29 November Wednesday

കൂത്തുപറമ്പ്‌ : ജാലിയൻവാലാബാഗ്‌ ഓർമിപ്പിച്ച നരവേട്ട

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019

കൂത്തുപറമ്പ്‌ കൂട്ടക്കൊലയ്‌ക്ക്‌ സമാനമായ ഭരണകൂട ഭീകരത കേരള ചരിത്രത്തിൽ വേറെയില്ല. 1994 നവംബർ 25 വെള്ളിയാഴ്‌ച, കറുത്ത തുണിക്കഷ്‌ണങ്ങളുമായി മന്ത്രിയെ പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയവരിൽ അഞ്ചുപേരെയാണ്‌ പൊലീസ്‌ വെടിവച്ചുകൊന്നത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ കെ കെ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവരാണ്‌ നാടിനുവേണ്ടി സ്വജീവൻ വെടിഞ്ഞ്‌ അനശ്വരരായത്‌. നട്ടെല്ലിന്‌ വെടിയേറ്റ്‌ ജീവിതം നഷ്ടമായ പുഷ്‌പൻ സഹനത്തിന്റെ തീജ്വാലയായി, അണയാത്ത ആവേശമായി നമുക്കൊപ്പമുണ്ട്‌. കിരാതമായ വേട്ടയാടലിന്റെ മുറിപ്പാടുകളുമായി ഇന്നും പോരാട്ടം തുടരുന്ന അനേകം പ്രവർത്തകരുണ്ട്‌. കാൽനൂറ്റാണ്ടിനിപ്പുറവും മലയാളിയുടെ മനസ്സിൽ പ്രതിരോധത്തിന്റെ തീക്കനൽ നിറയ്‌ക്കുകയാണ്‌ കൂത്തുപറമ്പ്‌.

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവും പരിയാരം മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്‌ കോഴനിയമനവും യഥേഷ്ടം നടക്കുന്നതിനിടയിലാണ്‌ അഴിമതിവാഴ്‌ചയുടെ സൂത്രധാരന്മാരിലൊരാളായ മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്‌. മന്ത്രിമാരുടെ മുന്നിൽ പ്രതിഷേധമുയർത്തി കേരളമെമ്പാടും നടന്ന സമരമുഖങ്ങളിലൊന്നു മാത്രമായിരുന്നു കൂത്തുപറമ്പ്‌. എന്നാൽ, സമരത്തെ ചോരയിൽമുക്കാൻ  നേരത്തെതന്നെ തീരുമാനിച്ചായിരുന്നു കൂത്തുപറമ്പിലെ പടയൊരുക്കം. പ്രതിഷേധം കണക്കിലെടുത്ത്‌ മന്ത്രിമാർ സഹകരണ ബാങ്ക്‌ ശാഖ ഉദ്‌ഘാടനത്തിൽനിന്ന്‌ വിട്ടുനിൽക്കണമെന്നായിരുന്നു പൊലീസിന്റെ നിർദേശം. മന്ത്രി എൻ രാമകൃഷ്‌ണൻ ഈ നിർദേശം സ്വീകരിച്ചു പിന്മാറി. എന്നാൽ, മന്ത്രി എം വി രാഘവൻ കുപ്രസിദ്ധരായ ചില പൊലീസ്‌ ഉദ്യോഗസ്ഥരെയും കൂട്ടി കൂത്തുപറമ്പിലേക്ക്‌ തിരിക്കുകയായിരുന്നു. കൂത്തുപറമ്പിന്റെ ചുമതല ഉണ്ടായിരുന്ന തലശ്ശേരി സബ്‌ കലക്ടറെ അറിയിക്കാതെ കണ്ണൂരിൽനിന്ന്‌ ഒരു എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടിനെയും നിയോഗിച്ചു.

