26 April Friday

കുതിക്കട്ടെ കായിക കൗമാരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 30, 2018


പ്രളയം പടുകുഴിയിലാക്കിയ കേരളത്തെ കളിക്കളത്തിൽ തലകുനിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കൗമാര കായികോത്സവം വിജയകരമായി പൂർത്തിയായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ‌് ഇത്ര കടുത്ത പ്രതിസന്ധികൾക്കൊടുവിൽ സംസ്ഥാന സ‌്കൂൾ കായികോത്സവം അരങ്ങേറിയത‌്. പരാതികളോ ആക്ഷേപങ്ങളോ ഇല്ലാതെ അതിഗംഭീരമായി തന്നെ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായികോത്സവം നടത്താനായി.

സർവതും തകർത്തെറിഞ്ഞ പ്രളയത്തിനൊടുവിൽ സ‌്കൂൾ മീറ്റ‌് പോലുള്ളവ നടത്തേണ്ടതില്ലെന്നായിരുന്നു തുടക്കത്തിൽ ഭൂരിപക്ഷം ലഭിച്ച അഭിപ്രായം. എന്നാൽ, വർഷങ്ങളായി കളിക്കായി എല്ലാം സമർപ്പിച്ച കുട്ടികൾക്ക‌് അവസരം നഷ്ടമാകരുതെന്ന‌് സംസ്ഥാന സർക്കാരിന‌് നിർബന്ധമുണ്ടായിരുന്നു. അവരുടെ ഭാവിക്ക‌് ദോഷമാകുന്ന ഒരു തീരുമാനവും എടുക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു.

കായികതാരങ്ങൾക്ക‌് ഉപരിപഠനം, ജോലി തുടങ്ങിയവയ‌്ക്ക‌് കായികമേളയിലെ നേട്ടത്തിന്റെ സർട്ടിഫിക്കറ്റുകൾ ഉപകരിക്കും. സാമ്പത്തികമായി പിന്നോക്ക സാഹചര്യത്തിൽനിന്നു വരുന്നവരാണ‌് ഭൂരിപക്ഷം താരങ്ങളും. അവരുടെ ഭാവിയിൽ ഈ സർട്ടിഫിക്കറ്റിന‌് നിർണായക പങ്കുണ്ട‌്.
ആർഭാടം തരിമ്പുമില്ലാതെ കായികോത്സവം നടത്താൻ നിശ‌്ചയിച്ചു. ഈ നിർദേശം എല്ലാവരും പിന്തുണച്ചു. നാലു ദിവസമായി നടത്തിയിരുന്ന മീറ്റ‌് മൂന്നു ദിവസമാക്കി. ഉദ‌്ഘാടന–സമാപന ചടങ്ങുകളും അധ്യാപകരുടെ മത്സരങ്ങളും ഒഴിവാക്കി. മെഡലുകളും ക്യാഷ‌് അവാർഡുകളും വേണ്ടെന്നു തീരുമാനിച്ചു. നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും പരമാവധി ചെലവു ചുരുക്കി.

പ്രളയം ബാധിച്ചവരായിരുന്നു ഭൂരിപക്ഷം താരങ്ങളും. പരിശീലനം മാസങ്ങൾ മുടങ്ങി. പരിശീലനസൗകര്യങ്ങൾ നശിച്ചു. കിടപ്പാടംപോലും നഷ്ടമായ താരങ്ങൾ. എന്നാൽ, കളിക്കളത്തിൽ ഇറങ്ങിയപ്പോൾ അവർ എല്ലാം മറന്നു. കൂടുതൽ വേഗവും ദൂരവും ഉയരവും കുറിക്കാൻ അവർ വീറോടെ പോരാടി. കൊടുംവെയിലും തിരക്കേറിയ മത്സര ഷെഡ്യൂളും ഒന്നും  ആവേശത്തിനു വിലങ്ങായില്ല. ത്രോ ഇനങ്ങളിലും ഹർഡിൽസിലും പുതിയ നിബന്ധനകൾ നടപ്പാക്കിയിരുന്നു. അന്താരാഷ‌്ട്ര അത‌്‌ലറ്റിക‌് ഫെഡറേഷന്റെ നിബന്ധനകൾ അനുസരിച്ച‌് ഈ മത്സരയിനങ്ങളിലെ ഉപകരണങ്ങളുടെ ഭാരം ക്രമീകരിച്ചു. കുട്ടികൾക്ക‌് ഭാവിയിൽ ഏറ്റവും ഗുണകരമായ തീരുമാനമാണിത‌്.

