20 April Saturday

ഇന്റർനെറ്റ്‌ ഹൈവേയിൽ കേരളം കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021



വിവര വിപ്ലവത്തിന്റെ പുതിയൊരു യുഗത്തിലേക്ക്‌ കേരളം ചുവടുവച്ചു. അതിവേഗ ഇന്റർനെറ്റ്‌ സൗജന്യമായും കുറഞ്ഞ നിരക്കിലും പരമാവധി പേർക്ക്‌ ലഭ്യമാക്കുന്ന കെ ഫോൺ എന്ന ജനകീയ സംരംഭത്തിന്‌ ‌മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച തുടക്കം കുറിച്ചു. ആദ്യഘട്ടം സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കുമാണ്.‌ തുടർന്ന്‌ സാധാരണ ജനങ്ങൾക്കും കണക്‌ടിവിറ്റി ലഭിക്കും. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ പരിമിത വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ അന്യൂന മാതൃകയാണ്‌ കെ ഫോൺ. സാധാരണക്കാരുടെ ജീവിതത്തെ അനുനിമിഷം വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോർപറേറ്റ്‌ അജൻഡയ്‌ക്കെതിരായ ശക്തമായ ജനകീയ ബദൽകൂടിയാണ്‌ വൈദ്യുതി, ഐടി വകുപ്പുകൾവഴി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി.

ഇന്റർനെറ്റ്‌ സാങ്കേതികവിദ്യ‌ക്ക്‌ എൺപത്‌ വർഷത്തെ ചരിത്രമാണെങ്കിൽ കംപ്യൂട്ടർ ശൃഖലകൾ വഴിയുള്ള വിവരവിനിമയം ശക്തമായത്‌ തൊണ്ണൂറുകളുടെ തുടക്കം മുതലാണ്‌. തുടർന്നിങ്ങോട്ട്‌ വിവര വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു. എല്ലാ പുതിയ സങ്കേതങ്ങളും ആദ്യമേറ്റുവാങ്ങുന്ന കേരളത്തിലെ കണക്‌ടിവിറ്റി സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞത്‌ കോർപറേറ്റ്‌ ഭീമന്മാർ തന്നെ. അവർ‌ കേരളത്തിലുടനീളം പാതയോരങ്ങൾ കുഴിച്ച്‌ പൈപ്പുകൾ സ്ഥാപിച്ചു‌. റിലയൻസിന്റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ ഏത്‌ ഓണംകേറാമൂലയിലും എത്തിക്കാൻ ‌പ്രയാസമില്ല. ടെലിവിഷൻ, ടെലികോം, ഇന്റർനെറ്റ്‌ കണ്ടന്റ്‌‌ തുടങ്ങിയ സേവനങ്ങളെല്ലാം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നൂതന കേബിൾ ശൃംഖലയുടെ കുത്തക ആയിരുന്നു റിലയൻസിന്റെ ലക്ഷ്യം.

ഇത്തരത്തിൽ നല്ല പശ്‌ചാത്തലമൊരുക്കിയാണ്‌ ജിയോ റിലയൻസിന്റെ അരങ്ങേറ്റം. മൊബൈൽ, ഡാറ്റ, ബ്രോഡ്‌ബാൻഡ്‌, ടെലഫോൺ കണക്‌ഷനുകൾക്ക്‌ തുടക്കത്തിൽ അവർ സൗജന്യങ്ങൾ വാരിക്കോരി നൽകി. ഇന്ത്യൻ പൊതുമേഖലയുടെ അഭിമാനസ്‌തംഭമായ ബിഎസ്‌എൻഎല്ലും മറ്റു സ്വകാര്യ മൊബൈൽ സേവനദാതാക്കളും തകർച്ച നേരിട്ടപ്പോൾ നിരക്ക്‌ ഉയർത്തിയും വ്യവസ്ഥകൾ കർശനമാക്കിയും പിടിമുറുക്കുകയാണ്‌ ജിയോ. ഈ നിർണായക ഘട്ടത്തിലാണ്‌ ഇന്റർനെറ്റ്‌ കണക്‌ടിവിറ്റി അർഹരായവർക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ ചെലവിലും നൽകാനുള്ള സുപ്രധാന ചുവടുവയ്‌പ്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌. വേഗത്തിലുള്ള ഡാറ്റസേവനം സംസ്ഥാനം മുഴുവൻ എത്തിക്കാൻ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല ആണ്‌ ആദ്യപടി.


 

കെഎസ്‌ഇബിയുടെ തൂണുകളിലൂടെ കേബിൾ വലിക്കുകയെന്ന ആശയം യാഥാർഥ്യമായതോടെ വലിയൊരു കടമ്പ പിന്നിട്ടു. കെഎസ്‌ഇബിയും കേരള ഐടി ഇൻഫ്രാസ്‌ട്രക്‌ചറും ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയുടെ ‌സാങ്കേതിക ജോലികൾ നിർവഹിക്കുന്നത്‌ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ്‌. 35000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ കേബിളും അനുബന്ധ സൗകര്യങ്ങളും അറ്റകുറ്റപ്പണികളും ഉൾപ്പെടെ 1531 കോടി രൂപയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ‌ഇതിന്റെ 70 ശതമാനവും കിഫ്‌ബി വഴിയാണ്‌. മുഴുവൻ രേഖകളും വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നത്‌ സുതാര്യത ഉറപ്പുവരുത്താനാണ്‌‌.