വെടിവയ്‌പിന്‌ കാരണമാകാവുന്ന ഒരു സാഹചര്യവും കൂത്തുപറമ്പിലുണ്ടായിരുന്നില്ല. മുന്നറിയിപ്പുകൾ നൽകുകയോ മറ്റു നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ്‌ കരിങ്കൊടി മാത്രം കൈയിലുണ്ടായിരുന്ന യുവാക്കൾക്കുനേരെ വെടിവച്ചത്‌. സംഭവ ദിവസവും തുടർന്നും മുഖ്യമന്ത്രി കെ കരുണാകരൻ നടത്തിയ പ്രതികരണങ്ങളും സ്വീകരിച്ച നടപടികളും  വെടിവയ്‌പ്‌ ആസൂത്രിതമായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു. മന്ത്രിയെ ആക്രമിച്ചുവെന്ന കള്ളക്കേസ്‌ എടുക്കാനും കൂട്ടക്കൊലയ്‌ക്കെതിരെ കേസ്‌ എടുക്കാതിരിക്കാനുമാണ്‌ അന്നത്തെ കോൺഗ്രസ്‌ മുന്നണിഭരണം തയ്യാറായത്‌. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും നടപടികൾ നീട്ടിക്കൊണ്ടുപോയി. പിന്നീട്‌ നടന്ന  അന്വേഷണത്തിൽ, മന്ത്രി രാഘവന്റെയും ഏതാനും ഉദ്യോഗസ്ഥരുടെയും ദുർവാശിയും പ്രതികാരബുദ്ധിയുമാണ്‌ കൂട്ടക്കൊലയ്‌ക്ക്‌ വഴിവച്ചതെന്ന്‌ സെഷൻസ്‌ ജഡ്‌ജി കെ പത്മനാഭൻനായർ കമീഷൻ കണ്ടെത്തി. മുംബൈ ഹൈക്കോടതി  റിട്ട. ജഡ്‌ജി ജസ്‌റ്റിസ്‌ എച്ച്‌ സുരേഷ്‌, അലഹബാദ്‌ ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്‌റ്റിസ്‌ ഹരിസ്വരൂപ്‌ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ മനുഷ്യവകാശ കമീഷൻ തെളിവെടുപ്പ്‌ നീതന്യായ ചരിത്രത്തിലെ അപൂർവ അധ്യായമായിരുന്നു. കൂത്തുപറമ്പിൽ നടന്നത്‌ ജാലിയൻവാലാബാഗിനു തുല്യമായ മനുഷ്യവേട്ടയായിരുന്നുവെന്നതാണ്‌ കമീഷന്റെ കണ്ടെത്തൽ. സിറ്റിങ് സെഷൻസ്‌ ജഡ്‌ജിയുടെ അന്വേഷണവും ഇതു ശരിവച്ചു.

മന്ത്രിയും എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടും ഐപിഎസ്‌ ഉദ്യോഗസ്ഥരുമടക്കം 18 പേർക്കെതിരെ പ്രോസിക്യൂഷന്‌ ജുഡീഷ്യൽ കമീഷൻ ശുപാർശ ചെയ്‌തു. തുടർന്ന്‌ രാഘവനടക്കമുള്ളവരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണർ ജസ്‌റ്റിസ്‌ എസ്‌ എസ്‌ കാങ്‌ അനുമതി നൽകി. ഒരു സംഭവത്തിൽ ഒന്നിലേറെ എഫ്‌ഐആറുകൾ നിലനിൽക്കില്ലെന്ന സാങ്കേതികത്വത്തിന്റെ പേരിൽ സുപ്രീംകോടതി പ്രോസിക്യൂഷൻ റദ്ദാക്കിയത്‌ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമായി. രക്തസാക്ഷികളുടെ ബന്ധുക്കൾ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന്‌ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കുമെതിരെ നിയമനടപടി തുടർന്നെങ്കിലും ഈ കേസിലും നിയമത്തിന്റെ പഴുതുകൾ കുറ്റവാളികൾക്ക്‌ തുണയായി. കൂത്തുപറമ്പിലേക്ക്‌ യുദ്ധസന്നാഹവുമായി മന്ത്രി രാഘവനെ അയച്ചതിനു പിന്നിൽ കെ സുധാകരന്റെ കൈയുണ്ടെന്ന കോൺഗ്രസ്‌ നേതാവ്‌ പി രാമകൃഷ്‌ണന്റെ വെളിപ്പെടുത്തൽ  ക്രിമിനൽ കൂട്ടുകെട്ടിലേക്കുകൂടി വെളിച്ചം വീശുന്നതായിരുന്നു.

അന്യായങ്ങൾക്കെതിരായ പോരാട്ടത്തിൽ നിരവധിപേർക്ക്‌ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന മണ്ണാണ്‌ കേരളം. പുന്നപ്ര–-വയലാറിൽ നിറതോക്കിനുനേരെ പോരാടിയവരുടെ കൈയിലെ വാരിക്കുന്തങ്ങൾക്ക്‌ നേരിന്റെ മൂർച്ചയുണ്ടായിരുന്നു. പൂഴ്‌ത്തിവച്ച നെല്ല് പിടിച്ചെടുക്കാൻ പോയവരെയും ന്യായമായ കൂലി ചോദിച്ചവരെയും ഉത്തര മലബാറിലെ എണ്ണമറ്റ പോർനിലങ്ങളിൽ ജന്മിഗുണ്ടകളും പൊലീസും വെറുതെവിട്ടില്ല. ചെറുത്തുനിൽക്കുമ്പോൾ മരിച്ചുവീഴുക മാത്രമായിരുന്നില്ല; ചിലയിടങ്ങളിൽ  മർദകരോട്‌ കണക്കുതീർക്കുകയും ചെയ്‌തിട്ടുണ്ട്‌ പാവങ്ങൾ. തെറ്റുകളെ നെഞ്ചൂക്കോടെ നേരിട്ടാണ്‌ ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തിയത്‌. ജനങ്ങളെ അണിനിരത്തി മർദകരെയും ചൂഷകരെയും തിരുത്തിച്ചതാണ്‌ ഈ നാടിന്റെ പാരമ്പര്യം. ഈ ധർമയുദ്ധങ്ങളിൽ വീണുപോയവർ രക്തനക്ഷത്രങ്ങളായി എന്നും ജ്വലിച്ചുനിൽക്കുന്നുണ്ട്‌.

