25 April Thursday

മൂലധനം ഇവിടെത്തന്നെയുണ്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2016


ഇനിയുള്ള കാലം സര്‍ക്കാര്‍ പണം മുടക്കിയുള്ള വികസനമൊന്നും നടക്കില്ല എന്ന പൊതുധാരണയാണ് തിരുത്തപ്പെട്ടിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിലൂടെ (കിഫ്ബി) മുന്നോട്ടുവയ്ക്കുന്ന മാതൃക പരിമിതികളെ മറികടക്കാനുള്ള ഭാവനാപൂര്‍ണമായ ചുവടുവയ്പാണ്. ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ത്തന്നെ 4008 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വന്യജീവി ആക്രമണം തടയാനുള്ള പദ്ധതിമുതല്‍ കുടിവെള്ളവിതരണംവരെ 48 പദ്ധതി. ദൈനംദിന ജീവിതാവശ്യങ്ങളെയും ദീര്‍ഘകാല വികസന ആവശ്യങ്ങളെയും അഭിസംബോധനചെയ്യുന്നവയാണ് ഈ പദ്ധതികള്‍.

പണമില്ലാത്തതിനാല്‍ അടിസ്ഥാന പശ്ചാത്തലസൌകര്യങ്ങളുടെ വികസനംമാത്രമല്ല മാറ്റിവയ്ക്കപ്പെട്ടിരുന്നത്. പുതിയ തൊഴിലവസരങ്ങള്‍, കാര്‍ഷികവ്യാവസായിക മേഖലകളിലെ സംരംഭങ്ങള്‍, ക്ഷേമപദ്ധതികള്‍, സേവനമേഖല എല്ലാം പിന്തള്ളപ്പെട്ടുപോയിരുന്നു. വികസനമെന്നാല്‍ വലിയ പാലങ്ങളും റോഡുകളും മാത്രമല്ലെന്നും ജനങ്ങളുടെ ക്ഷേമംകൂടിയാണെന്നും 'കിഫ്ബി' ആദ്യഘട്ടത്തില്‍ത്തന്നെ ഏറ്റെടുത്ത പദ്ധതികള്‍ വ്യക്തമാക്കുന്നു. മുതല്‍മുടക്കിന് പൊതുഖജനാവില്‍ പണമില്ലാത്തതിനാല്‍ പുതിയ കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കുക, അപൂര്‍വം ചില പദ്ധതികള്‍ ആരംഭിച്ചാല്‍ത്തന്നെ ധനവകുപ്പിന്റെ കടമ്പകളില്‍തട്ടി നില്‍ക്കുക, തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷാവര്‍ഷങ്ങളില്‍ ബജറ്റുവിഹിതത്തിന് കാത്തിരിക്കുക– ഇതൊക്കെയാണ് കുറെക്കാലമായി നമ്മുടെ നാടിന്റെ അവസ്ഥ. ഈയൊരു നിശ്ചലാവസ്ഥയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുറിച്ചുകടക്കുന്നത്. നിയന്ത്രണങ്ങള്‍ ഏറെ ഉണ്ടായിരിക്കുമ്പോഴും പൊതുപണം ചോര്‍ത്തിക്കൊണ്ടുപോകുന്ന അഴിമതിക്കാര്‍ക്കും കുറവുണ്ടായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ശാപത്തിന് അറുതിവരുത്തുകയാണ്.

ഫണ്ടില്ലെന്ന കാരണത്താല്‍ ജനകീയപ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടുകൂടാ എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാടാണ് ഇവിടെ പ്രയോഗവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ നാടിന്റെ സാധ്യതകള്‍തന്നെ ഉപയോഗപ്പെടുത്തി ധനസമാഹരണം സാധ്യമാണെന്ന ബദല്‍ സമീപനമാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ചത്. നികുതിപിരിവും കേന്ദ്രവിഹിതവും സഹായവും വായ്പയും മാത്രമല്ല ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗം. നമ്മുടെ നിലവിലുള്ള ധനവിനിമയ മാര്‍ഗങ്ങള്‍തന്നെ കാര്യക്ഷമമായും ഫലപ്രദമായും സംയോജിപ്പിച്ചാല്‍ ധനസമാഹരണത്തിന് ഇവിടെത്തന്നെ വഴിതുറക്കപ്പെടുമെന്ന് 'കിഫ്ബി' വ്യക്തമാക്കുന്നു. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് (എസ്ബിഐ ക്യാപ്സ്), നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം പരമ്പരാഗത സര്‍ക്കാര്‍ ഗ്യാരന്റീഡ് സ്കീമിനപ്പുറത്തേക്ക് വിപുലപ്പെടുത്തും. ഒപ്പം സെബി, ആര്‍ബിഐ എന്നിവയുടെ അംഗീകാരമുള്ള മൂന്ന് നൂതന ധനസമാഹരണ സംവിധാനംകൂടി ഏര്‍പ്പെടുത്തും. ഇതുവഴി പ്രവാസികളില്‍നിന്നടക്കം സംസ്ഥാനത്തിന്റെ വികസനത്തിന് പണം കണ്ടെത്താനാകും. ജനറല്‍ പര്‍പ്പസ് ബോണ്ടുകള്‍വഴിയും ധനം സമാഹരിക്കും. പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയില്‍നിന്നുള്ള വിഹിതം, കെഎസ്എഫ്ഇ ചിട്ടികള്‍ എന്നിവയും 'കിഫ്ബി'ക്ക് മുതല്‍ക്കൂട്ടാകും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ലാന്‍ഡ് ബോണ്ടുകളും ഇറക്കും. ഇത്തരത്തില്‍ സമഗ്രവും അതിവിപുലവുമായ ധനസമാഹരണ യജ്ഞത്തിനാണ് കേരളം തുടക്കംകുറിച്ചിരിക്കുന്നത്.

