24 April Wednesday

വൈദ്യുതിനിരക്ക്: സർക്കാർ നടപടി ആശ്വാസമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020



കോവിഡ് കാലത്ത്‌ സവിശേഷമായ പ്രശ്നങ്ങൾ പലതും ഉയർന്നുവരുന്നുണ്ട്. മുമ്പുള്ളതുപോലെയല്ല ഒന്നും. വൈദ്യുതി ബില്ലിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. സാധാരണ കൃത്യമായി രണ്ടുമാസത്തെ കണക്കിൽ ബിൽ കിട്ടിയിരുന്നവർക്ക് നാലുമാസത്തെ ബിൽ ഒന്നിച്ചുകിട്ടുന്ന സ്ഥിതിവന്നു. ലോക്‌ഡൗൺമൂലം വീടുകൾ അടഞ്ഞുകിടന്നതിനാൽ മീറ്റർ റീഡിങ് എടുത്തിരുന്നില്ല. ഇപ്പോൾ റീഡിങ് എടുത്തപ്പോൾ സ്വാഭാവികമായും തുക ഉയർന്നു. സാധാരണ നമ്മുടെ വൈദ്യുതി ഉപയോഗം നന്നായി ഉയരുന്ന  സമയമാണ് ഫെബ്രുവരിമുതൽ മെയ്‌വരെയുള്ള മാസങ്ങൾ. ഈ പ്രശ്നങ്ങൾ ഉണ്ടായത് ആ മാസങ്ങളിൽ ആയതിനാൽ സ്ഥിതി രൂക്ഷമായി. ലോക്‌ഡൗൺകാലത്ത് മലയാളിയുടെ വൈദ്യുതി ഉപയോഗം സ്വാഭാവികമായും ഉയർന്നിട്ടുണ്ട്. കുടുംബാംഗങ്ങൾ എല്ലാം വീട്ടിൽ ഉണ്ടാകുന്നു. കൂടുതൽ സമയം ലൈറ്റും ഫാനും  ടിവിയും എസി ഉള്ളയിടത്ത്  അതും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഭൂരിപക്ഷം പേരും പുറത്തായിരുന്ന മുൻ മാസങ്ങളിലെ വൈദ്യുതിച്ചെലവിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഉപയോഗം വളരെ ഉയർന്നിട്ടുണ്ടാകും. ഈ കണക്ക് നാലുമാസത്തെ ഒന്നിച്ചാകുമ്പോൾ തുക ഉയരും. അതാണ് മിക്ക കേസിലും സംഭവിച്ചത്.

പരാതികളുടെ ആദ്യഘട്ടത്തിൽ വൈദ്യുതി ബോർഡ് വിശദീകരണം നൽകിയിരുന്നു. താരിഫ് ഘടനയിലോ വൈദ്യുതിനിരക്കുകളിലോ ഒരു വ്യത്യാസവും വരുത്തിയിട്ടില്ലെന്ന് ബോർഡ് ചെയർമാൻ ആവർത്തിച്ച്‌ വ്യക്തമാക്കി. വ്യക്തിഗത പരാതികൾക്കുപോലും ചാനലുകളിൽ വന്ന്‌ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം മറുപടി നൽകി. ഇതിൽ ചലച്ചിത്രതാരങ്ങളും പൊതുപ്രവർത്തകരും അടക്കമുള്ളവർ ഉന്നയിച്ച പരാതികൾ ഉണ്ടായിരുന്നു. അപൂർവം കേസുകൾ ഒഴിച്ചാൽ ബോർഡിന്റെ ഭാഗത്ത് പിശക് വന്നിട്ടില്ല എന്ന് ബോധ്യമാകുന്ന വിധത്തിലായിരുന്നു ഈ വിശദീകരണം. ബോർഡിന്റെ പിശക് കണ്ടെത്തിയ കേസുകളിൽ അത് തിരുത്താനും നടപടിയുണ്ടായി.


