26 April Friday

കേരളത്തിന‌് അഭിമാന നിമിഷം

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019


ലണ്ടനിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ‌്ച  മുഴക്കിയത് കേരളത്തിന്റെ അതിജീവനത്തിന്റെ വിജയമണിയാണ്. കേരള അടിസ്ഥാനസൗകര്യ വികസന ബോർഡിന്റെ (കിഫ‌്ബി) മസാല ബോണ്ട‌് ലണ്ടൻ എക‌്സ‌്ചേഞ്ചിൽ ഔദ്യോഗികമായി ലിസ്‌റ്റ‌് ചെയ്യപ്പെട്ടപ്പോൾ പ്രതിസന്ധികളിൽനിന്ന‌് കരകയറാനും പരിമിതികൾ മറികടക്കാനുമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി  ഗവൺമെന്റിന്റെ ഇച്ഛാശക്തിയുടെ വിജയമാണ് വിളംബരം ചെയ്യപ്പെട്ടത്.

ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയാണ്  കിഫ്ബി സ്വന്തമാക്കിയത്.  ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ച് ക്ഷണിക്കുന്നതും ആദ്യമാണ്.  ധനമന്ത്രി തോമസ‌് ഐസക്കും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

സംസ്ഥാനത്തിന‌് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം ഇതിലൂടെ തുറക്കപ്പെടുകയാണ്. അതോടൊപ്പം ഫണ്ട് മാനേജ്‌മെന്റിന്റെ  ലോകോത്തര സമ്പ്രദായങ്ങൾ തൊട്ടറിഞ്ഞ‌് യുക്തമായവ സ്വാംശീകരിക്കാനും ഇതിലൂടെ സാധ്യമാകുന്നു. പ്രതിപക്ഷ നേതാവ് പരിഹസിച്ച "ആകാശ കുസുമം’ ലണ്ടനിൽ വിരിഞ്ഞ‌് സൗരഭ്യം പരത്തുമ്പോൾ കിഫ്ബിക്കും സംസ്ഥാന സർക്കാരിനുമെതിരെ സങ്കുചിതശക്തികൾ ഉയർത്തിയ ആക്ഷേപങ്ങൾ ചരമഗതിയടയുകയാണ്. 

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നെടുംതൂണായി കിഫ്‌ബി മാറിയിരിക്കുന്നു.  മസാല ബോണ്ട‌് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ‌് ഇതിനകം കിഫ്‌ബി സമാഹരിച്ചത്. പ്രവാസി ചിട്ടി എന്ന ആശയത്തിന്റെ  വ്യാപനത്തിനും വെള്ളിയാഴ്ച ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചു,  മോണ്ട‌്കാം റോയൽ ലണ്ടൻ ഹൗസ‌് ഹോട്ടലിൽ കെഎസ‌്എഫ‌്ഇയുടെ യൂറോപ്യൻ പ്രവാസി ചിട്ടി മുഖ്യമന്ത്രി ഉദ്ഘാടനംചെയ‌്തു. ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ നടന്ന ആ ചടങ്ങും കേരളത്തിന്റെ പുരോഗതിക്ക‌് മുതൽക്കൂട്ടാവുന്ന ചുവടുവയ‌്പാണ്.  

കിഫ്ബിയെക്കുറിച്ച‌് നടക്കാത്ത സ്വപ‌്നമെന്നും മസാല ബോണ്ടിനെക്കുറിച്ച‌് "ലാവലിൻ സന്തതി’ എന്നും ആക്ഷേപിച്ചത് ഏതെങ്കിലും വിവരശൂന്യ കേന്ദ്രങ്ങളല്ല. കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്ന നേതാവ് തന്നെയാണ്. മുന്നിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കാതെ, സ്വന്തം മണ്ഡലമായ ഹരിപ്പാട്ട‌് കിഫ്‌ബി വഴി നടപ്പാക്കുന്ന പദ്ധതിപോലും കാണാതെ, ഏതോ കുബുദ്ധികൾ എഴുതിക്കൊടുത്ത അസംബന്ധങ്ങളുടെ നിരന്തര പ്രചാരകനാവുകയായിരുന്നു രമേശ് ചെന്നിത്തല. മൂന്നു പതിറ്റാണ്ടിലേറെയായി കേരളം ചർച്ചചെയ്യുന്ന  തീരദേശ ഹൈവേയും മലയോര ഹൈവേയും കിഫ്ബി വഴി നിർമാണം ആരംഭിച്ചതടക്കം ധനമന്ത്രി തോമസ് ഐസക് ഓർമിപ്പിച്ചിട്ടും കിഫ്‌ബി വിരുദ്ധ ജ്വരവുമായി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട‌് പരിഹാസ്യനാകുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇക്കഴിഞ്ഞ ദിവസവും കേരളം കണ്ടത്.  കിഫ്ബി ഉഡായിപ്പാണെന്ന‌്  പ്രതിപക്ഷ നേതാവ്  ആക്ഷേപിച്ച  ദിവസം  ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന നിർണായക തീരുമാനം വന്ന അതേ ദിവസമായിരുന്നു എന്നത് കേവലം യാദൃച്ഛികത അല്ല.