പൊതുപണം കണ്ടെത്താനാകാത്തതിനാല്‍ പശ്ചാത്തലസൌകര്യ വികസനത്തിന് ഭൂമി നല്‍കുന്ന ഏജന്‍സിമാത്രമായി സര്‍ക്കാര്‍ മാറുന്നതാണ് കുറച്ചുകാലമായി കേരളത്തിന്റെ അനുഭവം. സ്വകാര്യ സംരംഭകര്‍ പണമിറക്കി നിര്‍മിക്കുന്ന റോഡുകളും പാലങ്ങളും ബസ്സ്റ്റാന്‍ഡ് കോംപ്ളക്സുകളും ജനങ്ങളെ കൊള്ളയടിക്കുന്ന രീതി കേരളത്തിലേക്കും കടന്നുവന്നിരുന്നു. ബിഒടി എന്ന ഓമനപ്പേരില്‍ ഇങ്ങനെ നിര്‍മിക്കുന്ന സംരംഭങ്ങള്‍ 30 വര്‍ഷംവരെ സ്വകാര്യ ഉടമസ്ഥതയില്‍ത്തന്നെ തുടരുന്നു. എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന നടപ്പുരീതിയില്‍നിന്നുള്ള ഒരു തിരിച്ചുവരവിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടത്. ഇതിനുള്ള ധനസമാഹരണമാകട്ടെ പൂര്‍ണമായും നമ്മുടെ ആഭ്യന്തര സ്ത്രോസ്സുകളില്‍നിന്നുതന്നെ. ഫെഡറല്‍സംവിധാനത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന പരിമിതികള്‍ ഉള്‍ക്കൊണ്ടുതന്നെ സാധ്യതകള്‍ പരമാവധി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇച്ഛാശക്തിയും വിശ്വാസ്യതയും ഭാവനയും ഒത്തുചേര്‍ന്ന ഭരണനേതൃത്വത്തിനേ ഈ വെല്ലുവിളി ഏറ്റെടുക്കാനാവൂ. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ദൌത്യം നിറവേറ്റുകയാണ്.

നാടിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ജനങ്ങളില്‍നിന്നുതന്നെ മൂലധനം കണ്ടെത്തണമെങ്കില്‍ യുക്തിസഹമായ ഒരു പ്രവര്‍ത്തനപദ്ധതി അവതരിപ്പിക്കേണ്ടതുണ്ട്. ആ ആശയം ജനവിധി നേടി ഇപ്പോള്‍ പ്രവൃത്തിപഥത്തിലെത്തിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിലും പിന്നീട് ബജറ്റിലും 'കിഫ്ബി' ഫണ്ട് മുന്നോട്ടുവച്ചപ്പോള്‍ മുഖംതിരിച്ചവരും പരിഹസിച്ചവരുമുണ്ട്. എന്നാല്‍, വ്യക്തമായ പ്രവര്‍ത്തനപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അവര്‍ക്ക് ഉത്തരംമുട്ടുകയാണ്. തങ്ങളുടെ സമ്പാദ്യം ഈ നാടിന്റെ പുരോഗതിക്കായി വിശ്വസിച്ച് ഏല്‍പ്പിക്കാവുന്നവരാണ് കേരളം ഭരിക്കുന്നതെന്ന ആശ്വാസം ജനങ്ങളുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാണ്. ജനങ്ങളുടെ ഈ വിശ്വാസമാണ് യഥാര്‍ഥ മൂലധനമെന്ന തിരിച്ചറിവാണ് 'കിഫ്ബി'യുടെ മേല്‍നോട്ടം ഇന്ത്യയുടെ മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി, ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യക്തമാകുന്നത്. ധനമേഖലയില്‍ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വങ്ങളുടെ സേവനമാണ് ഇതുവഴി കേരളത്തിന് ലഭിക്കുന്നത്. ജനങ്ങളോടുമാത്രം പ്രതിബദ്ധതയുള്ള നേതൃത്വം, അഴിമതിവിമുക്തമായ ഉദ്യോഗസ്ഥനിര, സുതാര്യമായ ഭരണം. ഈ ലക്ഷ്യങ്ങള്‍ മുറുകെപ്പിടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടമായി 'കിഫ്ബി' ഉയര്‍ന്നുനില്‍ക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top