29 September Friday

മാധ്യമരംഗത്തെ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


സിപിഐ എമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരളത്തിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമല്ല, അവരോടൊപ്പം ചേർന്നുനിൽക്കുന്ന ദേശാഭിമാനിക്കും നികത്താനാകാത്ത നഷ്ടമാണ്. ചീഫ് എഡിറ്റർ എന്നനിലയിൽ ഒരു വർഷത്തോളംമാത്രമാണ് പ്രവർത്തിച്ചതെങ്കിലും എന്നും ദേശാഭിമാനി ഹൃദയത്തോട് ചേർത്തുവച്ച നേതാവായിരുന്നു കോടിയേരി. പല വേദിയിലും മറയില്ലാതെ ദേശാഭിമാനിയോടുള്ള കൂറ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

കോർപറേറ്റ് താൽപ്പര്യങ്ങൾക്കെതിരെ, ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുന്ന ദേശാഭിമാനിക്ക്  ഏതു പ്രതിബന്ധത്തെയും മറികടക്കാനുള്ള കരുത്തുണ്ടെന്ന് ഓർമിപ്പിക്കാനും കോടിയേരി മറന്നില്ല. എൽഡിഎഫ് സർക്കാരിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുമെതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ പ്രതിരോധിക്കാനും തുറന്നുകാട്ടാനും കഴിയുക പ്രധാനമാണെന്ന് അദ്ദേഹം ദേശാഭിമാനി പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. പിണറായി സർക്കാരിന് രണ്ടാമൂഴം നിഷേധിക്കാൻ നുണകളുടെ പെരുമഴ തീർത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒരുമിച്ചു നീങ്ങിയപ്പോൾ യഥാർഥ വസ്തുതകളും സർക്കാരിന്റെ നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ ദേശാഭിമാനി നടത്തിയ ഇടപെടലിനു പിന്നിൽ കോടിയേരിയുടെ നിർദേശങ്ങൾ കരുത്തായി മാറിയിട്ടുണ്ട്. 

ദേശാഭിമാനിയിൽ ചീഫ് എഡിറ്ററായി ചുമതലയേറ്റ് ജീവനക്കാരുമായി നടത്തിയ ആദ്യ ഓൺലൈൻ യോഗത്തിൽത്തന്നെ കോടിയേരി അടിവരയിട്ടത് ദേശാഭിമാനി ഇനിയും എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനെക്കുറിച്ചാണ്. പത്രം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എഴുതിനൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതനുസരിച്ച്  ചില നടപടികൾ കൈക്കൊള്ളുകയും ചെയ്തു. അന്ന് കോടിയേരി തുടങ്ങിവച്ച പ്രക്രിയ ഇപ്പോഴും തുടരുകയാണ്. കോവിഡിന്റെ ഘട്ടത്തിൽ ഏറെ പ്രതിസന്ധിയിലായ ദേശാഭിമാനിയെ ചേർത്തുപിടിക്കാനും ജീവനക്കാരെ സംരക്ഷിക്കാനും കോടിയേരി മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നുവെന്ന കാര്യവും ഞങ്ങൾ സ്മരിക്കുന്നു. ഒരു ദിവസംപോലും ജീവനക്കാരുടെ വേതനം മുടങ്ങരുതെന്ന ശുഷ്കാന്തി അദ്ദേഹം പ്രകടിപ്പിച്ചു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ജീവനക്കാരെ പിരിച്ചുവിട്ടും വേതനം വെട്ടിക്കുറച്ചും മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ആ രംഗത്തെ ഒരു ബദലായിത്തന്നെ ദേശാഭിമാനിയെ രൂപപ്പെടുത്തിയത്.

മാറുന്ന കാലത്തിന് അനുസരിച്ച് ദേശാഭിമാനിയും മാറണമെന്ന അഭിപ്രായക്കാരനായിരുന്നു കോടിയേരി. ലോകത്തെമ്പാടും അച്ചടി മാധ്യമങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന ഇക്കാലത്ത് ആ വഴിക്കുള്ള ചിന്തയിലേക്ക് ദേശാഭിമാനിയും മാറണമെന്ന് കോടിയേരി എപ്പോഴും ഓർമിപ്പിച്ചിരുന്നു. അദ്ദേഹം ചീഫ് എഡിറ്ററായ കാലത്താണ് ദേശാഭിമാനി വെബ് എഡിഷൻ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലേക്ക് കടക്കുന്നത്. തിരുവനന്തപുരത്ത് വെബ്സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഇക്കാലത്തായിരുന്നു.

