29 March Friday

എൽഡിഎഫ‌് സർക്കാർ തൊഴിലാളികളോടൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 24, 2018


തൊഴിൽ നിയമങ്ങൾ തൊഴിലാളിവിരുദ്ധമാകുകയും തൊഴിൽ സുരക്ഷ സങ്കൽപ്പം മാത്രമാകുകയും ചെയ്യുന്നതാണ് നവ ലിബറൽ നയങ്ങളുടെ സവിശേഷതകളിൽ ഒന്ന്. കോർപറേറ്റുകൾക്ക്  സുഗമമായി ലാഭം കുന്നുകൂട്ടാനുതകുംവിധം തൊഴിൽ നിയമങ്ങളിൽ അയവുവരുത്തുകയാണ്.  വ്യവസായം തുടങ്ങാനും നടത്താനും  തൊഴിൽ നിയമങ്ങൾ തടസ്സമാണെന്ന പ്രചാരണം മറയാക്കിയാണ്  തൊഴിലാളികളുടെ  അവകാശങ്ങൾ കവരുന്നതും തൊഴിൽ സ്ഥിരത ഇല്ലാതാക്കുന്നതും. ഇത്തരമൊരു ഘട്ടത്തിൽ തൊഴിലാളികൾക്ക്, വിശേഷിച്ചും സ‌്ത്രീത്തൊഴിലാളികൾക്ക് അനുകൂലമായ ഒരു നിയമനിർമാണം ഉണ്ടാകുന്നതിന‌് വളരെ പ്രാധാന്യമുണ്ട്.   സ്ത്രീത്തൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകിയും  കേരള ഗവർണർ ചൊവ്വാഴ‌്ച പുറപ്പെടുവിച്ച ഓർഡിനൻസ് ശ്രദ്ധേയമാകുന്നതിന്റെ പശ്ചാത്തലവും അത് തന്നെയാണ്.  1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടിൽ തൊഴിലാളികൾക്കനുകൂലമായ ഭേദഗതികൾ, നിയമസഭ പാസാക്കാനുള്ള കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഓർഡിനൻസ്, എൽഡിഎഫ് സർക്കാരിന്റെ തൊഴിലാളി ക്ഷേമനടപടികളിലെ സുപ്രധാന നാഴികക്കല്ലാണ്.  

കഠിനമായ തൊഴിൽ സാഹചര്യമാണ്  വസ‌്ത്രശാലകളും ജ്വല്ലറികളും റസ‌്റ്റോറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിലനിൽക്കുന്നത്. പ്രാഥമികാവശ്യങ്ങൾക്കു പോലും സമയം  ലഭിക്കാത്ത, തളർന്നാലും ഇരിക്കാൻ അനുവാദമില്ലാതെ ഇവിടങ്ങളിൽ  ജോലിചെയ്യുന്ന  സ‌്ത്രീകൾ അടക്കമുള്ളവരുടെ ദീർഘകാലത്തെ ആവശ്യങ്ങളാണ് ഈ നിയമഭേദഗതിയിലൂടെ യാഥാർഥ്യമാകുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിന്റെ തൊഴിൽ നയത്തിൽ,  സ്ത്രീകൾക്ക് അന്തസ്സോടെ  ജോലിചെയ്യാൻ കഴിയുന്ന  തൊഴിലിടങ്ങൾ സൃഷ്ടിക്കുമെന്നും  തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുമെന്നും  പ്രഖ്യാപിച്ചതാണ്. സാമൂഹിക പുരോഗതിയിൽ മാതൃകാ നേട്ടമാണ് കൈവരിച്ചത‌്.  പ്രബുദ്ധ കേരളത്തിൽ തൊഴിലിടങ്ങളിൽ മനുഷ്യത്വവിരുദ്ധമായ പ്രവണതകൾ നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചതെന്ന‌് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ തുടങ്ങി സന്ധ്യവരെ നീളുന്ന തൊഴിൽ സമയത്ത് അഞ്ചുമിനിറ്റു  പോലും ഇരിക്കാൻ സ്ത്രീത്തൊഴിലാളികൾക്ക് അവകാശം ലഭിക്കാത്തപ്പോഴാണ്, വിവിധ സ്ഥാപനങ്ങളിൽ സമരമുണ്ടായത്.  ഈ സാഹചര്യം  കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി നിയമനിർമാണം നടത്താനുള്ള തീരുമാനമുണ്ടാകുന്നത്.  പതിനായിരക്കണക്കിന് സ്ത്രീത്തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും  സംരക്ഷിക്കുന്ന  ഈ നിയമനിർമാണം രാജ്യത്തിനാകെ മാതൃകയാണ്.

