24 April Wednesday

കേരളം മുന്നോട്ടുതന്നെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2017


ദേശദ്രോഹത്തിന്റെയും 'ചുവപ്പ്-ജിഹാദി ഭീകരത'യുടെയും കരിമ്പടവുമായി കേരളത്തെ വരിഞ്ഞുകെട്ടാന്‍ പടപ്പുറപ്പാട് നടത്തുന്നവര്‍ക്കുള്ള മറുപടികൂടിയാണ് കൊച്ചിയില്‍ നടന്ന മെട്രോ രണ്ടാംഘട്ട ഉദ്ഘാടനം. നിങ്ങള്‍ കേരളത്തിനെതിരെയും ഇവിടത്തെ സര്‍ക്കാരിനെതിരെയും അപവാദപ്രചാരണം തുടര്‍ന്നുകൊള്ളൂ, ഞങ്ങള്‍ അത് ഗൌനിക്കാതെ ഇച്ഛാശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയാണ് എന്നതാണാ മറുപടി. വര്‍ഗീയതകൊണ്ടും ആഗോളവല്‍ക്കരണംകൊണ്ടും മലീമസമായ ദേശീയാന്തരീക്ഷത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പുരോഗതിയുടെയും വികസനത്തിന്റെയും പച്ചത്തുരുത്താണ്, ബദല്‍നയങ്ങളിലൂടെയും ബദല്‍നിലപാടുകളിലൂടെയും കേരളം സൃഷ്ടിക്കുന്നത്. കേരളം മുമ്പോട്ടുവയ്ക്കുന്ന ജനാധിപത്യപരവും മതനിരപേക്ഷവുമായ മുന്‍കൈകളെ ഇന്ന് രാജ്യമാകെ ശ്രദ്ധിക്കുന്നു. അതോടൊപ്പംതന്നെ സംസ്ഥാനത്തിന്റെ പരിമിതമായ വിഭവങ്ങളും അധികാരവും ക്രിയാത്മകമായി നാടിന്റെ പുരോഗതിക്കുവേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന മാതൃകയ്ക്കായി രാജ്യം കേരളത്തിലേക്ക് നോക്കുന്നു.

നോട്ടുനിരോധനംമുതല്‍ കന്നുകാലി കൈമാറ്റ നിയന്ത്രണംവരെയുള്ള കാര്യങ്ങളില്‍ കേരളം  ഉയര്‍ത്തിയ ബദലിനെ പല സംസ്ഥാനങ്ങളും പ്രത്യാശയോടെയാണ് നോക്കിക്കാണുന്നത്. ഉദാരവല്‍ക്കരണത്തിന്റെ ജനദ്രോഹനയങ്ങളെ ബദലുകളുയര്‍ത്തി കേരളം നേരിടുന്നതിനെ പ്രതീക്ഷയോടെയാണ് രാജ്യം ശ്രദ്ധിക്കുന്നത്. ഒരുവര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കിയ മുന്നേറ്റം കഴിഞ്ഞ നാളുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. പിഎസ്സിവഴി 36,000 പേര്‍ക്ക് തൊഴില്‍ നല്‍കി നിയമനസ്തംഭനം അവസാനിപ്പിച്ചത്, ഐടി പാര്‍ക്കുകളില്‍ തൊണ്ണൂറായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയത്, തരിശുഭൂമിയില്‍ കൃഷിയിറക്കിയത്, 52,000 ചെറുകിടവ്യവസായങ്ങളിലായി 57,000 പേര്‍ക്ക് തൊഴില്‍ നല്‍കിയത്, നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയത്, പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം പാതികണ്ട് കുറച്ചത്, കര്‍ഷക പെന്‍ഷന്‍ ഇനത്തിലെ 151 കോടിയുടെ കുടിശ്ശിക കൊടുത്തുതീര്‍ത്തത്, കണ്ണൂര്‍ വിമാനത്താവളം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്, 12,652 കോടിയുടെ തീരദേശ പാക്കേജിന് രൂപംനല്‍കിയത്, കയര്‍- കശുവണ്ടി- കൈത്തറി രംഗങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ പദ്ധതികള്‍ ആവിഷ്കരിച്ചത്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1100 രൂപയായി ഉയര്‍ത്തിയത്- ഇങ്ങനെ എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയാണ് സര്‍ക്കാരിന്റേത്. കൊച്ചി മെട്രോയുടെ സമയബന്ധിതമായ പൂര്‍ത്തീകരണം അതിലൊന്നാണ്.

