25 April Thursday

കുതിരാൻ വലിയ പ്രചോദനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021



തടസ്സപ്പെട്ടുകിടക്കുന്ന വികസനപദ്ധതികൾ പൂർത്തിയാക്കുന്നതിൽ നിർണായക പുരോഗതി കൈവരിച്ച കാലമാണ്‌ ഒന്നാം പിണറായി സർക്കാരിന്റേത്‌. ഗെയ്‌ൽ പൈപ്പ്‌ലൈൻ, ദേശീയപാത സ്ഥലമെടുപ്പ്‌, ജലപാത അലൈൻമെന്റ്‌, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളിൽ കഴിഞ്ഞ സർക്കാർ ചരിത്രം മാറ്റിയെഴുതി. തുടർഭരണം എങ്ങനെ വികസനത്തിൽ പ്രതിഫലിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ്‌ കുതിരാൻ തുരങ്കപാതയുടെ തുടക്കം. ഒരു പതിറ്റാണ്ടിലേറെ നീണ്ട മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത നിർമാണത്തിൽ സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടായത്‌ 2016ന്‌ ശേഷമാണ്‌. എല്ലാ തടസ്സവും നീക്കി നിർമാണം പുരോഗമിക്കുമ്പോഴും തുരങ്കപാതയെന്നനിലയിൽ കേന്ദ്രം പരിശോധന നടത്തി നൽകേണ്ട അനുമതികളും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവങ്ങളും പദ്ധതി നീണ്ടുപോകാൻ ഇടയാക്കി. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരനും നേരിട്ടെത്തി പദ്ധതിക്ക്‌ ഗതിവേഗം പകർന്നു.

അന്തിമഘട്ടത്തിലേക്ക്‌ കടക്കുമ്പോഴും സാങ്കേതികക്കുരുക്കുകൾ മുറുകിക്കൊണ്ടിരുന്നു. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസും കെ രാജനുമൊക്കെ നടത്തിയ ഇടപെടലുകളാണ്‌ കുതിരാനിൽ ഇപ്പോൾ ചരിത്രനേട്ടത്തിന്‌ വഴിതുറന്നത്‌. വികസനത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിക്കുമുന്നിൽ എല്ലാ തടസ്സവും വഴിമാറുകയായിരുന്നു. രണ്ട്‌ തുരങ്കം നിർമാണം ആരംഭിച്ചതിൽ പാലക്കാട്ടുനിന്ന്‌ തൃശൂരിലേക്കുള്ളതാണ്‌ ഇപ്പോൾ തുറന്നുകൊടുത്തത്‌. അടുത്തതും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പരിശ്രമമാണ്‌ നടന്നുവരുന്നത്‌.

കൊച്ചി –- സേലം ആറുവരി ദേശീയപാതയെ അപ്രസക്തമാക്കുംവിധം അപകടക്കെണികളും ദുർഘട കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞതായിരുന്നു കുതിരാൻമല ചുറ്റിയുള്ള മൂന്നര കിലോമീറ്റർ റോഡ്‌. ഇടുങ്ങിയ കാട്ടുപാതയും അരികുകളിലെ ആഴമേറിയ കൊക്കകളും ഇതുവഴിയുള്ള യാത്ര പേടിസ്വപ്‌നമാക്കുന്നു. അപകടങ്ങൾ പതിവായ ഈ റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്‌ നിത്യാനുഭവമാണ്‌. നിലവിലുള്ള പാതയിൽ ആറുവരി നിർമാണം ഏറെക്കുറെ അസാധ്യമാണ്‌.


 

