03 October Tuesday

സ്‌ത്രീശാക്തീകരണത്തിന്റെ മഹനീയ മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


രാജ്യം 74–-ാം റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുമ്പോൾത്തന്നെ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്‌ തുടക്കംകുറിക്കുന്നത്‌ ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്‌. ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയെ ശക്തിപ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമായിരുന്നു  കാൽനൂറ്റാണ്ടുമുമ്പ്‌ കേരളത്തിലെ കുടുംബശ്രീ രൂപീകരണം. 1998 മെയ്‌ 17നു മലപ്പുറത്ത്‌ ഉദ്‌ഘാടനംചെയ്യപ്പെട്ട കുടുംബശ്രീ ചുരുങ്ങിയ കാലംകൊണ്ടു രാജ്യത്തിനാകെ മാതൃകയായി  മാറി. സ്‌ത്രീശാക്തീകരണരംഗത്ത്‌ കേരളം കൈവരിച്ച അഭൂതപൂർവമായ നേട്ടം ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ ചർച്ച ചെയ്യപ്പെടുന്നുവെന്നത്‌ നിസ്സാരമല്ല.

ഭൂരിപക്ഷം ഇന്ത്യൻ സംസ്ഥാനങ്ങളിലും സ്‌ത്രീജീവിതം ദുരിതത്തിന്റെയും പട്ടിണിയുടെയും ആഴക്കടലിൽ മുങ്ങിത്താഴുമ്പോൾ കേരളത്തിലെ  ഭൂരിപക്ഷം സ്‌ത്രീകൾക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത മഹാപ്രസ്ഥാനമാണ്‌ കുടുംബശ്രീ. 1997 ൽ അധികാരത്തിലേറിയ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്‌ ഈ സംഘശക്തി. സാമൂഹ്യപങ്കാളിത്തത്തോടെ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനും സ്‌ത്രീശാക്തീകരണത്തിനുമുള്ള കേരള സർക്കാരിന്റെ പദ്ധതിയാണ്‌ ഇത്‌.

കേവലമായ കേന്ദ്രാവിഷ്‌കൃത പദ്ധതി സമൂഹത്തിന്റെ പൊതുനന്മയ്‌ക്കായി എങ്ങനെ പരിവർത്തിപ്പിക്കാമെന്നതിന്റെ വലിയ ഉദാഹരണമാണ്‌  ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച കുടുംബശ്രീ. നഗരപ്രദേശങ്ങളിലെ സ്‌ത്രീകളുടെ ദാരിദ്ര്യ നിർമാർജനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച്‌ ഫലം കാണാതെ കിടന്ന പദ്ധതിയെ സംസ്ഥാനത്തിന്റെ തനതുപദ്ധതിയായി രൂപകൽപ്പന ചെയ്യുകയായിരുന്നു.  ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിൽ ഇതിനുള്ള പങ്ക്‌ അതുല്യമാണ്‌. പൂർണമായും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്‌ ഇത്‌.

സമൂഹത്തിന്റെ പിന്നണിയിൽ കിടന്ന കുടുംബങ്ങളിലെ സ്‌ത്രീകളെ മുന്നണിയിലേക്ക്‌ എത്തിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. സാമ്പത്തിക സുരക്ഷിതത്വമാണ്‌ സ്ത്രീശാക്തീകരണത്തിന്റെ കാതലെന്ന തിരിച്ചറിവാണ്‌ കുടുംബശ്രീയെ നയിക്കുന്നത്‌. കാൽനൂറ്റാണ്ടുകൊണ്ട്‌ മൂന്നു ലക്ഷത്തിലധികം അയൽക്കൂട്ടങ്ങളിലായി 46 ലക്ഷത്തിലധികം അംഗങ്ങളുള്ള മഹാപ്രസ്ഥാനമാണ്‌ ഇന്നിത്‌. ആയിരക്കണക്കിന്‌ സ്വയംതൊഴിൽ സംരംഭങ്ങളാണ്‌ വനിതാ കൂട്ടായ്‌മയിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്‌.

പതിനായിരക്കണക്കിന്‌ സ്‌ത്രീകൾക്ക്‌ സുരക്ഷിത ജീവിതമാർഗമാണ്‌ ഇതിലൂടെ തെളിഞ്ഞത്‌. ആയിരക്കണക്കിന്‌ കോടി രൂപയുടെ നിക്ഷേപമുള്ള  ജനകീയപ്രസ്ഥാനം ലോകത്തെവിടെയും കാണാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ്‌ കോമൺവെൽത്ത്‌ അസോസിയേഷൻ ഫോർ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര സുവർണ പുരസ്‌കാരം കുടുംബശ്രീക്ക്‌ ലഭിച്ചത്‌. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മികച്ച ജനസേവന പരിപാടിക്കാണ്‌ ഈ അവാർഡ്‌ നൽകുന്നത്‌. 119 രാജ്യത്തുനിന്നുള്ള എൻട്രികളോട്‌ മത്സരിച്ചാണ്‌  ഈ പുരസ്‌കാരം നേടിയെടുത്തത്‌.

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇ എം എസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണത്തിന്റെ ചുവടുപിടിച്ചാണ്‌ കുടുംബശ്രീ പ്രസ്ഥാനത്തിനും രൂപംനൽകിയത്. പിന്നീട്‌ ഇടതുപക്ഷ സർക്കാർ തദ്ദേശ സ്ഥാപന ഭരണസമിതിയിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണം നടപ്പാക്കിയപ്പാേൾ പ്രാദേശിക സർക്കാരുകളുടെ ചുക്കാൻപിടിക്കാൻ സ്‌ത്രീകൾ സ്വയംസന്നദ്ധരായി മുന്നോട്ടുവന്നതും മികച്ച ഭരണം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞതും കുടുംബശ്രീയുടെ പ്രവർത്തന മികവാണ്‌. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ തള്ളിപ്പോകുമായിരുന്ന സ്‌ത്രീകളെ മുന്നണിപ്പോരാളികളാക്കാനും ഭരണത്തിലും കുടുംബത്തിലും നിർണായകസ്ഥാനം വഹിക്കാനും പ്രാപ്‌തരാക്കിയെന്നത്‌ നിസ്സാരമല്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും സ്‌ത്രീകളുടെ സാമൂഹ്യപദവി പരിശോധിക്കുമ്പോഴേ കേരളത്തിലുണ്ടായ സാമൂഹ്യമാറ്റം മനസ്സിലാകൂ.  നീതിയും തുല്യതയും സ്വാതന്ത്ര്യവും ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രമുള്ളതല്ല. സമൂഹത്തിന്റെ നേർപകുതിയായ സ്‌ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം. സ്‌ത്രീകൾക്ക്‌ 33 ശതമാനം സംവരണം നൽകുന്ന വനിതാസംവരണ ബിൽ പതിറ്റാണ്ടുകളായി പാസാക്കാൻ കഴിയാത്ത ഫ്യൂഡൽ മനോഭാവം തിരുത്തേണ്ട കാലം കഴിഞ്ഞുവെന്നതാണ്‌ കുടുംബശ്രീയുടെ വിജയം നൽകുന്ന സന്ദേശം. വ്യാഴംമുതൽ തുടങ്ങി രൂപീകരണദിനമായ മെയ്‌ 17ന്‌ സമാപിക്കുന്ന ആഘോഷപരിപാടികൾ കുടുംബശ്രീക്ക്‌ കൂടുതൽ കരുത്തുപകരും എന്നതിൽ തർക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top