02 October Monday

കുടിയേറ്റ ജനതയ്‌ക്ക്‌ അഭിമാനം, ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023


മലയോരജനതയുടെ ആറു പതിറ്റാണ്ട്‌ നീളുന്ന ആവലാതിക്കും ആശങ്കയ്‌ക്കും അറുതിവരുത്തി, എൽഡിഎഫ്‌ സർക്കാർ മറ്റൊരു വാഗ്‌ദാനംകൂടി നിറവേറ്റുകയാണ്‌. കൃഷി ആവശ്യത്തിന്‌ ഭൂമി പതിച്ചുകിട്ടിയവർ, പ്രത്യേകിച്ച്‌ ഇടുക്കി, വയനാട്‌ ജില്ലയിലുള്ള കുടിയേറ്റക്കാർക്ക്‌ സ്വന്തംമണ്ണിൽ അഭിമാനത്തോടെ ജീവിക്കാൻ അവസരമുണ്ടാക്കുന്ന ഭൂവിനിയോഗ നിയമഭേദഗതിക്ക്‌ സർക്കാർ തീരുമാനിച്ചത്‌ ചരിത്രസംഭവമാകുകയാണ്‌. കേരളത്തിലാകെയുള്ള  ഭൂപ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുന്നരീതിയിലാണ്‌ നിയമം വരുന്നതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

മണ്ണിൽ  പൊന്നുവിളയിക്കുന്ന കർഷകജനതയെ  ഒറ്റപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച നിലപാടിന്റെ ഫലമാണ്‌ 1960ലെ ഭൂപതിവ്‌ നിയമം ഭേദഗതിചെയ്യാനുള്ള തീരുമാനം. ഇടുക്കി ജനതയെ കൈയേറ്റക്കാരെന്ന്‌ വിളിച്ച്‌ അവഹേളിക്കുന്ന യുഡിഎഫിനും മാധ്യമങ്ങൾക്കും കപട പരിസ്ഥിതി വാദികൾക്കുമുള്ള മറുപടിയാണ്‌ ഇത്‌. കൃഷി ആവശ്യത്തിന്‌ പതിച്ചു കിട്ടിയ ഭൂമി മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയാത്തനിലയാണ്‌ ഇപ്പോൾ. സ്വന്തം മണ്ണിൽ വാണിജ്യ ആവശ്യത്തിനുള്ള ചെറിയൊരു കെട്ടിടമോ മറ്റു നിർമാണപ്രവർത്തനമോ നടത്തിയാൽ നിയമവിരുദ്ധമാകുന്ന നിയമമാണ്‌ തിരുത്തുന്നത്‌.

വലിയ വിലകൊടുത്ത്‌ വാങ്ങിയ ഭൂമിയാണ്‌ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയാതെ ജനം ദുരിതം അനുഭവിക്കുന്നത്‌. അത്യാവശ്യത്തിന്‌ സ്ഥലം വിൽപ്പന നടത്താൻപോലും സാധ്യമല്ലാത്ത സ്ഥിതി കർഷകജനതയെ പ്രതിസന്ധിയിലാക്കി. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ്‌ മേഖലയായ ഇടുക്കി ജില്ല അവികസിതമായി തുടരാനുള്ള പ്രധാന കാരണം ഭൂവിനിയോഗ നിയമത്തിലുള്ള ജനവിരുദ്ധ ചട്ടങ്ങളാണ്‌. ഇവിടെ നിർമാണമേഖല സ്‌തംഭിച്ചിട്ട്‌ നിരവധി വർഷങ്ങളായി. നൂറുകണക്കിന്‌ തൊഴിലാളി കുടുംബങ്ങളാണ്‌ ഇതുമൂലം ദുരിതം അനുഭവിക്കുന്നത്‌. നിത്യവും ആയിരക്കണക്കിന്‌ ടൂറിസ്റ്റുകൾ എത്തുന്ന ജില്ലയിൽ  പ്രാഥമിക സൗകര്യംപോലും ഒരുക്കാൻ കഴിയാതെ നട്ടംതിരിയുകയാണ്‌. എവിടെയെങ്കിലും എന്തെങ്കിലും നിർമാണപ്രവർത്തനം നടന്നാൽ പരിസ്ഥിതി പ്രവർത്തകർ എന്നുപറഞ്ഞ്‌ നടക്കുന്നവരും കോൺഗ്രസ്‌ നേതാക്കളും പരാതിയും കേസുമായി ഇറങ്ങും. എളുപ്പവഴിയിൽ പണമുണ്ടാക്കാൻ ഇതിനെ ഉപയോഗിക്കുന്നവരും നിരവധിയാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ വിവാദങ്ങൾക്ക്‌ പിന്തുണയുമായി രംഗത്തുവരുന്നു. സ്വന്തംപേരിൽ പട്ടയമുള്ള, ജനിച്ചുവളർന്ന ഭൂമി കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ കഴിയില്ലെന്ന ദുരവസ്ഥയ്‌ക്കാണ്‌ പരിഹാരം കാണുന്നത്‌.

