29 March Friday

സമാധാനം തകർക്കുന്നത് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018


വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി മെയ്മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത ലോകം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. ആണവപ്രശ്നത്തിൽ ഇരുരാജ്യങ്ങളും ഒരു യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട ഘട്ടത്തിലാണ് ഇരുരാഷ്ട്രങ്ങളിലെയും നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത പുറത്തുവന്നത്. ചൈന ഉൾപ്പെടെ ലോകരാജ്യങ്ങളെല്ലാംതന്നെ കിം‐ട്രംപ് ചർച്ചയെ സ്വാഗതംചെയ്തു. ദക്ഷിണ കൊറിയൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയുയോങ്ങും സംഘവും വാഷിങ്ടൺ സന്ദർശിക്കവെയാണ് വടക്കൻ കൊറിയൻ പ്രസിഡന്റ് അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന കാര്യം ട്രംപിനെ അറിയിക്കുന്നത്. അദ്ദേഹം ആ ക്ഷണം സ്വീകരിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 

വടക്കൻ കൊറിയയും തെക്കൻ കൊറിയയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി അസൂയാവഹമായിരുന്നു. തെക്കൻ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഇരുകൊറിയകളുടെയും ടീം ഒന്നിച്ചാണ് മാർച്ച് ചെയ്തത്. മാത്രമല്ല, ശീതകാല ഒളിമ്പിക്സിനെത്തിയ വടക്കൻ കൊറിയൻ പ്രസിഡന്റിന്റെ സഹോദരി കിം യോ ജുങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കൻ കൊറിയൻ പ്രസിഡന്റ് മൂൺ ജായ് ഇന്നുമായി ചർച്ച നടത്തുകയും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി തീരുമാനങ്ങളിൽ എത്തുകയും ചെയ്തു. ഏപ്രിലിൽ ഇരുകൊറിയകളുടെ പ്രസിഡന്റുമാർ തമ്മിലുള്ള ഉച്ചകോടി സംഭാഷണമാണ് അതിലെ ഏറ്റവും പ്രധാന ഇനം. ഇരുകൊറിയകളും അംബാസഡർമാരെ കൈമാറാനും തീരുമാനമായി. ശീതകാല ഒളിമ്പിക്സോടെതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ മഞ്ഞുരുക്കവും ആരംഭിച്ചുവെന്നർഥം.

ചർച്ചയ്ക്കുള്ള വടക്കൻ കൊറിയയുടെ സന്നദ്ധത മൂൺ അമേരിക്കൻ നേതൃത്വത്തെ നേരത്തെതന്നെ അറിയിച്ചിരുന്നു. തെക്കൻ കൊറിയയുടെ സമ്മർദത്തിന്റെ ഫലംകൂടിയാണ് കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് ട്രംപ് തയ്യാറായതെന്ന് വേണം കരുതാൻ.  എന്നാൽ,നിർദിഷ്ട കിം‐ട്രംപ് കൂടിക്കാഴ്ച ഉപാധികൾക്ക് വിധേയമാണെന്നും ആണവായുധ മുക്തമാക്കുന്നതിന് തൃപ്തികരമായ നടപടികൾ വടക്കൻ കൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽമാത്രമേ കൂടിക്കാഴ്ച നടക്കൂവെന്നുമാണ് ഏറ്റവും അവസാനമായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. അതായത്, വടക്കൻ കൊറിയ പൂർണമായും അമേരിക്കയ്ക്ക് വഴങ്ങി നിൽക്കണമെന്നർഥം. അമേരിക്കയുടെ ഈ ഭീഷണിക്കുമുമ്പിൽ വടക്കൻ കൊറിയ കീഴടങ്ങാനുള്ള സാധ്യത വിരളമാണ്.