സ്ത്രീത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെയാകെ പരിഹാരത്തിനും കാലികമായി  ഉയരുന്ന വിഷയങ്ങൾക്ക് പരിഹാരവും കണ്ടെത്താൻ ഉതകുന്ന വലിയ പ്ലാറ്റ‌്ഫോമാണ് ഈ ഓർഡിനൻസിലൂടെ ഒരുങ്ങുന്നത്.  രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയിൽ മാറ്റംവരുത്തി. രാത്രി ഒമ്പതു മണിവരെ സ്ത്രീത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്നാണ് പുതിയ  വ്യവസ്ഥ.  മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ  ഉറപ്പുവരുത്തി  രാത്രി ഒമ്പതുമുതൽ പുലർച്ചെ ആറുവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.

ആഴ്ചയിൽ ഒരു ദിവസം കടകൾ അടച്ചിടണമെന്ന  വ്യവസ്ഥ ഒഴിവാക്കിയതാണ‌് മറ്റൊരു സവിശേഷത.  ആഴ്ചയിൽ ഒരുദിവസം തൊഴിലാളികൾക്ക് അവധി നൽകിയാൽ മതി. അപ്രന്റീസുകൾ ഉൾപ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന  എല്ലാ വിഭാഗം  തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളിയെന്ന നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന  വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തി. 

തൊഴിൽ നിയമങ്ങൾ പ്രഹസനമാക്കാൻ ആസൂത്രിത നീക്കം നടക്കുന്ന രാജ്യത്ത‌്, നിയമലംഘനങ്ങൾക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വർധിപ്പിച്ചുകൊണ്ടാണ് കേരളം തൊഴിലാളികൾക്ക‌് സംരക്ഷണം ഏർപ്പെടുത്തുന്നത്.  നിയമം  ലംഘിക്കുന്ന  തൊഴിലുടമകൾക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയിൽനിന്ന്  ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയിൽനിന്ന്  രണ്ടു ലക്ഷം രൂപയായി ഉയർത്തി.
തൊഴിൽ സൗഹൃദവും നിക്ഷേപസൗഹൃദവുമായ സംസ്ഥാനമാക്കി കേരളത്തെ  മാറ്റാൻ എൽഡിഎഫ് സർക്കാർ  തുടർച്ചയായ ഇടപെടൽ നടത്തുകയാണ്. തൊഴിലാളി ക്ഷേമനടപടികളിലൂടെ കേരളത്തിൽ പുതിയ തൊഴിൽ സംസ്‌കാരം ഉയർത്തിക്കൊണ്ടുവരാൻ  സർക്കാരിന് കഴിഞ്ഞു. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിലും  തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കുന്നതിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധേയ പുരോഗതി നേടി. ഇതിൽ സ്ത്രീകൾക്ക് നൽകുന്ന മുൻഗണനയുടെ പ്രതിഫലനമാണ് ഇരിപ്പിടാവകാശ ഓർഡിനൻസ്. സ്ത്രീത്തൊഴിലാളികൾക്ക്  മതിയായ യാത്രാസൗകര്യം, ആഴ‌്ച അവധി, വിശ്രമ ഇടവേള എന്നിവ ഉറപ്പാക്കുമെന്നും  ഇരിപ്പിടസൗകര്യം നിർബന്ധമാക്കുമെന്നുമുള്ള സർക്കാരിന്റെ നയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് അനുകരണീയമാണ്. 1960ലെ കേരള ഷോപ‌്സ് ആൻഡ‌് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ‌്മെന്റ‌് ആക്ടിന്റെ പരിധിയിൽ മൂന്നരലക്ഷം സ്ഥാപനങ്ങൾ ഉണ്ടെന്നാണ‌് കണക്ക്.  ഈ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന  35 ലക്ഷം തൊഴിലാളികൾ നിയമത്തിന്റെ പരിധിയിൽ വരും. അതിനർഥം, കേരളം ബദൽ മാർഗം കാണിക്കുന്നു; തൊഴിലാളികളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നു എന്നാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top