24 April Wednesday

ആരാണ് ദേശദ്രോഹി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021


സംഘപരിവാര രാഷ്ട്രീയം മുന്നോട്ടു വയ്‌ക്കുന്ന വംശീയ വിദ്വേഷത്തിന്റെ പുതിയ പരീക്ഷണശാല ആയിരിക്കുന്നു ലക്ഷദ്വീപ്. വിശ്വസ്തനായ പ്രഫുൽ ഖോഡ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ തിരുകിക്കയറ്റിയാണ്‌ നരേന്ദ്ര മോഡിയുടെ ഹീനമായ നീക്കങ്ങൾ. ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്ന് 2020 ഡിസംബർ അഞ്ചിന്‌ നടത്തിയ നിയമനം പല ഗൂഢലക്ഷ്യങ്ങളും മുന്നിൽ വച്ചായിരുന്നു.

ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം താറുമാറാക്കുന്ന പരിഷ്കാരങ്ങൾക്കാണ്‌ പ്രഫുൽ പട്ടേൽ മുന്നിട്ടിറങ്ങിയത്‌. മുസ്ലിങ്ങളെ ആട്ടിയോടിക്കുകയും ദ്വീപിനെ ബഹുരാഷ്‌ട്ര കുത്തകകളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക്‌ പകുത്തു നൽകുകയുമാണ്‌ അദ്ദേഹം. ഭൂരിപക്ഷ സമൂഹത്തെ അന്യവൽക്കരിക്കുകയും ശത്രുക്കളായിമാത്രം പരിഗണിക്കുകയുംചെയ്യുന്ന ഇത്തരം നിലപാടുകൾക്കെതിരെ ദേശവ്യാപക പ്രതിഷേധം ഉയരുകയാണ്. സംഘപരിവാർ അജൻഡയിലേക്കുള്ള വഴി സുഗമമാക്കാൻ ദ്വീപിനെ തുറന്ന കാരാഗൃഹമാക്കുന്ന കേന്ദ്ര പദ്ധതികളെ എതിർത്ത്‌ അവിടെ നിന്നുള്ളവരുടെ നേതൃത്വത്തിലും പലവിധ പ്രക്ഷോഭങ്ങൾ അലയടിക്കുന്നുമുണ്ട്‌. അതിന്റെ മുന്നണിപ്പോരാളികളിൽ ഒരാളാണ് യുവ ചലച്ചിത്ര പ്രവർത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ആയിഷ സുൽത്താന. അതിശക്തമായ ആ നിലപാട് ദുർബലമാക്കാൻ ഭരണസംവിധാനം കരിനിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ആയിഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം ചുമത്തൽ അതിന്റെ തെളിവും. സ്വകാര്യ ചാനലിലെ ചർച്ചയ്‌ക്കിടെ ദ്വീപ്‌ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ജൈവായുധ പ്രയോഗം എന്ന്‌ പരാമർശിച്ചതിനാണ്‌ പ്രതികാരം. ചർച്ചയിൽ പങ്കെടുത്ത ബിജെപി വക്താവ് ആ പ്രയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആയിഷ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.

കോവിഡ്‌ പ്രോട്ടോകോളിൽ ഇളവു നൽകി ദ്വീപിൽ രോഗവ്യാപനത്തിന് കാരണക്കാരനായതിനാലാണ്‌ അഡ്മിനിസ്ട്രേറ്റർ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന സംശയം ഉയർത്തിയത് എന്നും കൂട്ടിച്ചേർത്തു. പ്രഫുൽ പട്ടേലിന്റെ തലതിരിഞ്ഞ തീരുമാനം രോഗം പടർത്താനും നിരവധി ആളുകൾ മരിക്കാനും ഇടയാക്കി. യാഥാർഥ്യങ്ങൾ ഇങ്ങനെ ആയിട്ടും ഐപിസിയിലെ 124 എ, 153 വകുപ്പുകൾ പ്രകാരം ആയിഷയ്‌ക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു. 124 എ യുടെ ദുരുപയോഗം മുൻനിർത്തി കുറച്ചുദിവസം മുമ്പാണ് സുപ്രീംകോടതി ഓർമപ്പെടുത്തിയിരുന്നത്. അത്‌ ചൂണ്ടിക്കാണിച്ച് ജനാധിപത്യവാദികൾ മുന്നോട്ടുവന്നെങ്കിലും ദ്വീപ്‌ ഭരണം ആയിഷയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. 20ന് കവരത്തി ജില്ലാ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

