26 April Friday

ഇച്ഛാശക്തിയുടെ ഉത്തമദൃഷ്ടാന്തം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019


ആയിരം ദിവസം പിന്നിടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സംസ്ഥാനത്ത് ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ച ജനങ്ങൾക്കിടയിൽ വ്യാപകമാണ്. നേട്ടങ്ങൾ അനുഭവത്തിലൂടെ ബോധ്യപ്പെട്ടവരാണ്‌ സർക്കാരിനെ പ്രശംസിക്കുന്നത്‌. ഇത്തരത്തിൽ വർധിച്ചുവരുന്ന ജനപിന്തുണ എൽഡിഎഫ്‌ സർക്കാരിന്‌ മാത്രമല്ല ആ മുന്നണി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിനും ഗുണകരമാകുമെന്ന തിരിച്ചറിവ് വലതുപക്ഷ ശക്തികൾക്കുണ്ട്‌. അതിന്റെ ഭാഗമായാണ്‌ സർക്കാർ നേട്ടങ്ങൾ തമസ്‌കരിക്കാനും സർക്കാരിനെയും മുന്നണിയെയും തകർക്കാനും ബോധപൂർവ ശ്രമം ഉണ്ടാകുന്നത്. എന്നാൽ, ഇത്തരം നീക്കങ്ങളെ പാടെ നിരാകരിക്കുന്ന അനുഭവമാണ്‌ ജനങ്ങളിൽനിന്ന്‌ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്‌. ഇച്ഛാശക്തികൊണ്ട് പലതും നേടാനാകുമെന്ന്‌ പിണറായി വിജയൻ സർക്കാർ ആവർത്തിച്ച്‌ തെളിയിക്കുന്നു. ഈ ബോധ്യത്തിൽനിന്നാണ്‌ കേരളജനത സംസ്ഥാന സർക്കാരിനെ നെഞ്ചേറ്റുന്നത്‌. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്‌ ഇപ്പോൾ യാഥാർഥ്യമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. 2017ൽ തുടക്കമിട്ട ഈ പദ്ധതി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തിയാക്കി. ഇച്ഛാശക്തിയുണ്ടെങ്കിൽ  ഇത്തരത്തിൽ ഏത്‌ പദ്ധതിയും നടപ്പിൽ വരുത്താൻ കാലതാമസം ഉണ്ടാകില്ല എന്നാണ്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

2017ൽ പ്രശസ്ത ഗവേഷകരായ ഡോ. എം വി പിള്ളയും ഡോ. ശാർങ്‌ഗധരനുമാണ്‌  വൈറോളജി വികസന സ്ഥാപനത്തിന്റെ ആവശ്യം സംസ്ഥാന സർക്കാരിനുമുന്നിൽ സൂചിപ്പിച്ചത്‌. വിഷയത്തിന്റെ  ഗൗരവം  ബോധ്യപ്പെട്ട സർക്കാർ സത്വര നടപടികൾക്കായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ഏൽപ്പിച്ചു.  അവരത് കൃത്യതയോടെ, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യാഥാർഥ്യമാക്കി. ചുവപ്പുനാടകൾക്കതീതമായി ശാസ്ത്ര കൗൺസിലിനൊപ്പം ഉണർന്നുപ്രവർത്തിച്ച കെഎസ്‌ഐഡിസി ഭാരവാഹികളും നിർമാണപ്രവർത്തനങ്ങളിൽ വൈദഗ്ധ്യവും കാര്യക്ഷമതയും വേഗതയും പ്രകടിപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിയും അഭിനന്ദനം അർഹിക്കുന്നു.
അടിക്കടിയുണ്ടായ എച്ച്1 എൻ1,  ഡെങ്കു, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ വെളിച്ചത്തിലാണ് ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്. ഏറെ കഴിയുംമുന്നേ "നിപാ' വൈറസിന്റെ ആക്രമണവും ഉണ്ടായി. അതോടെ ഈ സ്ഥാപനം അനിവാര്യമായി മാറി.

സർവതലസ്പർശിയായ ഒരു വികസന കാഴ്ചപ്പാടോടെയാണ് ഈ സർക്കാർ പ്രവർത്തിച്ചുപോരുന്നത്. കഴിയാവുന്നത്ര മേഖലകളിൽ സ്വയംപര്യാപ്തതയാർജിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നീങ്ങുന്നത്. ഇത്‌ സഫലമാകണമെങ്കിൽ രോഗവിമുക്തവും ആരോഗ്യപൂർണവുമായ ഒരു സമൂഹം ഇവിടെയുണ്ടാകണം. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ വികസനപ്രവർത്തനങ്ങൾക്ക് അനുബന്ധമായിതന്നെ മുമ്പോട്ടു കൊണ്ടുപോവുകയാണ് സർക്കാർ.

