31 March Friday

വ്യവസായരംഗത്തെ നിശ്ശബ്ദ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022


കേരളം തലച്ചോറുള്ള തലമുറയുടെ നാടാണെന്ന് ലോകം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് മലയാളികൾ എവിടെയും മനുഷ്യവികാസത്തിന്റെ സംരംഭങ്ങൾക്ക് മുതൽക്കൂട്ടാകുന്നത്. കേരളം വിട്ട് തൊഴിൽ തേടിപ്പോകുന്നവർ അവിടങ്ങളിൽ തനതു മുദ്ര പതിപ്പിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ട്. അതിൽ ലോകോത്തര വ്യക്തിത്വങ്ങൾ ധാരാളം. മറ്റു ധാരാളം പേർ പുറംനാട്ടിൽ അധ്വാനിച്ച്  സ്വകുടുംബത്തെ സംരക്ഷിക്കാൻ പാടുപെടുന്നവർ.

പിറന്ന നാടെന്നത് ഏതൊരാൾക്കും ഗൃഹാതുരത്വമാണ്. കേരളത്തിൽ വന്ന് ഇനിയുള്ള ജീവിതം സമ്പന്നമാക്കണം എന്നാഗ്രഹിക്കുന്നവർ വളരെപ്പേർ. ഇതിൽ വൻ വ്യവസായികൾമുതൽ അവിദഗ്ധ തൊഴിലാളികൾവരെയുണ്ട്. ഇവരെ അന്യതാ ബോധത്തിൽനിന്ന്‌ കരകയറ്റി തിരികെ വിളിക്കുകയെന്നത് കേരള സമൂഹത്തിന്റെ ചുമതലയാണ്; അതോടൊപ്പം, ചോരത്തുടിപ്പുള്ള യുവതയെ ലോകത്തിന്റെ വളർച്ചയ്‌ക്കായി സംഭാവന ചെയ്യുകയെന്നതും. ഇതിനായി  ഇവിടെ ഒരു നിശ്ശബ്ദ മുന്നേറ്റം നടക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ വ്യവസായ മേഖലയിലുൾപ്പെടെ നടത്തുന്ന ഓരോ നീക്കവും സശ്രദ്ധം ലോകം ശ്രദ്ധിക്കുന്നുണ്ട്.

എല്ലാവർക്കും ഭക്ഷണം, തൊഴിൽ, പാർപ്പിടം എന്ന ആധുനികതയുടെ വിട്ടുപോയ കണ്ണികൾ ഇവിടെ കൂട്ടിച്ചേർക്കുകയാണ്. ഇതിന്റെ ആണിക്കല്ലുകളിൽ ഒന്നാണ് വ്യവസായ വികസനം. തിങ്ങിനിറഞ്ഞ നാട്ടിൽ സ്ഥലപരിമിതിക്കുള്ളിൽ ഇതെങ്ങനെ സാധ്യമാക്കുമെന്ന് അനുദിനം കാണിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. വ്യവസായ വികസനത്തിന്റെ നാഡീഞരമ്പാണ് പശ്ചാത്തല സൗകര്യ വികസനം. വാസ്തവമായ ആശങ്കകൾ പരിഹരിച്ചും കുത്സിത ശ്രമങ്ങളെ തോൽപ്പിച്ചും വരുംതലമുറയ്‌ക്കുവേണ്ടി അത് യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുന്നു.

വ്യവസായവളർച്ചയ്‌ക്ക് കേരളം കൊണ്ടുവരുന്ന പദ്ധതികളെ എതിർക്കുന്നവരും മടിച്ചാണെങ്കിലും, അംഗീകരിച്ച് തുടങ്ങുന്നു എന്നത് ശുഭോദർക്കമാണ്. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ ലിമിറ്റഡിനെ കേന്ദ്രത്തിന്റെ ടെൻഡറിൽ പങ്കെടുത്ത് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തതിനെ മനോരമ പത്രവും മുഖപ്രസംഗത്തിലൂടെ അഭിനന്ദിച്ചത് ഉദാഹരണം. ഗെയ്ൽ പൈപ്പ് പദ്ധതിക്കെതിരെ നടത്തിയ കുത്തിത്തിരിപ്പ് ഫലിക്കാതെ പോയതിന്റെ മോഹഭംഗത്തിൽ, ഇപ്പോൾ കെ–-റെയിലിനെതിരെ രംഗത്തിറങ്ങുന്ന സഹജീവികളുമുണ്ട്. ജനങ്ങളുടെ ആശങ്കയെ ഊതിവീർപ്പിച്ച് കലാപത്തിനിറക്കുന്നവരെ കേരള സമൂഹം തിരിച്ചറിയുന്നുണ്ട്.

പുക തുപ്പി ഓടുന്ന തീവണ്ടിയെ ചെകുത്താൻ കൂടെന്നുകരുതിയ പഴമക്കാരുണ്ടായിരുന്നത്രേ. എന്നാൽ, കൽക്കരി വണ്ടിയിൽനിന്ന് ഡീസൽ വണ്ടിയിലേക്കും ഇലക്ട്രിക് വണ്ടിയിലേക്കും വളർന്നു. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ സമയം പാഴാക്കാതെ പ്രയോഗിച്ചില്ലെങ്കിൽ മുരടിപ്പായിരിക്കും ഫലം.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ 2030 വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിപുലീകരണ - വൈവിധ്യവൽക്കരണ പദ്ധതികളാണ്. കേന്ദ്രം പൊതുമേഖലയെ വിറ്റുതുലയ്‌ക്കുമ്പോൾ രത്നസമാനമായ അവയെ നാളേക്കായി വളർത്തുകയാണിവിടെ.

സ്വകാര്യ മേഖലയിലാകട്ടെ ഇന്ത്യക്കകത്തും പുറത്തുമുള്ള വമ്പൻ കോർപറേറ്റ് കമ്പനികൾ വളരെ മികച്ച രീതിയിൽ, ലാഭകരമായി വ്യവസായം നടത്തുകയാണ്‌ കേരളത്തിൽ. ഉയർന്ന കൂലി, സംഘടിത തൊഴിലാളികൾ തുടങ്ങിയ കേരളീയ സവിശേഷതകൾ അവരെ പിന്നോട്ടടിപ്പിക്കുന്നില്ല. വികസിത രാജ്യങ്ങളിൽ തൊഴിൽ കാര്യക്ഷമതയുടെ ഗ്യാരന്റിയായാണ് ഇവ വിവക്ഷിക്കപ്പെടുന്നത്. വ്യവസായ വകുപ്പിന്റെ "ഉത്തരവാദിത്വ നിക്ഷേപ പദ്ധതി' ആഗോളനിലവാരത്തിനായുള്ളതാണ്. ഇതോടൊപ്പമാണ് ഖാദിഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കുന്ന "ഒരു വില്ലേജിൽ ഒരു വ്യവസായം' പദ്ധതി തുടങ്ങിയവ.

‘ഇവിടെ വാസം സാധ്യമോ' എന്ന ആശങ്ക അസ്ഥാനത്താണ്. പരിസ്ഥിതി വ്യതിയാനം ആഗോള പ്രതിഭാസമാണ്. അതിനു കാരണമായ ആഗോളതാപനത്തിന്‌ കേരളം കാരണക്കാരല്ല. മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭൂമിയുടെ 30 ശതമാനത്തോളം കാടുണ്ട്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ആധുനിക മൂലധന ഒഴുക്കിനെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ തുടർഭരണം കൃഷിക്കും വ്യവസായത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും വലിയ ഉറപ്പുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top