26 April Friday

വയോജനങ്ങൾക്ക്‌ സർക്കാർ കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021


മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 10 ഇന പദ്ധതികൾ കേരളീയർക്കുള്ള പുതുവത്സരസമ്മാനമാണ്.‌  ക്ഷേമ പെൻഷനുകൾ 1500 രൂപയാക്കി ഉയർത്താനും ഏപ്രിൽ മാസം വരെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ്‌ നൽകാനുമുള്ള 100 ദിന പദ്ധതിക്ക്‌ പുറമെയാണ്‌ പുതുവത്സരദിനത്തിൽ 10 പദ്ധതികൾ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ  എമിനന്റ്‌ സ്‌കോളേഴ്‌സ്‌ ഓൺലൈൻ പരിപാടി, ആയിരം വിദ്യാർഥികൾക്ക്‌ ഒരു ലക്ഷം രൂപ വീതം സഹായം, അഴിമതിമുക്ത കേരളം, സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ പദ്ധതി, കുട്ടികളിലെ വിളർച്ച തടയാൻ പ്രത്യേക പദ്ധതി, പ്രകൃതി സൗഹൃദ നിർമാണം പ്രോത്സാഹിപ്പിക്കൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുഇടങ്ങളും കളിസ്ഥലങ്ങളും, ഡിജിറ്റൽ മീഡിയാ സാക്ഷരത,  പ്രവാസി ക്ഷേമ പരിപാടി എന്നിവയാണ്‌ ഈ പത്തിന പരിപാടി. ഇതിൽ ഏറ്റവും ശ്രദ്ധേയം‌ വയോജനങ്ങൾക്ക്‌ സർക്കാർ സേവനം വീട്ടിലെത്തിച്ച്‌ നൽകുന്ന പരിപാടിയാണ്‌. വയസ്സുകാലത്ത്‌ സർക്കാർ ഓഫീസിൽ നേരിട്ട്‌എത്തിയാൽ  മാത്രമേ  സേവനങ്ങൾ ലഭ്യമാകൂ എന്ന അവസ്ഥയ്‌ക്കാണ്‌ ഘട്ടം ഘട്ടമായി അന്ത്യം കുറിക്കുന്നത്‌. പിണറായി വിജയൻ സർക്കാർ ചെയ്യുന്ന എറ്റവും മനുഷ്യകാരുണ്യപരമായ പ്രവർത്തനങ്ങളിൽ ഒന്നായി ഇത്‌ വിലയിരുത്തപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. സോഷ്യലിസ്‌റ്റ്‌ രാജ്യമായ ക്യൂബയും മറ്റും നടപ്പിലാക്കുന്ന വയോജനക്ഷേമ പരിപാടിക്ക്‌ സമാനമാണ്‌ ഇത്‌.

കേന്ദ്രസർക്കാരിൽനിന്ന്‌ വ്യത്യസ്‌തമായി മുതിർന്ന പൗരന്മാരെ കൂടെനിർത്തുകയും സഹായിക്കുകയും ചെയ്യുന്ന സമീപനമാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്‌‌. വി എസ്‌ അച്യുതാനന്ദൻ സർക്കാരാണ്‌ ഒരു വയോജന നയം സംസ്ഥാനത്ത്‌ ആദ്യമായി അംഗീകരിച്ചത്‌. ഇതേ ഭരണകാലത്താണ്‌ വയോമിത്രം പദ്ധതിയും നടപ്പാക്കിയത്‌. മന്ദഹാസം, സായംപ്രഭ ഹോമുകൾ, വയോ ക്ലബ്ബുകൾ, വയോമധുരം, മ്യൂസിക് തെറാപ്പി, സൈക്കോ സോഷ്യൽ കെയർ, വയോ അമൃതം തുടങ്ങിയ പദ്ധതികളും ഇടതുസർക്കാരിന്റെ സംഭാവനയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ വയോജനസൗഹൃദമായ ഈ നയങ്ങളുടെ തുടർച്ചയാണ്‌ സർക്കാർ സേവനങ്ങൾ വയോജനങ്ങളുടെ വീട്ടിലെത്തിക്കാനുള്ള നീക്കം. 


