23 April Tuesday

അരങ്ങൊഴിയാത്ത അഭിനയവിസ്‌മയം

വെബ് ഡെസ്‌ക്‌Updated: Thursday Feb 24, 2022


തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്‌ ദേശത്തെ ‘ഓർമ’ എന്ന വീട്‌ മലയാള സിനിമയുടെ സമൃദ്ധ സ്‌മരണകളുടെ ഭൂമികയാവുകയാണ്‌. ഭരതന്റെ പ്രൗഢസ്‌മൃതിയിൽ നിറഞ്ഞുനിന്ന ഇതേ പരിസരത്തുതന്നെ കെപിഎസി ലളിതയും മറഞ്ഞു. ജൈവികാഭിനയത്തിന്റെ അപൂർവപ്രതിഭയാണ്‌ മറഞ്ഞുപോയത്‌. ജീവിതംപോലെതന്നെ അകൃത്രിമമായ പകർന്നാട്ടമായിരുന്നു ഈ അഭിനേത്രിയുടെ മുഖമുദ്ര. കേരളീയ സമൂഹത്തിന്റെ പെൺജീവിതങ്ങളിൽ ലളിത അഭിനയിച്ച്‌ ഫലിപ്പിക്കാത്ത ഒരു ഭാവവുമില്ല. അരനൂറ്റാണ്ടുകാലംകൊണ്ട്‌ മലയാളത്തിലും ഇതരഭാഷയിലുമായി അഞ്ഞൂറ്റമ്പതോളം വേഷങ്ങൾക്കെല്ലാം ലളിതസ്‌പർശം സമ്മാനിച്ചതാണ്‌ അവരുടെ അഭിനയത്തെളിമ.

1969ൽ കൂട്ടുകുടുംബത്തിലൂടെയാണ്‌ സിനിമയിൽ ലളിത കാലെടുത്തുവയ്‌ക്കുന്നത്‌. അക്കാലത്തും സമീപകാലംവരെയും മലയാള സിനിമാഭിനയം, വിശേഷിച്ച്‌ സംഭാഷണാവതരണങ്ങൾ അതിവൈകാരികതയിൽ പുതഞ്ഞുകിടക്കുമ്പോഴാണ്‌ ലളിത സ്വതസിദ്ധതകൊണ്ട്‌ ശ്രദ്ധേയയായത്‌. അത്‌ ശരീരചലനത്തിലെ ഭാവസൃഷ്‌ടികൊണ്ട്‌ മാത്രമായിരുന്നില്ല. ശബ്ദത്തിലെ മൂർച്ഛയും ചില ഇടർച്ചകളും വർത്തമാനത്തിന്റെ തെക്കൻ ഗ്രാമീണതാളവുംകൊണ്ടുകൂടിയായിരുന്നു.

നടിയെന്ന നിലയിൽ അവർ സ്വാംശീകരിച്ച ശേഷിക്കെല്ലാം ബാല്യംമുതലേ കടന്നുവന്ന ദുരിതജീവിതത്തിന്റെ രുചിയുണ്ടായിരുന്നു. ജീവിതാനുഭവത്തിന്റെ അടുപ്പിൽ വേവിച്ചെടുത്തതുതന്നെയായിരുന്നു ലളിതയുടെ പകർന്നാ ട്ടങ്ങൾ, വിശേഷിച്ച്‌ ദുഃഖകഥാപാത്രങ്ങൾ. ദേശീയ അവാർഡ്‌ നേടിക്കൊടുത്ത അമരത്തിലെയും ശാന്തത്തിലെയും വേഷങ്ങൾ ലളിതയുടെ അഭിനയത്തിൽ വേറൊരുതലം പ്രേക്ഷകന്‌ നൽകുന്നതായിരുന്നു. ‘മതിലുകൾ’ ലളിതയുടെ ശബ്ദാഭിനയത്തിന്റെ അസാമാന്യപ്രഭാവം വെളിവാക്കിയ ചിത്രമായിരുന്നു.  ശരീരാഭിനയത്തിലൂടെ പ്രകടമാകേണ്ട വൈകാരികതയെ ശബ്ദാഭിനയത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്ന സമ്പൂർണ അഭിനേതാവിനെയാണ്‌  മതിലുകളിലെ നാരായണിയിലൂടെ  കെപിഎസി ലളിത കാഴ്‌ചവച്ചത്‌. അഭിനേത്രി ആർജിച്ച സമഗ്രാഭിനയശേഷിയുടെ തെളിവായിരുന്നു ‘നാരായണി’.

