29 March Friday

കാര്യക്ഷമതയുടെ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ജനസമ്പർക്ക പരിപാടിയിൽ രണ്ടായിരംമുതൽ അയ്യായിരംവരെ ഒപ്പുകൾ ഇടാറുണ്ട് എന്നാണ‌് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി സോളാർ കമീഷന് മുമ്പാകെ നൽകിയ മൊഴി. സാധാരണ ജനങ്ങൾക്ക് തങ്ങളുടെ ജീവൽപ്രധാനമായ ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ അന്ന് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ചെല്ലണമായിരുന്നു. 2011, 2013, 2015 എന്നീ വർഷങ്ങളിൽ നടന്ന മൂന്നുവട്ട ജനസമ്പർക്ക പരിപാടികളിൽ 12,49,000 പേരുടെ പരാതികൾ ലഭിച്ചപ്പോൾ 7.86 ലക്ഷം പരാതികളിൽ പരിഹാരമുണ്ടാക്കി. ഇവയിലെല്ലാംകൂടി 16.55 കോടി രൂപ ധനസഹായം വിതരണംചെയ്തു. ഇതാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വച്ച പ്രകടനപത്രികയിലെ (വികസനവും കരുതലും) അവകാശവാദം. ഇതേ വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി നടത്തിപ്പിനായി   ഭക്ഷണം, വിഐപി ഭക്ഷണം, സാധന സാമഗ്രികൾ, പന്തൽകെട്ട് എന്നിവയ്ക്ക് 15,86,37,800 കോടി രൂപ ചെലവാക്കി എന്നാണ്  വിവരാവകാശരേഖകൾ വന്നിട്ടുള്ളത്. 

ദുരിതാശ്വാസനിധിയിൽനിന്ന് സഹായം കിട്ടാനും റേഷൻ കാർഡ് ബിപിഎൽ ആക്കാനും അതിരാവിലെ വണ്ടി കയറി ജനസമ്പർക്ക പരിപാടിയിലേക്കെത്തുക, മണിക്കൂറുകൾ കാത്തിരിക്കുക, ഒടുവിൽ ഉമ്മൻചാണ്ടിയുടെ അയ്യായിരത്തിൽ ഒരൊപ്പ് പതിഞ്ഞ കടലാസു വാങ്ങി തിരിച്ചുപോകുക. അതായിരുന്നു ജനങ്ങളുടെ അവസ്ഥ. എന്നിട്ടും യുഡിഎഫും ഉമ്മൻചാണ്ടിയും പറഞ്ഞത‌് ജനസമ്പർക്ക പരിപാടിയാണ് സർക്കാരിന്റെ വലിയ നേട്ടം എന്ന്. അതിൽനിന്ന് തീർത്തും വ്യത്യസ്തമായ ചിത്രം ഇന്ന് കേരളീയന്റെ  മുന്നിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു പന്തലും കെട്ടാതെ, ഒരു യുഎൻ അവാർഡിനുവേണ്ടിയും അപേക്ഷ അയക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക‌് എത്തുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌്  രണ്ടുവർഷത്തിനിടെ 423 കോടി രൂപ  സഹായധനമായി വിതരണംചെയ്തു എന്നും  എൽഡിഎഫ‌് സർക്കാർ അധികാരമേറ്റശേഷം 2,34,899 പേർക്ക‌് സഹായം ലഭിച്ചു എന്നുമുള്ള വാർത്ത എൽഡിഎഫ് വന്നിട്ട് എന്ത് ശരിയായി എന്ന് ചോദിക്കുന്നവർക്ക‌് തൃപ്തിപ്പെടാനുള്ളതാണ്. യുഡിഎഫ് ഭരിച്ച അഞ്ചു കൊല്ലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകിയ സഹായം  810 കോടിരൂപ ആയിരുന്നു. ഇതേനിലയിൽ വിതരണം തുടർന്നാൽ പിണറായി സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ ആ തുക 1057.5  കോടിയിലെത്തും. ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ, മാധ്യമങ്ങൾക്കുമുന്നിൽ വൻ ആഘോഷം സംഘടിപ്പിക്കുകയും  കോടികൾ ചെലവിടുകയും ചെയ്യാതെ കൂടുതലാളുകൾക്ക‌് കൂടുതൽ തുക സഹായം നൽകാൻ  സാധിക്കുന്നു എന്ന് ചുരുക്കം.

