13 June Thursday

ചരിത്രപരം ഈ ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


അവസാനം അത് യാഥാർഥ്യമായി. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് അന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പരസ്പരം ഹസ്തദാനം ചെയ്യുകയും ഒരു മേശയ‌്ക്കു ചുറ്റുമിരുന്ന് സംഭാഷണം നടത്തുകയും അവസാനം സംയുക്ത കരാറിൽ ഒപ്പുവയ‌്ക്കുകയും ചെയ്തു. ‘ഭ്രാന്ത'നെന്നും ‘റോക്കറ്റ് മാനെ'ന്നും ട്രംപ് പരിഹസിച്ച കിമ്മിനെ പ്രതിഭാശാലിയായ വ്യക്തിയാണെന്ന‌് അദ്ദേഹത്തിനുതന്നെ വിശേഷിപ്പിക്കേണ്ടിയുംവന്നു. കിമ്മിനൊപ്പം ഇരിക്കുന്നത് വലിയ അംഗീകാരമാണെന്നും ട്രംപ് തിരിച്ചറിഞ്ഞു. ഏഴ് ദശാബ്ദക്കാലത്തെ ശത്രുതയ‌്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരു നേതാക്കളും ചരിത്രപരമായ ഉച്ചകോടി സംഭാഷണത്തിന് തയ്യാറായത്.

സമഗ്രവും ആത്മാർഥവും ആഴത്തിലുമുള്ള ചർച്ചയാണ് നടന്നതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. അമേരിക്കയും ഡെമോക്രാറ്റിക‌് പീപ്പിൾസ് റിപ്പബ്ലിക‌് ഓഫ് കൊറിയയും തമ്മിലുള്ള പുതിയ ബന്ധത്തിനാണ് സിംഗപ്പുരിൽവച്ച് തുടക്കമിട്ടതെന്ന് സംയുക്ത കരാർ വ്യക്തമാക്കി. ഈ പുതിയ ബന്ധം മേഖലയുടെ സമാധാനത്തിനും പുരോഗതിക്കും വഴി തെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, 65 വർഷംമുമ്പ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന യുദ്ധത്തിന് അന്ത്യമിട്ടുകൊണ്ടുള്ള സമാധാന സന്ധിയെക്കുറിച്ച് കരാറിൽ പരാമർശമൊന്നുമില്ല. അതോടൊപ്പം ഉത്തര കൊറിയ ഏറെ ആഗ്രഹിച്ച അമേരിക്കൻ ഉപരോധത്തിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയും പൂവണിഞ്ഞിട്ടില്ല. എങ്കിലും ലോകസമാധാനത്തിനും പുരോഗതിക്കും വഴിവയ‌്ക്കുന്നതായിരിക്കും ഈ കരാർ എന്ന കാര്യത്തിൽ സംശയമില്ല.

