26 April Friday

കേരളത്തിന്റെ മുഖശ്രീ

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട്‌ 1998 മെയ്‌ 17ന്‌ കേരളമണ്ണിൽ പിറന്നുവീണ കുടുംബശ്രീക്ക്‌ ബുധനാഴ്‌ച 25 വയസ്സ്‌ പൂർത്തീകരിക്കുകയാണ്‌. ലഘുസമ്പാദ്യ- വായ്‌പാ സംഘങ്ങൾ എന്ന നിലയിൽ തുടങ്ങിയ സംഘടന ഇന്ന്‌ പ്രാദേശിക സർക്കാരുകളുടെ വികസന പങ്കാളിയാണ്‌. സ്‌ത്രീകൾക്ക്‌ അവരുടേതായ ഇടം കണ്ടെത്താനും പൊതുരംഗത്തേക്ക്‌ നയിക്കാനും കഴിഞ്ഞ കുടുംബശ്രീ ഇന്ന്‌ ലോകത്തിനുതന്നെ മാതൃകയായി മാറിക്കഴിഞ്ഞു.

ഒരുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ, 46,16,837 ലക്ഷം അംഗങ്ങൾ, 8029.47 കോടി രൂപയുടെ ലഘുസമ്പാദ്യം, വിവിധ പ്രവർത്തനങ്ങൾക്കായി ബാങ്കുകളിൽനിന്നുള്ള വായ്‌പ–- 25,895 കോടി രൂപ, 27,274 വ്യക്തിഗത സംരംഭകർ, 13,316 കൂട്ടുസംരംഭകർ, 2,25,600 വനിതാ കർഷകരുൾപ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പ്‌, 54,000 ബാലസഭ, 74 ഐടി യൂണിറ്റ്‌, 21 ട്രെയിനിങ്‌ ഗ്രൂപ്പ്‌... എന്നിങ്ങനെ സംഘടനാ തലത്തിൽ ഇന്ന്‌ അതിവിപുലമാണ്‌ അതിന്റെ വേരുകൾ.

കാർഷികമേഖല, ഭക്ഷ്യസുരക്ഷ, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിൽ, സാമൂഹ്യനീതി, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മുഖ്യധാരാവൽക്കരണം തുടങ്ങി എല്ലാ സാമൂഹ്യ–- വികസന മേഖലകളിലും പ്രധാന മാധ്യമമായും സ്രോതസ്സായും കുടുംബശ്രീ നിറഞ്ഞുനിൽക്കുന്നു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മൂന്നിലൊന്നുപേരും കുടുംബശ്രീവഴിയാണ്‌ പൊതുരംഗത്തെത്തിയതെന്നത്‌ ഒന്നുമാത്രം മതി സംഘടന ചെലുത്തിയ വ്യാപ്‌തി തിരിച്ചറിയാൻ. കുടുംബശ്രീയെ വിട്ട്‌ കേരളത്തെക്കുറിച്ച്‌ ചിന്തിക്കാൻപോലുമാകാത്ത ജനകീയ പ്രസ്ഥാനമായി പടർന്നു പന്തലിച്ചു. ഇന്നത്‌ കേരളത്തിന്റെ ബ്രാൻഡാണ്‌.

അടുക്കളയിൽ ഒതുങ്ങിനിന്ന വീട്ടമ്മമാരെ വ്യവസായികളും വ്യാപാരികളും ഉൽപ്പാദകരും സേവനദാതാക്കളുമായി മാറ്റിയ നൂറുനൂറു വിജയകഥകൾ ഇന്ന്‌ കുടുംബശ്രീക്കുണ്ട്‌. ഉൽപ്പാദന, സേവന, വ്യാപാര മേഖലകളിലായി 1,08,182 സൂക്ഷ്‌മ സംരംഭത്തിലൂടെ 2.41 ലക്ഷം സംരംഭകരെയാണ്‌ കുടുംബശ്രീയിലൂടെ വാർത്തെടുത്തത്‌. സ്വന്തമായി വരുമാനമുള്ള സ്ത്രീ, ബാങ്ക് അക്കൗണ്ടുള്ള സ്ത്രീ എന്നിവയുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. കേരളത്തിലെ തൊഴിൽമേഖലയിൽ സ്‌ത്രീകളുടെ പങ്കാളിത്തം 2001ലെ 15 ശതമാനത്തിൽനിന്ന്‌ 2021ൽ 29 ശതമാനമായി ഉയർന്നു.

