25 April Thursday

തുറന്നുകാട്ടപ്പെട്ടത് സ്വാശ്രയകുതന്ത്രവും മുതലെടുപ്പുസമരവും

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം  അവസാനിക്കുകയും ആ സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി നിരാഹാരം കിടന്ന രണ്ട് രാഷ്ട്രീയ നേതാക്കള്‍ എഴുന്നേറ്റു പോകുകയും ചെയ്തത് സമാധാന ജീവിതം കാംക്ഷിക്കുന്ന മലയാളികള്‍ക്കെല്ലാം ആശ്വാസം പകരുന്ന അനുഭവമാണ്. വിദ്യാര്‍ഥികള്‍ അവരുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും മാനേജ്മെന്റില്‍നിന്ന് നേരിടുന്ന പീഡനത്തിന് അറുതിവരുത്താനുമാണ് ലോ അക്കാദമിക്കു മുന്നില്‍ സമരം ആരംഭിച്ചത്. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ അവിടെ അനിശ്ചിതകാല നിരാഹാരസമരം നയിച്ചിരുന്ന എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചു. എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്ത ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി ഇറങ്ങിപ്പോകുകയും തുടര്‍ചര്‍ച്ചകളില്‍നിന്ന് മാറിനില്‍ക്കുകയുംചെയ്ത ചില രാഷ്ട്രീയ ദുഷ്ടശക്തികളുടെ കരുക്കളായി മാറിയ സംഘടനകളാണ് സമരം തുടര്‍ന്നത്. എസ്എഫ്ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ആരോപണവിധേയയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുക, അഞ്ചുവര്‍ഷത്തേക്ക് അവര്‍ക്ക് ഫാക്കല്‍റ്റിയില്‍പോലും ഇടപെടാന്‍ കഴിയാത്ത വിലക്കേര്‍പ്പെടുത്തുക എന്നീ തീരുമാനങ്ങളുണ്ടായി. ഇതിനു പുറമെ ഇന്റേണല്‍ മാര്‍ക്ക്, ഹോസ്റ്റലിലെ നിയമവിരുദ്ധ നിരീക്ഷണ ക്യാമറ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ സമരം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിപ്പിച്ച് വിജയം നേടുക വിദ്യാര്‍ഥി സംഘടനകള്‍ക്ക് അഭിമാനകരമായ നേട്ടമാണ്. അത്തരമൊരു നേട്ടത്തില്‍ പങ്കാളികളാകാനോ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ സ്വന്തം വാദം നിരത്തി ഇടപെടാനോ അല്ല ബാഹ്യശക്തികളുടെ പ്രേരണയ്ക്കു വഴിപ്പെട്ട് യുക്തിക്കു നിരക്കാത്ത നിലപാടെടുത്ത് സമരം നീട്ടിക്കൊണ്ടുപോകാനാണ്  കെഎസ്യുവും എബിവിപിയും അടക്കമുള്ള സംഘടനകള്‍ തയ്യാറായത്. കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റും ഉപസമിതികളും ഈ വിഷയത്തില്‍ പലവട്ടം യോഗം ചേര്‍ന്നിട്ടും കോളേജിലെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ചിട്ടും  പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ആ നീക്കത്തിന് രാഷ്ട്രീയലക്ഷ്യങ്ങളുള്ള ചില മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. ഊഹാപോഹങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് സമരം സര്‍ക്കാര്‍വിരുദ്ധ നിലവാരത്തിലേക്ക് മാറ്റാനാണ് ഈ ശക്തികള്‍ രംഗത്തിറങ്ങിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ രണ്ട് പ്രധാന കക്ഷികളെ ഈ വിഷയത്തില്‍ രണ്ടുപക്ഷത്തു നിര്‍ത്താനും അതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുമുള്ള കുബുദ്ധി വേറെയും പ്രവര്‍ത്തിച്ചു.  

സമരവിജയത്തിന്റെ നേട്ടം എസ്എഫ്ഐക്ക് ലഭിക്കരുത് എന്ന അത്യാഗ്രഹവും സമരത്തിന് ഇടതുപക്ഷ വിരുദ്ധനിറം പകരാനുള്ള രാഷ്ട്രീയലക്ഷ്യവും നുഴഞ്ഞുകയറി കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബിജെപി പദ്ധതിയും പ്രകടമായിരുന്നു. സ്വന്തംപാളയത്തിലെ ഒറ്റപ്പെടലിന് ഒറ്റമൂലി തേടിയുള്ള കെ മുരളീധരന്റെ രംഗപ്രവേശവും ഡല്‍ഹിയില്‍ തയ്യാറായ കേരള ഓപ്പറേഷന്‍  പ്രാവര്‍ത്തികമാക്കാനുള്ള ഒരു എന്‍ഡിഎ ചാനലിന്റെ വഴിവിട്ട നീക്കങ്ങളും എല്ലാംചേര്‍ന്ന് കേവലം ഒരു കലാലയത്തിലെ സമരത്തെ കേരളത്തിലാകെ   അസ്വസ്ഥത ഉളവാക്കുന്ന ഒന്നാക്കി പരിവര്‍ത്തിപ്പിച്ചു. സ്ഥാപനത്തിന്റെ മാനേജ്മെന്റ് നീക്കംചെയ്ത പ്രിന്‍സിപ്പല്‍ പിന്നെങ്ങനെ രാജിവയ്ക്കും, ഒരു രാജിക്കത്ത് കൊടുത്താല്‍ പിന്നെ മാനേജ്മെന്റിന് അവരെ തിരികെ എടുക്കാനാകില്ലേ എന്നെല്ലാമുള്ള യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്ക് മുഷ്കുകൊണ്ടുള്ള മറുപടിയാണ് ഉണ്ടായത്.  ഒത്തുതീര്‍പ്പിനായുള്ള എല്ലാ ശ്രമങ്ങളും ബോധപൂര്‍വം പരാജയപ്പെടുത്തി.

സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരം എഡിഎം ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍  പ്രിന്‍സിപ്പലിനെ നീക്കിയ മാനേജ്മെന്റ് തീരുമാനത്തിന്റെ മിനിറ്റ്സ് കിട്ടിയാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കാം എന്നാണ് സമരനേതൃത്വം  പറഞ്ഞത്. പിറ്റേന്ന് മിനിറ്റ്സ് ഹാജരാക്കിയപ്പോള്‍ എഡിഎമ്മുമായി ചര്‍ച്ചയില്ല എന്നായി. വിദ്യാഭ്യാസ മന്ത്രിതന്നെ ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതും അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ  മാറ്റുന്നതടക്കമുള്ള ഉറപ്പുകള്‍ ആവര്‍ത്തിച്ചപ്പോള്‍ സമരം തീര്‍പ്പാക്കാനല്ല, മന്ത്രിയെത്തന്നെ അവഹേളിക്കാനായി ശ്രമം. യോഗ്യതയുള്ള പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും മാനേജ്മെന്റ് അംഗീകരിച്ചിരുന്നു. എന്നിട്ടും ഏകപക്ഷീയമായി സംഘടനകള്‍ ചര്‍ച്ച അവസാനിപ്പിച്ചു. പിന്നീട് അക്രമത്തിന്റെ വഴിയായി. ആത്മഹത്യാഭീഷണി നാടകവും മരത്തില്‍ കയറി താഴേക്കു ചാടുമെന്ന പ്രഖ്യാപനവും. കലാപമഴിച്ചുവിട്ട് സംസ്ഥാനത്തെ അശാന്തിയിലേക്ക്  നയിക്കാനുള്ള ശ്രമമാണ് അരങ്ങേറിയത്. പല ദിവസങ്ങളായി സംസ്ഥാന വ്യാപക പഠിപ്പുമുടക്ക് നടന്നു.

ആസൂത്രിതമായി ആക്രമണം നടത്തുക, പൊലീസിനെക്കൊണ്ട് ബലംപ്രയോഗിപ്പിക്കുക, വിദ്യാഭ്യാസ ബന്ദ് നടത്തുക- ഈ പദ്ധതി നടപ്പാക്കുന്നതിനിടെയാണ് ആക്രമണം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ഭയവിഹ്വലരായി. ഇനി തുടര്‍ന്നാല്‍ സമരം തകരുമെന്നു മാത്രമല്ല പ്രത്യാഘാതം ഗുരുതരമാകുമെന്ന ബോധ്യവും അവരിലുണ്ടായി. അതിന്റെ ഫലമാണ് ഏതുവിധേനയും സമരം അവസാനിപ്പിച്ച് തടിയൂരണം എന്ന തീരുമാനത്തില്‍ അവരെ എത്തിച്ചത്. 

സ്വാശ്രയ കൊള്ളയ്ക്കെതിരെയും സ്വാശ്രയ സ്ഥാപനങ്ങളിലെ  മനുഷ്യത്വഹീനമായ നടപടികള്‍ക്കെതിരെയും ഉയര്‍ന്നുവരേണ്ട പൊതുസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതമായി ചിലകേന്ദ്രങ്ങള്‍ ശ്രമിച്ചതിന്റെ ഫലം കൂടിയാണ് ലോ അക്കാദമിയില്‍ മാത്രം സമരത്തെ തളയ്ക്കാനുണ്ടായ ആവേശം. അത്തരം കുതന്ത്രങ്ങളോ ലോ അക്കാദമി പോലുള്ള സ്ഥാപനമാനേജ്മെന്റുകളുടെ വിദ്യാര്‍ഥിവിരുദ്ധ സമീപനമോ വാഴിക്കുന്ന നാടല്ല കേരളം എന്ന സന്ദേശമാണ് ഈ സമരത്തിന്റേത്. സമരം തുടരേണ്ടതുണ്ട്- ഇന്നാട്ടിലെ ഒരു സ്വാശ്രയ മാനേജ്മെന്റും വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിടില്ല, അതിക്രമം കാണിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സമരം. അത്തരം മുന്നേറ്റങ്ങള്‍ക്ക് തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ ചെമ്പ് പുറത്തുകൊണ്ടുവന്നു എന്നതുകൂടിയാണ് ഈ സമരത്തിന്റെ ശേഷിപ്പ്. പതിനേഴ് ആവശ്യങ്ങളും അംഗീകരിപ്പിച്ച് സമരം വിജയിപ്പിച്ച എസ്എഫ്ഐയെ അഭിനന്ദിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്ക് വിലകൊടുക്കാതെ സമരത്തെ വഴിതിരിച്ചുവിടാനും ആക്രമണത്തിലേക്കു നയിക്കാനും ശ്രമിച്ച സങ്കുചിത വലതുപക്ഷ രാഷ്ട്രീയശക്തികളെ ശക്തമായി അപലപിക്കാനും ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു.  എല്ലാ പ്രകോപനങ്ങളെയും കുത്തിത്തിരിപ്പുകളെയും അവഗണിച്ച് സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുന്‍കൈയെടുത്ത വിദ്യാഭ്യാസ മന്ത്രിയെ അഭിവാദ്യം ചെയ്യുന്നു. കേരള ലോ അക്കാദമിയില്‍ പ്രശ്നരഹിതമായ പഠനത്തിന്റെ നാളുകളാകട്ടെ ഇനി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top