23 April Tuesday

കിഫ്‌ബി : വ്യാജപ്രചാരണവും
 ആർബിഐ സത്യവാങ്‌മൂലവും

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023


സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ബിജെപിയും ചില മാധ്യമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും നടത്തുന്ന നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ല. മസാല ബോണ്ടിറക്കാൻ കിഫ്‌ബിക്ക്‌ അനുമതി നൽകിയിരുന്നെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യാഴാഴ്‌ച ഹൈക്കോടതിയിൽ വ്യക്തമാക്കിയത്‌ ആ നീക്കങ്ങളിൽ ഒന്നിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതായി. ബോണ്ട്‌ ഇറക്കിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റി (ഇഡി)ന്റെ വാദം ഖണ്ഡിക്കുന്നതാണ്‌ ആർബിഐ സത്യവാങ്‌മൂലം. മസാല ബോണ്ട്‌ ഇറക്കിയതിൽ വിദേശനാണ്യവിനിമയ നിയമലംഘനം ഉണ്ടെന്നതിനാൽ    ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട്‌ മുൻധനമന്ത്രി തോമസ്‌ ഐസക്കിന്‌ ഇഡി നോട്ടീസ്‌ അയക്കുകപോലുമുണ്ടായി. അതിന്റെ സാധുത ചോദ്യംചെയ്ത് അദ്ദേഹവും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും സമർപ്പിച്ച  ഹർജിയിലാണ്‌ ആർബിഐ കൊച്ചി റീജണൽ ഓഫീസ്‌ അസി. ജനറൽ മാനേജർ സത്യവാങ്‌മൂലം നൽകിയത്‌. വാണിജ്യാവശ്യങ്ങൾക്ക്‌ കടമെടുക്കാൻ വിദേശത്ത്‌ പുറപ്പെടുവിക്കുന്ന റുപീ ഡിനോമിനേറ്റഡ് ബോണ്ടാണ് മസാല ബോണ്ടെന്ന്‌ ആർബിഐ വിശദീകരിച്ചു. അതിന്‌ കിഫ്‌ബിക്ക്‌ അനുമതി നൽകി 2015 സെപ്‌തംബർ 29ന് സർക്കുലർ പുറപ്പെടുവിക്കുകയുണ്ടായി. വിദേശനാണ്യവിനിമയ നിയമത്തിന്റെ അടിസ്ഥാനത്തിൽ, ആക്സിസ് ബാങ്ക് വഴിയുള്ള അപേക്ഷയിൽ 2018 ജൂൺ ഒന്നിന് നിരാക്ഷേപ പത്രവും ബോണ്ട് പുറപ്പെടുവിക്കാൻവേണ്ട വായ്പാ രജിസ്ട്രേഷൻ നമ്പരും അനുവദിച്ചു. കിഫ്‌ബി സമാഹരിച്ച തുകയുടെ കണക്കും വിശദാംശങ്ങളും  കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും മാനേജരുടെ സത്യവാങ്മൂലത്തിലുണ്ട്‌.