 

വയോജനങ്ങൾ ഏറെയുള്ള സംസ്ഥാനമാണ്‌ കേരളം. മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായവും പൊതുജനാരോഗ്യ സംവിധാനവും സേവനവും ഉള്ളതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങൾക്ക്‌ ആയുർദൈർഘ്യം‌ കൂടുതലാണ്‌. ഇക്കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്‌ കേരളം. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ 60 ലക്ഷത്തോളം പേർ 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌. ഇതിൽ ഏകദേശം 60 ശതമാനവും 60–-70 വയസ്സിനിടയിലുള്ളവരാണ്‌. 30 ശതമാനം 70 വയസ്സിന്‌ മുകളിലുള്ളവരും. ഇവരിൽ ഭൂരിപക്ഷവും മക്കളോടൊപ്പമല്ല താമസിക്കുന്നത്‌. ജോലിതേടി മക്കൾ വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്നതിനാൽ വീട്ടിൽ വയോജനങ്ങൾ തനിച്ച്‌ താമസിക്കുന്ന രീതിയാണുള്ളത്‌. ശാരീരികമായി വയ്യാത്തവരും ഇതിലുണ്ട്‌.

എന്നാൽ ഈ പ്രായത്തിലും സർക്കാർ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഓഫീസുകളിൽ നേരിട്ട്‌‌ പോകേണ്ട സ്ഥിതിയാണുള്ളത്‌. മാത്രമല്ല മരുന്നുകളും മറ്റ്‌ അവശ്യവസ്‌തുക്കളും വാങ്ങുന്നതിനും ഇവർക്ക് പുറത്ത് ‌പോകേണ്ടിവരുന്നു. കോവിഡ്‌ കാലത്ത്‌ വയോജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമെന്നാണ്‌ സർക്കാരും ആരോഗ്യവിദഗ്‌ധരും ആവർത്തിക്കുന്നത്‌. എന്നാൽ അവരെ വീട്ടിൽ തന്നെ ഇരുത്താനാവശ്യമായ ഒരു സഹായവും മോഡി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായില്ല. കേരളത്തിൽ ആരോഗ്യ പ്രവർത്തകരും മറ്റും വയോജനങ്ങൾക്ക്‌ അവശ്യമരുന്നുകളും മറ്റും വീട്ടിൽ എത്തിക്കുന്ന സംവിധാനത്തിന്‌ തുടക്കമിട്ടിരുന്നു. ആ ഘട്ടത്തിലൊക്കെ വയോജനങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്‌ സർക്കാർ സേവനങ്ങളും ഇതുപോലെ വീട്ടിലെത്തിക്കണമെന്നായിരുന്നു. വയോജനങ്ങൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിരന്തരമായി മുന്നോട്ടുവയ്‌ക്കുന്ന ആവശ്യമാണിത്‌.  മുഖ്യമന്ത്രി കേരളപര്യടനം നടത്തിയ വേളയിലും സമാനമായ ആവശ്യങ്ങൾ ഉയരുകയുണ്ടായി.


 

ഏതായാലും വയോജനങ്ങളെ ചേർത്തുപിടിക്കാനുള്ള തീരുമാനമാണ്‌ ഇപ്പോൾ എൽഡിഎഫ്‌ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്‌.  സർക്കാരിന്റെ സേവനം കിട്ടുന്നതിനോ പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനോ വയോജനങ്ങൾക്ക്‌ വിഷമമുണ്ടാകരുതെന്നും സർക്കാർ അവരുടെ കൂടെയാണെന്നും പ്രഖ്യാപിക്കുന്നതാണ്‌ പുതിയ തീരുമാനം. ജനുവരി 15 മുതൽ ഈ പദ്ധതി നടപ്പിലാക്കുമെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ഇ മസ്‌റ്ററിങ്‌, ലൈഫ്‌ സർട്ടിഫിക്കറ്റ്‌, ക്ഷേമപെൻഷനുള്ള അപേക്ഷ സമർപ്പിക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം, അത്യാവശ്യ ജീവൻ രക്ഷാമരുന്നുകൾ എന്നീ സേവനങ്ങൾ ലഭ്യമാക്കാനാണ്‌ ആദ്യഘട്ടത്തിൽ തീരുമാനിച്ചത്‌. ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാത്ത വയോജനങ്ങളുടെ വീട്ടിൽപോയി പരാതിയും അപേക്ഷയും സ്വീകരിക്കുമെന്ന്‌‌ മാത്രമല്ല തുടർനടപടികൾ എന്തെന്ന്‌ അറിയിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സന്നദ്ധ സംഘടനകളുടെ സഹായം ഉൾപ്പെടെ തേടിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ‌എല്ലാ പഞ്ചായത്തുകളിലും പൊതു ഇടങ്ങളും  കളിസ്ഥലങ്ങളും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും വയോജനങ്ങളെ സന്തോഷിപ്പിക്കുന്നതാണ്‌. ഘട്ടം ഘട്ടമായി മറ്റു സേവനങ്ങളും വയോജനങ്ങൾക്ക്‌ അവരുടെ വീട്ടിൽ എത്തിക്കാൻ സർക്കാർ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top