പാലാരിവട്ടംമുതല്‍ മഹാരാജാസ് ഗ്രൌണ്ടുവരെയുള്ള കൊച്ചി മെട്രോ സര്‍വീസിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നിര്‍വഹിച്ചത്. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തതോടെ മെട്രോ കൊച്ചി നഗരത്തിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചിരിക്കുന്നു.

ജൂണ്‍ 17നായിരുന്നു മെട്രോ സര്‍വീസ് ഉദ്ഘാടനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനംമൂലമാണ് റെക്കോഡ് വേഗത്തില്‍ മെട്രോ സര്‍വീസ് മഹാരാജാസ് സ്റ്റേഷന്‍വരെ എത്തുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ കൃത്യമായി വിലയിരുത്തി ഏകോപിപ്പിച്ചതും ഇടപെട്ടതുംമൂലമാണ് നഗരത്തിലേക്കുള്ള മെട്രോ പ്രവേശം വേഗത്തില്‍ സാധ്യമായത്. ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്ററിലായിരുന്ന സര്‍വീസ് മഹാരാജാസ് ഗ്രൌണ്ടിലേക്ക് നീട്ടിയതോടെ 18 കിലോമീറ്ററിലായിരിക്കുന്നു.

മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അനുമതി നല്‍കാനാകില്ലെന്ന കേന്ദ്രതീരുമാനം പദ്ധതിയുടെ വിപുലീകരണത്തിന് തിരിച്ചടിയായിട്ടുണ്ട്. പാലാരിവട്ടത്തുനിന്ന് ഐടി സിരാകേന്ദ്രമായ ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് 11 കിലോമീറ്ററിലാണ് രണ്ടാംഘട്ട വികസനം തീരുമാനിച്ചത്. മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നത് അനുയോജ്യമല്ലെന്നും ഇതിനുപകരം മറ്റു ഗതാഗത സംവിധാനം പരിഗണിക്കാനുമാണ് കേന്ദ്രനിര്‍ദേശം. 22 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍, ഇതിനായി സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ പ്രായോഗികവും ക്രിയാത്മകവുമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടതുണ്ട്. 

ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഗതാഗതസംവിധാനമുള്ള  നഗരമായി കൊച്ചിയെ ഉയര്‍ത്താനുള്ള പദ്ധതികളാണ് ആസൂത്രണംചെയ്യുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി വാട്ടര്‍ മെട്രോ, സിഎന്‍ജി ബസുകള്‍- ഇങ്ങനെ നാനാവിധത്തിലുള്ള പദ്ധതികള്‍ തയ്യാറാകുന്നു; പുരോഗമിക്കുന്നു. തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാര്‍മാത്രം വിചാരിച്ചാല്‍ സാധ്യമാകുന്നതല്ല ഇതൊന്നും. കൂട്ടായ പരിശ്രമമാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും കെഎംആര്‍എലിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയാകെയും പങ്കാളിത്തത്തോടെയാണ് ഓരോ പദ്ധതിയും വിജയത്തിലെത്തിക്കാനാവുക. അതിനുവേണ്ട പ്രധാന ഉപാധി ഏകോപനവും സമര്‍പ്പണമനോഭാവവും ലക്ഷ്യബോധവുമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് അതുണ്ട്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിലുണ്ടാകുന്ന വേഗവും കൃത്യതയും അതിന്റെ സൂചനയാണ്. കേരളത്തിന്റെ രാഷ്ട്രീയത്തിനും ബദല്‍നയങ്ങള്‍ക്കുംമേല്‍ ചെളി വാരിയെറിയുന്നവര്‍ക്കും അപവാദപ്രചാരകര്‍ക്കും ആ പണി തുടരാം; കേരളം മുന്നോട്ടുതന്നെ പോവുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top