02 May Thursday

പ്രവാസി ചിട്ടി മറ്റൊരു ‘കേരള മോഡല്‍’ ആകട്ടെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018


ചിട്ടി എന്ന സാമ്പത്തികവിനിമയ സംവിധാനത്തിന് കേരളത്തിൽ ഏറെ പഴക്കമുണ്ട്. കൃത്യമായ കാലനിർണയം ആരും നടത്തിയിട്ടില്ല. ഇത്ര പുരാതനമായ ചിട്ടിയെ കേരളത്തിന്റെ സാമ്പത്തികക്കുതിപ്പിനുള്ള ഇന്ധനമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ് സർക്കാർ. പുതിയ കാലത്തെ ധനവിനിമയ രീതികൾക്ക് അനുസൃതമായ മാറ്റങ്ങളോടെ നടപ്പാകുന്ന പ്രവാസി ചിട്ടി പദ്ധതി കേരളം ലോകത്തിന‌് നൽകുന്ന  മറ്റൊരു മാതൃകയായി മാറുമെന്നു കരുതാം. പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാടനം 12ന് തിരുവനന്തപുരത്ത്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്.

ഒരുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാർഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതൽമുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തുന്നത്. പൊതുമേഖലയിൽ തിളക്കമാർന്ന പ്രവർത്തന റെക്കോഡുള്ള കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് പോലൊരു സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പുചുമതലയിലുള്ളത് എന്നത് പദ്ധതിയുടെ വിജയസാധ്യത പലമടങ്ങ്‌ കൂട്ടുന്നു. കിഫ്ബിയുടെയും (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) നോർക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.

വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കായിട്ടുള്ള  പ്രവാസി ചിട്ടിക്ക്  തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിങ്ങനെ മുഴുവൻ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ്‌ ഐസക‌് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ചിട്ടികൾക്കില്ലാത്ത ചില പ്രത്യേകതകൾ പ്രവാസി ചിട്ടിക്കുണ്ട് . പ്രവാസി ചിട്ടിക്ക് എൽഐസിയുടെ ഇൻഷുറൻസ് സുരക്ഷ ലഭ്യമാകും. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കിവരുന്ന തവണകൾ എൽഐസി അടച്ചുതീർക്കും. ആനുകൂല്യങ്ങൾ ബന്ധുക്കൾക്ക് നൽകുകയും ചെയ്യും.

ചിട്ടിയിൽ ചേർന്നവരാരെങ്കിലും വിദേശത്ത‌് മരിച്ചാൽ  മൃതദേഹം നാട്ടിലെത്തിക്കുന്ന ചുമതല കെഎസ്എഫ്ഇ ഏറ്റെടുക്കും. സ്റ്റേറ്റ്  ഇൻഷുറൻസിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും. പ്രവാസികൾ മുക്ത്യാർവഴി ചുമതലപ്പെടുത്തിയാൽ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവർക്കും കുറിയിൽ ചേരാം. അവർക്ക് ലേലം വിളിക്കാനും തടസ്സമില്ല.

ചിട്ടിയിൽ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്സെഡ് ഡിപ്പോസിറ്റുകൾ, ഫോർമാൻ കമീഷൻ, ഫ്രീ ഫ്ലോട്ട് തുടങ്ങിയ തുകകൾ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കും. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികൾക്കായി മുതൽമുടക്കും. ഇവയിൽ ഫോർമാൻ കമീഷൻ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കും .

10,000 കോടി രൂപ സംസ്ഥാനത്തിന്റെ വികസനത്തിനായി ലഭ്യമാക്കുന്ന സ്ഥാപനമായി കെഎസ്എഫ്ഇ വളരുകയും ചെയ്യും. ഇത്തരത്തിലാണ് ചിട്ടി വിഭാവനം ചെയ്യുന്നത്. ഇതോടെ നാട്ടിലെ ചിട്ടികൂടി കണക്കിലെടുക്കുമ്പോൾ  രാജ്യത്തെ ഏറ്റവും വലിയ ബാങ്കിതര ധനസ്ഥാപനങ്ങളിലൊന്നായി കെഎസ്എഫ്ഇ മാറുമെന്നും കരുതുന്നു.
ചിട്ടിനടത്തിപ്പ് പൂർണമായും ഓൺലൈനാണ്. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നടന്ന തയ്യാറെടുപ്പുകൾ പൂർത്തിയായി. ചിട്ടി രജിസ്ട്രേഷനും പണം അടയ‌്ക്കലും ലേലംവിളിയും പണം കൊടുക്കലുമെല്ലാം ഓൺലൈനായിരിക്കും. ഇതിനുള്ള സോഫ്റ്റ്‌വെയറും തയ്യാറാണ്.

പ്രവാസികൾക്കിടയിൽ പദ്ധതിയുടെ പ്രചാരണം വലിയൊരളവ് നടന്നുകഴിഞ്ഞു. എല്ലാ വിവരവിനിമയമാർഗങ്ങളും ഉപയോഗിച്ച് കൂടുതൽ പേരിൽ ചിട്ടിയുടെ സന്ദേശം ഇനിയും എത്തിക്കേണ്ടിവരും. അതിനുള്ള തുടർശ്രമങ്ങൾ ഉണ്ടാകുമെന്ന് കരുതാം.

പ്രവാസികളുടെ കൈയിലെ പണം സംസ്ഥാനവികസനത്തിന് ഉപയോഗിക്കുന്നില്ല  എന്നത് ഏറെ കാലമായി ഉയരുന്ന വിമർശമാണ്. ചില ബോണ്ടുകളിലെ നിക്ഷേപവും വികസനപ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുന്ന പണവും മാത്രമായി ഈ വികസനപങ്കാളിത്തം ഒതുങ്ങിനിൽക്കുകയായിരുന്നു. പ്രവാസി ചിട്ടിയിലൂടെ ഏറ്റവും മൂർത്തമായ, എന്നാൽ ഒട്ടും സങ്കീർണതകളില്ലാത്ത പുതുമാർഗം ഇതിനായി ഒരുങ്ങുകയാണ്.

വികസന നിക്ഷേപത്തിനായുള്ള വിപുലമായ ജനകീയയജ്ഞമായി മാറുംമട്ടിലാണ് പ്രവാസി ചിട്ടി ഉരുത്തിരിയുക.  സർക്കാരിനോ സംസ്ഥാന വികസനത്തിനോ പ്രവാസി ഒരു തുകയും സംഭാവനയായി നൽകേണ്ടതില്ല. ചിട്ടിയിൽ ചേർന്നാൽമാത്രം മതി.

മറ്റേതൊരു ചിട്ടിയുംപോലെ സമ്പാദ്യം എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി തിരികെ ലഭിക്കും. നാട്ടിലെ വികസനവും നടക്കും. “പ്രവാസിയുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം’ എന്ന പ്രവാസി ചിട്ടിയുടെ മുദ്രാവാക്യം അക്ഷരാർഥത്തിൽ നടപ്പാകുംവിധമാണ് പദ്ധതി. തീർച്ചയായും പുതിയ കാലത്തിന് ചേർന്നവിധം പഴയൊരു സാമ്പത്തികപ്രക്രിയയെ മാറ്റിയെടുക്കാനുള്ള ശ്രമം പൂർണവിജയമാകുമെന്ന് പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top