01 October Sunday

കർഷകരെ കൊന്നുതള്ളിയത്‌ ഭരണകൂട ഭീകരത

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021


മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഫാസിസ്‌റ്റുഭീകരതയാണ്‌ യുപിയിൽ കർഷകർക്കുനേരെ അരങ്ങേറിയിരിക്കുന്നത്‌. സംസ്ഥാന ഉപമുഖ്യമന്ത്രിയെയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെയും കരിങ്കൊടി കാട്ടി പ്രതിഷേധിക്കാനെത്തിയവർക്കിടയിലേക്ക്‌ കേന്ദ്രമന്ത്രിയുടെ മകൻ കാർ കയറ്റിയാണ്‌ നാല്‌ കർഷകരെ ഞായറാഴ്‌ച കൊലപ്പെടുത്തിയത്‌. നിരവധി കർഷകർക്ക്‌  സാരമായി പരിക്കേറ്റു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ കർഷകർക്കിടയിലേക്കാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ കുമാർ മിശ്രയുടെ മകൻ ആശിഷ്‌ മിശ്രയുടെ നേതൃത്വത്തിൽ ഗുണ്ടകൾ മൂന്ന്‌ കാർ ഇടിച്ചു കയറ്റിയശേഷം വെടിയുതിർത്തത്‌. കർഷക സമരത്തിന്‌  ജനപിന്തുണയേറുന്നതിൽ അസ്വസ്‌തരായ ബിജെപി സർക്കാർ ആസൂത്രിതമായാണ്‌ കർഷകരെ കൊലപ്പെടുത്തിയത്‌.

‘‘സമരം ചെയ്യുന്ന കർഷകരെ പാഠം പഠിപ്പിക്കും. വെറും രണ്ട്‌ മിനിറ്റ്‌കൊണ്ട്‌ അവരെ ഞാൻ ശരിപ്പെടുത്തും’’ എന്ന്‌ ദിവസങ്ങൾക്കുമുമ്പ്‌ മന്ത്രി അജയ്‌ കുമാർ മിശ്ര ഭീഷണി മുഴക്കിയിരുന്നു. കർഷകരുടെ മരണത്തിന്റെ പൂർണ ഉത്തരവാദി കേന്ദ്രമന്ത്രിയും യോഗി സർക്കാരുമാണ്‌. 

സംഭവത്തിനുശേഷം നേപ്പാൾ അതിർത്തിയോട്‌ ചേർന്ന ലഖിംപുർ ഖേരി ജില്ല അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‌ സമാനമാണ്‌. അർധസൈനികരടക്കം വൻപൊലീസിനെ വിന്യസിച്ചു. ഭരണകൂട ഭീകരത പുറത്തറിയാതിരിക്കാൻ  ഇന്റർനെറ്റ്‌ ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങളെയും സംഘർഷബാധിത പ്രദേശവും സന്ദർശിക്കാൻ പ്രതിപക്ഷ പാർടി നേതാക്കൾക്ക്‌ അനുമതി നിഷേധിച്ചു. സമാജ്‌വാദി പാർടി നേതാവ്‌ ഉൾപ്പെടെയുള്ളവരെ യുപി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൂടുതൽ കർഷകർ എത്തുന്നത്‌ തടയാൻ ജില്ലാ അതിർത്തി അടച്ചിരിക്കുകയാണ്‌. നിരവധി കർഷകരെ അറസ്‌റ്റ്‌ ചെയ്‌തു. കടുത്ത ജനാധിപത്യ ധ്വംസനമാണ്‌ യുപിയിൽ അരങ്ങേറുന്നത്‌. കര്‍ഷകരെ കൊന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഡൽഹിയിലും പൊലീസിന്റെ തേർവാഴ്‌ച. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദിച്ചു. വലിച്ചിഴച്ച്‌ വാനിലേക്ക് കയറ്റുന്നതിനിടെ വയറില്‍ ഇടിച്ചു. യുപിക്കെതിരെ ഡല്‍ഹിയില്‍പ്പോലും പ്രതിഷേധം അനുവദിക്കില്ലെന്ന ഫാസിസ്‌റ്റ്‌ നിലപാടാണ് കേന്ദ്രസർക്കാരിന്റേത്‌.

ഒരുമാസംമുമ്പ്‌ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസഫർനഗറിൽ നടന്ന പടുകൂറ്റൻ കിസാൻ മസ്ദൂർ മഹാപഞ്ചായത്തിന്റെയും 27ന്‌ നടന്ന ഭാരത്‌ ബന്ദിന്റെയും വിജയം കേന്ദ്രസർക്കാരിനെ പിടിച്ചുലച്ചിരിക്കുകയാണ്‌. ബിജെപി സ്വാധീന മേഖലകളിൽപ്പോലും കർഷകസമരത്തിന്‌ പിന്തുണയേറുന്നു.  ഭീഷണിപ്പെടുത്തി കർഷകരെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന്‌ വന്നതോടെയാണ്‌ ഭരണകൂട ഭീകരത അഴിച്ചുവിടുന്നത്‌. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അക്രമം പ്രോത്സാഹിപ്പിക്കുന്നു. യുപി മുഖ്യമന്ത്രി യോഗി മാത്രമല്ല, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും കർഷകരോട്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു മാസംമുമ്പ്‌ ഖട്ടർ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധിച്ച കർഷകരെ ക്രൂരമായി ലാത്തിചാർജ്‌ ചെയ്‌തു. കർഷകപ്പോരാളിയായ  സുശീൽ കാജലിനെ  പൊലീസ് തല്ലിക്കൊന്നു.  ‘‘ സമരം ചെയ്യുന്ന കർഷകരെ ലാത്തികൾ കൈയിലെടുത്ത്‌ നേരിടണമെന്ന്‌ ’’ ഖട്ടർ ആക്രോശിക്കുന്ന വീഡിയോയും പുറത്തുവന്നു.

മഹാമാരിയുടെ കാലത്തും വീറോടെ പൊരുതിയ കർഷകരെ തളർത്താനാകില്ലെന്ന്‌  ഉറപ്പായതോടെയാണ്‌ തല്ലിയൊതുക്കാം എന്ന നിലയിലേക്ക്‌ ബിജെപി എത്തിയത്‌. പത്ത്‌ മാസത്തെ  പോരാട്ടത്തിനിടയിൽ നിരവധി കർഷകർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു. കർഷക സമരം അടിച്ചൊതുക്കാനുള്ള ബിജെപി മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ആഹ്വാനങ്ങളിലൂടെ അവരുടെ ഹിംസാത്മകമായ മനോഭാവമാണ്‌ പുറത്തുവരുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യമാകെ ഉയർന്നുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top