രാജ്യത്ത്‌ ഏറ്റവുമധികം ഇന്റർനെറ്റ്‌ ഉപയോക്താക്കളുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. സർക്കാർ സേവനങ്ങളും നല്ല രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറിയിരിക്കുന്നു. ക്ലാസ്‌ റൂമുകളും സ്‌മാർട്ടായി. വർധിച്ചുവരുന്ന ആവശ്യങ്ങൾ സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമായിക്കൂടെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ പദ്ധതിക്ക്‌ തുടക്കമിട്ടത്. എന്നാൽ, കെ ഫോണിന്‌ തുരങ്കം വയ്‌ക്കാൻ പലതലങ്ങളിൽ ശ്രമം നടന്നു. സർക്കാർ എന്തിന്‌ ഇതിനൊക്കെ പോകണം, അതിന്‌ സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ടല്ലോ എന്ന്‌ ചോദിക്കാൻ പോലും പ്രതിപക്ഷ നേതൃത്വത്തിന്‌ മടിയുണ്ടായില്ല. കോർപറേറ്റുകളുടെ പുത്തൻതോഴൻമാരായ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കാൻ ശ്രമം നടത്തി. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച്‌ കെ ഫോൺ ലക്ഷ്യത്തിലെത്തിയിരിക്കുന്നു‌.

എൽഡിഎഫ്‌ സർക്കാർ ദീർഘവീക്ഷണത്തോടെ രൂപം നൽകിയ കെ ഫോൺ പദ്ധതി കോവിഡ്‌ സൃഷ്‌ടിച്ച പ്രതിസന്ധികളിലൂടെയാണ്‌ പുതിയൊരു മാനം കൈവരിച്ചത്‌. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച സർക്കാരിന്റെ കാഴ്‌ചപ്പാടിനപ്പുറം, കണക്‌ടിവിറ്റി എല്ലാവർക്കും അനിവാര്യമായി മാറി. ഓൺലൈനിൽ ലഭ്യമാകുന്ന സർക്കാർ സേവനങ്ങളുടെ എണ്ണം വർധിപ്പിച്ചു‌. ജൂൺ ഒന്നിനുതന്നെ ഓൺലൈനായി സ്‌കൂൾ ക്ലാസുകൾ ആരംഭിച്ചപ്പോൾ കണക്‌ടിവിറ്റിയുടെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും. സർക്കാർ–- ജനകീയ ഇടപെടലുകളിലൂടെ ആ പ്രശ്‌നം ഭാഗികമായി പരിഹരിക്കാനായി. എന്നാൽ, ഇന്റർനെറ്റിന്റെ വേഗക്കുറവ്‌ ചിലയിടങ്ങളിൽ പ്രശ്‌നമായി. ഒരു ജിബിപിഎസ്‌ വരെ വേഗമുള്ള ഇന്റർനെറ്റ്‌ കെ ഫോൺവഴി ലഭ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന്‌ പൂർണ പരിഹാരമാകും.

തൊഴിൽ മേഖലയിൽ കോവിഡ്‌ വരുത്തിയ മാറ്റങ്ങൾ അഭൂതപൂർവമാണ്‌. ഹൈസ്‌പീഡ്‌ ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും പ്രാദേശിക കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതി ഐടി അധിഷ്ഠിത തൊഴിൽ മേഖലകളിൽ കുതിച്ചുചാട്ടത്തിന്‌ വഴിവയ്‌ക്കും. ഐടി ഹബ്ബായി മാറുന്ന കേരളം അന്തർദേശീയ ഇന്റർനെറ്റ്‌ ഹൈവേയുടെ ഭാഗമാകും. വീട്ടിലിരുന്ന്‌ ജോലിചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ വർധിക്കും. ഇ കൊമേഴ്‌സ്‌, ഇ ഹെൽത്ത്‌, ഗതാഗത മേഖലകളിൽ അനന്ത സാധ്യതകളാണ്‌ തെളിയുന്നത്‌. കെ ഫോൺ കേബിൾ ശൃംഖല എല്ലാ വിഭാഗത്തിലുംപെട്ട സേവന ദാതാക്കൾക്ക്‌ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ഉപയോഗിക്കാനാകും. മുഴുവൻ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും കണക്‌ഷൻ നൽകും. 20ലക്ഷം വീടുകൾക്കും സൗജന്യമായി ഇന്റർനെറ്റ്‌ നൽകും. അവശേഷിക്കുന്നവർക്ക്‌ സൗജന്യ നിരക്കിൽ നെറ്റ്‌ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top