കേരളത്തിന്റെ വിവിധങ്ങളായ വികസനപദ്ധതികൾക്ക് സാമ്പത്തിക പിന്തുണ തേടി പതിനഞ്ചു മാസം നടത്തിയ  നീക്കങ്ങൾക്ക് പരിസമാപ്തിയാകുന്ന വേളയിൽ അതിനെയാകെ തുരങ്കംവയ‌്ക്കുന്ന രീതിയിൽ അടിസ്ഥാനരഹിതമായ ആരോപണവുമായി വന്നത്, കിഫ‌്ബിയെ തുരങ്കംവയ‌്ക്കാൻ തന്നെയായിരുന്നു. കിഫ്ബിയെയും അതിലൂടെ യാഥാർഥ്യമാകുന്ന പദ്ധതികളെയും തകർക്കാൻ കേരളത്തിലെ  പ്രതിപക്ഷം  ആവർത്തിച്ചു ശ്രമിച്ചു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചതിനേക്കാൾ വാശിയോടെയാണ് കിഫ്‌ബി വിരുദ്ധ പ്രചാരണം നടത്തിയത്. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിലെ കിഫ്ബി പ്രവൃത്തികൾക്കുപോലും ഒരു മുടക്കവും സർക്കാർ വരുത്തിയിട്ടില്ല. 

ലോകത്തെ പ്രമുഖ നിക്ഷേപക ഏജൻസികൾ കിഫ്ബിയുടെ യോഗ്യത സസൂക്ഷ‌്മം പരിശോധിച്ചുകഴിഞ്ഞു. അതിന്റെ ഫലമാണ് ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ച‌് അസാധാരണമായ രീതിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതും മസാല ബോണ്ട് ലിസ്റ്റ് ചെയ‌്തതും. സംസ്ഥാനത്തെ ഭാവിയിലേക്ക് നയിക്കാനുള്ള പദ്ധതികൾക്കായി പണം  സമാഹരിക്കാൻ പല അന്തർദേശീയ വേദികളിലും കിഫ്ബി  ശ്രമിക്കുകയാണ്. അതിന്റെ വലിയ വിജയം ലണ്ടനിൽ അരങ്ങേറുമ്പോൾ പ്രതിപക്ഷ നേതാവിന്റെയോ ശാപവാക്കുകാരുടെയോ ജൽപ്പനകൾക്ക‌് ഒരിടത്തും വില കിട്ടുന്നില്ല എന്ന യാഥാർഥ്യവും മറനീക്കുന്നു.   

കിഫ്ബി നിയമം നിയമസഭയിൽ പാസാക്കിയത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ്.  വിവിധ മേഖലകളിലും പ്രദേശങ്ങളിലും പദ്ധതികൾ രൂപീകരിക്കുന്നതും അംഗീകാരം നൽകുന്നതും ഭരണ പ്രതിപക്ഷ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ്. എന്നിട്ടും അതിന‌് തുരങ്കംവയ‌്ക്കാനും നെറികെട്ട ആരോപണങ്ങൾ ഉന്നയിക്കാനും തയ്യാറായവരുടെ മാനസികാവസ്ഥ കേരളത്തിലെ ജനങ്ങൾ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. വഴികൾ അടഞ്ഞു കിടക്കുമ്പോൾ നൈരാശ്യത്തോടെ പിന്മാറാനല്ല എൽഡിഎഫിനെ ജനങ്ങൾ തെരഞ്ഞെടുത്തത്. പുതിയ വഴികൾ കണ്ടെത്തി നാടിനെ നയിക്കാനാണ്. ആ ഉത്തരവാദിത്തമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നിർവഹിക്കുന്നത്. അതിനുള്ള അംഗീകാരമാണ് ലണ്ടനിൽ കണ്ടത്. അത് കേരളത്തിലെ ജനങ്ങൾ മാത്രമല്ല, ലോകത്തെമ്പാടുമുള്ളവർ ശ്രദ്ധിക്കുന്നുണ്ട‌്; അംഗീകരിക്കുന്നുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top