09 December Saturday

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയെന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌.  പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ കെഎസ്‌ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കി ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ  നടപടി സ്വീകരിക്കുന്നുണ്ട്‌. ഇതിന്റെ തുടർച്ചയാണ്‌ കെഎസ്‌ആർടിസിയിൽ നടപ്പാക്കിയ ശമ്പള പരിഷ്‌കരണം. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്‌ കോവിഡ്‌ പ്രതിസന്ധിക്കിടയിലും യാഥാർഥ്യമാക്കിയത്‌. കോവിഡിനെത്തുടർന്ന്‌ രണ്ട്‌ വർഷമായി വൻവരുമാന നഷ്ടവും ഒപ്പം കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെത്തുടർന്ന്‌  അധികബാധ്യതയും കെഎസ്‌ആർടിസിക്ക്‌ ഉണ്ടായി. ദേശസാൽകൃത റൂട്ടുകൾപോലും വൻകിടക്കാർക്ക്‌ തീറെഴുതാനുള്ള കേന്ദ്രനിയമം മറ്റൊരുഭീഷണിയാണ്‌. പ്രതിസന്ധികൾക്കിടയിലും  ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകാനായത്‌ സർക്കാരിന്റെ സാമ്പത്തിക സഹായംകൊണ്ടാണ്‌. പെൻഷനും സമയബന്ധിതമായി നൽകുന്നു.  മറ്റ്‌ സ്‌റ്റേറ്റ്‌ റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷനുകൾ തൊഴിലാളികൾക്ക്‌  ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചപ്പോഴാണ്‌ കേരളം മുടങ്ങാതെ ശമ്പളവും പെൻഷനും ഉറപ്പുവരുത്തുന്നത്‌. 

2021 ജൂൺമുതൽ ആറ്‌ വർഷ കാലാവധിയുള്ള ശമ്പളക്കരാറിൽ കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ  മാനേജ്‌മെന്റും  ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള കമീഷൻ സ്‌കെയിലാണ് മാസ്റ്റർ സ്‌കെയിലായി നിശ്ചയിച്ചത്. പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ നാല്‌ ശതമാനമെന്ന നിരക്കിൽ കുറഞ്ഞത് 1200 രൂപയും പരമാവധി 5000 രൂപയും പ്രതിമാസം വീട്ടുവാടക അലവൻസ് നൽകും. അടിസ്ഥാനശമ്പളത്തിന്റെ 10 ശതമാനം ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റും. പ്രതിമാസം 4700 രൂപമുതൽ 16,000 രൂപവരെ വർധന ലഭിക്കും. ഡ്രൈവർവിഭാഗം ജീവനക്കാർക്കും  വനിതാ  ജീവനക്കാർക്കും പ്രത്യേക പരിഗണന നൽകി.  പ്രതിമാസം 20 ഡ്യൂട്ടിയുള്ള ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപവീതവും ഇരുപതിലധികമുള്ള  ഓരോ ഡ്യൂട്ടിക്കും 100 രൂപവീതവും അധിക ബത്ത ലഭിക്കും. വനിതകൾക്ക്‌ നിലവിലെ 180 ദിവസത്തെ പ്രസവാവധിക്ക് പുറമെ ഒരു വർഷത്തേക്ക് ശൂന്യവേതന അവധി ലഭിക്കും. ഇത്‌ പ്രൊമോഷൻ, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്‌ക്ക്‌ പരിഗണിക്കും. ഈ അവധിയെടുക്കുന്ന വനിതാ ജീവനക്കാർക്ക്‌ മാസം 5000 രൂപ ചൈൽഡ് കെയർ അലവൻസ്‌ നൽകും. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അഡ്മിനിസ്‌ട്രേഷൻ സംവിധാനം വിഭജിച്ച് അഡ്മിനിസ്‌ട്രേഷൻ, അക്കൗണ്ട്‌സ്  വിഭാഗങ്ങളാക്കും. മെക്കാനിക്കൽ വിഭാഗവും പുനഃസംഘടിപ്പിക്കും. എം പാനൽഡ് ജീവനക്കാരുടെ പ്രശ്‌നം പഠിച്ച് പരിഹാരം നിർദേശിക്കാൻ മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തും. ധനവകുപ്പും സഹകരണ വകുപ്പുമായി ആലോചിച്ച് പെൻഷൻ പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് ശമ്പളപരിഷ്‌കരണ കരാറിന്റെ ഭാഗമാക്കാനും ധാരണയായി.

പെൻഷൻകാരുടെ പ്രശ്‌നങ്ങളെയും ഗൗരവത്തോടെയാണ്‌ സർക്കാർ കണ്ടത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌  കൃത്യമായി പെൻഷൻ നൽകിയിരുന്നില്ല. നിരവധി പെൻഷൻകാർ  പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്‌തു. എൽഡിഎഫ്‌ സർക്കാർ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന്‌ വായ്‌പയെടുത്ത്‌ കൃത്യമായി പെൻഷൻ നൽകുന്നുണ്ട്‌. ജീവനക്കാരുടെ ശമ്പളത്തിനും സഹകരണ കൺസോർഷ്യത്തിലേക്കുള്ള തിരിച്ചടവിനും സർക്കാരാണ്‌ പണം നൽകുന്നത്‌. വർഷം 1500 മുതൽ 1700 കോടി രൂപവരെ ധനസഹായമാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകുന്നത്‌. അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ ബസുകൾ വാങ്ങാനും 3000 ഡീസൽ ബസ്‌ സിഎൻജിയിലേക്ക്‌ മാറ്റാനുള്ള പദ്ധതിക്കും സർക്കാർ സഹായം ഉറപ്പാക്കി. ഹൈഡ്രജൻ, ഇലക്‌ട്രിക്‌ ബസുകൾ ഇറക്കാനും  പണം അനുവദിച്ചിട്ടുണ്ട്‌. ഈ രീതിയിൽ സർക്കാർ കെഎസ്‌ആർടിസിയെ സംരക്ഷിക്കുമ്പോൾ ആത്മാർഥതയോടെയും കാര്യക്ഷമതയോടെയും ജോലി ചെയ്‌ത്‌ സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള  ഉത്തരവാദിത്വം തങ്ങൾക്കാണെന്ന കാര്യം ഓരോ ജീവനക്കാരനും  ഓർമിക്കേണ്ടതാണ്‌.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top