20 April Saturday

പ്രതിപക്ഷം നാടിന്റെ വഴിമുടക്കികളാകരുത്

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019


അടിസ്ഥാന സൗകര്യവികസനത്തിൽ കേരളം കൈവരിക്കാൻ പോകുന്ന വിസ്‌മയകരമായ നേട്ടങ്ങൾ പ്രതിപക്ഷത്തെ എന്തുമാത്രം അലോസരപ്പെടുത്തുന്നുവെന്ന്   നിയമസഭയിൽ ദൃശ്യമായി. അടിയന്തരപ്രമേയമെന്നപേരിൽ അവർ എഴുന്നള്ളിച്ച അസംബന്ധങ്ങൾ ഒന്നൊന്നായി പൊളിഞ്ഞുവീണു. കിഫ്ബിയുടെയും മസാലബോണ്ടിന്റെയും കാര്യത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വേളയിൽ ആരംഭിച്ചതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നങ്ങൾ. ദുരാരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്റെ വലിയൊരു നേട്ടത്തെ അപകീർത്തിപ്പെടുത്താനാണ്  ശ്രമിച്ചത്. ആ ശ്രമം ദയനീയമായി  തകർന്നുപോയി.   

സംസ്ഥാനത്തെ പ്രതിസന്ധിക്കുള്ള മറുപടിയാണ് കിഫ്ബി.  ബജറ്റിൽ നിന്നുകൊണ്ട് ഒരു സംസ്ഥാനത്തിന് മാത്രം ഉത്തേജക പാക്കേജ് സാധ്യമല്ല. അതുകൊണ്ടാണ് കിഫ്ബി വഴി 50,000 കോടി നിക്ഷേപിക്കാൻ സർക്കാർ തീരുമാനമെടുത്തത്. എല്ലാ പദ്ധതികളും ബജറ്റിൽ നിയമസഭയുടെ മുമ്പാകെ അവതരിപ്പിച്ചതാണ്. ബജറ്റിന് പുറത്തുനിന്നുള്ള വായ‌്പയുടെയും  തിരിച്ചടവിന്റെയും സാധ്യതകളെല്ലാം നിയമസഭയെ വിശദമായി ബോധ്യപ്പെടുത്തിയതാണ്. ഈ ലക്ഷ്യം കൈവരിക്കാൻ കിഫ്ബിയെ പ്രാപ്തമാക്കുന്ന നിയമഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. അന്നൊന്നുമില്ലാത്ത വെപ്രാളവും വേവലാതിയുമാണ് ഇപ്പോൾ പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. അതിന്റെ കാരണം രാഷ്ട്രീയമാണെന്ന് ആർക്കാണറിയാത്തത്?

കിഫ്ബി ദിവാസ്വപ‌്നമാണെന്നും പദ്ധതികളൊന്നും നടക്കില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യപ്രചാരണം. എന്നാൽ, പ്രഖ്യാപിച്ച പദ്ധതികൾ ഒന്നൊന്നായി നിർവഹണഘട്ടത്തിലേക്ക‌് മാറിയതോടെ അങ്കലാപ്പ‌് തുടങ്ങി. ഈ വികസനനേട്ടങ്ങൾ എൽഡിഎഫിന‌് രാഷ്ട്രീയമേൽക്കൈ നൽകുമോ എന്ന ആധിയായി. അതിൽനിന്നാണ് കുശുമ്പിന്റെയും കുന്നായ‌്മയുടെയും  വിഷൂചിക പൊങ്ങിയത്.

പശ്ചാത്തലസൗകര്യസൃഷ്ടി സ്വകാര്യനിക്ഷേപത്തെ ആകർഷിക്കും, സാമ്പത്തികക്കുതിപ്പ് സൃഷ്ടിക്കും. ഇതിന് അങ്ങനെ വായ‌്പയെടുക്കേണ്ടി വരുന്ന 50,000 കോടി രൂപയുടെ പലിശ താങ്ങാനാകാത്ത ഭാരമാകുന്നില്ല. നിയമസഭ വ്യവസ്ഥ ചെയ‌്തപോലെ മോട്ടോർവാഹന നികുതിയുടെ പകുതി നൽകിയാൽ മതിയാകും. 2030നുള്ളിൽ ഇപ്പോൾ എടുക്കുന്ന വായ‌്പകൾ പൂർണമായും അടച്ചുതീർക്കാനാകും. ഇതിന് കിഫ്ബിക്ക് ലഭിക്കുന്ന വിഹിതംമാത്രം മതിയാകും. ഇതിന്റെ കണക്ക് നിയമസഭയിൽ സമർപ്പിച്ചിട്ടുള്ളതാണ്.

മസാല ബോണ്ടിന്റെ പലിശ 9.723 ശതമാനമാണ്. ഈ പലിശ ന്യായമാണോ എന്ന സംശയത്തിനും ധനമന്ത്രി വ്യക്തമായി മറുപടി പറഞ്ഞു.  ഏതെങ്കിലും സ്രോതസ്സിൽനിന്ന‌് 50,000 കോടി രൂപ സമാഹരിക്കാനാകില്ല. എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തണം.

