19 April Friday

സിനിമയുടെ മഹാഗുരു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

ഇന്ത്യൻ സിനിമയുടെ ശീലങ്ങൾ തിരുത്തി മലയാളത്തിന്റെ ഖ്യാതിയുയർത്തിയ  സംവിധായകൻ കെ എസ് സേതുമാധവൻ ഇനി ഓർമകളിൽ. നമ്മുടെ  ചലച്ചിത്രരംഗത്തെ ദേശീയനിലവാരത്തിൽ തലയെടുപ്പുള്ള ആവിഷ്കാരമാക്കിയ  ആദ്യപഥികരിലൊരാൾ. സംവേദനക്ഷമതയിൽ വിട്ടുവീഴ്‌ച ചെയ്യാത്ത  പാരമ്പര്യത്തിന്റെ നേരവകാശി. സമൂഹത്തെയും സിനിമയെയും  സാഹിത്യത്തെയും  കോർത്തിണക്കിയ കാലത്തിന്‌ വഴികാട്ടി. ഒന്നിനൊന്ന്‌  മികച്ച ഒട്ടേറെ ചിത്രങ്ങൾ സംവിധാനംചെയ്‌ത്‌ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭ.  

മ-ല-യാ-ള- സി-നി-മ- വ്യത്യസ്‌ത ആ-ഖ്യാ-ന-രീതിയിലേക്കും - ഭാ-ഷ-യിലേക്കും - പിച്ചവച്ച- കാലത്താണ്‌ സേതുമാധവൻ സജീവമായത്-.-  മനുഷ്യനന്മയുടെ ഓർമപ്പെടുത്തലുകൾ നിറഞ്ഞ എത്രയോ രചനകൾ. പിന്നെ അത്‌ തുടർച്ചയായി.  അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിന്റെ കഥ, അടിമകൾ, അരനാഴികനേരം, കുറ്റവാളി, വാഴ്‌വേമായം, കടൽപ്പാലം, ചട്ടക്കാരി, പണിതീരാത്ത വീട്, അച്ഛനും ബാപ്പയും, ഓടയിൽനിന്ന്,  മറുപക്കം, കരകാണാക്കടൽ, ഓപ്പോൾ  തുടങ്ങിയവ. സാഹിത്യ കൃതികൾക്ക്‌ ചലച്ചിത്രഭാഷ്യം നൽകി ഫലിപ്പിക്കുക എളുപ്പമല്ല. അദ്ദേഹം അതിൽ വലിയനിലയിൽ വിജയിച്ചു. പി കേശവദേവിന്റെ  ഓടയിൽനിന്ന്, മുട്ടത്തു വർക്കിയുടെ കരകാണാക്കടൽ, പാറപ്പുറത്തിന്റെ  അരനാഴികനേരം, തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ, എം ടി വാസുദേവൻ നായരുടെ ഓപ്പോൾ തുടങ്ങിവ ഉദാഹരണങ്ങൾ. ഭാഷയിലെ ക്ലാസിക്‌  നോവലുകൾ ശക്തിസൗന്ദര്യങ്ങൾ  തേഞ്ഞുപോകാതെയാണ്‌ അനുപമമായ ദൃശ്യാനുഭവമാക്കിയത്‌.  കാലം ഹൃദയത്തിൽ സൂക്ഷിക്കുന്ന പാട്ടുകൾ സിനിമകളുടെ മാറ്റുകൂട്ടി. അവ  നിത്യവസന്തമായി പൂത്തുനിൽക്കുന്നു. 

