15 April Monday

കിഫ്ബിക്കെതിരായ ഒളിയുദ്ധം വീണ്ടും

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021


കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ദുഃസ്വപ്നമായിട്ട് ഏറെനാളായി. മഹാമാരിക്കാലത്തുപോലും സംസ്ഥാന വികസനത്തിന്റെ ധനധമനിയായി മാറിയെന്നതാണ് കിഫ്ബിയിൽ അവർ കാണുന്ന ‘കുറ്റം'. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കിഫ്ബിയെ അപവാദങ്ങളിൽ മുക്കിക്കൊല്ലാൻ തീവ്രശ്രമം നടന്നിരുന്നു. കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ കണ്ടെത്തലെന്ന മട്ടിൽ ചിലത് ഉയർത്തിയായിരുന്നു അന്ന് യുദ്ധം. അതെല്ലാം അതിനുമുമ്പുതന്നെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണമായി ഉയർന്ന കാര്യങ്ങളുമായിരുന്നു. ആക്ഷേപങ്ങൾ ശക്തമായി പ്രതിരോധിക്കാൻ സർക്കാരിനും എൽഡിഎഫിനും കഴിഞ്ഞു. ജനവിധിയിൽ അവ എരിഞ്ഞടങ്ങുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച കിഫ്ബിയുടെ സ്ഥാപകദിനമായിരുന്നു. സ്വാഭാവികമായും  കിഫ്ബിയുടെ നേട്ടങ്ങൾ ചർച്ചയാകുമെന്നുറപ്പ്. 64,338 കോടി രൂപയുടെ 918 പദ്ധതിക്ക്‌ ഇതുവരെ  കിഫ്ബിയുടെ ധനാനുമതിയായിട്ടുണ്ട്‌. ദേശീയപാത വികസനം, വ്യവസായ ഇടനാഴികൾ, വ്യവസായ പാർക്കുകൾ എന്നിവയ്‌ക്ക്‌ സ്ഥലമേറ്റെടുക്കാൻ 20,000 കോടി രൂപ വേറെയുമുണ്ട്‌. പഴയ ആരോപണങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കിയാൽ ശ്രദ്ധനേടാമെന്ന് ചിലർ കരുതി. അതിന്റെ ഫലമാണ് പുതിയ കിഫ്‌ബി വിവാദം.

ഇത്തവണയും സിഎജിയുടെ ആരും കാണാത്ത ‘റിപ്പോർട്ട്‌' ആയിരുന്നു മുഖ്യ ആയുധം. കഴിഞ്ഞതവണ വിദേശ കടമെടുപ്പ് കേന്ദ്രാവകാശമാണെന്നും കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്നുംവരെ വിധിച്ച ‘കേന്ദ്ര കണക്കെഴുത്തുകാർ' ഇത്തവണ അതുപോലെയുള്ള വിഡ്ഢിത്തം ആവർത്തിച്ചില്ല. പകരം "പോസ്റ്റ് ഓഡിറ്റ് കണ്ടെത്തൽ"എന്നൊരു ഭാഗം ചേർത്തായിരുന്നു കളി. ഈ ‘റിപ്പോർട്ട്' ആകട്ടെ ഇതുവരെ സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുമില്ല. സർക്കാരും കിഫ്ബിയും പലപ്പോഴായി നൽകിയ ഉത്തരങ്ങൾ ഒളിപ്പിച്ചുവച്ച് ചോദ്യങ്ങൾ ചോർത്തിയും വാർത്താനിർമിതി നടന്നു. കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമെന്ന് മാധ്യമങ്ങൾക്ക് തലക്കെട്ടൊരുക്കാൻ പാകത്തിൽ ചിലതാണ് പുറത്തുവിട്ടത്. എന്നാൽ, ആ കണക്കെടുപ്പിലെ അബദ്ധങ്ങൾ വിശദമായിത്തന്നെ ഇപ്പോഴത്തെ ധനമന്ത്രിയും മുൻ ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.


 

തെരഞ്ഞെടുപ്പുകാലത്ത് കിഫ്ബിക്കെതിരായ ഈ ഒളിപ്പോര് നയിക്കാൻ കേരളത്തിലെ ഒരു എജി നേരിട്ടിറങ്ങുകയായിരുന്നു. പ്രതിപക്ഷ ഭടനെപ്പോലെ കരുനീക്കം നടത്തിയ ആ ഉദ്യോഗസ്ഥൻ ഇപ്പോൾ ഇവിടെയില്ല. പക്ഷേ, പുതിയ വിവാദത്തിന്‌ ഡൽഹിയിൽനിന്ന് ഇദ്ദേഹംതന്നെ ചരടുവലിക്കുന്നതായാണ് വാർത്തകൾ. അതിൽ അത്ഭുതമില്ല. സിഎജി ഭരണഘടനാ സ്ഥാപനമാണ്‌. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി അവയുടെ വിശ്വാസ്യത തകർക്കുകയാണ് മോദി സർക്കാർ.  കേന്ദ്ര സർക്കാരിന്റെ വൻകൊള്ളകൾ പലതും മുമ്പ് പുറത്തുകൊണ്ടുവന്നിട്ടുള്ള സിഎജി അത്തരം വിഷയങ്ങളിൽ നിശ്ശബ്ദതയിലാണ്. അങ്ങനെ പല്ലും നഖവും കൊഴിച്ച ഈ സ്ഥാപനത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് അഴിച്ചുവിട്ട് അവിടത്തെ സർക്കാരുകളെ കുരച്ചു ഭയപ്പെടുത്താനാണ്  ഉപയോഗിക്കുന്നത്. ഒരിക്കൽ പൊളിഞ്ഞ വാദങ്ങളുമായി സിഎജിയുടെ ഈ രണ്ടാംവരവ് അതിന്റെ ഭാഗമാണെന്നു കരുതാം. ഈ സൂചനയെ ശരിവയ്‌ക്കുന്നതാണ്  ഓഡിറ്റ്ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന. സിഎജിയെ അമിതമായി പ്രശംസിച്ച നരേന്ദ്ര മോദി പറഞ്ഞത് ‘സിഎജിയെ പേടിക്കുന്ന കാലം പോയി' എന്നാണ്. പേടിപ്പിക്കാൻ കഴിയാത്തവിധം  ആ സ്ഥാപനത്തെ ചൊൽപ്പടിയിലാക്കിക്കഴിഞ്ഞുവെന്നുതന്നെയാണ് ഇതിന്റെ പരിഭാഷ.

കേരളത്തോടും കിഫ്ബിയോടും ചിലർ നടത്തുന്ന ഈ സാഡിസ്റ്റ് ആക്രമണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്. വികസനത്തിന്റെ പാതയിൽ സർക്കാർ വയ്‌ക്കുന്ന ചുവടുകൾ പിൻവലിപ്പിക്കാമെന്ന വ്യാമോഹത്തിലാണെങ്കിൽ ആ കളി വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതെ, കേരളം പിന്നോട്ടുപോകില്ല. പുതിയ ധനസമാഹരണ മാതൃകകൾ സൃഷ്ടിച്ചും വികസനത്തിന്റെ നവവഴികൾ തുറന്നും നമ്മൾ കുതിക്കുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top