വിവരവിനിമയ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ സാധാരണ ജനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയെന്ന ദൗത്യം ദേശാഭിമാനി ഏറ്റെടുക്കണമെന്ന പക്ഷക്കാരനായിരുന്നു കോടിയേരി. അച്ചടി മാധ്യമങ്ങൾക്ക് മാത്രമായി ഇന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യാനാകില്ലെന്നും ദൃശ്യ–ശ്രവ്യ–സമൂഹമാധ്യമങ്ങളും ആശയവിനിമയത്തിൽ പ്രധാന പങ്കുവഹിക്കുകയാണെന്ന് ഓർമപ്പെടുത്തിയ കോടിയേരി ഭാവിയിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ സംവിധാനങ്ങൾ ദേശാഭിമാനി ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു.  പുതിയ സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്താൻ കോർപറേറ്റുകൾ ശ്രമിക്കുമ്പോൾ ഈ രംഗത്ത് തൊഴിലാളിവർഗം ഇടപെടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. സാങ്കേതികവിദ്യയോട് പുറംതിരിഞ്ഞു നിൽക്കുകയല്ല അവയെ ഉപയോഗപ്പെടുത്തി പ്രതിരോധം എങ്ങനെ തീർക്കണമെന്ന് ചിന്തിച്ച് ഇടപെടുകയാണ് വേണ്ടതെന്ന കൃത്യമായ നിലപാടായിരുന്നു അദ്ദേഹത്തിന്‌ ഉണ്ടായത്. അതിന്റെ ഫലമായിക്കൂടിയാണ് കോടിയേരി ചീഫ് എഡിറ്ററായിരിക്കെ തിരുവനന്തപുരത്തും തൃശൂരിലും ആധുനിക സൗകര്യങ്ങളോടെ പ്രസ് സ്ഥാപിക്കപ്പെട്ടത്.

ഉള്ളടക്കത്തിലും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ പ്രാധാന്യവും എപ്പോഴും ഓർമിപ്പിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ വിവിധങ്ങളായ താൽപ്പര്യങ്ങളിൽ ഇടപെട്ടുകൊണ്ടു മാത്രമേ പത്രത്തിന് മുന്നോട്ടുപോകാനാകൂവെന്ന സമീപനമായിരുന്നു കോടിയേരിയുടേത്. അതിനായി ആധുനിക കാലത്തിന് യോജിച്ച തരത്തിൽ പത്രത്തെ മാറ്റിയെടുക്കുകയെന്ന ഇടപെടലാണ് നടത്തിയത്.

മുതലാളിത്തം പ്രചാരണങ്ങളിലൂടെ ജനമനസ്സുകളിൽ സമ്മതം സൃഷ്ടിച്ച് നിലകൊള്ളുകണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടുള്ള സമീപനംകൂടിയായിരുന്നു അത്.  മാധ്യമരംഗത്തെ ഇടപെടൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് സഖാവ് തിരിച്ചറിഞ്ഞിരുന്നു. ഇത്തരം തിരിച്ചറിവ് കൂടിയാണ് മാധ്യമരംഗത്ത് പ്രത്യേകം പ്രത്യേകം ചുമതലക്കാരെ നിശ്ചയിച്ചുകൊണ്ടുള്ള ശക്തമായ ഇടപെടലിന് നേതൃത്വം നൽകിയത്.

പ്രചാരത്തിൽ കേരളത്തിലെ മൂന്നാമത്തെ പത്രമായ ദേശാഭിമാനിയെ ഒന്നാമത്തെ പത്രമാക്കി മാറ്റുന്നതിനുള്ള ഇടപെടലിനു പിന്നിൽ ഈ കാഴ്ചപ്പാടായിരുന്നു പ്രവർത്തിച്ചത്. തൃശൂരിൽ പുതിയ പ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ തൊഴിലാളിവർഗത്തിന്റെ ജിഹ്വയായ ദേശാഭിമാനിയെ  ഒന്നാമത്തെ പത്രമാക്കി മാറ്റണമെന്ന് കോടിയേരി ജനങ്ങളോട് നിർദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഈ ലക്ഷ്യം പടിപടിയായി നിർവഹിക്കേണ്ട ഒന്നാണെന്ന യാഥാർഥ്യബോധവും അതേസമയം ഉൾക്കൊണ്ടിരുന്നു. നേരത്തെ എറണാകുളത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽത്തന്നെ ദേശാഭിമാനിയുടെ പ്രചാരം പത്തു ലക്ഷമാക്കി ഉയർത്തണമെന്ന് തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്.  ഈ ലക്ഷ്യത്തോടെയുള്ള പത്രപ്രചാരണവും ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷങ്ങളും സംസ്ഥാനത്തെങ്ങും നടക്കവെയാണ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്. ഇത് നികത്താനാകാത്ത നഷ്ടമാണ്. സഖാവ് കോടിയേരിയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും സാധാരണക്കാരുടെയും ദുഃഖത്തിൽ ദേശാഭിമാനിയും പങ്കുചേരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top