ശൂന്യതയിൽ നിന്നായിരുന്നില്ല കുടുംബശ്രീയുടെ പിറവി. ജനക്ഷേമം ലക്ഷ്യമാക്കിയ ഒരു സർക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയും അർപ്പണവും അതിനുപിന്നിലുണ്ട്‌. അധികാരം ജനങ്ങളിലേക്കെന്ന മുദ്രാവാക്യവുമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ പിന്നാലെയാണ് കുടുംബശ്രീയുടെയും ആവിർഭാവം. ദാരിദ്ര്യനിർമാർജനത്തിനായി ഒരു നൂതനമാർഗം ആരായുന്നതിനായി എസ് എം വിജയാനന്ദ്, ഡോ. ടി എം തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങിയ ഒരു കമ്മിറ്റിയെ ഇ കെ നായനാർ സർക്കാർ നിയോഗിച്ചു. പാലോളി മുഹമ്മദ്‌ കുട്ടിയായിരുന്നു അന്ന്‌ തദ്ദേശഭരണമന്ത്രി. ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരം 1997-–- 98ലെ സംസ്ഥാന ബജറ്റിലാണ്‌ സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ എന്ന നിലയ്ക്ക് കുടുംബശ്രീയെ പ്രഖ്യാപിച്ചത്‌. എന്നാൽ, സുഗമമായിരുന്നില്ല ആ പാത. 2001ൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ ഈ സംഘടനയെ ശൈശവത്തിൽത്തന്നെ ശ്വാസംമുട്ടിച്ച്‌ കൊല്ലാനാണ്‌ ശ്രമിച്ചത്‌.

കുടുംബശ്രീക്ക്‌ ബദലായി കോൺഗ്രസ്‌ ജനശ്രീയെ അവതരിപ്പിച്ചു. ബജറ്റ്‌ വിഹിതം വെട്ടിക്കുറച്ചു. ഇതിൽ സംസ്ഥാനത്ത്‌ കനത്ത പ്രതിഷേധവും പ്രക്ഷോഭവുമാണ്‌ ഉയർന്നത്‌. ഒടുവിൽ 2005ൽ കേവലം 50 കോടി വകയിരുത്താൻ നിർബന്ധിതമായി. തുടർന്നു വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ കുടുംബശ്രീയെ പുനരുദ്ധരിച്ച്‌ ഭാവനാസമ്പന്നമായ മാർഗങ്ങളിലേക്ക്‌ നയിച്ചത്‌. അത്‌ പിണറായി സർക്കാരിന്റെ ഏഴാം വർഷത്തിലെത്തിനിൽക്കുമ്പോൾ ബജറ്റ്‌ വിഹിതം 260 കോടി രൂപയായി വളർന്നു. കൂടാതെ, ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക്‌ ഉപജീവനമാർഗം ഒരുക്കാനായി 500 കോടിയുടെ വായ്‌പ ഉറപ്പുവരുത്തി അതിന്റെ പലിശയ്‌ക്കായി 18 കോടി രൂപയും വകയിരുത്തി. കുടുംബശ്രീയെ വീട്ടുമുറ്റത്തെ ബാങ്കെന്ന നിലയിൽനിന്ന്‌ അംഗങ്ങളുടെയാകെ വരുമാനം ഉയർത്തി സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള ഉപാധിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌.

കേരളം ഇന്ന്‌ സമ്പൂർണ ദാരിദ്ര്യമുക്ത സംസ്ഥാനമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ചുവടുകളിലാണ്‌. കേരളത്തിന്റെ ദാരിദ്ര്യലഘൂകരണത്തിനുള്ള സാമൂഹ്യമൂലധനമായ കുടുംബശ്രീ തന്നെയാണ്‌ പ്രധാന ആയുധമാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top