16 August Tuesday

അന്വേഷണമികവിന് ബിഗ് സല്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019


കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. ഒരു അപസർപ്പക കഥയെ ഓർമിപ്പിക്കുന്ന ഈ കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോൾ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വർഷത്തിനിടയിൽ അടുത്ത ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തുക. പിഞ്ചുകുട്ടിയെപോലും വെറുതെവിടാൻ തോന്നാത്ത ക്രൂരത. ഭർത്താവ്, ഭർത്താവിന്റെ അമ്മ, അച്ഛൻ, ഭർത്തൃമാതാവിന്റെ സഹോദരൻ, ഭർത്തൃപിതാവിന്റെ സഹോദരന്റെ മകന്റെ ഭാര്യ, അവരുടെ മകൾ എന്നിവരെയാണ് ആട്ടിൻ സൂപ്പിലും കടലക്കറിയിലും കുടിവെള്ളത്തിൽപോലും സയനൈഡ് എന്ന മാരകവിഷം കലർത്തി കൊലപ്പെടുത്തിയത്. സ്വന്തം മക്കളെ പോലും കൊല്ലാൻ പദ്ധതിയിട്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. മികച്ച ആസൂത്രണത്തോടെയും കൃത്യതയോടെയുമാണ് ഓരോ കൊലപാതകവും നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സാക്ഷരതയിൽ മാത്രമല്ല, സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്താണ് ഈ അരുംകൊലകൾ നടന്നത് എന്നത് കേരളീയ സമൂഹം ഉറക്കെ ചിന്തിക്കേണ്ട വിഷയംതന്നെയാണ്.

കൊലപാതകത്തിൽ മാത്രമല്ല, ജീവിതത്തിലും കള്ളനാടകമാടുന്നതിൽ പ്രതി വിജയിച്ചിരിക്കുന്നുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും ശക്തമായ ഈ കാലത്തും ചുറ്റുമുള്ളവരെ സമർഥമായി പറ്റിക്കാൻ  ജോളിക്ക് കഴിഞ്ഞുവെന്നത് ഒരു മുന്നറിയിപ്പാണ്. എൻഐടിയിൽ ജോലിക്കാരിയാണെന്ന് നാട്ടുകാരെ മാത്രമല്ല, വീട്ടുകാരെയും ബോധ്യപ്പെടുത്താൻ അവർക്ക്‌ കഴിഞ്ഞുവെന്നത് അത്ഭുതമുളവാക്കുന്നു.

ജോളിയുടെ ആദ്യഭർത്താവ് റോയ് കൊല്ലപ്പെട്ടപ്പോൾ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതാണ് കേസിന് പ്രധാന വഴിത്തിരിവായത്.  2011 സെപ്തംബറിലാണ് റോയ് മരിച്ചത്. അന്ന് റോയിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരും റോയിയുടെ മാതാവിന്റെ  സഹോദരൻ മാത്യുവും നിർബന്ധിച്ചതിനെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്.   പൊലീസ് കേസ് എടുത്തെങ്കിലും സയനൈഡ്‌ ശരീരത്തിൽ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ താൽപ്പര്യം കാട്ടിയില്ല. മാത്രമല്ല, വിഷം അകത്തുചെന്നുള്ള മരണങ്ങളിൽ ഛർദി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ഇതൊന്നും കണക്കിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ അന്ന് തയ്യാറായില്ല.  മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിച്ചില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ റോയിക്കുശേഷം കൊല്ലപ്പെട്ട മൂന്നുപേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

ആദ്യഭർത്താവ് റോയിയുടെ സഹോദരൻ റോജോ തോമസ് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ദുരൂഹമായിരുന്ന കേസിന്റെ ചുരുളഴിയുന്നത്.  ഭർത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് വ്യാജ ഒസ്യത്ത് ഉണ്ടാക്കി തട്ടിയെടുക്കാൻ ജോളി ശ്രമിച്ചതാണ് അന്വേഷണം അവരിലേക്ക് നയിക്കാൻ സഹായിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അനേഷിച്ച കേസാണ് ഇപ്പോൾ തെളിയുന്നത്. രണ്ട് മാസം അതീവരഹസ്യമായി നടന്ന അന്വേഷണസമയത്ത് ഇരുനൂറോളം പേരുടെ മൊഴിയെടുത്തു. അത് സൂക്ഷ്‌മ വിശകലനത്തിന് വിധേയമാക്കി. ഈയവസരത്തിലാണ് ജോളിയുടെ മൊഴിയിൽ മാത്രം അമ്പതോളം വൈരുധ്യങ്ങൾ കണ്ടെത്താനായതും ജോളി ഉൾപ്പെടെ മൂന്നുപേരുടെ അറസ്റ്റിലേക്ക് വഴിതെളിഞ്ഞതും. 

കുറ്റാന്വേഷണചരിത്രത്തിൽത്തന്നെ ഏറ്റവും പ്രധാന കേസുകളിലൊന്നായി ഇത് വിലയിരുത്തപ്പെടുമെന്ന കാര്യത്തിൽ സംശയവുമില്ല. നിരവധി കേസുകൾ അന്വേഷിച്ച് തെളിയിച്ച കേരള പൊലീസിന് ഇത് അഭിമാനത്തിന്റെ നിമിഷം തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ കേസന്വേഷണത്തിന്റെ കാര്യത്തിൽ മുമ്പന്തിയിലാണ് കേരള പൊലീസ് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.  14 വർഷത്തിനുള്ളിൽ ആറുപേരെ കൊലപ്പെടുത്തിയത് സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിൻബലത്തിൽ തെളിയിക്കാനാകുക എന്നത് കുറ്റാന്വേഷണചരിത്രത്തിൽത്തന്നെ അസാധാരണ സംഭവമാണ്. നിർഭയമായി, രാഷ്ട്രീയ ഇടപെടലില്ലാതെ അന്വേഷണം നടത്തുന്നതിന് പിണറായി സർക്കാർ നൽകുന്ന സ്വാതന്ത്ര്യവും കുറ്റവാളികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചിട്ടുണ്ട്. മൂന്നുവർഷം മുമ്പ് അധികാരത്തിലേറിയ പിണറായി മന്ത്രിസഭയുടെ  ആദ്യയോഗംതന്നെ ജിഷ കേസിൽ പ്രത്യേക അന്വേഷക സംഘത്തെ ചുമതലപ്പെടുത്തിയ കാര്യം മറക്കാറായിട്ടില്ല. പ്രതിയെ കണ്ടെത്താനും വധശിക്ഷ നൽകാനും കഴിഞ്ഞു. കെവിൻ കേസിലും പ്രതികളെ കണ്ടെത്തി ശിക്ഷിച്ചു.  ഇപ്പോളിതാ വർഷങ്ങൾ പഴക്കമുള്ള മറ്റൊരു കേസുകൂടി തെളിയിച്ചിരിക്കുന്നു. ഈ അന്വേഷണമികവിന് ബിഗ് സല്യൂട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top