കൃഷി ആവശ്യത്തിന്‌ പതിച്ചുകിട്ടിയ ഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്താനുള്ള തീരുമാനം മലയോര ജനതയ്‌ക്കുണ്ടാക്കുന്ന ആശ്വാസം വലുതാണ്‌. 1500 അടിക്ക്‌ താഴെയുള്ള നിർമിതികൾ ക്രമപ്പെടുത്താനുള്ള നടപടി എത്രയുംവേഗം തുടങ്ങണമെന്നാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലുണ്ടായ തീരുമാനം. 1500 അടിക്ക്‌ മുകളിലുള്ള കെട്ടിടങ്ങളും പരിഗണനയിൽവരും. ഉയർന്ന ഫീസ്‌ നൽകിയായാലും അത്തരം നിർമിതികൾ ക്രമപ്പെടുത്താനുള്ള നീക്കം ഇടുക്കിയുടെ സമഗ്ര വികസനത്തിന്‌ ആക്കംകൂട്ടും. ആരാധനാലയങ്ങളും പൊതുആവശ്യത്തിനുള്ള കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും റോഡുകളുമെല്ലാം പ്രത്യേകം പരിഗണിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഇടുക്കിയിലുള്ള പല ടൗണുകളും മറ്റു സ്ഥാപനങ്ങളും പൊതു ആവശ്യത്തിനുള്ള കെട്ടിടങ്ങളുമെല്ലാം നിലവിലെ നിയമമനുസരിച്ച്‌ നിയമവിരുദ്ധമാണെന്നാണ്‌ പറയുന്നത്‌. ഈ പ്രശ്‌നത്തിനും  പരിഹാരമാകും. ഇടുക്കിയിലെ വൈദ്യുതപദ്ധതി പ്രദേശങ്ങളിൽ താമസിക്കുന്ന 10 ചെയിൻ പരിധിയിലുള്ള മുഴുവനാളുകൾക്കും പട്ടയം നൽകണമെന്ന ആവശ്യവും നിറവേറ്റപ്പെടുകയാണ്‌.

നിയമ ഭേദഗതിക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമവും ചില കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്‌. സർവകക്ഷി നേതാക്കളും കർഷക സംഘടനകളും ഉദ്യോഗസ്ഥ തലത്തിലുമുള്ള വിവിധ ചർച്ചകൾക്കൊടുവിലാണ്‌ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്‌. കരടുബില്ലിന്‌ രൂപംനൽകാൻ ചുമതലയുള്ളവരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. അതിൽ സർക്കാരിന്റെ നിലപാട്‌  മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതും നാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതും പരിസ്ഥിതിക്ക്‌ വലിയ ആഘാതം ഉണ്ടാക്കാത്തതുമായിരിക്കണം നിയമം എന്നതാണ്‌ സർക്കാർ നിലപാട്‌.  ബഫർ സോണിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയാണ്‌ ഈ നിയമഭേദഗതി. ജനങ്ങളെ കുടിയിറക്കലല്ല കുടിയിരുത്തലാണ്‌ സർക്കാൻ നിലപാടെന്ന്‌ അടിവരയിടുന്നതാണ്‌  നിയമഭേദഗതിക്കുള്ള തീരുമാനം. ബഫർ സോണിന്റെ പേരിലും ആരെയും ഒഴിപ്പിക്കില്ലെന്ന്‌ സർക്കാർ  വ്യക്തമാക്കിയിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top