26 April Friday

ജനകീയ ഹോട്ടലിനെതിരെ ചില്ലുമേടയിലിരുന്ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


കുടുംബശ്രീ ജനകീയ ഹോട്ടലിലെ രണ്ട് പൊതിച്ചോറിൽ തോരൻ കുറഞ്ഞുപോയത് പത്രമുത്തശ്ശിയുടെ ചാനലിന് വലിയ വിഭവമായി. കാലമെത്ര മാറിയാലും പിന്തിരിപ്പൻ സമീപനത്തിന് ശേഷിക്കുറവില്ലെന്ന് തറവാട്ടു മാധ്യമം ഇപ്പോഴും തെളിയിക്കുകയാണല്ലോ. കുടുംബശ്രീയെ രക്ഷിക്കാനാണെന്ന മുഖവുരയോടെയാണ് ചാനൽ കഴിഞ്ഞ ദിവസം സംഭ്രമജനകമായ ബ്രേക്കിങ്  ന്യൂസ് പുറത്തുവിട്ടത്. നാട് നന്നാക്കാൻ എന്തെല്ലാം കഠിനാധ്വാനമാണ് അവരും മറ്റുചില അവതാരങ്ങളും ചെയ്യുന്നത്!

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് നാട്ടിലുള്ള സ്ഥാനം എന്താണെന്ന് ചാനലിനറിയില്ലെങ്കിലും ജനങ്ങൾക്കറിയാം. സമൂഹമാധ്യമങ്ങളിലെ പ്രതികരണം അതാണ് കാണിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കുടുംബശ്രീ പ്രസ്ഥാനത്തെ കേരളം അംഗീകരിക്കുന്നുണ്ട്. ഇവിടെനിന്ന് മായം ചേർക്കാത്ത വൃത്തിയുള്ള ഭക്ഷണം കുറഞ്ഞ ചെലവിൽ കഴിക്കാൻ സാധിക്കുന്നുണ്ട്. ജനകീയ ഹോട്ടലിൽ എപ്പോഴും വരുന്നവർക്ക്‌ ഇല്ലാത്ത പരാതി മെനഞ്ഞെടുത്താണ് വിഷം ചീറ്റുന്നത്. ഇരുപതു രൂപമാത്രം കൈയിൽപ്പിടിച്ച് ഒരു നേരത്തെ സുഭിക്ഷഭക്ഷണം കഴിക്കുന്നവർ ആയിരങ്ങൾ. ഇതിനുമേൽ ചെലവാക്കാൻ കഴിയുന്നവരും കുടുംബശ്രീ ഹോട്ടലുകളെ ആശ്രയിക്കുന്നത് ഗുണമേന്മ കൊണ്ടാണ്. കോവിഡ് സെന്ററുകളിൽ മിക്കയിടത്തും കുടുംബശ്രീ ഭക്ഷണം തെരഞ്ഞെടുത്തത് വിശ്വാസ്യത കൊണ്ടാണ്.

കോവിഡ് ഒന്നാംതരംഗത്തിന്റെ കാലത്താണ് ഇരുപത് രൂപയ്‌ക്ക് ഊണ്‌ നൽകുന്ന ജനകീയ ഹോട്ടൽ വന്നത്. എൽഡിഎഫ് സർക്കാരിന്റെ "വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമാണിത്. 2020–---21ലെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടൽ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കി. പണമില്ലാത്തതുകാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്നവർക്ക് അത് കൈത്താങ്ങായി. ഇന്ന് 1095 ഹോട്ടലിൽ എത്തിനിൽക്കുന്നു. രണ്ടാം നിയന്ത്രണപൂട്ടിനു മുമ്പുവരെ ദിവസം ശരാശരി ഒന്നരലക്ഷം പേർ ഭക്ഷണം കഴിച്ചു. കോവിഡ് നിയന്ത്രണവേളയിൽ പൊതിച്ചോറിന് പ്രിയമേറി.

ചാനൽ വാർത്തയിൽ കുറ്റപ്പെടുത്തുന്ന കോഴിക്കോട്ടെ "രുചിക്കൂട്ട് ' എന്ന ഹോട്ടൽ 2018 മുതൽ നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ്. തെരുവിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന "ഉദയം' പദ്ധതിയുടെ ഷെൽട്ടറിൽ മുടങ്ങാതെ ഭക്ഷണമെത്തിക്കുന്നു. ഹോട്ടൽ പ്രവർത്തകർ തങ്ങൾക്ക് കഴിക്കാൻ മാറ്റിവച്ച പൊതിയാണ് തഞ്ചത്തിൽ കൈക്കലാക്കി ചാനലുകാർ "എക്സ്ക്ലൂസീവ്' വിളമ്പിയത്.

ജനകീയ ഹോട്ടലുകൾ വിലയിരുത്താൻ ഗ്രേഡിങ് സംവിധാനമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ ആൻഡ്‌ ടെക്നോളജിയുമായി സഹകരിച്ചാണ് ഗ്രേഡിങ് ടൂൾ രൂപീകരിച്ചത്. ഭക്ഷണഗുണമേന്മയ്‌ക്കു പുറമെ പ്രവർത്തനസമയം, വിറ്റുവരവ്, കെട്ടിടത്തിന്റെ അവസ്ഥ, ബ്രാൻഡിങ്, വിപണനം എന്നിവ നോക്കിയാണ് ഗ്രേഡിങ്.

4885 വനിതകളുടെ തൊഴിൽ സംരംഭംകൂടിയാണിത്. പാവങ്ങളുടെ വിശപ്പകറ്റാൻ ഇവർ ചെയ്യുന്ന അക്ഷീണ പ്രവർത്തനത്തെ വിലകുറച്ചു കാട്ടാനാണ് ചാനൽ ശ്രമിച്ചത്. കുടുംബശ്രീ എന്ന മഹത്തായ സംരംഭത്തെ കരിവാരിത്തേക്കാനുള്ള അധമ മാധ്യമ പ്രവർത്തനം. ലക്ഷക്കണക്കിന് സ്ത്രീകളെ ദരിദ്രാവസ്ഥയിൽനിന്ന് കരകയറ്റാനും ശാക്തീകരിക്കാനും വൈവിധ്യമാർന്ന പ്രവർത്തനമാണ് കുടുംബശ്രീ ചെയ്യുന്നത്. ഈ  മുന്നേറ്റം പകർത്താൻ മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും പഠനസംഘങ്ങൾ വരാറുണ്ട്. കേരളത്തിന്റെ  തനതു നേട്ടങ്ങളിൽ ഒന്നായി മാറിയ ഈ സ്ത്രീപർവത്തെ തകർക്കാൻ ശ്രമിക്കുന്നവരെ പ്രബുദ്ധജനത പുച്ഛിക്കും. പിന്തിരിപ്പന്മാർ കാച്ചുന്ന വെള്ളം ആവിയായിപ്പോകും. അവർ കഴിക്കാൻ വാങ്ങിവച്ച വിഷം അവിടെത്തന്നെ ഇരിക്കട്ടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top