ഇതിന്‌ പരിഹാരമായാണ്‌ മല തുരന്ന്‌ റോഡ്‌ നിർമിക്കാൻ തീരുമാനിച്ചത്‌. ദൂരം ഒരു കിലോമീറ്ററിൽ താഴെയായി ചുരുങ്ങും. അപകടസാധ്യതയും ഇല്ലാതാകും. കേന്ദ്രപദ്ധതിയാണെങ്കിലും സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ദേശീയപാത വിഭാഗമാണ്‌ പ്രവൃത്തികളുടെ മേൽനോട്ടം നിർവഹിക്കുന്നത്‌. ഫലപ്രദമായ ഇടപെടൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ലെങ്കിൽ പദ്ധതികൾ ഇഴഞ്ഞുനീങ്ങുകയോ പാതിവഴിയിൽ നിലയ്‌ക്കുകയോ ചെയ്യുമെന്നതിന്റെ മുഖ്യ ഉദാഹരണമാണ്‌ തൃശൂർ–- പാലക്കാട്‌ ദേശീയപാത. ദേശീയപ്രാധാന്യമുള്ള ഈ റോഡുപണി കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ എങ്ങനെയായിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ല. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി യഥാസമയം ഫണ്ട്‌ ലഭ്യമാക്കാനോ കരാറുകാരെ കൃത്യമായി ജോലിചെയ്യിക്കാനോ സംസ്ഥാന സർക്കാർ ചെറുവിരൽ അനക്കിയില്ല.

കുതിരാനിൽ തുരങ്കപാത നിർമാണത്തിന്‌ തുടക്കംകുറിച്ചത്‌ 2014ലാണ്‌. എന്നാൽ, കരാറുകാർ മാറിമാറി വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. 2016ൽ എൽഡിഎഫ്‌ ഭരണത്തിലെത്തിയപ്പോഴാണ്‌ കഥമാറിയത്‌. സംസ്ഥാന സർക്കാരിന്റെ പൂർണശ്രദ്ധയും സഹായവും കുതിരാൻ തുരങ്ക നിർമാണത്തിന്‌ ലഭിച്ചുവെന്ന്‌ കേന്ദ്രസർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അവസാനഘട്ടംവരെ ഒപ്പം നിൽക്കാനും ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാനും മന്ത്രിമാരും ജനപ്രതിനിധികളും തയ്യാറായി. ഇത്‌ കുതിരാനിലെമാത്രം അനുഭവമല്ല. കീഴാറ്റൂരിലും അരീത്തോടും ദേശീയപാതയ്‌ക്കെതിരെ രംഗത്തുവന്ന ജനങ്ങൾ സർക്കാരിന്റെ പ്രതിബദ്ധത ബോധ്യപ്പെട്ട്‌ ഒപ്പംനിന്നു. ഭൂമി വിട്ടുകൊടുക്കുന്നവർക്ക്‌ ന്യായമായ നഷ്‌ടപരിഹാരം നൽകാൻ സർക്കാരും സന്നദ്ധമായി. ഗതാഗതമേഖലയിൽ കേരളത്തിൽ നടന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ എടുത്തുപറയാനും പ്രകീർത്തിക്കാനും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരി തയ്യാറായ സാഹചര്യമിതാണ്‌.

ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടത്തുരങ്ക ദേശീയപാത നാടിന്‌ സ്വന്തമാകുമ്പോൾ നേട്ടങ്ങൾ ചെറുതല്ല. കേരളത്തിലേക്ക്‌ ഏറ്റവുമധികം ചരക്കുഗതാഗതം നടക്കുന്ന വഴിയാണിത്‌. ഇവിടെ ഗതാഗതം സുഗമമാകുമ്പോൾ കേരളത്തിന്റെ അഭിമാനപദ്ധതിയായ നിർദിഷ്‌ട കൊച്ചി–കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ സാധ്യതകൾ പതിന്മടങ്ങ്‌ വർധിക്കുകയാണ്‌. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ ഭാവിവാഗ്‌ദാനമായ മാതൃകാ സംരംഭത്തെയും കേന്ദ്ര–- സംസ്ഥാന തർക്കത്തിന്റെ വിവാദത്തിൽ കുടുക്കാൻ ചില തൽപ്പരകക്ഷികൾ നടത്തുന്ന ശ്രമങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. വികസനകാര്യത്തിൽ യോജിച്ച സമീപനമെന്നാണ്‌, മുഖ്യമന്ത്രിയുടെ സന്ദർശനവേളയിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉറപ്പുനൽകിയത്‌. അത്‌ മുഖവിലയ്‌ക്കെടുത്ത്‌, നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ വികസനം സംസ്ഥാനത്തിന്‌ ഉറപ്പാക്കാനും വിട്ടുവീഴ്‌ചയില്ലാതെ പ്രവർത്തിക്കാൻ കുതിരാൻ വിജയം പ്രചോദനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top