പലവിധ ഭീഷണികൾക്ക് ഇടയിലും അസാമാന്യമായ നിർഭയത്വം ആയുധമാക്കി പൊരുതുകയും ജനങ്ങൾക്ക് ആത്മവിശ്വാസം പകരുകയുമാണ് ആയിഷ സുൽത്താന. ‘കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരിൽ ഉള്ളതും നമ്മളിൽ ഇല്ലാത്തതും ഒന്നാണ് ഭയം. തളർത്തിയാൽ തളരാൻ വേണ്ടിയല്ല ഞാൻ നാടിനുവേണ്ടി ശബ്ദമുയർത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോകുന്നത്’ എന്ന അവരുടെ നിശ്ചയദാർഢ്യം രാജ്യദ്രോഹത്തെക്കുറിച്ചുള്ള ഉറച്ച ചോദ്യമായി പ്രതിധ്വനിക്കുന്നുമുണ്ട്. ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലാണ് ആയിഷയ്‌ക്കെതിരായ വിലങ്ങിടൽ ശ്രമം.

സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു ജനതയുടെ മൗലികാവകാശത്തിനായി ശബ്ദിക്കുന്നതും പോരാടുന്നതും ദേശദ്രോഹം ആകുന്നതെങ്ങനെ. ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റവും ആധിപത്യവും ചോദ്യം ചെയ്യുന്നതും, മണ്ണും വിഭവങ്ങളും കോർപറേറ്റ് കഴുകന്മാർക്ക് എഴുതിക്കൊടുക്കുന്നതിനെതിരെ നിലകൊള്ളുന്നതും അല്ലേ ദേശസ്നേഹം. അങ്ങനെയാണെങ്കിൽ കേന്ദ്രത്തിന്റെ ചട്ടുകമായി നിലകൊള്ളുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലാണ് ക്രിമിനൽ നടപടിയും ജനകീയ വിചാരണയും നേരിടേണ്ടത്. പത്രപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ ദേശദ്രോഹ കേസിന്റെ എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കിയത് വ്യക്തമായ ചില സന്ദേശങ്ങൾ നൽകിയതായിരുന്നു. എന്നിട്ടും മോഡിഭരണം ഫാസിസ്റ്റ് രീതികൾതന്നെ അവലംബിക്കുന്നത് നടുക്കം ഉളവാക്കുന്നതാണ്.

അക്രമത്തിന് പ്രേരകമല്ലെങ്കിൽ എത്ര കടുത്ത ഭാഷയിൽ ഗവൺമെന്റിനെ വിമർശിച്ചാലും രാജ്യദ്രോഹമായി കണക്കാക്കാനാകില്ല എന്നാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. നാടിനുവേണ്ടി നിലകൊള്ളുകയും സംസാരിക്കുകയും ജനവിരുദ്ധമായ ഭരണസംവിധാനങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്നവരുടെയെല്ലാം നാവ്‌ അരിയാനുള്ള കുറുക്കുവഴിയായി 124 എ നിലകൊള്ളുകയാണ്. അസംഖ്യം പൗരാവകാശ പ്രവർത്തകരും സാംസ്കാരിക പ്രതിഭകളും അഭിഭാഷകരും എഴുത്തുകാരും ജാമ്യമില്ലാ വകുപ്പുകളുടെ ഇരകളായി ജയിലുകളിലാണ്. ഭീമ കൊറേഗാവ് തൊട്ടുള്ള കള്ളക്കേസുകൾ അതിനായി പടച്ചുണ്ടാക്കുന്നുമുണ്ട്. സഞ്ജീവ് ഭട്ടും വരവരറാവുവും പ്രശസ്ത ഗായികയും നർത്തകിയും ആയ ഹർദ്‌ കൗറും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന് അഴിക്കുള്ളിലായി. എന്നാൽ, ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പിന്മുറക്കാരായ പ്രഗ്യാസിങ്‌ താകൂറും പൂജ ശകുൻ പാണ്ഡെയും യഥാർഥ രാജ്യസ്നേഹികൾ ആണത്രേ. നീതിനിഷേധത്തിന്റെ ഈ മോഡിക്കാലത്തിനെതിരെ എല്ലാ നാവുകളും സംസാരിക്കുകയും എല്ലാ കൈകളും ഉയരേണ്ടതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top