20 April Saturday

കിഫ‌്ബിക്കും കേരളത്തിനും അന്താരാഷ്ട്ര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

കേരള സർക്കാരിന്റെ നവീന നിക്ഷേപ സമാഹരണ യജ്ഞമായ കിഫ‌്ബി മാസാല ബോണ്ടുകൾക്കെതിരെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും തുടരുന്ന ദുഷ‌്പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായി ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിന്റെ തീരുമാനം. മെയ‌് 17ന‌്  ലണ്ടനിൽ കിഫ‌്ബി മസാല ബോണ്ടുകൾ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക‌് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ക്ഷണം കേരളത്തിന‌് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന അത്യപൂർവ ബഹുമതിയാണ‌്. ലോകത്തെ ഏറ്റവും പഴക്കംചെന്ന ഓഹരിവിപണികളിൽ ഒന്നാ‌ണ‌് ലണ്ടൻ സ്റ്റോക്ക് എക‌്സ‌്ചേഞ്ച‌്.  ദേശീയ സർക്കാരുകളുടെ പ്രതിനിധികളെയല്ലാതെ, സംസ്ഥാന –- പ്രവിശ്യ ഭരണാധികാരികളെ ഇത്തരം ചടങ്ങിലേക്ക‌് ക്ഷണിക്കുന്ന പതിവില്ല. പതിവുതെറ്റിച്ചുകൊണ്ട‌് മുഖ്യമന്ത്രിയെ ലണ്ടനിലേക്ക‌് ക്ഷണിച്ചത‌് രാജ്യാന്തര ധനകാര്യകേന്ദ്രങ്ങളിൽ സജീവചർച്ചയാണ‌്. 

വിദേശ ഓഹരിക്കമ്പോളത്തിൽനിന്ന‌് കഴിഞ്ഞ വാരത്തിൽ കിഫ‌്ബി സമാഹരിച്ച 2150 കോടി രൂപ വിവാദത്തിൽ കുടുക്കാൻ നടക്കുന്ന ശ്രമങ്ങൾക്കിടെയാണ‌്‌ വീണ്ടും മികച്ച നിലയിലുള്ള ഓഹരി വിൽപ്പനയ‌്ക്ക‌് വഴിതെളിയുന്നത‌്. വിദേശനിക്ഷേപകരുടെ ആവശ്യം പരിഗണിച്ച‌് വീണ്ടും മസാല ബോണ്ട‌് വിൽപ്പനയ‌്ക്ക‌് വയ‌്ക്കുമ്പോൾ 400 കോടിയുടെ ഇടപാട‌് കൂടി ലണ്ടൻ, സിംഗപ്പുർ എക‌്സ‌്ചേഞ്ചുകൾവഴി നടക്കുമെന്നാണ‌് പ്രതീക്ഷ. ഇതോടെ റിസർവ‌് ബാങ്ക‌് അനുവദിച്ച 2672 കോടിയുടെ ബോണ്ടും വിറ്റഴിയും.  അന്താരാഷ്ട്ര ഓഹരിക്കമ്പോളത്തിൽ നാം നേടിയെടുത്ത വിശ്വാസ്യത കേരളത്തിന്റെ  ഭാവിവികസനത്തിൽ സുപ്രധാന നാഴികക്കല്ലാകും. ബജറ്റിനെയും റവന്യൂ വരുമാനത്തെയും ആശ്രയിച്ച‌് അടിസ്ഥാന പശ്ചാത്തലവികസനം സാധ്യമല്ലെന്ന യാഥാർഥ്യം അംഗീകരിക്കുമ്പോൾ സർക്കാരുകൾക്ക‌് മുന്നിൽ തെളിയുന്ന  വഴി