2 മുതൽ 10.25 വരെ പലിശനിരക്കിലാണ് നമ്മൾ ആഭ്യന്തര ബോണ്ട് ഇറക്കിയത്. ഈ പലിശനിരക്കിൽ അവ വിറ്റുപോയില്ല. റിസർവ‌് ബാങ്കിന്റെ അനുമതി ലഭിച്ചപ്പോൾ മസാല ബോണ്ട് വിപണിയിൽ ഇറക്കി.  മാർച്ച് 31 നുമുമ്പ് ബോണ്ട് വിൽപ്പന നടത്തിയാൽ 0.5 ശതമാനം വിത്ത‌്ഹോൾഡിങ‌് ടാക‌്സ‌് ഇളവ് ലഭിക്കുമായിരുന്നു. അതുകൂടി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. മാത്രമല്ല, 9.7 ന്യായമായ കൂപ്പൺ റേറ്റാണെന്നാണ് വിദഗ‌്ധർ തീരുമാനിച്ചത്.  കിഫ്ബിയുടെ ഫണ്ട് ട്രസ്റ്റി ആൻഡ‌് അഡ്വൈസറി കമീഷൻ ഈ നിരക്ക് ന്യായമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യൻ ബോണ്ട് മാർക്കറ്റിൽ കിഫ്ബിക്ക് എ പ്ലസ് റേറ്റിങ്ങാണ‌്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എ പ്ലസോ അതിന് താഴെയോ റേറ്റിങ്ങുള്ള 27 ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്. അവയുടെ ശരാശരി പലിശനിരക്ക് 10.68 ആണ്. ഇതിനേക്കാൾ എത്രയോ കുറവാണ് മസാല ബോണ്ടിന്റെ 9.723 എന്നത്.

അടുത്തതായി ഉയർന്നുവന്ന പ്രശ്നം കിഫ്ബി ബോണ്ട് പ്രൈവറ്റ് ഇഷ്യൂവാണോ പബ്ലിക് ഇഷ്യൂവാണോ എന്നതാണ്. ക്യാനഡയിലെ ക്യൂബക് പ്രവിശ്യയിലെ നിക്ഷേപകരോട് ബന്ധപ്പെടുത്തി ഇറക്കിയ ഓഫർ സർക്കുലറിന്റെ അനുബന്ധത്തിൽ പ്രൈവറ്റ് പ്ലെയ്സ്‌മെന്റ‌് പറഞ്ഞിരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിവാദം കൊഴുപ്പിക്കുന്നത്. ഇത് അസംബന്ധമാണ്. കിഫ്ബി മസാല ബോണ്ട് പബ്ലിക് ഇഷ്യൂവാണ്. സിംഗപ്പുർ, ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ‌്ത‌് പരസ്യമായി  നിക്ഷേപകരെ ക്ഷണിച്ച് ഇന്റർനാഷണൽ ബോണ്ട് മാർക്കറ്റിങ‌് അസോസിയേഷന്റെ യൂറോ ക്ലിയറിങ‌് പ്ലാറ്റ്ഫോം വഴി സന്നദ്ധതാപത്രം  വാങ്ങി ഏറ്റവും താഴ‌്ന്ന പലിശ വാഗ്ദാനം  ചെയ്‌തവരിൽനിന്നാണ് സ്വീകരിച്ചിട്ടുള്ളത്. സാങ്കേതികമായ ഇത്തരം കാര്യങ്ങൾ മനസ്സിലാകാതെയോ അറിഞ്ഞില്ലെന്ന് ധരിച്ചോ പ്രതിപക്ഷം ഉന്നയിച്ച തട്ടുപൊളിപ്പൻ ആരോപണങ്ങളാണ് നിയമസഭയിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒന്നൊഴിയാതെ പൊളിച്ചത്.  ലാവ‌്‌ലിൻ വിവാദവുമായി മസാല ബോണ്ടിനെ ബന്ധിപ്പിക്കാനുള്ള നീക്കവും എട്ടുനിലയിൽ പൊട്ടി. നിയമസഭയിൽ വിശദമായി ചർച്ച ചെയ‌്ത‌് ഒറ്റക്കെട്ടായി അംഗീകരിച്ച ഒരു സംവിധാനം വിജയത്തിലെത്തുമ്പോൾ ഇത്തരം അസഹിഷ‌്ണുതാ പ്രകടനവുമായി പ്രതിപക്ഷം രംഗത്തു വരുന്നതിന്റെ ദുഷ്ടലാക്ക് മറനീക്കി പുറത്തുവരുന്നതായിരുന്നു നിയമസഭാ ചർച്ച. കേരളത്തിന്റെ പുരോഗതിക്ക‌് വിലങ്ങുതടിയാകുന്ന ഈ സമീപനം യുഡിഎഫ് ഉപേക്ഷിക്കുന്നതാണുചിതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top