27 April Saturday

കെഎസ്‌ആർടിസിക്ക്‌ വീണ്ടും കേന്ദ്രപ്രഹരം

വെബ് ഡെസ്‌ക്‌Updated: Saturday Mar 19, 2022


കോവിഡ്‌ വ്യാപനത്തിന്റെ കെടുതികൾക്കിടയിൽ യാത്രക്കാർ ഗണ്യമായി കുറയുകയും ചരക്കുനീക്കം സ്‌തംഭിക്കുകയും ഇടക്കാലത്ത്‌ ഇന്ധനക്കൊള്ള  അമിതമാകുകയും ചെയ്‌തതോടെ  ഇന്ത്യൻ വാഹനമേഖല കരകയറാനാകാത്ത കടുത്ത പ്രതിസന്ധിയിലായി. സ്വകാര്യ സർവീസുകൾ മുടങ്ങി മാസങ്ങൾ വീട്ടിലായ തൊഴിലാളികൾ വേതനം കുറഞ്ഞ മറ്റു രംഗങ്ങളിലേക്ക്‌ ചേക്കേറി. അവിടെയും പിടിച്ചുനിൽക്കാൻ പ്രയാസമായതിനാൽ പലരും ചിതറിത്തെറിച്ചു; ചിലർ ആത്മഹത്യാ മുനമ്പിലാണ്‌. ടൂറിസ്റ്റ്‌ ക്യാരേജുകൾ ആക്രിസാധന വിലയ്‌ക്ക്‌ തൂക്കിവിൽക്കുന്നതായുള്ള വാർത്ത അടുത്ത ദിവസമാണ്‌ വന്നത്‌. അതിനിടെ പൊതുമേഖലാ  സ്ഥാപനങ്ങൾക്കുള്ള ഇന്ധനവില കേന്ദ്ര സർക്കാർ തുടർച്ചയായി കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ  അവ സമ്പൂർണ  തകർച്ചയിലേക്ക്‌ നീങ്ങുകയാണ്‌. അതാകട്ടെ  വ്യവസായശാലകളെയും  വൈദ്യുതനിലയങ്ങളെയും പ്രതിസന്ധിയിലാക്കും;  അവയുടെ ഉൽപ്പന്നങ്ങളുടെ വൻ വിലവർധനയ്‌ക്കും  കാരണമാകും. മാത്രമല്ല, പൊതുവിലക്കയറ്റം താങ്ങാവുന്നതിനപ്പുറമാക്കും. ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ ഭൂരിപക്ഷത്തിന്റെ ആശ്രയമായ പൊതുഗതാഗത സംവിധാനവും  ജീവനക്കാരും ജനങ്ങളും പെരുവഴിയിലാകുമെന്നതും തീർച്ച.  

കുത്തകകളുടെ കീശ നിറയ്‌ക്കാൻ ജനങ്ങൾക്കുമേൽ തുടർച്ചയായി ഭാരം അടിച്ചേൽപ്പിക്കുന്ന മോദി ഭരണം അഞ്ച്‌ സംസ്ഥാനത്തെ  തെരഞ്ഞെടുപ്പ്‌ കാലയളവിൽ കുറച്ചു നാളുകൾ  പിൻവാങ്ങി. വിജയം ഉറപ്പിച്ചശേഷം  പൂർവാധികം ശക്തിയോടും മുൻകാല പ്രാബല്യത്തോടും ദ്രോഹനിലപാട്‌ കൈക്കൊള്ളുമെന്ന വിമർശം ശക്തമായിരുന്നു.  ഈ പശ്‌ചാത്തലത്തിലാണ്‌ വളഞ്ഞ വഴിയുള്ള പലവിധ കൊള്ളകൾ പരിശോധിക്കേണ്ടത്‌. ദിവസം അര ലക്ഷം ലിറ്ററിൽ കൂടുതൽ ഉപയോഗിക്കുന്ന കെഎസ്‌ആർടിസി ഉൾപ്പെടെ ബൾക്ക്‌ പർച്ചേസ്‌ വിഭാഗത്തിനുള്ള ഡീസൽ വില കുത്തനെ വർധിപ്പിച്ചത്‌ തുടക്കംമാത്രം. പൊതുമേഖലാ വാഹനമേഖലയുടെ  പ്രശ്‌നങ്ങൾ ഇരട്ടിപ്പിക്കുന്നതാണ്‌ കേന്ദ്ര നയങ്ങൾ. ‘മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ ലൈസൻസ്‌’ നേടി  സ്ഥാപനങ്ങൾക്ക്‌ ഓൺലൈൻ  ടിക്കറ്റിലൂടെ രാജ്യത്തെവിടെയും ബസ്‌ സർവീസ്‌ നടത്താൻ  പെർമിറ്റ്‌ അനുവദിച്ചു. പൊതുഗതാഗത രംഗമാകെ കീഴടക്കാൻ ശ്രമിക്കുന്ന കോർപറേറ്റ്‌  ഭീമന്മാർക്ക്‌ കൊയ്‌ത്തുകാലം ഒരുക്കാനാണ്‌ പൊതുമേഖലാ ട്രാൻസ്‌പോർട്ട്‌ കമ്പനികളെ പിഴിഞ്ഞ്‌ ദ്രോഹിക്കുന്നത്‌.