ഇതുവരെ  സ്വകാര്യപങ്കാളിത്തം മാത്രമായിരുന്നു. നിലവിലുള്ള പൊതുമേഖലാ സ്ഥാപനമായാലും പുതിയ സംരംഭങ്ങളായാലും സർക്കാർ ഭൂമിയും മൂലധനവും സ്വകാര്യമേഖലയ‌്ക്ക‌് തുറന്നുകൊടുക്കുക. മുതൽമുടക്കിന്റെ ഒരു ഭാഗം നിർവഹിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കാണ‌് വരുമാനം മുഴുവനും. നാൽപ്പതോ അമ്പതോ വർഷം കഴിയുമ്പോൾ പദ്ധതി പൊതുസ്വത്താകുമെന്നാണ‌് സങ്കൽപ്പം. പദ്ധതികൾക്ക‌് ചെലവിടാൻ സർക്കാരിന‌് പണമില്ലെങ്കിൽ പിന്നെന്തു പോംവഴി ? സ്വകാര്യ പങ്കാളികൾക്ക‌് പഞ്ഞവുമില്ല. ചുരുക്കത്തിൽ സ്വകാര്യ മുതൽമുടക്കിന‌് ഭൂമിയും നിയമസാധുതയും നേടിക്കൊടുക്കൽ മാത്രമായി സർക്കാരിന്റെ പണി. പൊതു–- സ്വകാര്യ പങ്കാളിത്തം (പിപിപി) എന്ന രീതിയിലേ ഇനി നാട്ടിൽ വികസനം നടക്കൂ എന്ന‌് വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്താണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ പുതിയൊരു പരീക്ഷണത്തിന‌് തുടക്കമിട്ടത‌്.

കേരള ഇൻഫ്രാസ‌്ട്രെക‌്ചർ ഫണ്ട‌് ബോർഡ‌്                          (കിഫ‌്ബി) വഴി 50000 കോടി സമാഹരിക്കുമെന്ന‌് 2016 ലെ ബജറ്റിൽ ധനമന്ത്രി തോമസ‌് ഐസക‌് പ്രഖ്യാപിച്ചപ്പോൾ  പരിഹസിച്ചവർതന്നെയാണ‌് ഇപ്പോൾ പദ്ധതിയുടെ വൻവിജയത്തെ ഇകഴ‌്ത്താൻ പരിശ്രമിക്കുന്നതും. മസാല ബോണ്ട‌് ഇറക്കാൻ  റിസർവ‌് ബാങ്കിൽനിന്ന‌് അനുമതിനേടിയ രാജ്യത്തെ ഏക സംസ്ഥാന സർക്കാർ സ്ഥാപനമാണ‌് കിഫ‌്ബി. ഇന്ത്യൻ രൂപയിൽ ബോണ്ടുകളിറക്കി അത‌് അന്താരാഷ്ട്ര സ‌്റ്റോക്ക‌് എക‌്സ‌്‌ചേഞ്ചുകളിൽ ലിസ‌്റ്റ‌് ചെയ്യിക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനമാണ‌് കഴിഞ്ഞ 15 മാസമായി കേരള ധനവകുപ്പ‌് നടത്തിവന്നത‌്. ക്രെഡിറ്റ‌് റേറ്റിങ‌് ലഭിച്ചതിനുപിന്നാലെ സെപ്തംബറിൽ ലണ്ടൻ, സിംഗപ്പുർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളിൽ ലിസ‌്റ്റുചെയ്തു. സാധാരണ പ്രവാസികൾ മുതൽ അന്താരാഷ്ട്ര ധനസ്ഥാപനങ്ങൾവരെ കിഫ‌്ബിയോട‌് ക്രിയാത്മകമായി പ്രതികരിച്ചു. ഏറ്റവുമൊടുവിൽ കനേഡിയൻ സർക്കാർ ഉടമസ്ഥതയിലുള്ള പെൻഷൻഫണ്ട‌ായ  സിഡിപിക്യു  2150 കോടിയുടെ നിക്ഷേപം കിഫ‌്ബിയുടെ മസാല ബോണ്ടുകളിൽ നടത്തി. സിഡിപിക്യു നേരത്തെ ലാവ‌്‌ലിൻ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന അർഥശൂന്യമായ വിവാദമാണ‌് ഈ ഘട്ടത്തിൽ ചിലർ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത‌്. ഇതിന‌് ധനമന്ത്രിയും കിഫ‌്ബി അധികൃതരും കൃത്യമായ മറുപടി നൽകിയെങ്കിലും തെരഞ്ഞെടുപ്പ‌് ലാക്കാക്കിയുള്ള പൊയ‌് വെടി തുടരുകയാണ‌് ചെന്നിത്തലയും കൂട്ടരും. 