കിം‐ട്രംപ് കൂടിക്കാഴ്ച വൈറ്റ് ഹൗസ് സ്ഥിരീകരിച്ച ഘട്ടത്തിൽതന്നെ വടക്കൻ കൊറിയക്കെതിരെയുള്ള എല്ലാ ഉപരോധങ്ങളും സമ്മർദങ്ങളും തുടരുമെന്ന് വക്താവ് സാറ സാൻഡേഴ്സ് അറിയിച്ചിരുന്നു. ജപ്പാനിലെ വലതുപക്ഷ സർക്കാരിനും ചർച്ചയോട് താൽപ്പര്യമില്ലെന്ന് വ്യക്തമായിരുന്നു. ഫലപ്രദമായ സംഭാഷണങ്ങൾക്കുമുമ്പ് വടക്കൻ കൊറിയ അവരുടെ ആണവായുധപദ്ധതി ഉപേക്ഷിക്കണമെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഇത്സുനോരി ഒണോഡേര അഭിപ്രായപ്പെടുകയുണ്ടായി. വടക്കൻ കൊറിയയുമായുള്ള ചർച്ചകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വ്യക്തമായ സന്ദേശമാണ് ജപ്പാൻ നൽകിയത്. വടക്കൻ കൊറിയയിൽനിന്ന് വ്യക്തമായ ഉറപ്പുകളൊന്നും ലഭിക്കാതെയുള്ള ചർച്ചയെ അമേരിക്കൻ മാധ്യമങ്ങളും വിമർശിച്ചു. ഇതോടെയാണ് ഉപാധികളുമായി വൈറ്റ് ഹൗസ് രംഗത്തുവന്നത്. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും താൽപ്പര്യമില്ലെന്ന് ഇതോടെ വ്യക്തമായി. 

വടക്കൻ കൊറിയ ഉൾപ്പെടുന്ന മേഖല ആണവമുക്തമാകുമ്പോൾ വടക്കുകിഴക്കൻ ഏഷ്യയിലെ ഭൂരിപക്ഷം സൈനികത്താവളങ്ങളും അമേരിക്കയ്ക്ക് അടച്ചിടേണ്ടിവരും. കാരണം പലതിലും ആണവായുധശേഖരമുണ്ട്. മാത്രമല്ല, ഈ മേഖലയിൽ നങ്കൂരമിട്ട പല ആണവവാഹിനി, വിമാനവാഹിനി കപ്പലുകളും അവിടെനിന്ന് നീക്കംചെയ്യേണ്ടി വരും. ജപ്പാനിലും ഫിലിപ്പീൻസിലും ഗുവാമിലും മറ്റുമായി ഒരുലക്ഷത്തോളം അമേരിക്കൻ സൈനികരാണ് ഈ മേഖലയിലുള്ളത്. ഇതിൽ പകുതിപ്പേരും ജപ്പാനിലെ 112 സൈനികത്താവളങ്ങളിലായാണുള്ളത്.  ജപ്പാനിലെ യോകോ സുകയിലാണ് ആണവവാഹിനിക്കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. ജപ്പാനിലും ഗുവാമിലുമായി ആണവായുധവാഹിനികളായ വിമാനങ്ങളുമുണ്ട്. വടക്കൻ കൊറിയയെമാത്രമല്ല, ചൈനയെയും റഷ്യയെയും ഉന്നംവച്ചിട്ടുള്ളതാണ് അമേരിക്കയുടെ ഈ വലിയ സൈനികസന്നാഹം. മേഖലയെ ആണവമുക്തമാക്കണമെങ്കിൽ അമേരിക്കയും അവരുടെ ആണവായുധങ്ങൾ മേഖലയിൽനിന്ന് പൂർണമായും പിൻവലിക്കേണ്ടിവരും. അതിനവർക്ക് താൽപ്പര്യമില്ല. അതിനാലാണ് പല തൊടുന്യായങ്ങളും പറഞ്ഞ് സമാധാനസംഭാഷണങ്ങളെ അമേരിക്ക എതിർക്കുന്നത്. അമേരിക്കയുമായി അതിർത്തിപോലും പങ്കിടാത്ത ഒരു മേഖലയിൽ അമേരിക്ക എന്തിനാണ് ഇത്രയും വലിയ സൈനികസന്നാഹം നടത്തുന്നത്? മേഖലയിലെ സമാധാനത്തെ തകർക്കുന്നത്് വടക്കൻ കൊറിയയല്ല, മറിച്ച് അമേരിക്കയാണെന്ന് സാരം. അവരുടെ സാന്നിധ്യം ഈ മേഖലയിൽ ഉള്ളിടത്തോളം കാലം ഇവിടെ സമാധാനം പുലരില്ല. അതിനാൽ മേഖലയിൽ സമാധാനം പുലരണമെങ്കിൽ ആദ്യം അമേരിക്ക ഈ മേഖലയിൽനിന്ന് പിന്മാറണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top