20 April Saturday

കെഎസ്ആര്‍ടിസിയും കോടതിവിധിയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 20, 2018


എന്നും പ്രതിസന്ധികളുടെ ഗട്ടറുകളിലൂടെയാണ്‌ കെഎസ്‌ആർടിസിയുടെ പ്രയാണം. സവിശേഷമാണ്‌ അവിടത്തെ പ്രശ്‌നങ്ങൾ. പൊതുതാൽപ്പര്യത്തിന്‌ ഉതകുന്നവിധത്തിൽ ഒരു വാണിജ്യപ്രക്രിയ കൊണ്ടു നടക്കുന്നതിന്റെ പ്രശ്‌നങ്ങളാണ്‌ ഏറെയും. ലാഭത്തിനായി കെഎസ്‌ആർടിസി നടത്താനാകില്ല. എന്നാൽ, നഷ്ടമാകാതെ നടത്താൻ ശ്രമിക്കുകയും വേണം.

എൽഡിഎഫ്‌ സർക്കാർ വന്നപ്പോഴൊക്കെ ഈ സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഈ സർക്കാരും ആ വഴിക്കാണ്‌ നീക്കങ്ങൾ നടത്തുന്നത്‌. എന്നാൽ, കെഎസ്‌ആർടിസിയുടെ ശമ്പളത്തിനും പെൻഷനും വൻ തുക സർക്കാർ നീക്കിവച്ചാലേ ഇന്നത്തെ നിലയിൽ ആ സ്ഥാപനം നിലനിൽക്കൂ. പ്രളയം  ഉണ്ടാക്കിയ ധനക്കുഴപ്പം വരിഞ്ഞുമുറുക്കുന്നതിനിടയിലും സർക്കാർ ഈ ഉത്തരവാദിത്തം സാധ്യമാകുന്നത്ര നിറവേറ്റുന്നു.

അതിനിടയിലാണ്‌ ഒരു ഹൈക്കോടതി വിധിയിലൂടെ കെഎസ്‌ആർടിസി പുതിയ പ്രശ്‌നങ്ങളിലേക്ക്‌ എടുത്തെറിയപ്പെട്ടത്‌. പിഎസ്‌സി ലിസ്റ്റിൽനിന്ന്‌ കെഎസ്‌ആർടിസിയിലേക്ക്‌ നിയമിക്കപ്പെടാൻ അഡ്വൈസ്‌ മെമ്മോ ലഭിച്ചവർക്ക്‌ നിയമനം കിട്ടുന്നില്ല എന്നതാണ്‌ കോടതിയുടെ മുമ്പിൽ വന്ന പ്രശ്‌നം. തികച്ചും ന്യായമായ പ്രശ്‌നം. കാലങ്ങളായി പിഎസ്‌സി ലിസ്റ്റിൽ കാത്തുകിടക്കേണ്ടിവന്ന്‌ അഡ്വൈസ്‌ മെമ്മോ കിട്ടിയവരുടെ പ്രയാസം  ഏറ്റവും പ്രസക്തം. അവരുടെ ആശങ്ക പരിഹരിക്കാൻ കോടതി ഉത്തരവ്‌ ഉണ്ടാകണംതാനും.

കോടതി ഉത്തരവ്‌ വന്നു. പക്ഷേ, പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതിനൊപ്പം നിലവിലുള്ള താൽക്കാലിക (എംപാനൽ) തൊഴിലാളികളെ ഒറ്റയടിക്ക‌് പിരിച്ചുവിടണമെന്നും കോടതി കർശന നിർദേശം നൽകി. ഇതിനായി അൽപ്പംകൂടി സമയം ചോദിച്ച കെഎസ്‌ആർടിസിയെ കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

