26 April Friday

കെ റെയിൽ : സംവാദത്തെ ഭയക്കുന്നതെന്തിന് ?

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022


സിൽവർ ലൈൻ പദ്ധതി ഒരു വൻകിട പദ്ധതിയെന്ന നിലയിൽ ഏറെ ചർച്ചയ്‌ക്ക് ഇടവരുത്തുന്നത് സ്വാഭാവികമാണ്. പദ്ധതിയുടെ വിശദാംശം അറിയാനുള്ള ആകാംക്ഷയും പദ്ധതി തങ്ങളെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ജനങ്ങളിലുണ്ട്. അതിനെല്ലാം പരിഹാരം തേടേണ്ടതുണ്ട്. മുഖ്യമന്ത്രിമുതൽ കെ റെയിൽ എംഡിവരെയുള്ളവർ ജനങ്ങളുമായി നിരന്തരം സംവദിച്ച് അവ്യക്തതകൾ നീക്കുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങൾക്കും പദ്ധതിയുടെ ആവശ്യകത ബോധ്യമായിട്ടുമുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം കിട്ടുമെന്നും ഉറപ്പ് വന്നിട്ടുണ്ട്.

എന്നാൽ, യുഡിഎഫ്–-- ബിജെപി സംയുക്ത പ്രതിപക്ഷം അക്രമസമര പരമ്പര സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ജനങ്ങൾ അവർക്കെതിരെ പലയിടത്തും തിരിയുന്നുണ്ട്, എങ്കിലും മാധ്യമങ്ങളുടെ പിന്തുണയോടെ അവർ നിഴൽയുദ്ധം തുടരുന്നു.
മുഖ്യമന്ത്രിയും കെ–- റെയിൽ അധികൃതരും പദ്ധതിയെപ്പറ്റിയുള്ള ഏത് ചോദ്യത്തിനും ഉത്തരം പറയാം എന്ന നിലപാടെടുത്തപ്പോൾ ‘അതുപോരാ പദ്ധതിയെ എതിർക്കുന്ന ‘വിദഗ്ധരെ' കേൾക്കണം' എന്നായി വാദം. സർക്കാർ അതിനും തയ്യാറായി. പദ്ധതിയെപ്പറ്റി കടുത്ത വിമർശം പൊതുവേദികളിൽ ഉന്നയിക്കുന്നവരെത്തന്നെ ഉൾപ്പെടുത്തി ചർച്ച നിശ്ചയിച്ചു. വ്യാഴാഴ്ച ഇങ്ങനെയൊരു ചർച്ചയ്ക്ക് വേദിയും സമയവും നിശ്ചയിച്ചു. പദ്ധതിയുടെ കൊടും വിമർശകരായ ഡോ. ആർ വി ജി മേനോൻ, അലോക് കുമാർ വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവരെ അവരുടെ അനുമതി തേടി പാനലിൽ ഉൾപ്പെടുത്തി.

രാഷ്ട്രീയ എതിർപ്പുയർത്തുന്നവർ ഒഴികെ എല്ലാവർക്കും ഈ തീരുമാനം സ്വാഗതാർഹമായി. എന്നാൽ, കെട്ടിപ്പൊക്കുന്ന അസംബന്ധ വാദഗതികൾ നിലംപൊത്താൻ, എതിരഭിപ്രായങ്ങൾക്ക് ചെവികൊടുക്കാനുള്ള ജനാധിപത്യപരമായ ഈ നീക്കം ഇടയാക്കിയേക്കും എന്ന ആശങ്ക ചിലർക്കുണ്ടായി. മാധ്യമങ്ങളെ ഉപയോഗിച്ച് അവർ വിവാദം ഉയർത്തി. വാർത്താചാനലുകൾ സിപിഐ എം വിരുദ്ധ വിദഗ്ധൻ എന്ന നിലയിൽ ഏറെ നാളായി അന്തിച്ചർച്ചകളിൽ ഹാജരാക്കുന്ന ഒരു വ്യക്തിയെ ക്ഷണിച്ചില്ല എന്നായിരുന്നു ആദ്യ വിവാദം. അത് കാറ്റുപിടിക്കുന്നില്ലെന്ന് വന്നപ്പോൾ ക്ഷണപത്രികയിൽ സർക്കാർ അല്ല കെ–- റെയിലാണ് ഒപ്പുവച്ചിരിക്കുന്നത് എന്നായി. ഈ ബാലിശമായ കാരണങ്ങളെപ്പറ്റി ചർച്ചയ്ക്ക് രണ്ടുനാൾ മാധ്യമങ്ങളിൽ നിരന്നശേഷം ക്ഷണിക്കപ്പെട്ട രണ്ടു പേർ ഇപ്പോൾ സംവാദത്തിനില്ലെന്നു പറയുന്നു.