ജനാധിപത്യ ഭരണത്തിൽ അധികാര ദുർവിനിയോഗത്തിനെതിരെ ശക്തമായ പട നയിച്ചത്‌ യുവജന പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലില്ലായ്‌മയ്‌ക്കും അഴിമതിക്കുമെതിരെയായിരുന്നു അവരുടെ പോരാട്ടത്തിന്റെ കുന്തമുന. കൂത്തുപറമ്പിലും ഡിവൈഎഫ്‌ഐ ഉയർത്തിയത്‌ ഇതേ മുദ്രാവാക്യമായിരുന്നു. എന്നാൽ, മുമ്പൊരിക്കലും ഇല്ലാത്തവിധമാണ്‌ അവിടെ യുവത കടന്നാക്രമിക്കപ്പെട്ടത്‌. ഒരു പരിഷ്‌കൃത സമൂഹത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്തവിധമാണ്‌ സായുധസേന നിരായുധരായ യുവാക്കളെ കൊന്നുതള്ളിയത്‌. മാപ്പർഹിക്കാത്ത ആ ക്രൂരതയുടെ വക്താക്കൾ വർത്തമാന കേരളത്തിൽ അപ്രസക്തരായി തീർന്നിരിക്കുന്നു. മറുവശത്ത്‌ കാൽനൂറ്റാണ്ടുമുമ്പ്‌ ഡിവൈഎഫ്‌ഐ ഉയർത്തിയ മുദ്രാവാക്യത്തിനു പിന്നിൽ ഇന്ന്‌ നാടാകെ അണിനിരക്കുന്നു. ദീർഘനാളത്തെ പോരാട്ടത്തിന്റെ ഫലമായി സ്വാശ്രയക്കച്ചവട ലോബിയെ മൂക്കുകയറിട്ടു. നിയമപോരാട്ടങ്ങളിലൂടെയും ഭരണനടപടികളിലൂടെയും വിദ്യാഭ്യാസക്കച്ചവടത്തിന്‌ തടയിടാൻ കേരളത്തിനു കഴിഞ്ഞു. പരിയാരം മെഡിക്കൽ കോളേജ്‌ സർക്കാർ സ്ഥാപനമാക്കിയ നടപടി  കൂത്തുപറമ്പ്‌ രക്തസാക്ഷികൾക്കുള്ള സ്‌മരണാഞ്ജലി കൂടിയാണ്‌. ഐഎഎസ്‌ ഉന്നതരടക്കമുള്ള അഴിമതിക്കാർ അഴിയെണ്ണുന്ന കാലം വന്നിരിക്കുന്നു. ഖജനാവ്‌ കൊള്ളയ്‌ക്ക്‌ കൂട്ടുനിൽക്കുന്ന മന്ത്രിമാർ കൽത്തുറുങ്കിലേക്ക്‌ കാലുനീട്ടിനിൽക്കുന്നതാണ്‌ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. ഈ സമൂല മാറ്റങ്ങളിലേക്ക്‌ കേരളത്തെ നയിച്ചവരിൽ കൂത്തുപറമ്പ്‌ രക്തസാക്ഷികളുടെ സ്ഥാനം അദ്വിതീയം. അവരുടെ ജീവിതവും പോരാട്ടവും മരണവും വിലമതിക്കാനാകാത്തതാണ്‌. അവർ കൊളുത്തിയ പന്തങ്ങൾ പേറുന്ന പുതുതലമുറയിലാണ്‌  ഈ നാടിന്റെ പ്രതീക്ഷ. തീക്ഷ്‌ണ യൗവനത്തിൽ ചുടുരക്തമൂറ്റി കടന്നുപോയവരെങ്കിലും കാലത്തെ അതിജീവിച്ച കൂത്തുപറമ്പിന്റെ പൊന്നോമനകൾക്ക്‌ റെഡ്‌ സല്യൂട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top