25 April Thursday

കുഴൽപ്പണം: കേന്ദ്രം 
കണ്ണടയ്‌ക്കുന്നതെന്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021


കേരളത്തിൽ ബിജെപി 35 സീറ്റ്‌ പിടിക്കുമെന്നും തുടർന്ന്‌ ഭരണത്തിലേറുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞപ്പോൾ, രാഷ്‌ട്രീയ ഗിമ്മിക്കായി തള്ളിയവരെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ്‌ കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പുറത്തുവരുന്നത്‌. ബിജെപി ഉന്നതരിലേക്ക്‌ അന്വേഷണം എത്തിനിൽക്കുമ്പോൾ, കേന്ദ്ര ഭരണകക്ഷി ആസൂത്രണംചെയ്‌ത ജനാധിപത്യക്കുരുതിയുടെ വികൃതമുഖമാണ്‌ തെളിയുന്നത്‌. തെരഞ്ഞെടുപ്പുകാലത്ത്‌ ബിജെപിക്കുവേണ്ടി കൊണ്ടുവന്ന കോടിക്കണക്കിന്‌ കള്ളപ്പണത്തിന്റെ ചെറിയൊരു അംശം മാത്രമാണ്‌ കവർച്ച ചെയ്യപ്പെട്ടത്. തൃശൂരിലെ കൊടകരയിൽവച്ച്‌ പണം കൊണ്ടുപോകുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചശേഷമുണ്ടായ ബഹളത്തിനിടെ കാറും പണവും തട്ടിയെടുക്കുകയായിരുന്നു. ഈ നാടകത്തിൽ അരങ്ങിലെത്തിയവരെല്ലാം സംഘപരിവാറിന്റെ ഉറ്റ ബന്ധുക്കളാണ്‌. അണിയറയിലാകട്ടെ കേരളത്തിലെയും കർണാടകത്തിലെയും ഉന്നത ബിജെപി നേതാക്കളും.

കോടികളെറിഞ്ഞ്‌ ജനവിധി അട്ടിമറിക്കലും അധികാരം പിടിക്കലും ബിജെപിക്ക്‌ പുത്തരിയല്ല. തെരഞ്ഞെടുപ്പിന്‌ മുമ്പും പിമ്പും പണാധിപത്യത്തിന്റെ മറയില്ലാത്ത കളികൾ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവുള്ളതാണ്‌. തെരഞ്ഞെടുപ്പിന്‌ സംസ്ഥാനങ്ങളിലേക്ക്‌ പണമെത്തിക്കുന്ന രീതി തുടങ്ങിയത്‌ കോൺഗ്രസാണ്‌. വ്യവസായ കുത്തകകളും കള്ളപ്പണക്കാരുമൊക്കെയായിരുന്നു ഇതിന്റെ സ്രോതസ്സ്‌. ബിജെപി ഭരണത്തിൽ കോർപറേറ്റ്‌ വിഹിതത്തിന്‌ പുറമെ തെരഞ്ഞെടുപ്പ്‌ ബോണ്ടുകൾ വഴിയും ബഹുകോടികൾ സമാഹരിക്കുന്നു. ഇതിനെല്ലാം പുറമെയാണ്‌ സ്‌പിരിറ്റ്‌ –-മദ്യ ലോബികളുടെ കൈയയച്ച സഹായം.

രണ്ട്‌ ലക്ഷം രൂപയിൽ കൂടുതൽ കൈവശം വയ്‌ക്കുകയോ പണമിടപാട്‌ നടത്തുകയോ ചെയ്യാൻ നിയമം അനുവദിക്കാത്ത രാജ്യത്താണ്‌ ഇത്തരത്തിൽ കോടികൾ കൊണ്ടുനടന്ന്‌ ജനാധിപത്യത്തെ വിലയ്‌ക്കെടുക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ ചെലവിലേക്കാണ്‌ ഈ പണം എത്തിയതെന്ന്‌ പറയുന്നുണ്ട്‌. വാദത്തിന്‌ സമ്മതിച്ചാൽത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഒരു സ്ഥാനാർഥിക്ക്‌ ചെലവാക്കാവുന്ന പരമാവധി തുക 30 ലക്ഷമാണ്‌. അത്‌ എങ്ങനെ സമാഹരിക്കാമെന്നതിനും തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ട്‌. ഇതൊന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക്‌ ബാധകമല്ലെന്നാണോ? കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മത്സരിച്ച എല്ലാ മണ്ഡലത്തിലും അതിധാരാളിത്തം കാണാനുണ്ടായിരുന്നു. പ്രചാരണത്തിലെ ഈ പുറംമോടി മാറ്റിനിർത്തിയാൽ യുഡിഎഫുമായി വ്യക്തമായ ധാരണയോടെയാണ്‌ ബിജെപി നീങ്ങിയത്‌.