അഞ്ച് മണിക്കൂർ നീണ്ട ഉച്ചകോടി സംഭാഷണത്തിനൊടുവിൽ ഒപ്പുവച്ച സംയുക്ത കരാറിൽ പ്രധാനമായും നാല് കാര്യമാണുള്ളത്. അതിൽ ഏറ്റവും പ്രധാനം കൊറിയൻ ഉപദ്വീപിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കാനായി  ഇരു രാജ്യങ്ങളും പ്രവർത്തിക്കുമെന്നതാണ്. ഇതിനുള്ള ഉപാധിയെന്ന നിലയിൽ ഉപദ്വീപിനെ ആണവമുക്തമാക്കാനുള്ള പ്രതിബദ്ധത ഉത്തര കൊറിയ ആവർത്തിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജായ് ഇന്നുമായി ഏപ്രിലിൽ പാൻമുൻജോമിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ഇതിനുള്ള സന്നദ്ധത ആദ്യമായി അറിയിച്ചത്. ഫെബ്രുവരിയിൽ നടന്ന ശീതകാല ഒളിമ്പിക്‌സിൽനിന്ന‌് ഇരു കൊറിയകളും തുടങ്ങിയ നയതന്ത്രനീക്കമാണ് സിംഗപ്പുർ ഉച്ചകോടിയിലേക്ക് നയിച്ചത്. എന്നാൽ, സമ്പൂർണവും പരിശോധിച്ച് ബോധ്യപ്പെടുംവിധവും തിരിച്ചുപോക്ക് സാധ്യമല്ലാത്തവിധവും ആണവായുധങ്ങൾ നശിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഉത്തര കൊറിയ അംഗീകരിച്ചതായി സൂചനയില്ല. പരിശോധിച്ച് ബോധ്യപ്പെടുംവിധം ആണവനിരായുധീകരണമെന്ന  സൂചനമാത്രമാണ് ട്രംപ് വാർത്താസമ്മേളനത്തിൽ നൽകിയിട്ടുള്ളത്. ഇതിനർഥം ഘട്ടംഘട്ടമായിമാത്രമേ ആണവായുധങ്ങൾ നശിപ്പിക്കൂവെന്നർഥം. അതിനനുസരിച്ചുമാത്രമേ ഉപരോധത്തിലും ഇളവു നൽകൂവെന്ന് അമേരിക്കയും വ്യക്തമാക്കിയതായാണ് അറിയുന്നത്. ഒറ്റയടിക്ക് ആണവായുധങ്ങൾ നശിപ്പിക്കണമെന്ന അമേരിക്കൻ സമ്മർദത്തിന് കിം വഴങ്ങിയിട്ടില്ലെന്നർഥം. ഒരുവേള ഉച്ചകോടി നിർത്തിവയ‌്ക്കുന്നതിനുതന്നെ കാരണമായത് ലിബിയൻ മാതൃകയിലുള്ള ആണവനിരായുധീകരണം വേണമെന്ന അമേരിക്കൻ നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. ആണവായുധങ്ങൾ നിർമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ലിബിയൻ നേതാവിനോട് അമേരിക്ക ആവശ്യപ്പെടുകയും അദ്ദേഹം അതിന് തയ്യാറാവുകയും ചെയ്തു. പക്ഷേ, സുരക്ഷ ഉറപ്പാക്കുന്നതിനു പകരം കേണൽ ഗദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയുമാണ് ചെയ്തത്. അമേരിക്ക സുരക്ഷ ഉറപ്പു നൽകുമ്പോഴും ലിബിയൻ മാതൃക ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉത്തര കൊറിയ പുലർത്തിയിട്ടുണ്ടെന്നർഥം. പങ്കീറയിലെ ആണവായുധകേന്ദ്രം നേരത്തെതന്നെ നശിപ്പിച്ച ഉത്തര കൊറിയ ഇപ്പോൾ വാഗ്ദാനം നൽകിയിട്ടുള്ളത്  മിസൈൽ എൻജിൻ പരീക്ഷാകേന്ദ്രം നശിപ്പിക്കാമെന്നുമാത്രമാണ്.

ആണവനിരായുധീകരണത്തിലേക്ക് നീങ്ങണമെങ്കിൽ പ്രധാനമായും രണ്ട് കാര്യം അമേരിക്കയുടെ ഭാഗത്തുനിന്ന‌് ഉണ്ടാകണമെന്നാണ് വടക്കൻ കൊറിയയുടെ ആവശ്യം. അതിലൊന്ന് ദഷിണ കൊറിയയിലുള്ള അമേരിക്കൻ സൈനികസാന്നിധ്യവും അവരുമായി ചേർന്നുള്ള അമേരിക്കയുടെ സൈനിക പരിശീലനവും നിർത്തിവയ‌്ക്കണമെന്നതായിരുന്നു. ഏതായാലും ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനിക പരിശീലനം നിർത്തിവയ‌്ക്കാൻ ധാരണയായതായി വാർത്താസമ്മേളനത്തിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയ ആണവശേഷി നേടിയതിനു പിന്നിലെ പ്രധാന കാരണവും ദക്ഷിണ കൊറിയയിലെ വർധിച്ച അമേരിക്കൻ സൈനികസാന്നിധ്യവും മിസൈൽവേധ താഡ് സംവിധാനവുമാണ്. ഏറ്റവും അവസാനമായി കൊറിയൻയുദ്ധകാലത്ത‌് തടവിലാക്കപ്പെട്ടവരെയും യുദ്ധഘട്ടത്തിൽ നഷ്ടപ്പെട്ടവരെയുംകുറിച്ചുള്ള വിവരങ്ങൾ കൈമാറാനും പരസ്പരം ധാരണയായിട്ടുണ്ട്. 

ഉത്തര കൊറിയയെ നശിപ്പിക്കുമെന്നു പറഞ്ഞ അമേരിക്കയ‌്ക്കുതന്നെ അവരുമായി ചർച്ചചെയ്യേണ്ടി വന്നത് ഏഷ്യൻ ഭൗമരാഷ്ട്രീയത്തിൽ അമേരിക്കയുടെ പിടി അയയുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടുകൂടിയാണ്. അമേരിക്കയേക്കാൾ മേഖലയിൽ സമാധാനം ആഗ്രഹിക്കുന്ന ദക്ഷിണ കൊറിയയുടെയും ചൈനയുടെയും ഇടപെടൽകൊണ്ടുകൂടിയാണ് സിംഗപ്പുരിലേക്കുള്ള പാത തുറന്നിട്ടുള്ളത്. അതിൽനിന്ന‌് ഏകപക്ഷീയമായി ആര‌് പിന്മാറിയാലും പ്രത്യാഘാതം ഗുരുതരമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top