സർവതലസ്പർശിയായ ഒരു വികസന കാഴ്ചപ്പാടോടെയാണ് ഈ സർക്കാർ പ്രവർത്തിച്ചുപോരുന്നത്. കഴിയാവുന്നത്ര മേഖലകളിൽ സ്വയംപര്യാപ്തതയാർജിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നീങ്ങുന്നത്. ഇത്‌ സഫലമാകണമെങ്കിൽ രോഗവിമുക്തവും ആരോഗ്യപൂർണവുമായ ഒരു സമൂഹം ഇവിടെയുണ്ടാകണം. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ വികസനപ്രവർത്തനങ്ങൾക്ക് അനുബന്ധമായിതന്നെ മുമ്പോട്ടു കൊണ്ടുപോവുകയാണ് സർക്കാർ.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാനം ആരോഗ്യരംഗത്ത് ഗുരുതരമായ ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. മുൻകാലങ്ങളിൽ പൂർണമായും തുടച്ചുനീക്കപ്പെട്ടു എന്നു വിശ്വസിച്ച പകർച്ചവ്യാധികളിൽ ചിലതിന്റെ നേരിയ തോതിലാണെങ്കിലുമുള്ള പ്രത്യക്ഷപ്പെടലും, പുതിയ പുതിയ രോഗങ്ങളുടെ വരവും, ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ വന്ന ഗണ്യമായ വർധനയും, സ്ത്രീകളിലും പ്രായമായവരിലും കാണപ്പെടുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും എല്ലാംതന്നെ നാം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ഇവയൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്കായി നമ്മൾ ആവിഷ്‌കരിക്കുന്ന പദ്ധതികൾക്ക് ആഘാതം സൃഷ്ടിക്കുന്നവയാണ് ആരോഗ്യമേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ. ആരോഗ്യകാര്യത്തിൽ മാത്രമല്ല, പൊതു വികസനകാര്യത്തിൽവരെ ഇത്തരം രോഗങ്ങളുടെ ആവർത്തിച്ചുള്ള വരവും അവയെ നേരിടാൻവേണ്ടി വർധിച്ചതോതിൽ പണം ചെലവഴിക്കേണ്ടിവരുന്നതും പ്രതികൂല അന്തരീക്ഷം ഉണ്ടാക്കുന്നു.

വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട പണമാണ് പലപ്പോഴും ഇത്തരം രോഗങ്ങളെ നേരിടാൻവേണ്ടി വകമാറ്റി ഉപയോഗിക്കേണ്ടിവരുന്നത്. ജനസമൂഹത്തിൽ രോഗങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടത് അത് പടരുന്നതിനെ തടയുക എന്നതാണ്‌. അങ്ങനെ ഖജനാവിലെ പണം വലിയതോതിൽ മാറ്റപ്പെടുമ്പോൾ വികസനത്തെ അത് വല്ലാതെ ബാധിക്കും. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്തെ പുരോഗതി സംസ്ഥാനത്തിന്റെ ആകെയുള്ള വികസനത്തിന്‌ സഹായകരമാണ്‌. ഈ തിരിച്ചറിവിൽനിന്നാണ്‌ സർക്കാർ ഈ മേഖലയിൽ നൂതന ഇടപെടലുകൾ നടത്തുന്നത്‌. കേരളത്തിന്റെ ആരോഗ്യമേഖലയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു മുന്നോട്ടുപോകേണ്ടതുണ്ട്‌. ശിശുമരണനിരക്ക് കുറയ്ക്കാനും മാതൃസംരക്ഷണം ഉറപ്പുവരുത്താനും നല്ലരീതിയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ നില സുസ്ഥിരമായി ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. അതിന‌് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സഹായകരമായിരിക്കും എന്നതിൽ സംശയമില്ല.

പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ സമയബന്ധിതമായി നടപ്പാക്കിക്കാണിക്കുന്നൂവെന്നതാണ്‌ മറ്റ്‌ സർക്കാരുകളിൽനിന്ന‌് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വേറിട്ടുനിർത്തുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ആയിരംദിനം പിന്നിടുമ്പോഴും സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക്‌ വർധിച്ചുവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top