26 April Friday

കുതിപ്പിന്റെ പാളം തുറന്ന് കേരളം

വെബ് ഡെസ്‌ക്‌Updated: Saturday Jun 17, 2017


കേരളത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി കൊച്ചി മെട്രോ ഇന്ന് യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന; കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിലെ  ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ സംരംഭം രാജ്യത്തെ എട്ടാമത്തെ മെട്രോയാണ്. ആലുവമുതല്‍ പാലാരിവട്ടംവരെ 13.26 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചി നഗരത്തിലെ യാത്രക്കാരെയും വഹിച്ചുള്ള ട്രെയിനുകള്‍ തിങ്കളാഴ്ചമുതലാണ് ഓടിത്തുടങ്ങുക. നാലുവര്‍ഷവും ഒരുമാസവുംകൊണ്ടാണ് ആദ്യഘട്ടം  പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാകുന്നത്. മെട്രോ നിര്‍മാണത്തിന്റെ വേഗത്തില്‍ അതുല്യമായ നേട്ടമാണിത്. ഇ കെ നായനാര്‍ നയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 1999ല്‍ പൊതുമേഖല സ്ഥാപനമായ റൈറ്റ്സിനെ സാധ്യതാപഠനചുമതല ഏല്‍പ്പിച്ചതുമുതലുള്ള പ്രയത്നങ്ങളും പ്രതീക്ഷകളുമാണ് കൊച്ചി നഗരത്തിനുമുകളില്‍സ്ഥാപിതമായ പാളത്തിലൂടെ ഓടിത്തുടങ്ങുന്നത്. ഈ മഹത്തായ നേട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു.

കൃത്യമായ പരിശോധനയിലൂടെയും ഇടപെടലിലൂടെയും നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ നേരിട്ടെടുത്ത മുന്‍കൈ അഭിനന്ദനീയമാണ്. സംസ്ഥാനത്തിന്റെ പൊതുപദ്ധതിക്ക് എല്ലാ ഭിന്നതകള്‍ക്കും അതീതമായി തുടക്കമാകണമെന്ന സര്‍ക്കാര്‍സമീപനം ഉദ്ഘാടനച്ചടങ്ങിനെ തിളക്കമുറ്റതാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ഡല്‍ഹിക്കുപുറത്ത് പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യുന്ന ആദ്യ മെട്രോയാണിത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്ഘാടനവേദിയിലെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചപ്പോള്‍ മെട്രോമാന്‍ ഡോ. ഇ ശ്രീധരനും പ്രതിപക്ഷനേതാവും സ്ഥലം എംഎല്‍എയും വേദിയിലുണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. അത് ഭാഗികമായി അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായി. ഈ പദ്ധതി സമയബന്ധിതമായും കുറ്റമറ്റനിലയിലും പൂര്‍ത്തീകരിക്കാന്‍ പ്രയത്നിച്ച മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനോടും  കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥരോടും വിവിധ ഘട്ടങ്ങളിലായി രാപ്പകല്‍ അധ്വാനിച്ച തൊഴിലാളികളോടും കേരളം കടപ്പെട്ടിരിക്കുന്നു.

കേവലം ഒരു യാത്രാമാര്‍ഗം എന്ന നിലയിലല്ല കൊച്ചി മെട്രോയുടെ ആസൂത്രണം. ബഹുതലസ്പര്‍ശിയാണത്.  വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ മെട്രോ ഗുണം ചെയ്യും. സൌരോര്‍ജപദ്ധതികളും ഗ്രീന്‍ മെട്രോ എന്ന ആശയത്തിനിണങ്ങുംവിധം രൂപകല്‍പ്പന ചെയ്ത ഉദ്യാനങ്ങളും കുറഞ്ഞ അളവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനവും പുതിയ കാലത്തിന് അനുയോജ്യമാംവിധമാണ് മെട്രോ യാഥാര്‍ഥ്യമാകുന്നത് എന്നതിന്റെ സൂചകങ്ങളാണ്. മെട്രോ ഡ്രൈവര്‍സംഘത്തില്‍ ഏഴുപേര്‍ വനിതകളാണെന്നതും ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ തൊഴിലാളികള്‍ക്കും  ട്രാന്‍സ്ജെന്‍ഡേഴ്സിനും പങ്കാളിത്തമുണ്ടെന്നതും കൊച്ചി മെട്രോയെ സവിശേഷമാക്കുന്നു.

മെട്രോ ഓടിത്തുടങ്ങുന്നതോടെ കൊച്ചിയിലെ പൊതുഗതാഗത മാര്‍ഗം അസാധാരണമാംവിധം ശക്തിപ്പെടുകയാണ്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കണമെങ്കില്‍ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തില്‍നിന്ന് പൊതു ഗതാഗതസംവിധാനത്തെ ആശ്രയിക്കുന്നതിലേക്ക് എത്തണം. ഒരാള്‍ക്ക് ഒരു വാഹനം എന്ന നില മാറണം. ഇന്നുള്ള ഗതാഗതസംവിധാനങ്ങളുടെ ഫലപ്രദമായ സംയോജനവും പുനഃക്രമീകരണവും സാധ്യമാകണം. കൊച്ചി നഗരവാസികളുടെയും നഗരത്തില്‍ എത്തുന്നവരുടെയും നഗരഭരണ സംവിധാനത്തിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതിന് കഴിയുക.

കൊച്ചി മെട്രോയുടെ പൂര്‍ത്തീകരണം ഇനിയുള്ള ജോലിയാണ്. സ്ഥലം ഏറ്റെടുക്കാനും കുടിവെള്ളപൈപ്പുകള്‍ മാറ്റുന്നതിലുമൊക്കെയുണ്ടായ കാലതാമസം ആദ്യഘട്ടത്തില്‍ നിര്‍മാണത്തെ ബാധിച്ചു എന്നത് വസ്തുതയാണ്. മെല്ലെപ്പോക്കിനെതിരെ ജനം പ്രതിഷേധവുമായി ഇറങ്ങേണ്ടിവന്നിരുന്നു. അത്തരം അനുഭവം ആവര്‍ത്തിക്കാന്‍ ഇടനല്‍കിയില്ല എന്നതാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ സര്‍ക്കാര്‍ ഇടപെടലിന്റെ ഗുണം. ആ രീതി തുടര്‍ന്നുപോകേണ്ടതുണ്ട്. കൊച്ചി ജലമെട്രോ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുകയാണ്. അതുകൂടി സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ കൊച്ചി നഗരം കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനമായി മാറും. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ലൈറ്റ് മെട്രോപോലുള്ള പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ട്്. അത് സമീപഭാവിയില്‍ സാധ്യമാകുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണാനുഭവം വിലയിരുത്തുന്ന ആര്‍ക്കും ഉറപ്പിക്കാനാവുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top