കോടതി വിധി മാനിച്ചേ പറ്റൂ. വിധി പ്രകാരം തൊഴിലാളികളെ കെഎസ്‌ആർടിസി പിരിച്ചുവിട്ടു. നേരത്തെ പറഞ്ഞ സവിശേഷ പ്രശ്ന‌ങ്ങളുടെ പശ്ചാത്തലത്തിൽ ആ സ്ഥാപനത്തിന്റെ നിലനിൽപ്പിന്‌ ഏറെ സഹായം നൽകിവന്നവരാണ്‌ ഈ തുച്ഛവേതനക്കാർ. പത്തിലേറെ വർഷമായി ജോലിചെയ്യുന്നവരാണ്‌ പലരും. ഒറ്റരാത്രികൊണ്ട്‌ അവർ വഴിയാധാരമാക്കപ്പെട്ടു. ഒപ്പം ആയിരത്തോളം കെഎസ്‌ആർടിസി ഷെഡ്യൂളുകൾ മുടങ്ങുന്ന സ്ഥിതിയും വന്നു. പിഎസ്‌സി ലിസ്റ്റിലുള്ളവരെ അതിവേഗം നിയമിച്ച്‌ ഷെഡ്യൂളുകളുടെ പ്രശ്‌നം പരിഹരിക്കുകയാണ്‌ ഇപ്പോൾ കെഎസ്‌ആർടിസി. പരിശീലനം നേടി പുതിയ തൊഴിലാളികൾ എത്തുമ്പോൾ ഒരു പരിധിവരെ ആ പ്രശ്നം പരിഹരിക്കാനാകും.

പക്ഷേ, എംപാനൽ തൊഴിലാളികളുടെ പ്രശ്‌നം ബാക്കിയാകുന്നു. പിഎസ്‌സി ലിസ്റ്റിലുള്ളവർ വന്നു കഴിഞ്ഞാലും കെഎസ്‌ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എംപാനലുകാർക്കുകൂടി പണിയെടുക്കാവുന്ന ഒഴിവുകൾ കണ്ടേക്കാം. അതിൽ കുറെപ്പേരെയെങ്കിലും പരിഗണിക്കാനാകും എന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, ഇതിനും കോടതിയുടെ അനുമതി വേണ്ടിവന്നേക്കും. കൂടുതൽ ബസുകൾ ഇറക്കിയും സമഗ്രവികസനം ഉറപ്പാക്കിയും കെഎസ്‌ആർടിസിയിൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കണം എന്ന നിർദേശം യൂണിയനുകൾ മുന്നോട്ടുവച്ചിട്ടുണ്ട്‌. ആ നിർദേശവും പരിഗണിക്കണം.

എംപാനൽ ജീവനക്കാരുടെ കാര്യത്തിൽ മനുഷ്യത്വപരമായ പരിഗണന നൽകി എന്ത‌് ചെയ്യാനാകും എന്നത്‌ കെഎസ്‌ആർടിസിയും സർക്കാരും പരിഗണിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. ഒപ്പം ഇപ്പോഴത്തെ വിധിയുടെ ആഘാതത്തിൽ തട്ടി സ്ഥാപനം കൂടുതൽ കുഴപ്പത്തിലേക്ക്‌ വഴുതുകയില്ലെന്നും കരുതാം.

ഗ്രാമീൺബാങ്ക്‌ സമരം ഒത്തുതീർപ്പാക്കണം
കേരളത്തിലെ ഗ്രാമീൺബാങ്ക്‌ ശാഖകൾ മൂന്നുദിവസമായി അടഞ്ഞുകിടക്കുകയാണ്‌. ഏറ്റവും താഴെതട്ടിലുള്ള തൊഴിലാളികളുടെ പ്രശ്‌നം മുൻനിർത്തി നടക്കുന്ന ഈ പണിമുടക്ക്‌ സമരപാരമ്പര്യമേറെയുള്ള കേരളത്തിന്റെ പൂർണപിന്തുണ  ലഭിക്കേണ്ട ഒന്നാണ്.

