19 April Friday

കർഷക മാർച്ചിന്റെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018


ഇന്ത്യൻ സമ്പദ‌് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷികമേഖല. ഏറ്റവും കൂടുതൽ പേർ ഇന്നും ഉപജീവനം കഴിക്കുന്നത് കൃഷിയെ ആശ്രയിച്ചാണ്. മൊത്തം തൊഴിലിന്റെ 54 ശതമാനവും കാർഷികമേഖലയിലാണ്. എന്നാൽ, നവ ലിബറൽ കാലത്ത് ഏറ്റവും അവഗണിക്കപ്പെട്ടതും ഈ മേഖല തന്നെ. ഇതിന്റെ ഫലമായി ഉണ്ടായ ഏറ്റവും വലിയ പ്രശ്നം കൃഷിക്കാരുടെ വരുമാനക്കുറവാണ്. ജലസേചനത്തിന്റെ അഭാവവും വൈദ്യുതിക്കും വിത്തിനും രാസവളത്തിനുമുള്ള വിലക്കയറ്റവും കൃഷി ചെലവേറിയതാക്കി. എന്നാൽ, കാർഷിക വിളകൾക്കാകട്ടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നുമില്ല. ന്യായവില നിൽകിയുള്ള സംഭരണത്തിൽനിന്നും സർക്കാർ പിന്നോട്ടുപോകുകയും സബ്സിഡികൾ ഒന്നിനുപിറകെ ഒന്നായി ഒഴിവാക്കുകയും ചെയ‌്തു. ഇത‌് വരുമാനക്കുറവിന് ആക്കംകൂട്ടി.

സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ‌്തപ്രകാരം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും കൂട്ടിച്ചേർത്ത് താങ്ങുവില നൽകുമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും വിള ഇൻഷുറൻസ് ഉറപ്പുവരുത്തുമെന്നും കർഷക ആത്മഹത്യകൾക്ക് അന്ത്യമിടുമെന്നും വാഗ്ദാനം ചെയ‌്താണ‌് മോഡി 2014ൽ അധികാരത്തിൽ വന്നത്. എന്നാൽ, മോഡി ഭരണം നാലരവർഷം പൂർത്തിയായ വേളയിലും വാഗ്ദാനങ്ങളൊന്നുപോലും യാഥാർഥ്യമായില്ല. കൃഷിക്കാരുടെ വരുമാനക്കുറവ് പരിഹരിച്ചിട്ടില്ലെന്ന് മാത്രമല്ല അത് രൂക്ഷമാകുകയും ചെയ‌്തു. ഈ ഘട്ടത്തിലാണ് കർഷകർ ഓൾ ഇന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നും മുംബൈയിലേക്ക് മാർച്ച് ചെയ‌്തത്.  ആ സമരം വിത്തിട്ട കർഷക പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് തലസ്ഥാന നഗരമായ ഡൽഹിയിലേക്ക് കൃഷിക്കാർ മാർച്ച് ചെയ‌്തത്. മൂന്ന് ആവശ്യമുന്നയിച്ചാണ് ഡൽഹി മാർച്ച്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുക, വായ്പ എഴുതിത്തള്ളുന്നതിനും മെച്ചപ്പെട്ട താങ്ങുവില ഉറപ്പാക്കുന്നതിനും നിയമനിർമാണം നടത്തുക എന്നതാണ് ആവശ്യം. ‘പോട്ട'പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേക സംയുക്ത സമ്മേളനവും ജിഎസ്ടി പാസാക്കാൻ അർധരാത്രി സമ്മേളനവും വിളിക്കാമെങ്കിൽ എന്തുകൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അതായിക്കൂടാ എന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. 