സംഗീതവും നൃത്തവും ജന്മനാ സിരകളിലുറഞ്ഞ പെൺകുട്ടിയുടെ സ്വാഭാവികവളർച്ചയുടെ കുതിപ്പായിരുന്നു കെപിഎസി ലളിത. ജീവിതത്തിന്റെ മഹാസന്ധികളിൽ ആടിയുലഞ്ഞ ബാല്യകൗമാര യൗവനങ്ങളിൽ തീർച്ചയായും ഉള്ളിലെ കലയുടെ മിന്നലാട്ടങ്ങൾ താങ്ങായി. എവിടെനിന്നാണ്‌ ആരംഭിക്കേണ്ടതെന്ന്‌ ‘കഥ തുടങ്ങുന്നു’ എന്ന ആത്മകഥയിൽ സന്ദേഹിക്കുന്ന ലളിതയുണ്ട്‌. അത്രമേൽ സംഘർഷഭരിതമായിരുന്നു ജീവിതം. എന്നാൽ, അന്നമില്ലായ്‌മയും അലച്ചിലുമുൾപ്പെടെയുള്ള ഈ സംഘർഷങ്ങളെയൊക്കെയും ആട്ടവും പാട്ടുംകൊണ്ട്‌ മറക്കുകയോ മറയ്‌ക്കുകയോ ചെയ്യുന്ന കലാകാരിയെ അവരുടെ ആത്മകഥയിലുടനീളം കാണാനാകുന്നു. 1947 മാർച്ച്‌ 10ന്‌ കായംകുളം രാമപുരത്ത്‌ കടയ്‌ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവിയമ്മയുടെയും മകളായി ജനിച്ച മഹേശ്വരിയമ്മയെന്ന  കെപിഎസി ലളിതയുടെ ഊർജം എന്നും അച്ഛനായിരുന്നു. ഒരുവേള കുടുംബത്തോട്‌ വ്യവസ്ഥാപിത അർഥത്തിൽ നീതി പുലർത്താനാകാതെ പോയ അച്ഛന്റെ മകളായതിന്റെ ദുരിതങ്ങളാണ്‌ ലളിതയുടെ ജീവിതവഴി തിരിച്ചുവിടുന്നത്‌.

കമ്യൂണിസ്റ്റ്‌ പാർടിപ്രവർത്തകനും കലാസ്‌നേഹിയുമായ അച്ഛൻ നന്നേ ചെറുപ്പത്തിൽത്തന്നെ ഉള്ളിൽ കൊളുത്തിക്കൊടുത്ത തീനാളം ലളിത ജീവിതാവസാനംവരെയും കാത്തുവച്ചു. തന്റെ രാഷ്‌ട്രീയ നിലപാട്‌ തുറന്നുപ്രഖ്യാപിക്കുമ്പോഴും തെരഞ്ഞെടുപ്പുവേദികളിൽ പ്രചാരണത്തിനായി എത്തുമ്പോഴും വാണിജ്യ സിനിമാലോകത്ത്‌ അതുണ്ടാക്കിയേക്കാവുന്ന നഷ്‌ടങ്ങളെക്കുറിച്ച്‌ അവർ വേവലാതിപ്പെട്ടില്ല. അത്രമേൽ പാർടിയോടുള്ള സ്‌നേഹവും കൂറും അവരുടെ ഉള്ളിൽ അടിയുറച്ചിരുന്നു. ഒരുവേള ഈ പാർടി നിലപാടുതന്നെയാകാം സംഗീതനാടക അക്കാദമി ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയപ്പോഴും പിന്നീട്‌  ചികിത്സാസഹായ സംബന്ധിയായും ചില കേന്ദ്രങ്ങൾ ഉയർത്തിയ അതിരുവിട്ട വിമർശങ്ങളുടെ കാരണം.

കടപ്പാക്കട ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ നാടകത്തിലൂടെയാണ്‌ ലളിത നാടകവേദിയിലെത്തുന്നത്‌. തുടർന്ന്‌ ചങ്ങനാശേരി ഗീഥയുടെ ടാഗോറിന്റെ ‘ബലി’ നാടകം. നടി എന്ന നിലയിൽ പ്രൊഫഷണൽ സംഘത്തിലെത്തുന്നത്‌ ഈ നാടകത്തിലൂടെയാണ്‌.  പുറകെ ചങ്ങനാശേരി പ്രതിഭ. അതിനുശേഷമാണ്‌ ഏറെക്കാലമായി സ്വപ്‌നംകണ്ട കെപിഎസിയിലെത്തുന്നത്‌. ഈ നാടകലോകമാണ്‌ ലളിതയുടെ രാഷ്‌ട്രീയ, കലാ കാഴ്‌ചപ്പാടുകളെ വാർത്തെടുത്തത്‌. ഇവിടെത്തന്നെയാണ്‌ അഭിനയത്തിന്റെ രസതന്ത്രം അവർ  ആവാഹിക്കുന്നതും. അരനൂറ്റാണ്ടുകാലം മലയാളത്തിന്‌ അനുഭൂതി പകർന്ന അഭിനയചാരുതയ്‌ക്കാണ്‌ തിരശ്ശീല വീണത്‌. ആ അഭിനയപ്രതിഭയ്‌ക്ക്‌ പ്രണാമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top