മസാല ബോണ്ട് അടിമുടി നിയമവിരുദ്ധമാണെന്ന്‌ വ്യാഖ്യാനിച്ച്‌ കിഫ്ബിയെ ഇല്ലാതാക്കാൻ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ കച്ചകെട്ടിയിറങ്ങിയിരിക്കുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി ആ ധന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ സംശയാസ്‌പദമാക്കാനുമായിരുന്നു ആ ഏജൻസികളുടെ ഗൂഢപ്രവർത്തനങ്ങൾ. ആദ്യം ഇളക്കിവിട്ട അനാവശ്യ വിവാദം ഓഡിറ്റ് മുൻനിർത്തിയായിരുന്നു. തുടർന്ന്‌ ആദായനികുതി സംബന്ധിച്ച്‌ വൻ കള്ളക്കഥകൾ നിരത്തി. അവസാനത്തെ അഭയമെന്ന തരത്തിലാണ്‌ കേന്ദ്ര സർക്കാർ  ഇഡിയെ ആയുധമാക്കി  കിഫ്ബിയെ തകർക്കാനുള്ള പരിശ്രമവുമായി ഇറങ്ങിയത്‌. ജീവനക്കാരിൽ  തുടർച്ചയായി സമ്മർദത്തിന്റെ ഭാരമിറക്കുക, അന്വേഷണമെന്ന ഉമ്മാക്കി കാട്ടി സംശയത്തിന്റെ കരിനിഴൽ പരത്തുക, ഒരേ രേഖതന്നെ ഹാജരാക്കാൻ ആവർത്തിച്ച്‌ ആവശ്യപ്പെടുക തുടങ്ങിയ കെണികൾ പയറ്റി. അങ്ങനെ പ്രക്രിയ അവിരാമമായി നീട്ടിക്കൊണ്ടുപോകാൻ തന്ത്രങ്ങൾ  മെനഞ്ഞ സ്ഥിതിയിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡിയുടേത് രാഷ്ട്രീയക്കളി മാത്രമാണെന്ന്‌ നിസ്സംശയം ഉറപ്പിക്കുന്നതായിരുന്നു തോമസ്‌ ഐസക്കിന്‌ എതിരായ സമൻസ്. മന്ത്രിസഭാംഗമായിരുന്ന കാലയളവിൽ ഔദ്യോഗിക സ്ഥാനം നിക്ഷിപ്‌തമാക്കിയ ഉത്തരവാദിത്വത്തിന്റെ അനുബന്ധമായി കിഫ്ബി ഉപാധ്യക്ഷനായിരുന്ന അദ്ദേഹം എല്ലാ കണക്കുകളും ചുമന്ന്‌ ചെല്ലാനായിരുന്നു വിചിത്രമായ  ഉത്തരവ്. പിന്നീട്‌ മറ്റൊന്ന് അയച്ചു. കുടുംബാംഗങ്ങളുടെയും മന്ത്രിസ്ഥാനത്തിരുന്ന്‌ ഡയറക്ടറായ കമ്പനികളുടെയും കണക്കുകൾ എത്തിക്കണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. തുടർനടപടികൾക്ക്‌ സ്റ്റേ. എന്നാൽ, മറുപടിക്ക്‌ മാസങ്ങളെടുത്തു. ഒടുവിൽ കോടതി സ്വരം കടുപ്പിച്ചപ്പോൾ വായതുറന്നു. പണം നിഷിദ്ധമായ രംഗങ്ങളിൽ മസാലബോണ്ട് മുടക്കുന്നുണ്ട് എന്നതായി അന്വേഷണവിഷയം. പണം ആർക്ക്, എന്തിന്, ഏത്‌ അക്കൗണ്ടിൽനിന്ന്‌ ആരുടേതിലേക്ക്‌ പോയി എന്നിങ്ങനെ നിശ്ചിത ഫോറത്തിലുള്ള, ആർബിഐ നിഷ്കർഷിക്കുംവിധം സാക്ഷ്യപ്പെടുത്തിയ പ്രസ്‌താവനയാണ് കൊടുക്കുന്നത്. എങ്ങുനിന്നും തർക്കമുണ്ടായില്ല. കോടതി ആർബിഐയെ നാലുമാസംമുമ്പ്‌ കക്ഷി ചേർത്തെങ്കിലും ഇപ്പോഴാണ് സത്യവാങ്മൂലം നൽകിയത്. ആർബിഐ ചട്ടം അംഗീകരിക്കുന്ന എൻഒസി പ്രകാരമാണ്‌ കിഫ്ബി  മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ആ പണത്തിന്റെ വിനിയോഗം സംബന്ധിച്ച്‌ കൃത്യമായി കണക്ക്‌  നൽകുന്നുണ്ടെന്നും ആർബിഐ വ്യക്തമാക്കിയിരിക്കയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top