 

സോഷ്യൽ മീഡിയവഴിയും നേരിട്ടും മറ്റും ബോർഡിന് അപ്പോഴും പരാതികൾ ലഭിച്ചുകൊണ്ടിരുന്നു. ലക്ഷക്കണക്കിനായി പരാതികൾ. സ്വാഭാവികമായും പ്രതിഷേധം ഉയർന്നു. ഭരിച്ച കാലത്ത് വൈദ്യുതി ഉൽപ്പാദനം കൂട്ടുന്നതിലോ പ്രസരണ നഷ്ടം തടയുന്നതിലോ ഒരു സംഭാവനയും നൽകാതെ കേരളത്തെ ദിവസവും മണിക്കൂറുകൾ ഇരുട്ടിലാക്കിയിരുന്ന യുഡിഎഫും  സമരവുമായെത്തി. ആ ഇരുട്ടിന്റെ കാലം ഓർമിപ്പിക്കുംവിധം ലൈറ്റുകൾ അണച്ച് അവരുടെ നേതാക്കൾ  പ്രതിഷേധിച്ചു. നിരക്ക് കൂടുകയോ താരിഫ് മാറുകയോ ചെയ്തിട്ടില്ലാത്ത ഘട്ടത്തിൽ ബിൽ ഉയർന്നതിൽ അസ്വാഭാവികത ഇല്ല എന്ന ബോർഡിന്റെ വിശദീകരണം യുക്തിഭദ്രമായിരുന്നു എങ്കിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താനും വൈദ്യുതി ബോർഡിനോട് സർക്കാർ നിർദേശിച്ചു. ബോർഡ് ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഒന്നിച്ച് തുക അടയ്‌ക്കുന്നതിന് പ്രയാസമുള്ളവർക്ക് തവണ അനുവദിച്ചു. ബില്ലടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഇത്രയൊക്കെയേ ബോർഡിന് ചെയ്യാനാകൂ. അവർക്ക് വിറ്റ വൈദ്യുതിയുടെ വില ഈടാക്കാൻ അവകാശമുണ്ട്. പക്ഷേ, കണക്കുകൾ ശരിയായിരിക്കുമ്പോഴും ഒരു വസ്തുത കാണാതിരുന്നുകൂടാ. നാട് ഒരു പ്രതിസന്ധിയിലാണ്. മുമ്പ് കിട്ടിയിരുന്ന വരുമാനം ആർക്കും കിട്ടുന്നില്ല. ലോക്‌ഡൗണിൽ മരവിച്ച സാമ്പത്തികമേഖല ഉണർന്നു വരുന്നതേയുള്ളൂ. എങ്ങനെ ചെലവുകൾ നേരിടും എന്ന അങ്കലാപ്പിലാണ് ഭൂരിപക്ഷം പേരും. ആരുടെ കൈയിലും പണമില്ല. ഈ ഘട്ടത്തിൽ വരുന്ന ഏത് അധികച്ചെലവും അവരെ തളർത്തും. ഇത് തിരിച്ചറിഞ്ഞുള്ള നടപടികളാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ബോർഡിന് സർക്കാർ നിർദേശം നൽകുകയും ചെയ്തു.

എല്ലാ അധികഭാരവും എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അത് കൂടുതൽ ബാധിക്കും. അതുകൊണ്ട് അവർക്ക്‌ കൂടുതൽ സഹായം കിട്ടണം. സർക്കാർ അത്തരത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഏറ്റവും കുറഞ്ഞ ഉപഭോഗമുള്ള, 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്ന, 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. അവർ കൂടുതൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സൗജന്യം തുടരാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര  രൂപയാണ് നിരക്ക്. അവരും എത്ര ഉപയോഗിച്ചാലും കൂടുതൽ തുക ഈടാക്കില്ല. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക്  ഉണ്ടായ വർധനയുടെ പകുതി സബ്സിഡി നൽകാനും  നിർദേശിച്ചിട്ടുണ്ട്. അതിലും  ഉയർന്ന ഉപയോഗമുള്ളവർക്ക് അധിക ഉപയോഗംമൂലം ഉണ്ടായ ബിൽ തുകയിൽ 30 ശതമാനം മുതൽ 20 ശതമാനംവരെ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്‌ക്കാൻ നേരത്തെ അനുവദിച്ച മൂന്നു തവണ അഞ്ചു തവണയാക്കാനും തീരുമാനിച്ചു. എല്ലാ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജനങ്ങൾക്കൊപ്പം എന്ന സമീപനമാണ് സർക്കാർ ഇക്കാര്യത്തിലും കൈക്കൊണ്ടത്. കണക്കുകൾക്കും സാങ്കേതികത്വങ്ങൾക്കും അപ്പുറം ജനങ്ങളുടെ പ്രയാസം കുറയ്ക്കാൻ എന്ത്‌ ചെയ്യാനാകും എന്ന കരുതൽ ഈ തീരുമാനത്തിലും കാണാം. ഒരു ദുരിതകാലത്ത് ജനകീയ സർക്കാർ എങ്ങനെയാകണം എന്ന്  ഒരിക്കൽകൂടി തെളിയിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top