പതിനായിരക്കണക്കിന് കർഷകരാണ് രണ്ടു ദിവസം നീണ്ട കിസാൻ മുക്തി മാർച്ചിൽ പങ്കെടുത്തത്. സംഘപരിവാറുമായി ബന്ധമില്ലാത്ത 21 ഓളം രാഷ്ട്രീയ പാർടികളും  207 ഓളം കർഷക സംഘടനകളും കിസാൻ മുക്തിമാർച്ചിൽ പങ്കെടുത്തു. ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രക്ഷോഭം. നേരത്തെ മോഡി സർക്കാരിന്റെ ഭാഗമായിരുന്ന മഹാരാഷ്ട്രയിലെ സ്വാഭിമാൻ ഷേത്കാരി സംഘടൻ പോലും ബിജെപിയുമായുള്ള രാഷ്ട്രീയബന്ധം ഉപേക്ഷിച്ച് കിസാൻ മുക്തി മാർച്ചിൽ അണിനിരന്നു.  ഇതെല്ലാം വിരൽചൂണ്ടുന്നത് രാജ്യത്തെ കർഷകർ അസ്വസ്ഥരാണെന്ന് മാത്രമല്ല അവരെ അവഗണിക്കുന്ന ഭരണാധികാരികൾക്കെതിരെ രോഷം അണപൊട്ടി ഒഴുകുകയാണെന്നുകൂടിയാണ്. അതുകൊണ്ടാണ് രാമക്ഷേത്ര നിർമാണം എന്ന മുദ്രാവാക്യം ഉയർത്തി കർഷകരുടെ ഐക്യത്തെ തകർക്കാൻ കഴിയുമോ എന്ന് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. എന്നാൽ, അതിനുള്ള കർഷകരുടെ മറുപടി 'ഞങ്ങൾക്ക‌് വേണ്ടത് അയോധ്യയല്ല; കടം ഏഴുതിത്തള്ളലാണെന്നാ’ണ‌്. മോഡി സർക്കാരിനെതിരെ വിധിയെഴുതാനും അവർ ആഹ്വാനം ചെയ‌്തു.  വർഗരാഷ്ട്രീയം ഉയരുമ്പോൾ അതിനെ വർഗീയതകൊണ്ട് തടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാമക്ഷേത്ര മുദ്രാവാക്യമെന്ന തിരിച്ചറിവ് ജനങ്ങളിൽ വ്യാപകമാകുകയാണെന്നതിന്റെ സൂചനയാണിത്. അയോധ്യയിൽ എത്തിയ സന്യാസി സംഘത്തേക്കാൾ കർഷകർ ഡൽഹിയിൽ എത്തിയതിൽനിന്നും സംഘപരിവാർ അജൻഡ പരാജയപ്പെടുകയാണെന്ന് തെളിയുന്നു.

ജീവിക്കാനുള്ള പോരാട്ടത്തിൽ കർഷകർ തനിച്ചല്ലെന്ന വ്യക്തമായ സന്ദേശവും കിസാൻ മുക്തിമാർച്ച് നൽകുന്നുണ്ട്. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്കൊപ്പം തൊഴിലാളികളും അധ്യാപകരും വിദ്യാർഥികളും അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും കലാകാരന്മാരും  സാഹിത്യകാരന്മാരും അണിചേർന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു

ജീവിക്കാനുള്ള പോരാട്ടത്തിൽ കർഷകർ തനിച്ചല്ലെന്ന വ്യക്തമായ സന്ദേശവും കിസാൻ മുക്തിമാർച്ച് നൽകുന്നുണ്ട്. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്കൊപ്പം തൊഴിലാളികളും അധ്യാപകരും വിദ്യാർഥികളും അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും കലാകാരന്മാരും  സാഹിത്യകാരന്മാരും അണിചേർന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. തൊഴിലാളികളും കർഷകരും തമ്മിലുള്ള ഐക്യം ശക്തിപ്പെടുകയാണെന്ന പാഠവും കിസാൻ മുക്തിമാർച്ച് നൽകുന്നുണ്ട്. സെപ്തംബറിൽ ഡൽഹിയിൽ നടന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽനിന്ന് തുടങ്ങിയ ഈ ഐക്യം ശക്തിപ്പെടുകയാണെന്ന് തൊഴിലാളികൾ വർധിച്ചതോതിൽ കിസാൻ മാർച്ചിന് നൽകിയ പിന്തുണ വ്യക്തമാക്കുന്നു. സ്വതന്ത്ര രാഷ്ട്രീയശക്തിയായി തൊഴിലാളികളും കർഷകരും മാറുകയാണെന്ന നിലയിലേക്കുള്ള ആശാവഹമായ മാറ്റത്തിന്റെ വിത്തും ഈ ഐക്യത്തിലുണ്ട്.

വളർന്നുവരുന്ന ഈ മുന്നേറ്റത്തെ കാണാതിരിക്കാൻ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കായില്ല എന്നത് രാഹുൽ ഗാന്ധിമുതൽ ശരദ‌് പവാർ വരെയുള്ള നേതാക്കളുടെ നീണ്ടനിര തെളിയിക്കുന്നു. ബിജെപി ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ വിപുലമായ ഐക്യമാണ് രൂപപ്പെട്ടുവരുന്നത്. കിസാൻ മുക്തിമാർച്ചിന്റെ രാഷ്ട്രീയ ഉള്ളടക്കവും ഇതുതന്നെയാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും തോറ്റതോടെ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിന് പ്രസക്തിയില്ലെന്ന് പറയുന്നവരുടെ കണ്ണുതുറപ്പിക്കുന്നതുകൂടിയാണ് ഈ കിസാൻ മാർച്ച്. ലാൽ ബഹാദൂർ ശാസ്ത്രി പറഞ്ഞതുപോലെ കിസാൻ തന്നെയാണ് ജവാനും എന്ന് അംഗീകരിക്കാൻ രാജ്യം തയ്യാറാകുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top