മഴക്കുറവും കേന്ദ്ര സർക്കാരിന്റെ നയങ്ങളും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ലോഡ് ഷെഡിങ്ങും പവർകട്ടും ഇല്ലാതെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ എൽഡിഎഫ് സർക്കാർ. വിവിധ ടെൻഡറുകളിലൂടെ കുറഞ്ഞ നിരക്കിലും പിന്നീട് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിലും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര പൂളിനു പുറമെ ഇത്തരത്തിൽ 1200 മെഗാവാട്ട് വൈദ്യുതികൂടി ലഭ്യമാക്കി മഴക്കുറവ് സൃഷ്ടിച്ച പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ മൂന്നാഴ്‌ചമാത്രം ശേഷിക്കെ സെപ്‌തംബർ ആറിന്റെ കണക്കുപ്രകാരം കെഎസ്‌ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനം വെള്ളമേയുള്ളൂ. ഇതുകൊണ്ട് 1543.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. 2016ൽ ആണ് ഇത്രയും മോശം അവസ്ഥയുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേദിവസം സംഭരണശേഷിയുടെ 83 ശതമാനമുണ്ടായിരുന്നു. അതായത് 3436.59 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനത്തിനുള്ള വെള്ളം. ജൂൺമുതൽ ഇതുവരെ 46 ശതമാനമാണ് മഴക്കുറവ്. പ്രധാന ജലവൈദ്യുത പദ്ധതികളുള്ള ഇടുക്കി ജില്ലയിൽ 60 ശതമാനത്തിന്റെ മഴക്കുറവുണ്ടായി. കനത്ത മഴ ലഭിക്കാറുള്ള ആഗസ്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി പീക് അവറിലെ വൈദ്യുതി ഉപയോഗവും കുത്തനെ ഉയർന്നു. പ്രതിദിന ഉപയോഗം ശരാശരി 8.5 കോടി യൂണിറ്റ് വരെയാണ്. ഇതിന്റെ മുക്കാൽ പങ്കും പുറത്തുനിന്നുള്ള വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് ചട്ടം ലംഘിച്ച് നടപ്പാക്കിയ നാല് ദീർഘകാല കരാറിന് വൈദ്യുതി റെഗുലേറ്ററി കമീഷൻ സ്ഥിരം അംഗീകാരം നൽകാത്തത് പ്രശ്‌നം സൃഷ്ടിച്ചു. സാങ്കേതികപ്രശ്നങ്ങൾ ഉയർത്തിയാണ് 450 മെഗാവാട്ടിന്റെ മൂന്ന് ദീർഘകാല കരാറിനെ റെഗുലേറ്ററി കമീഷൻ അംഗീകരിക്കാതിരുന്നത്. ഈ കരാറുകൾ താൽക്കാലികമായി ഡിസംബർവരെ തുടരാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയെങ്കിലും വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കൂടിയ വിലയ്‌ക്ക് വൈദ്യുതി വിൽക്കാനാണ് ഉൽപ്പാദന കമ്പനികൾ ശ്രമിക്കുന്നത്. മോദി സർക്കാരിന്റെ നയങ്ങളെത്തുടർന്ന് രാജ്യത്ത് വൈദ്യുതിവില വർധിച്ചുകൊണ്ടിരിക്കുകയാണ്. അധിക വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാൽ അധിക ബാധ്യത ഉപയോക്താക്കളിൽനിന്ന് അതത് മാസംതന്നെ ഈടാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. മാസാമാസം വൈദ്യുതി നിരക്ക് വർധനയ്‌ക്ക് വഴിയൊരുക്കുന്ന ഈ വ്യവസ്ഥ നടപ്പാക്കാൻ കെഎസ്‌ഇബിയും നിർബന്ധിതമാണ്. കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി നിരക്ക് വർധനയും സർചാർജും നിശ്‌ചയിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമീഷനാണ്. ഇതിനിടയിലും പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാതെയും ചാർജ് കുത്തനെ വർധിപ്പിക്കാതെയും ജനങ്ങളെ വിഷമിപ്പിക്കാതിരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണവും കോർപറേറ്റ്‌വൽക്കരണവും രാജ്യത്തെ കടുത്ത ഊർജപ്രതിസന്ധിയിലേക്ക് നയിക്കുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും അനുഭവപ്പെടുന്നത്. കൽക്കരിക്ഷാമത്തെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇത്തവണയും രൂപപ്പെടുന്നത്. വൈദ്യുതി ആവശ്യകതയും ഉൽപ്പാദനവും തമ്മിലുള്ള അന്തരം കൂടുന്നു. കഴിഞ്ഞ ആഗസ്‌തിനെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗത്തിൽ ഈവർഷം 21 ശതമാനം വർധനയുണ്ടായിട്ടും താപനിലയങ്ങളിൽ സ്ഥാപിതശേഷിക്കനുസരിച്ച് ഉൽപ്പാദനം നടക്കുന്നില്ല. കൽക്കരി ക്ഷാമമാണ് കാരണമായി പറയുന്നത്. പല സംസ്ഥാനങ്ങളിലും ലോഡ്‌ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തുകയാണ്. പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാനങ്ങൾ നിർബന്ധിതമാകുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ യൂണിറ്റിന് 50 രൂപവരെ വില ഈടാക്കാവുന്ന പുതിയ വിപണിയും സൃഷ്ടിച്ചിട്ടുണ്ട്. ഇറക്കുമതി കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും വിദേശത്ത് കൽക്കരി ഖനികളുള്ള അദാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകളെ സഹായിക്കാനുമാണിത്. കൂടുതൽ വില നൽകുന്നവർക്ക് വൈദ്യുതി ലഭിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ ആളുണ്ടെന്ന് വ്യക്തമാകുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് ദീർഘകാല കരാർ ഒപ്പുവയ്‌ക്കാൻ ഉൽപ്പാദകർ മടിക്കുന്നു. അതത് ദിവസത്തെ ആവശ്യത്തിനനുസരിച്ച് വില ഉയർത്തി വിൽക്കാനാണ് സ്വകാര്യവൈദ്യുതി ഉൽപ്പാദന കമ്പനികൾ ശ്രമിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ ഉൽപ്പാദന നിലയങ്ങളെ ആശ്രയിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..