ഡീസൽവില കുത്തനെ കൂട്ടിയ കേന്ദ്ര തീരുമാനം കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടും. പുതിയ നിരക്കനുസരിച്ച്‌  ഒരു ലിറ്റർ ഡീസലിന് 98.15 രൂപ  നൽകണം. സ്വകാര്യ പമ്പുകളിൽ 91.42 രൂപയ്ക്ക് കിട്ടുമ്പോഴാണ്‌ കൊള്ള. വർധന ലിറ്ററിന് 26 രൂപയാണെന്നത്‌ ഭീകരമാണ്‌.  കെഎസ്‌ആർടിസിക്ക്‌ ദിവസം ശരാശരി 2.7 ലക്ഷം ലിറ്റർ ഡീസലാണ്‌ ആവശ്യമായുള്ളത്‌. ആ കണക്കനുസരിച്ച്‌ ദിവസം 75‐83 ലക്ഷം രൂപ ഇന്ധനയിനത്തിൽ അധിക ബാധ്യതയാകും; മാസം 25 കോടിവരെ. -നിരക്കുവർധന താങ്ങാനാകാതെ കെഎസ്‌ആർടിസി സ്വകാര്യ പമ്പുകളിൽനിന്ന്‌ ഇന്ധനമടിച്ചു. പക്ഷേ, ആയിരക്കണക്കിന്‌ ബസുകൾക്ക്‌ അവയെ ആശ്രയിച്ച്‌ മുന്നോട്ടു പോകാൻ  പ്രായോഗിക തടസ്സങ്ങൾ ഏറെയാണ്‌.

നേരിട്ടുവാങ്ങുന്ന കെഎസ്‌ആർടിസിക്ക്‌ വിപണി നിരക്കിലെങ്കിലും ഡീസൽ ലഭിക്കാൻ അവകാശമുണ്ട്‌. ബൾക്ക്‌ പർച്ചേസ് വിഭാഗത്തിന്‌ ചില്ലറ വിലയേക്കാൾ കുറഞ്ഞ നിരക്ക്‌ ഈടാക്കുകയാണ്‌ പതിവ്‌. ലോകമെങ്ങും വൻകിട ഉപയോക്താക്കൾക്ക്‌ നിരക്കിൽ ഇളവ്‌ സാധാരണവുമാണ്‌. അപ്പോഴും ഇന്ത്യയിൽ  സർക്കാർ സമീപനം നേർവിപരീതമാണെന്ന്‌  കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കേന്ദ്രം അടിച്ചേൽപ്പിക്കുന്ന ബാധ്യതകൾക്കിടയിലും  കെഎസ്ആർടിസിയെ ചേർത്തുപിടിക്കുകയാണ്‌ എൽഡിഎഫ്‌ ഭരണം. സർക്കാർ ജീവനക്കാർക്ക് തുല്യമായി ശമ്പളം പരിഷ്‌കരിച്ചത്‌ അതിൽ പ്രധാനം. അടിസ്ഥാന ശമ്പളം 8730- രൂപയിൽനിന്ന്‌ 23,000 രൂപയാക്കി. 2021 ജൂൺമുതൽ മുൻകാല പ്രാബല്യത്തോടെ 2022 ജനുവരിയിലേതുമുതൽ പുതിയ ശമ്പളം ലഭിക്കും.   സർവീസുകൾ കൂട്ടിയും ശൃംഖലകൾ വിപുലമാക്കിയും വൈവിധ്യവൽക്കരണം ഏറ്റെടുത്തും വരുമാനം വർധിപ്പിച്ച്‌ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളും തുടരുന്നു.  ഡീസലിന്‌ വരുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന ആ നടപടികൾ  തകിടംമറിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top