26 April Friday

വികസനത്തിന് ഒന്നിച്ചുനീങ്ങണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 20, 2017


വിവാദങ്ങളല്ല, സംവാദവും സമവായവുമാണ് നാടിന്റെ പുരോഗതിക്ക് ആവശ്യമെന്ന ഉറച്ചതും വ്യക്തതയുള്ളതുമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനവേളയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന്റെ ചിരകാലസ്വപ്നങ്ങളിലൊന്നായ കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രിയെ, കേരളത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ നേരിട്ട് ധരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും കാണിച്ച ഔചിത്യപൂര്‍ണവും സമയോചിതവുമായ ഇടപെടല്‍ ശ്ളാഘനീയമാണ്. വികസനകാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുമുന്നേറുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ആശാവഹമാണ്. കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യനായിഡുവിന്റെ നിര്‍ദേശത്തോടുള്ള പ്രതികരണമായാണ് പിണറായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുചിന്തിതമായ കാഴ്ചപ്പാട് വ്യക്തമാക്കിയത്. എല്ലാ സംഭവവികാസങ്ങളും രാഷ്ട്രീയവിവാദങ്ങളില്‍ കുടുക്കി കേന്ദ്രവും കേരളവും തുറന്ന ഏറ്റുമുട്ടലിലാണെന്ന് വരുത്താന്‍ വ്യഗ്രതപ്പെടുന്നവരുടെ നിരാശയെക്കുറിച്ചും മുഖ്യമന്ത്രി മെട്രോ ഉദ്ഘാടനവേദിയില്‍ പരാമര്‍ശിച്ചു.

   മെട്രോ ഉദ്ഘാടനത്തില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന മാധ്യമഭാവനയ്ക്ക് അധികം ആയുസ്സുണ്ടായില്ല. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സൌകര്യം കാത്തിരിക്കുകയാണെന്നും വൈകാതെ അത് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വൈകാതെ യാഥാര്‍ഥ്യമായി. ഇ ശ്രീധരനും രമേശ് ചെന്നിത്തലയും പരിപാടിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഇടപെടലിനോട് ക്രിയാത്മകമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. നിശ്ചയിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം സഞ്ചരിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തപ്പോഴും സംസ്ഥാന പൊലീസിന്റെ സുരക്ഷാവീഴ്ചയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നു. കുമ്മനം രാജശേഖരന്‍ എംഎല്‍എയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയില്‍നിന്ന് അനുമതി സമ്പാദിച്ചതെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍, അത് പ്രധാനമന്ത്രികാര്യാലയത്തിനാണ്.

   കേന്ദ്ര സര്‍ക്കാരിനോടും ഭരണകക്ഷിയോടും ആശയപരമായും പ്രവര്‍ത്തനരംഗത്തും ഒട്ടേറെ വിയോജിപ്പുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. അതെല്ലാം യഥാസമയം രേഖപ്പെടുത്താറുമുണ്ട്. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയും ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പ്പറത്തുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായി. കേരളത്തിന്റെ അഭിമാനമായ റേഷന്‍സംവിധാനം തകര്‍ത്തപ്പോഴും നോട്ടുനിരോധനത്തെതുടര്‍ന്ന് സഹകരണമേഖലയുടെ കഴുത്തുഞെരിച്ചപ്പോഴും സന്ദര്‍ശനാനുമതിപോലും നല്‍കാതെ പ്രധാനമന്ത്രി വൈരനിര്യാതനം പ്രകടിപ്പിച്ചു. ബജറ്റുവിഹിതത്തിലും തൊഴിലുറപ്പുപദ്ധതിയില്‍പ്പോലും കേരളത്തോട് ചിറ്റമ്മനയം കാട്ടി. ഏറ്റവുമൊടുവില്‍ മാട്ടിറച്ചി നിരോധനത്തെതുടര്‍ന്ന് ഏറെ തൊഴില്‍നഷ്ടവും കടുത്ത മനുഷ്യാവകാശലംഘനവും ഉണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയതും മലയാളികള്‍തന്നെ. ഇതിനോടെല്ലാം നിയമപരമായും വ്യവസ്ഥാപിതരീതിയിലും വിയോജിപ്പ് രേഖപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരും തയ്യാറായി.

   ബിജെപിയും സംഘപരിവാറും രാജ്യത്താകമാനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അജന്‍ഡയുടെ കുന്തമുനയും കേരളത്തിനുനേരെ തിരിച്ചുവച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നതിലും കേരളം ഇന്ത്യക്ക് മാതൃക കാട്ടുന്നു. ഇങ്ങനെ നാനാമുഖമായ എതിര്‍പ്പുകളുടെ നടുവില്‍ നില്‍ക്കുമ്പോഴും വികസനകാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടുകയല്ല, സഹകരണത്തിന്റെ പാത ഒരുക്കുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത, അടിസ്ഥാന പശ്ചാത്തലവികസനത്തിലെ മുന്നേറ്റം, അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി നിരവധി മേഖലകളില്‍ കേരളത്തിന് മുന്നേറേണ്ടതുണ്ട്. ഇതിനെല്ലാം കേന്ദ്രത്തില്‍നിന്ന് സഹായവും പിന്തുണയും ലഭിക്കുകയെന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ അവകാശമാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് നല്ല പരസ്പരബന്ധം അനിവാര്യമാണ്. എല്ലാ ഭിന്നാഭിപ്രായങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങളില്‍ സഹകരണത്തിന്റെ ഉയരങ്ങള്‍ തേടാനാകുമെന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. ഇനി വേണ്ടത് കേന്ദ്രത്തിന്റെ തുറന്ന മനസ്സാണ്.

  അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, എയിംസ്, കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി, ഫാക്ടില്‍ പ്രകൃതിവാതക  യൂറിയ പ്ളാന്റ്, കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ളക്സ്,കൊച്ചി സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, സബര്‍ബന്‍ റെയില്‍ പ്രോജക്ട്, തലശേരി- മൈസൂരു റെയില്‍വേ, അങ്കമാലി- ശബരി റെയില്‍വേ, കൊച്ചി മെട്രോ രണ്ടാംഘട്ടം, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോകള്‍,  നാലു നവകേരള മിഷനുകള്‍ക്ക് സഹായം, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കോവളം- കാസര്‍കോട് ജലപാത, തൊഴിലുറപ്പ് കുടിശ്ശിക, ദേശീയ ഗ്രാമീണ കുടിവെള്ളപരിപാടി തുടങ്ങി കേന്ദ്ര അനുമതിയും സഹായവും ലഭിക്കേണ്ട പദ്ധതികള്‍ എണ്ണമിട്ടുനിരത്തി കേരളം സമര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും കേന്ദ്ര ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷകക്ഷിയുമെല്ലാം ഇക്കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ ആവശ്യമായ സമ്മര്‍ദവും പ്രേരണയും ചെലുത്തേണ്ടതുണ്ട്. കേന്ദ്രഭരണത്തിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള നിലപാടുകള്‍ തുറന്നുകാട്ടുമ്പോള്‍ത്തന്നെ, നാടിന്റെ വികസനത്തിന് രാഷ്ട്രീയ ഭിന്നാഭിപ്രായം തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാട് അഭിനന്ദനാര്‍ഹംതന്നെ. ഈവഴിക്ക് ചിന്തിക്കാന്‍ കേന്ദ്രവും സന്നദ്ധമാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top