സഹായത്തിന‌്  ഉത്തരവായാൽ 100 മണിക്കൂറിനകം പണം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്നു.   ഗുരുതരരോഗം ബാധിച്ചവർക്കും അപകടത്തിനോ പ്രകൃതിദുരന്തങ്ങൾക്കോ  ഇരയായവർക്കും  സഹായധനം ലഭിക്കാൻ ഓൺലൈനിൽ അപേക്ഷിച്ചാൽമതി. അർഹതയുണ്ടെങ്കിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ സഹായം നേരിട്ട് ലഭ്യമാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ രീതിയും ജനസമ്പർക്ക മാമാങ്കങ്ങൾ നടത്തി സഹായ വിതരണം സ്വന്തം  പെരുമയ്ക്കാധാരമാക്കുന്ന മുൻ ഗവൺമെന്റിന്റെ രീതിയുംതന്നെയാണ് താരതമ്യംചെയ്യേണ്ടത്.  ദിവസം അയ്യായിരം ഒപ്പുവയ‌്ക്കുന്ന മാന്ത്രികവിദ്യയോ വരദാന മഹോത്സവമോ അല്ല ഭരണം എന്ന യാഥാർഥ്യമാണ് ഇവിടെ തെളിയിക്കപ്പെടുന്നത്. ഒരു വിഷയം ഒരു മിനിറ്റ്  പരിശോധിച്ചാൽ 24 മണിക്കൂർ തുടർച്ചയായി ഇരുന്നാലും 1440 ഫയൽ നോക്കാനേ കഴിയൂ എന്നിടത്താണ് താൻ അയ്യായിരംവരെ ഒപ്പിടാറുണ്ടെന്ന‌് ഉമ്മൻചാണ്ടി പറഞ്ഞതും   സോളാർ കമീഷൻ അതിൽ അത്ഭുതപ്പെട്ടതും.

ഇവിടെ, 10,000 രൂപവരെ കലക്ടറും  15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിയും  25,000 രൂപവരെ റവന്യൂമന്ത്രിയും  സഹായധനം അനുവദിക്കുന്നു. മൂന്നുലക്ഷം രൂപവരെയുള്ളവയാണ്  മുഖ്യമന്ത്രി  തീരുമാനമെടുക്കുന്നത്. അതിനുമുകളിലുള്ള സഹായം  മന്ത്രിസഭായോഗം  ചർച്ച ചെയ‌്ത‌് അംഗീകരിക്കുന്നു.   രോഗാവസ്ഥയും ചികിത്സച്ചെലവും വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ‌്, റേഷൻകാർഡ‌്, ആധാർ, ബാങ്ക‌് പാസ‌്ബുക്ക‌് എന്നിവയുടെ പകർപ്പുമായി അപേക്ഷ അയക്കുക, യുക്തമായ സഹായം വാങ്ങുക. അത് മാത്രമാണ് രീതി. അതിൽ കൃത്യതയും വേഗവും ഉറപ്പാക്കുക എന്നതിലാണ് ഭരണ നേതൃത്വം ഇടപെടുന്നത്. കേരളം വ്യത്യസ്തമാകുന്നതിന്റെ അനേകം ഉദാഹരണങ്ങൾ നാം അനുദിനം കാണുന്നുണ്ട്. അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും   അംഗീകരിക്കുന്നുമുണ്ട്. അക്കൂട്ടത്തിൽ കൂടുതൽ വ്യത്യസ്തമായ ഒരു മാതൃകയാണ് ദുരിതാശ്വാസനിധിയുടെ വിതരണം കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നതിലൂടെ കാണാനാകുന്നത്. സർക്കാർ സംവിധാനങ്ങളെ കാര്യക്ഷമമായി ചലിപ്പിക്കാൻ കഴിയുന്നതിന്റെ വിജയമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top