എറണാകുളം ജില്ല ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ‌് ഇത്തവണ കണ്ടത‌്. 2004ൽ തുടങ്ങിയ മേധാവിത്വത്തിൽ 13–ാം കിരീടം  അവർ സ്വന്തമാക്കി. പതിവുപോലെ  കോതമംഗലത്തെ രണ്ട‌് സ‌്കൂളുകളാണ‌് ഈ കുതിപ്പിനു പിന്നിൽ. സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസും മാർ ബേസിലും. മേഴ‌്സി കുട്ടൻ അക്കാദമിയുടെ മിന്നുംപ്രകടനവും എറണാകുളത്തിനു കരുത്തേകി. പറളി, മുണ്ടൂർ, കല്ലടി സ‌്കൂളുകളുടെ മികവിലാണ‌് പാലക്കാട‌് സ‌്കൂൾ കായികോത്സവത്തിൽ കരുത്തൻ സാന്നിധ്യമായത‌്. ഇത്തവണ കല്ലടി മികവുകാട്ടി. കോഴിക്കോടിന‌് നീണ്ട വർഷങ്ങൾക്കൊടുവിൽ മൂന്നാം സ്ഥാനം നഷ്ടമായി. തിരുവനന്തപുരമാണ‌് മൂന്നാമത‌്.

കുറച്ചുവർഷത്തെ ഇടവേളയ‌്ക്കുശേഷം സെന്റ‌് ജോർജ‌് മികച്ച സ‌്കൂൾ പട്ടം സ്വന്തമാക്കി. വിരമിക്കുന്ന കായികാധ്യാപകൻ രാജുപോളിന‌് ഉചിതമായ യാത്രയയപ്പാണ‌് സ‌്കൂളിലെ താരങ്ങൾ നൽകിയത‌്.  പാലക്കാട്ടെ കല്ലടി എച്ച‌്എസ‌്എസാണ‌് രണ്ടാമത‌്. കഴിഞ്ഞ മൂന്നു വർഷം ഈ കിരീടം സൂക്ഷിച്ച  മാർ ബേസിൽ മൂന്നാമതായി. നാട്ടികയിലെ സർക്കാർ ഫിഷറീസ‌് ഹയർ സെക്കൻഡറി സ‌്കൂൾ, പാലക്കാട്ടെ സിഎഫ‌്ഡിവിഎച്ച‌്എസ‌്എസ‌് മാത്തൂർ സ‌്കൂളും പരിമിതികളിൽനിന്ന‌് നേട്ടം കൊയ്യുന്നത‌് ഏറെ പ്രചോദനം നൽകുന്നു.

മണിപ്പൂരുകാരായ എട്ടു താരങ്ങളുടെ മികവിലാണ‌് സെന്റ‌് ജോർജിന്റെ മുന്നേറ്റം. ഇതേക്കുറിച്ച‌് ചോദിച്ചപ്പോൾ ആഫ്രിക്കയിൽനിന്നുവരെ താൻ കുട്ടികളെ  കൊണ്ടുവരുമെന്നായിരുന്നു രാജുപോളിന്റെ മറുപടി. കേരളത്തിലെ സ‌്കൂൾ വിദ്യാർഥികളുടെ കായികമേളയാണിത‌്.  താൽക്കാലിക നേട്ടം ലക്ഷ്യമിട്ടാണ‌്  പുറത്തുനിന്ന‌് താരങ്ങളെ കൊണ്ടുവരുന്നത‌്. ഇത‌് നമ്മുടെ കുട്ടികളുടെ അവസരം ഇല്ലാതാക്കുന്നു. രാജുപോളിനെ പോലുള്ള അധ്യാപകനിൽനിന്ന‌് ഇത്തരം വാക്കുകൾ ഉണ്ടാകാൻ പാടില്ല. കേരളത്തിന്റെ കായികനന്മ ആഗ്രഹിക്കുന്ന ആർക്കും ഇൗ രീതിയിൽ ചിന്തിക്കാനാകില്ല.