ധനസമാഹരണത്തിലെന്നതുപോലെ പദ്ധതികളുടെ തെരഞ്ഞെടുപ്പിലും നിർവഹണത്തിലും  വ്യത്യസ‌്തത പുലർത്താൻ കിഫ‌്ബിക്ക‌് സാധിച്ചിട്ടുണ്ട‌്. ഭരണം ആയിരംദിനം തികയ‌്ക്കുമ്പോഴേയ‌്ക്ക‌് 533 പദ്ധതികളിലൂടെ  42,363 കോടി രൂപയുടെ പ്രവൃത്തികൾക്ക‌് തുടക്കം കുറിക്കാനായി.   25 വർഷത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ‌്, എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ച‌് പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നത‌്. സംസ്ഥാന ഹൈവേകൾ, മിനി ബൈപാസുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ,  ഹൈടെക് ക്ലാസ്റൂം, സർക്കാർ  ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റ‌്,  കാത്ത് ലാബ‌്, ജലഗതാഗതം, ഐടി വികസനം, വൈദ്യുതി, സാംസ‌്കാരികകേന്ദ്രങ്ങൾ, മൃഗസംരക്ഷണകേന്ദ്രങ്ങൾ, ഊർജോൽപ്പാദനം, കുടിവെള്ളവിതരണം , വനമേഖലയിൽ   സോളാർ ഫെൻസിങ‌്, മലയോര, തീരദേശ പാതകൾ, ഉൾനാടൻ റോഡുകൾ തുടങ്ങി  സർവതലസ‌്പർശിയാണ‌് കിഫ‌്ബിയുടെ പദ്ധതികൾ.  ഊർജം,  ട്രാൻസ‌്‌ഗ്രിഡ‌്, ഐടി, വ്യവസായം തുടങ്ങിയ മേഖലകളിൽ വൻസാധ്യതകളാണ‌് തെളിയുന്നത‌്. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ സംരംഭങ്ങളുടെ അനുബന്ധമായും  പുതിയ നിക്ഷേപങ്ങൾക്ക‌് കിഫ‌്ബി വഴിതുറക്കും.

മൂലധനം ദൗർലഭ്യം മുരടിപ്പിച്ച നമ്മുടെ നാടിന‌് പുതിയൊരു ഉയിർപ്പ‌് നൽകുന്നതാണ‌്  എൽഡിഎഫ‌് സർക്കാരിന്റെ ഭാവനാപൂർണമായ പദ്ധതികല്ലൊം. അതിൽ ഏറ്റവും തിളങ്ങുന്നതാകട്ടെ കിഫ‌്ബിയും. ഈ വിജയമുഹൂർത്തത്തിൽ നല്ല വാക്ക‌് പറയാതിരിക്കുന്നത‌് ക്ഷമിക്കാം. എന്നാൽ, ലാവ‌്‌ലിൻ ബന്ധമെന്നുംമറ്റും വിളിച്ചുകൂവി പുകമറ സൃഷ്ടിക്കുന്നവർ ഈ നാടിന്റെ ശത്രുക്കളാണ‌്. എല്ലാ നല്ല സംരംഭങ്ങളെയും കുതികാൽവെട്ടി വീഴ‌്ത്താൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ ദുഷ‌്ടലാക്കിന‌് ലഭിച്ച വലിയ തിരിച്ചടിയാണ‌് കിഫ‌്ബിയുടെ അത്ഭുതകരമായ വിജയം. ഇതിന‌് നേതൃത്വം നൽകിയ എൽഡിഎഫ‌് സർക്കാരിന‌് അഭിനന്ദനങ്ങൾ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top