ മൂന്ന‌് ശ്രേണിയിലും സംവരണം ഉറപ്പാക്കാൻ തീരുമാനിച്ചു.  ഇതോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിലും സർക്കാർ സർവീസിലെ നിയമനങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനംവരെ സംവരണം നൽകാനുള്ള സുപ്രധാന തീരുമാനവും കൈക്കൊണ്ടു.  103–-ാം ഭരണഘടനാ ഭേദഗതിക്കനുസൃതമായി നിലവിലുള്ള സാമുദായിക സംവരണത്തിന്റെ അനുപാതത്തിൽ കുറവ‌് വരുത്താതെ 10 ശതമാനം സാമ്പത്തിക സംവരണമാണ‌് സംസ്ഥാനത്ത‌് നടപ്പാക്കുക. അദർ എലിജിബിൾ കമ്യൂണിറ്റി (ഒഇസി) കളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി കൂടുതൽ പണവും സർക്കാർ അനുവദിച്ചു. 

സംസ്ഥാന സിവിൽ സർവീസ് കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് രൂപം നൽകിയത്. സർക്കാർ സെക്രട്ടറിയറ്റ് ഉൾപ്പെടെ 29 സർവീസ‌് ഇതിൽപ്പെടും. ഈ സർവീസ് സംസ്ഥാന സർക്കാരിന്റെ രണ്ടാം ഗസറ്റഡ് തസ്തികയിലെ വിഭാഗത്തിലാണ് ഉൾപ്പെടുക. നിലവിലുള്ള വിശേഷാൽ ചട്ടപ്രകാരം 1/3 : 1/3 : 1/3 എന്ന അനുപാതത്തിൽ മൂന്ന് രീതിയിലാണ് ഈ തസ‌്തികയിലേക്ക‌് റിക്രൂട്ട്മെന്റ് നടത്തുന്നത്. ആദ്യ സ്ട്രീം നേരിട്ടുള്ള റിക്രൂട്ട്മെന്റും രണ്ടും മൂന്നും സ്ട്രീമുകൾ ബൈട്രാൻസ്ഫർ നിയമനങ്ങളുമാണ്. ഒരിക്കൽ സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചവർ എന്ന നിലയിൽ ബൈട്രാൻസ്ഫർ നിയമനങ്ങളിൽ സംവരണാനുകൂല്യം നൽകാറില്ല. അതിനാൽ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ കാര്യത്തിലും ഒന്നാമത്തെ സ്ട്രീമിൽമാത്രമായിരുന്നു സംവരണം നിശ്ചയിച്ചത‌്. ബൈട്രാൻസ്ഫർ നിയമനങ്ങളിലും സംവരണം ആവശ്യമാണെന്ന‌് വിവിധ സംഘടനകൾ  ഉന്നയിച്ച ആവശ്യം പരിശോധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. രണ്ടും മൂന്നും സ്ട്രീമുകളിലും സംവരണം ഉറപ്പ് വരുത്താനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചത‌്. ഇതിനനുസൃതമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും.

നാടിന്റെയും ജനങ്ങളുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും പരിഹരിച്ച‌് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വർഷംമുമ്പ‌ുതന്നെ ഉറപ്പുനൽകിയിരുന്നു.  കെഎഎസ് രൂപീകരണം എന്നത‌് എൽഡിഎഫ‌് സർക്കാർ പുതുതായി കൊണ്ടുവന്നതായിരുന്നില്ല. ഇ കെ നായനാർ അധ്യക്ഷനായുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമീഷന്റെ  പ്രധാന ശുപാർശകളിലൊന്നായിരുന്നു.  ഇത് നടപ്പാക്കാനുള്ള നടപടി മുൻ സർക്കാരുകളും സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പിണറായി സർക്കാരിന്റെ തീരുമാനം. ഐഎഎസുകാരുടെ എണ്ണം സംസ്ഥാനത്ത് ആവശ്യത്തിനില്ല. മറ്റു സംസ്ഥാനങ്ങൾ നേരത്തെതന്നെ സംസ്ഥാന സിവിൽ സർവീസ‌് നടപ്പാക്കി. സാധാരണ ഐഎഎസിലേക്ക് ഉയർന്നുവരാൻ കഴിയുന്നത് ഡെപ്യൂട്ടി കലക്ടർമാർക്കാണ്. കെഎഎസ് രൂപീകരണത്തോടെ എല്ലാ മേഖലയിൽനിന്നുള്ളവർക്കും ഇതിന് അവസരം ലഭിക്കും. സംവരണത്തിലെ ആശങ്കകൂടി പരിഹരിച്ചതോടെ നിയമന നടപടികളിലേക്ക‌് ഉടൻ കടക്കാനാകും.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണംകൂടി കേരളത്തിൽ യാഥാർഥ്യമാവുകയാണ‌്. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പ്രത്യേകമായി രൂപം നൽകും.  മുന്നോക്കവിഭാഗങ്ങളിൽ കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരെയാണ് സംസ്ഥാന സർക്കാർ പരിഗണിക്കുക. ബന്ധപ്പെട്ട ചട്ടങ്ങളിൽ ഇതിനായി  ആവശ്യമായ ഭേദഗതി വരുത്തുമെന്ന‌് മന്ത്രി എ കെ ബാലൻ ചൊവ്വാഴ‌്ച വ്യക്തമാക്കി. 

കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ഒരു പഠനവും നടത്താതെയാണ‌്  അദർ എലിജിബിൾ കമ്യൂണിറ്റി (ഒഇസി) കളുടെ ആനുകൂല്യത്തിനായി പിന്നോക്കവിഭാഗത്തിലെ 30 സമുദായങ്ങളെ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തിയത‌്. എന്നാൽ, ആനുകൂല്യം നൽകാൻ വർഷം ഏതാണ്ട് 200 കോടി രൂപ വേണമായിരുന്നു. ഈ സാമ്പത്തികബാധ്യത തീർക്കാനുള്ള തുക ബജറ്റിൽ നീക്കിവയ‌്ക്കാതെയാണ‌്  കഴിഞ്ഞ സർക്കാർ പട്ടികമാത്രം തയ്യാറാക്കി പ്രഖ്യാപനം നടത്തിയത‌്.  എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈയിനത്തിൽ  189 കോടി രൂപയുടെ കുടിശ്ശികയുണ്ടായിരുന്നു. സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ  732.35 കോടി രൂപ ഒഇസി വിദ്യാഭ്യാസാനുകൂല്യമായി നൽകി. 2018–-19 സാമ്പത്തികവർഷം ഒഇസിക്ക് ആനുകൂല്യം നൽകാനായി 220 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഇതിനുപുറമെ കുടിശ്ശിക പൂർണമായും തീർക്കാൻ 200 കോടി രൂപകൂടി അനുവദിക്കുകയും ചെയ‌്തു. ഈ വിഭാഗത്തിന്റെ ആനുകൂല്യം സർക്കാർ റദ്ദാക്കുന്നുവെന്ന കള്ളപ്രചാരണം ചില കോണുകളിൽനിന്ന‌് ഉയർത്തുന്നുണ്ട‌്. എന്നാൽ, അത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന‌് സർക്കാർ സുവ്യക്തമാക്കിയിരിക്കയാണ‌്.

ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ഇത്തരം നീക്കങ്ങൾ വിലപ്പോകില്ല. എല്ലാത്തരത്തിലും സമൂഹത്തിലെ ഏറ്റവും പിന്നണിയിൽ കിടക്കുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന്  പ്രതിജ്ഞാബദ്ധമാണ‌് എൽഡിഎഫ‌് സർക്കാർ എന്ന‌് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top