ഭാവിയുടെ പ്രതീക്ഷകളായ നിരവധി താരങ്ങളെ ഈ മീറ്റിൽ കാണാം. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എ എസ‌് സാന്ദ്ര, ആൺകുട്ടികളുടെ വിഭാഗത്തിൽ സി ആർ അബ‌്ദുൾ റസാഖ‌്,  സീനിയർ പെൺകുട്ടികളിൽ  ആൻസി സോജൻ, ആൺകുട്ടികളിൽ ആദർശ‌് ഗോപി, സബ‌് ജൂനിയർ പെൺകുട്ടികളിൽ സ‌്നേഹ ജേക്കബ‌് എന്നിവർ നാളെ അന്താരാഷ‌്ട്ര തലത്തിൽ മികവുകാട്ടാൻ പോന്നവരാണ‌്.

സംസ്ഥാന സ‌്കൂൾ കായികോത്സവ ചരിത്രത്തിൽ ഇതുപോലെ കുറച്ച‌് റെക്കോഡുകൾ പിറന്ന മീറ്റില്ല. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ‌് റെക്കോഡിന്റെ എണ്ണം പത്തിൽ താഴെയാകുന്നത‌്. ഇതിന‌് അത‌്‌ലറ്റുകളും പരിശീലകരും വിദഗ‌്ധരും പല കാരണങ്ങൾ പറയുന്നു. തുടർച്ചയായ മീറ്റുകളും പ്രളയവുമാണ‌് പ്രധാന കാരണമെന്ന‌് പലരും സമ്മതിക്കുന്നു.

കഴിഞ്ഞ സ‌്കൂൾ കായികമേളയിൽ മൂന്നു താരങ്ങൾ ഉത്തേജകമരുന്ന‌് ഉപയോഗിച്ചതായി തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ ജാഗ്രത പാലിച്ചു. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ പരിശോധക സംഘം മീറ്റിന‌് എത്തിയിരുന്നു. അവർ ഒമ്പതു താരങ്ങളുടെ മൂത്ര സാമ്പിൾ ശേഖരിച്ചിട്ടുണ്ട‌്. പരിശോധനാഫലം ഉടൻ അറിയാനാകും.

മൂന്നു നാൾ നീണ്ട തിരക്കേറിയ മത്സരക്രമം കൃത്യമായി പൂർത്തിയാക്കി. പ്രതിഫലം പോലുമില്ലാതെ ഒഫീഷ്യലുകൾ ഓടിനടന്നു. അവർ വഹിച്ച പങ്ക‌് എടുത്തുപറയണം. കേരളത്തിന്റെ കായികാവേശവും സർക്കാരിന്റെ ഇച്ഛാശക്തിയുമാണ‌് ഈ മീറ്റ‌് യാഥാർഥ്യമാക്കിയത‌്. കളിക്കളങ്ങൾ നമ്മുടെ നാടിന്റെ ജീവനാഡികളാണെന്നു തിരിച്ചറിയുന്ന വേളകൂടിയാണ‌് സ‌്കൂൾ മീറ്റ‌്. പ്രളയദുരിതങ്ങളിൽനിന്ന‌് കരകയറാൻ വെമ്പുന്ന  കേരളത്തിന‌് ഈ കുട്ടികളുടെ ആവേശവും കൈത്താങ്ങാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top