‘അച്ഛനും ബാപ്പയും’ ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' യേശുദാസിന് ഗായകനുള്ള ആദ്യ ദേശീയ അംഗീകാരം നേടിക്കൊടുത്തു. അനാർഭാടമായും പാട്ടുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച സേതുമാധവന്‌ സംഗീതത്തിൽ അഗാധജ്ഞാനം അവകാശപ്പെടാനില്ലെങ്കിലും  പാട്ടിനോടുള്ള  പ്രേക്ഷക പ്രതികരണം മനസ്സിലാക്കാനായി.  മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള(ആദ്യ സംരംഭമായ വീരവിജയം)  എന്നിങ്ങനെ ആറു ഭാഷയിൽ ഗംഭീര സിനിമകൾ സംവിധാനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ മറ്റൊരു പ്രത്യേകത. അച്ഛനും ബാപ്പയും  ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരവും   തമിഴിലെ സംഭാവനയായ ‘മറുപക്കം’ ദേശീയ അവാർഡും നേടി.  ഇന്ദിര പാർഥസാരഥിയുടെ ഉച്ചിവെയിൽ നോവലാണ്‌  മറുപക്കം സിനിമയായത്‌.  ലക്ഷ്മി തിളങ്ങിയ ചട്ടക്കാരി, ജൂലി എന്ന പേരിൽ ഹിന്ദിയിലും സൂപ്പർ ഹിറ്റായി. സത്യനും  നസീറും ഷീലയും മറ്റും  മത്സരിച്ചഭിനയിച്ച്‌  അനശ്വരമാക്കിയ  "അനുഭവങ്ങൾ പാളിച്ചകൾ’ മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ സിനിമകളിൽ ഒന്നാണ്‌.  

മനുഷ്യബന്ധങ്ങളുടെ  മികച്ച അവതരണങ്ങളായിരുന്നു സേതുമാധവന്റെ സിനിമകൾ. വൈവിധ്യമാർന്ന ജീവിതാവിഷ്കാരങ്ങളുടെ അപാരസൗന്ദര്യം എല്ലാവിഭാഗം പ്രേക്ഷകർക്കും പ്രിയങ്കരനാക്കി. മാനവികതയുടെ ആ ചലച്ചിത്രകാരൻ മലയാളസിനിമയ്ക്ക് അതുവരെ അപരിചിതമായ പുതിയ മുഖം നൽകി. നാടകത്തിന്‌ സമാനമായി സെറ്റുകൾക്കകത്ത് നിർമിച്ച സിനിമയെ യാഥാർഥ്യത്തോട്‌ വളരെ അടുത്തുനിർത്തി.  സത്യൻ, നസീർ, കമൽഹാസൻ, മമ്മൂട്ടി തുടങ്ങിയവരെ വെള്ളിത്തിരയിൽ എത്തിച്ചത് സേതുമാധവനാണ്. കമലിനെ ബാലനടനായും നായകനായും കണ്ടെടുത്തവയാണ്‌  "കണ്ണും കരളും’, "കന്യാകുമാരി’യും.

വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ തുടങ്ങിയവയിലൂടെ സത്യന്റെ അഭിനയശേഷി രാകിമിനുക്കി. സത്യന്റെയും നസീറിന്റെയും മികച്ച സിനിമകൾ അദ്ദേഹത്തിന്റേതാണ്‌. കരുത്തിൽ കുരുത്ത സ്‌ത്രീകഥാപാത്രങ്ങൾക്ക്‌ ഷീലയുടെ ചില വേഷങ്ങൾ അടിവരയിട്ടു. വാണിജ്യ ഫോർ-മു-ല-യുടെ ചിട്ടകൾ -പിന്തുടർന്നപ്പോഴും -വ്യ-ത്യ-സ്--ത- ധാ-ര-യി-ലു-ള്ള- രചനകൾ സംഭാവനചെയ്‌തു.- ശാസ്‌ത്രചിന്തയെയും യുക്തിബോധത്തെയും അന്ധവിശ്വാസങ്ങളുമായി മുഖാമുഖം നിർത്തിയ പരിശ്രമങ്ങളും മറക്കാനാകില്ല.  നിലവാരമില്ലാത്ത സിനിമകളും ഉണ്ടായെങ്കിലും മികച്ച  ഒട്ടേറെ ജനപ്രിയ ശീർഷകങ്ങളുടെ പേരിലാകും അദ്ദേഹം  സ്‌മരിക്കപ്പെടുക. വർണപ്പകിട്ടുകളിൽനിന്നും ശബ്ദഘോഷങ്ങളിൽനിന്നും മാറിനിന്ന സേതുമാധവന്‌  സാർവദേശീയ രാഷ്ട്രീയചലനങ്ങളിൽ വലിയ  താൽപ്പര്യമായിരുന്നു. തലമുറകളെ പ്രചോദിപ്പിച്ച സിനിമയുടെ ആ മഹാഗുരുവിന്‌ പ്രണാമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top