എൽഡിഎഫിന്‌ നഷ്ടപ്പെട്ട പത്തോളം മണ്ഡലത്തിലെ കണക്കിൽ യുഡിഎഫ്‌ –-ബിജെപി വോട്ടുകച്ചവടത്തിന്റെ വ്യക്തമായ ചിത്രം കാണാനാകും. ബിജെപി ജയം ലക്ഷ്യമിട്ട മണ്ഡലങ്ങളിലും യുഡിഎഫ്‌ വോട്ടുമറിഞ്ഞത്‌ സാമ്പത്തിക ഇടപാടിലൂടെയാണ്‌. ഈ കുതന്ത്രങ്ങളെയെല്ലാം മറികടന്ന്‌ എൽഡിഎഫ്‌ നേടിയ വിജയത്തിനു പിന്നിൽ അചഞ്ചലമായ ജനപിന്തുണ ഒന്നുമാത്രമാണ്‌. മൂന്ന്‌ മേഖലയാക്കി തിരിച്ചാണ്‌ കേരളത്തിലേക്ക്‌ ബിജെപി പണമൊഴുക്കിയത്‌. ഇതിൽ മധ്യമേഖലയിലേക്കുള്ള പണമാണ്‌ ബിജെപി ഭരിക്കുന്ന കർണാടകത്തിൽനിന്ന്‌ എത്തിയത്‌. അത്‌ അവിടെച്ചെന്ന്‌ കൈപ്പറ്റിയതും ഇടനിലക്കാരായതും ആർഎസ്‌എസുകാരാണ്‌. ഗ്രൂപ്പുപോരിന്റെ മൂർധന്യത്തിലാണെങ്കിലും പണമിടപാടുകളുടെ കാര്യത്തിൽ മുരളീധരൻ –- കൃഷ്‌ണദാസ്‌ പക്ഷങ്ങൾക്ക്‌ അഭിപ്രായവ്യത്യാസം ഇല്ല. എങ്കിലും കൂടുതൽ വിശ്വാസ്യതയ്‌ക്കുവേണ്ടിയാണ്‌ കോടികളുടെ ഇടപാട്‌ ആർഎസ്‌എസിനെ ഏൽപ്പിച്ചത്‌. എന്നാൽ, ചക്കരക്കുടത്തിൽ കൈയിടാനും നക്കാനും ആർഎസ്‌എസും മോശമായില്ല.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും സംസ്ഥാനത്തെ ഉന്നത നേതാക്കളാണ്‌ പണം കടത്തലിന്‌ കരുക്കൾ നീക്കിയത്‌. അവരുടെ അടുത്ത ആളുകളെയാണ്‌ കാരിയർമാരായി നിശ്‌ചയിച്ചത്‌. വിവരം ചോർത്തിക്കൊടുത്തതും കവർച്ചാസംഘത്തെ നിയോഗിച്ചതും ബിജെപിക്കാർതന്നെ. 25 ലക്ഷത്തിന്റെ കവർച്ചയാണ്‌ പൊലീസിൽ പരാതിയായി എത്തിയതെങ്കിലും ഒരുകോടിയിലധികം രൂപ പ്രതികളുടെ സങ്കേതങ്ങളിൽനിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. മൂന്നരക്കോടി കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതായാണ്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്‌. എന്നാൽ, ഇതുപോലെ നിരവധി ട്രിപ്പുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും പോയതായി വിവരമുണ്ട്‌. കോഴിക്കോട്ടെയും തൃശൂരിലെയും പ്രധാന നേതാക്കളിൽനിന്ന്‌ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്‌ ആലപ്പുഴയിൽ ഏൽപ്പിക്കാനുള്ള പണമാണ്‌. ഇതിനുള്ള നിർദേശങ്ങൾ നൽകിയത്‌ സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഓഫീസ്‌ സെക്രട്ടറിയുമാണ്‌. ഇവരെ പൊലീസ്‌ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായില്ല. ഇരുവരും പൊലീസിന്‌ മുന്നിലെത്തുന്നതോടെ സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയടക്കമുള്ള മറ്റ്‌ ഉന്നതർക്കും പണം കടത്തലിലുള്ള പങ്ക്‌ പുറത്തുവരും.

രണ്ട്‌ മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്‌റ്ററിൽ കറങ്ങിനടക്കുകയും ചെയ്‌ത കെ സുരേന്ദ്രനുനേരെമാത്രം പണംകടത്ത്‌ സംഭവം തിരിച്ചുവിടാൻ മറുപക്ഷം ശ്രമിക്കുന്നുണ്ട്‌. എന്നാൽ, ഇക്കാര്യത്തിൽ തന്നെ ബലിയാടാക്കി ആരും കൈകഴുകാൻ നോക്കേണ്ടെന്ന്‌ സുരേന്ദ്രൻ തിരിച്ചടിക്കുന്നു. കേന്ദ്ര ഭരണകക്ഷിയുടെ കാർമികത്വത്തിൽ ഇത്രയും വിലയ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ട്‌ രണ്ട്‌ മാസത്തോളമായെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല. എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റിനും റവന്യൂ ഇന്റലിജൻസിനും പരാതി ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിന്‌ തയ്യാറായിട്ടില്ല. സംസ്ഥാനാന്തര ബന്ധമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ കുറ്റകൃത്യമായതിനാൽ ദേശീയ അന്വേഷണ ഏജൻസിക്ക്‌ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന പൊലീസിന്റെ അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം കേന്ദ്ര ഏജൻസികൾകൂടി ഫലപ്രദമായി ഈ വിഷയത്തിൽ ഇടപെടണം. ജനാധിപത്യ മൂല്യങ്ങളെയും നിയമ വാഴ്‌ചയെയും തെല്ലും വിലമതിക്കാത്ത ബിജെപി ഭരണത്തിലിരിക്കുമ്പോൾ ഈ കേസിൽ നീതിപൂർവമായ കേന്ദ്ര അന്വേഷണത്തിന്‌ കടുത്ത സമ്മർദംതന്നെ വേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top