യുഡിഎഫ്–-- ബിജെപി സഖ്യത്തിനുമാത്രമല്ല ചില ‘വിദഗ്‌ധർ'ക്കും പദ്ധതിയോടുള്ള എതിർപ്പ് രാഷ്ട്രീയമാണ് എന്നതാണ് വ്യക്തമാകുന്നത്. ജനങ്ങളുടെ ന്യായമായ ആശങ്കകളോ അത് ദൂരീകരിക്കലോ അല്ല അവരുടെ ആവശ്യം. ഇത്തരത്തിൽ സംസ്ഥാനത്തിന് ഗുണകരമായ ഒരു പദ്ധതി കേരളത്തിൽ വന്നുകൂടാ എന്ന നിർബന്ധമാണ് അവർക്ക്. അത് സാധിക്കാൻ അവർ ഏത് ആഴംവരെയും താഴും. അവർക്ക് പറയാനുള്ളതും  ഒപ്പം അതിനുള്ള മറുപടിയും ജനങ്ങളെ കേൾപ്പിക്കാം എന്ന ഏറ്റവും ജനാധിപത്യപരമായ നിലപാടിനോട് അവർ സ്വീകരിച്ച നിഷേധാത്മക സമീപനം  മറ്റെന്താണ് വെളിവാക്കുന്നത്? സംവാദമല്ല വിവാദംമാത്രമാണ് അജൻഡ എന്നല്ലേ തെളിയുന്നത്?

സർക്കാർ ഇതുവരെ മുൻവിധികളില്ലാത്ത നിലപാടാണ് സ്വീകരിച്ചുവന്നത്. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ ആകെ പൊതു മണ്ഡലത്തിൽ ലഭ്യമാക്കി. ഇനിയും പഠനങ്ങൾ ബാക്കിയുണ്ട്. അനുമതികൾ കിട്ടേണ്ടതുണ്ട്. അവയെല്ലാം സമയബന്ധിതമായി ലഭ്യമാക്കി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ ഉയരുന്ന എല്ലാ എതിർപ്പുകളെയും സർക്കാർ മുഖവിലയ്ക്കെടുക്കുന്നു. എന്നാൽ, എതിർപ്പുകാർ കല്ല്‌ പിഴുതെറിയലും പൊലീസിനെ പ്രകോപിപ്പിക്കലും ദിനചര്യയാക്കുന്നു. മാധ്യമങ്ങളാകട്ടെ പദ്ധതിയുടെ വിവാദമൂല്യം വിറ്റ്‌ റേറ്റിങ്‌ ഉയർത്താൻ നോക്കുന്നു. ഈ കൂട്ടരോട് ചേർന്നുനിൽക്കുക മാത്രമാണ് സംവാദ ബഹിഷ്‌കരണത്തിലൂടെ ഇപ്പോൾ ഈ ‘വിദഗ്‌ധരും' ചെയ്യുന്നത്. ഇത് വികസനവും പുരോഗതിയും ആഗ്രഹിക്കുന്ന സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് ചേർന്നതല്ല എന്നുമാത്രം പറയട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top