25 April Thursday

കേരളത്തിന്റെ രത്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 4, 2021



രാജ്യത്തെ പരമോന്നത കായിക ബഹുമതിയുടെ നിറവിലാണ് കേരളം. മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന്‌ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് അർഹനായി. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യപരിശീലകനായ പി രാധാകൃഷ്ണൻ നായർക്ക് ദ്രോണാചാര്യ ലഭിച്ചു. പരിശീലന മികവിനുള്ള ആജീവനാന്ത ദ്രോണാചാര്യക്ക് ടി പി ഔസേഫ് അർഹനായി. ബോക്സിങ് താരം കെ സി ലേഖ കായികരംഗത്തെ ആ ജീവനാന്ത മികവിനുള്ള ധ്യാൻചന്ദ് പുരസ്കാരവും നേടി.

കോവിഡ് മഹാമാരിയിൽനിന്നും കുതറിമാറി, ഉണരാൻ വെമ്പുന്ന കേരളത്തിന്റെ കായികമേഖലയ്‌ക്ക് ഈ അംഗീകാരങ്ങൾ കുതിപ്പേകും. ശ്രീജേഷ് ഉൾപ്പെടെ 12 കായിക താരങ്ങൾക്കാണ് ഇത്തവണ ഖേൽരത്ന. ഇത്രയധികം പേർക്ക് ഒരുവർഷം ഖേൽരത്ന ലഭിക്കുന്നത് ആദ്യമാണ്. ടോക്യോ ഒളിമ്പിക്സിൽ ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയ്‌ക്കും ഖേൽരത്നയുണ്ട്. ഫുട്ബോളിൽ സുനിൽ ഛേത്രിക്കും ക്രിക്കറ്റിൽ മിതാലി രാജിനും ശ്രീജേഷിനൊപ്പം അർഹതയ്ക്കുള്ള അംഗീകാരമായി.

ഖേൽരത്ന നേടുന്ന ആദ്യത്തെ പുരുഷ മലയാളി കായികതാരമാണ് ശ്രീജേഷ്. മൂന്നാം തവണയാണ് ഈ പുരസ്കാരം കേരളത്തിൽ എത്തുന്നത്. അത്‌ലറ്റുകളായ കെ എം ബീനാമോളും (2002) അഞ്ജു ബോബി ജോർജും (2003) ഇതിനുമുമ്പ് ബഹുമതി നേടിയവരാണ്. ശ്രീജേഷിന്റെ ജീവിതവും ഉയർച്ചയും പുതുതലമുറയ്‌ക്ക് മാതൃകയാണ്. സാധാരണ ചുറ്റുപാടിൽ വളർന്ന് കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും വിജയങ്ങൾ വെട്ടിപ്പിടിച്ച എറണാകുളം കിഴക്കമ്പലത്തുകാരന്റെ കഥ ഒരു പാഠപുസ്തകംതന്നെ. എക്കാലത്തും അത്‌ലറ്റിക്‌സായിരുന്നു കേരളത്തിന്റെ അഭിമാനം. തലമുറ മാറ്റത്തിൽ പകച്ചുപോയ അത്‌ലറ്റിക്സിന്റെ സ്ഥാനത്ത് ഇവിടെ അത്രയൊന്നും പ്രചാരം നേടാത്ത ഹോക്കിയിൽ കേരളത്തിനൊരു സ്പോർട്സ് അംബാസഡർ ഉണ്ടാകുന്നുവെന്നത് അഭിമാനകരമാണ്.

ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സിൽ ഒളിമ്പിക്സ് മെഡൽ നേടിയ സന്തോഷത്തിലാണ് മുഖ്യ പരിശീലകനായ പി രാധാകൃഷ്ണൻ നായർ. ആ സ്വർണ നേട്ടത്തിനുള്ള അംഗീകാരമാണ് ആലപ്പുഴ ചേർത്തലയ്‌ക്കടുത്ത് കഞ്ഞിക്കുഴിയിൽനിന്നുള്ള പരിശീലകനെ തേടിയെത്തിയത്. ചുമതലയേറ്റ ആദ്യവർഷം മെഡലിനൊപ്പം ദ്രോണാചാര്യയും ലഭിച്ചത് മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്താകും.

ഒരിക്കലും ലഭിക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ വൈകിയെങ്കിലും അംഗീകരിക്കപ്പെടുന്നത് എന്നാണ് ടി പി ഔസേഫിന്റെ നേട്ടത്തിൽ പറയാനുള്ളത്. പരിശീലനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു എഴുപത്തഞ്ചുകാരൻ. കായിക താരങ്ങളെ ചെറുപ്പത്തിൽ കണ്ടെത്തി അവരെ വളർത്തിയെടുക്കാനുള്ള കഴിവിന് എന്നേ അംഗീകാരം കിട്ടേണ്ടതായിരുന്നു. ആറു തവണയാണ് ദ്രോണാചാര്യ പുരസ്കാരത്തിൽനിന്ന്‌ അദ്ദേഹം തഴയപ്പെട്ടത്. അഞ്ജു ബോബി ജോർജിൽ തുടങ്ങുന്ന ശിഷ്യരുടെ പട്ടിക നീണ്ടതാണ്. ഈ പ്രായത്തിലും അടുത്ത ഒളിമ്പിക്സിനായി കുട്ടികളെ ഒരുക്കുന്നുവെന്ന് ഔസേഫ് പറയുമ്പോൾ ഒറ്റ വാക്കിൽ പറയാം ‘സല്യൂട്ട്'. അർജുന അവാർഡ് പലതവണ മാറിപ്പോയതിന്റെ സങ്കടം തീർക്കുന്നതാണ് കെ സി ലേഖയ്‌ക്കു കിട്ടിയ അംഗീകാരം. കേരളത്തിൽ ഇപ്പോഴും വലിയ പ്രചാരം കിട്ടാത്ത ബോക്സിങ്ങിൽ ലേഖ വർഷങ്ങളോളം ദേശീയ ചാമ്പ്യനായിരുന്നു. 2006ൽ ഡൽഹിയിൽ നടന്ന ലോക ബോക്സിങ്ങിൽ ചാമ്പ്യനായിട്ടുണ്ട്.

പുരസ്കാര ജേതാക്കളുടെ വഴികൾ എളുപ്പമായിരുന്നില്ല. ഇവരുടെയെല്ലാം ജീവിതം സ്പോർട്സിനായി സമർപ്പിതമാണ്. വിജയത്തിനും അംഗീകാരത്തിനും കുറുക്കുവഴികളില്ല. മഹാമാരിയെ അതിജീവിച്ച് കേരളത്തിലെ കളിക്കളങ്ങൾ വീണ്ടും ഉണരുന്ന കാലമാണ്. കാര്യമായ കളിയും പരിശീലനവുമില്ലാതെ രണ്ടു വർഷത്തോളം നഷ്ടമായി. അതെല്ലാം വീണ്ടെടുക്കാനുള്ള സമയമാണ് ഇനി. തിരിച്ചുവരവ് എളുപ്പമല്ല. പക്ഷേ, അത് അസാധ്യവുമല്ല. മുന്നോട്ടുള്ള കുതിപ്പിൽ ഇവരുടെയെല്ലാം ജീവിതകഥ നല്ലൊരു ഉത്തേജകമാകും, തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top