633 ശാഖയും 10 റീജ്യണൽ ഓഫീസുമുള്ള കേരള ഗ്രാമീൺ ബാങ്കിൽ പ്യൂൺ തസ്‌തികയിൽ 329 താൽക്കാലിക ജീവനക്കാരാണ്‌ പണിയെടുക്കുന്നത്‌. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരാണ്‌ ഇവരിൽ ഏറെപ്പേരും. ഒഴിവില്ലാത്തതുകൊണ്ടല്ല ഇവരെ സ്ഥിരപ്പെടുത്താത്തത്‌. മറ്റെല്ലാ തസ്‌തികയിലും ഒഴിവുകളിലേക്ക്‌ ബാങ്ക്‌ സ്ഥിരം നിയമനം നടത്തുന്നുണ്ട്‌. പക്ഷേ, പ്യൂൺ നിയമനം മാത്രമില്ല. നാനൂറിലേറെ സ്ഥിരം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയും താൽക്കാലികക്കാർ അങ്ങനെതന്നെ തുടരുകയും ചെയ്യുന്നു. എല്ലാ ബ്രാഞ്ചിലും ഒഴിവുണ്ട്‌. ഒരിടത്തും നിയമനമില്ല. കടുത്ത ചൂഷണമാണ്‌ ഈ തൊഴിലാളികൾ നേരിടുന്നത്‌.

ഇതിനെതിരെ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയാണ്‌ സമരരംഗത്തുള്ളത്‌. താൽക്കാലിക ജീവനക്കാർക്കായി സ്ഥിരം ജീവനക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവരാണ്‌ മൂന്നുദിവസമായി അനിശ്ചിതകാല സമരത്തിലുള്ളത്‌. ഒറ്റ മുദ്രാവാക്യമുയർത്തിയുള്ള ഈ സമരത്തിൽ ആദ്യം നിരാഹാരസമരവും പിന്നീട്‌ ഗ്രാമീൺ ബാങ്കിന്റെ സ്‌പോൺസർ ബാങ്കായ കനറ ബാങ്കിലേക്ക്‌ മാർച്ചും നടത്തിയിട്ടാണ്‌ തൊഴിലാളികൾ പണിമുടക്ക്‌ ആരംഭിച്ചത്‌. പ്രശ്‌നം പരിഹരിക്കാൻ ഈ ഘട്ടത്തിലൊന്നും മാനേജ്‌മെന്റിൽനിന്ന്‌ നീക്കം ഉണ്ടായിട്ടില്ല.

നേരത്തെ സൗത്ത്‌  മലബാർ, നോർത്ത്‌  മലബാർ ഗ്രാമീൺ ബാങ്കുകളായി പ്രവർത്തിച്ചിരുന്ന ബാങ്കുകളാണ്‌ ലയിച്ച്‌ കേരള ഗ്രാമീൺ ബാങ്കായത്. അതുകൊണ്ടുതന്നെ വടക്കൻ ജില്ലകളിൽ  ബാങ്കിന്റെ സ്വാധീനം ശക്തമാണ്‌. ഇപ്പോൾ കേരള ബാങ്കായശേഷം തെക്കൻ ജില്ലകളിലും ഗ്രാമങ്ങളിൽ ബാങ്കിന്‌ ശാഖകൾ വർധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺബാങ്കാണ് ഇന്ന് കേരള ഗ്രാമീൺബാങ്ക്‌. ശാഖകളുടെ എണ്ണത്തിൽ കേരളത്തിലെ രണ്ടാമത്തെ ബാങ്ക്. വായ്പാ- നിക്ഷേപ അനുപാതത്തിലും ബാങ്ക് മുന്നിലാണ്.  81  ലക്ഷത്തിലധികം ഇടപാടുകാരും ബാങ്കിനുണ്ട്‌.

കേരളത്തിൽ ഗ്രാമീണജീവിതത്തെ നിർണയിക്കുന്ന പ്രധാന ധനസ്ഥാപനമാണ്‌  ബാങ്ക്‌. ഇവിടത്തെ പ്രശ്‌നപരിഹാരത്തിൽ അലംഭാവം പാടില്ല.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കനറ ബാങ്കിന്റെയും ഓഹരിപങ്കാളിത്തം ബാങ്കിലുണ്ട്‌. ഏറ്റവും ന്യായമായ പ്രശ്‌നം ഉന്നയിച്ച്‌ നടത്തുന്ന ഈ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരുകളുടെയും സ്‌പോൺസർ ബാങ്കിന്റെയും അടിയന്തര ഇടപാടുകൾ ഉണ്ടായേ തീരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top