29 March Friday

വരുന്നൂ കെ ഫോൺ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളവയാണെന്ന് തുടർച്ചയായി തെളിയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഒരു സ്വപ്‌നപദ്ധതികൂടി പൂർത്തീകരണത്തോട് അടുക്കുന്നു. കേരളത്തിലൊട്ടാകെ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ദരിദ്രകുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി, മേയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വൻ പ്രളയവും കോവിഡ് മഹാമാരിയും മറികടന്നാണ് പദ്ധതി മുന്നേറുന്നത്.
യഥാർഥത്തിൽ കോവിഡ്കാലത്തിനുമുമ്പ് 2019ൽ കരാർ ഒപ്പുവച്ച പദ്ധതിയാണിത്. പക്ഷേ, കോവിഡ്ബാധ പദ്ധതിയുടെ പ്രസക്തി വർധിപ്പിക്കുകയാണ് ചെയ്തത്. ഇന്ന് വൻകിട കമ്പനികൾക്കുവേണ്ടി വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായ മലയാളികൾ ഏറെയാണ്‌. ഉൾഗ്രാമങ്ങളിലേക്കുപോലും കൃത്യമായ കണക്ടിവിറ്റി എത്തിക്കാൻ കഴിയുന്നതോടെ വീട്ടിൽനിന്നുള്ള ജോലി ആർക്കും സുഗമമാകും. ഇത് പദ്ധതിയുടെ ചെറിയൊരു വശംമാത്രം.

സംസ്ഥാനത്തിന് ഇ–-കുതിപ്പിനുതന്നെ വഴിയൊരുക്കുന്നതാണ് കെ ഫോൺ ശൃംഖല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്‌റ്റാർട്ടപ്പുകൾക്ക് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇ–-കൊമേഴ്സ്‌ സൗകര്യങ്ങൾ വഴി വിപണനം നടത്താൻ ഗ്രാമങ്ങളിലെ സംരംഭകർക്കുപോലും സാധിക്കും.

സർക്കാർ സ്ഥാപനങ്ങൾ പലതും സേവനങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്. എന്നാൽ, സേവനദാതാവായ ഓഫീസിലെയും സേവനം കിട്ടേണ്ട ഗുണഭോക്താവിന്റെയും ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാണെങ്കിൽ മാത്രമേ ഇത് ഫലപ്രദമാകൂ. വലിയ സ്വകാര്യ കമ്പനികൾ വൻ നഗരങ്ങളിൽ മെച്ചപ്പെട്ട കണക്ടിവിറ്റി നൽകുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ ലാഭം കുറയും എന്നതിനാൽ ചെയ്യുന്നില്ല. അതിനു മാറ്റം വരുത്താൻ കെ ഫോൺ സഹായിക്കും. എൻഡ്‌ ഓഫീസ് കണക്ടിവിറ്റി ലക്ഷ്യമിടുന്നത് ആകെ 30,000 സർക്കാർ ഓഫീസിലാണ്. ഇതിൽ 3019 എണ്ണം പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 ഓഫീസുവരെ സജ്ജമാകുന്ന രീതിയിൽ ജോലികൾ മുന്നേറുകയാണ്.


 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും കെ ഫോൺ എത്തുന്നതോടെ ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിലിരുന്ന്‌ ചികിത്സയും സുഗമമാകും. ഏറെ ക്ലേശകരമായ മനുഷ്യപ്രയത്നം വേണ്ട ജോലികൾ പദ്ധതി നടത്തിപ്പിലുണ്ട്. 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കേണ്ടതുണ്ട്. ഇതിൽ 2045 കീ.മി പൂർത്തിയായിക്കഴിഞ്ഞു. പ്രളയവും കോവിഡും സൃഷ്ടിച്ച അസൗകര്യങ്ങൾ എല്ലാം മറികടന്നാണ് ഇത് സാധ്യമായത്.

കെ ഫോണിന്റെ ഏറ്റവും തിളക്കമാർന്ന വശം അതിന്റെ സാമൂഹ്യ കാഴ്ചപ്പാടാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പക്ഷേ, ഈ പ്രഖ്യാപനം പ്രാവർത്തികമാകാൻ എല്ലാവർക്കും മെച്ചപ്പെട്ട ഇന്റർനെറ്റ് ലഭ്യമാകണം. ദരിദ്രർക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകിയാലേ അത് സാധിക്കൂ. അതിനുള്ള ശ്രമം പദ്ധതിയിലുണ്ട്. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷംപേർക്കാണ് പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽരംഗത്തെ അസമത്വത്തിന്‌ വലിയൊരളവുവരെ പരിഹാരമാകുന്ന പദ്ധതിയാണിത്.

കെ ഫോൺ പദ്ധതിയുടെ പ്രാധാന്യം പ്രതിപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ആദ്യംമുതൽതന്നെ അഴിമതിയാരോപണങ്ങൾ ഉയർത്തി തകർക്കാൻ നോക്കി; നടന്നില്ല. പദ്ധതിക്ക്‌ പണം നൽകുന്ന കിഫ്ബിക്കെതിരെ നടത്തിയ പുകമറ സമരവും പൊളിഞ്ഞു. അവരുടെ പുതിയ സമരരൂപമായ കുറ്റി ഊരലും മതിൽ തകർക്കലുമൊന്നും വഴി ഈ പദ്ധതി ഇല്ലാതാക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിർണായക മാറ്റം വരുത്തുന്ന ഈ പദ്ധതിക്കൊപ്പം നിൽക്കാൻ പ്രതിപക്ഷംകൂടി തയ്യാറായാൽ അത് കേരളത്തിന്‌ ഗുണമാകും; അവർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top