23 September Saturday

മധുരതരം 
ഈ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023വിദ്യാഭ്യാസമേഖലയിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റവും പരിഷ്‌കരണവും മറ്റ്‌ പ്രവർത്തനങ്ങളുമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. രാജ്യത്തിനാകെ മാതൃകയായ ഈ മുന്നേറ്റത്തിന്റെ പ്രതിഫലനം ഉണ്ടാക്കുന്ന ചലനം ചെറുതല്ല. ഇത്തവണത്തെ എസ്‌എസ്‌എൽസി ഫലം അത്തരത്തിൽ കാണണം. പൊതുവിദ്യാഭ്യാസമേഖലയുടെ കരുത്തും സ്വീകാര്യതയും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതുകൂടിയായി പരീക്ഷാഫലം. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്‌ കൂടുതൽ മധുരം പകരുന്നതും.

ആകെ 4,19,128 പേർ പരീക്ഷ എഴുതിയതിൽ 4,17,864 പേർ ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി. 99.70 ശതമാനം റെക്കോഡ്‌ വിജയം. പോയവർഷമിത്‌ 99.26 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ മുഴുവൻ പേരെയും വിജയിപ്പിച്ച സ്‌കൂളുകളുടെ എണ്ണം 2581 ആയി. കഴിഞ്ഞവർഷമിത്‌ 2134 ആയിരുന്നു. നൂറുമേനിയിൽ സർക്കാർ സ്‌കൂളുകളുടെ എണ്ണം 760ൽ നിന്ന്‌ 951 ആയി കുതിച്ചു. എയ്‌ഡഡ്‌ സ്‌കൂളുകൾ 1191 ഉം. ഫുൾ എ പ്ലസ്‌ നേടിയവരുടെ എണ്ണവും ഇക്കുറി വർധിച്ചു. 68,604 പേർക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു. ഇവയിൽ ഭൂരിപക്ഷവും സർക്കാർ–- എയ്‌ഡഡ്‌ സ്‌കൂളുകളാണ്‌. പോയവർഷമിത്‌ 44,363 ആയിരുന്നു. വിജയശതമാനത്തിൽ കണ്ണൂർ ജില്ല 99.94 ശതമാനവുമായി മുന്നിൽ നിൽക്കുമ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചതിൽ മലപ്പുറം ഒന്നാമതെത്തി. ടിഎച്ച്‌എസ്‌എൽസിയിലും മികച്ച വിജയമാണുണ്ടായിരിക്കുന്നത്‌.

കോവിഡിനു ശേഷം അധ്യയനവും പാഠ്യേതര പ്രവർത്തനങ്ങളും പൂർണതോതിലായശേഷം നടന്ന പരീക്ഷയായിരുന്നു. 2021, 2022 വർഷങ്ങളിൽ പിന്തുടർന്ന ഫോക്കസ്‌ രീതി പൂർണമായി ഒഴിവാക്കി. കൃത്യമായ തയ്യാറെടുപ്പും പഠനരീതിയും പരിശീലനവുമെല്ലാംവഴി മികച്ച രീതിയിൽ പരീക്ഷ എഴുതാൻ ഭൂരിപക്ഷത്തിനും കഴിഞ്ഞു. ഉത്തരക്കടലാസുകളിൽ ഈ മികവ്‌ പ്രകടവുമായി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ അതത്‌ സ്‌കൂളുകളിൽ നടത്തിയ പ്രത്യേക ക്ലാസുകളും ഗുണകരമായി. വിജയിച്ചവർക്കെല്ലാം ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാനത്തുതന്നെ ഉറപ്പുവരുത്തുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്ലസ്‌ വൺ പ്രവേശനം ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ്‌ ലഭ്യമാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുമുണ്ട്‌.

ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വലിയ ഗുണഫലങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ഈ മേഖലയ്‌ക്കായി കൂടുതൽ തുക ബജറ്റിൽ മാറ്റിവയ്‌ക്കുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യുന്നു. നീതി ആയോഗിൻെറ റിപ്പോർട്ടിലും കേരള വിദ്യാഭ്യാസരംഗം ഒന്നാമതാണ്‌. 

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി, വിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, പൊതുവിദ്യാഭ്യാസത്തിന്റെ സാർവത്രികത തുടങ്ങിയവയിൽ പുലർത്തുന്ന കാര്യക്ഷമതയും സ്ഥിരതയും മറ്റൊരു കേരളമാതൃകകൂടി സൃഷ്ടിക്കുകയാണ്‌. ഭൗതികസാഹചര്യ വികസനം, ആധുനികവൽക്കരണം, അധ്യാപനമികവ്‌ എന്നിവയിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ഉയർത്താനായി. ഇതുവഴി പൊതുവിദ്യാലയങ്ങളിലേക്ക്‌ വിദ്യാർഥികളുടെ അത്ഭുതാവഹമായ ഒഴുക്കാണ്‌. 2021–-22ൽ മാത്രം പൊതുവിദ്യാലയങ്ങളിലേക്ക്‌ പുതുതായി എത്തിയത്‌ 2.56 ലക്ഷം കുട്ടികളാണ്‌. ഇവരിൽ ഭൂരിപക്ഷവും സർക്കാർ സ്‌കൂളുകളിലാണ്‌ ചേർന്നത്‌. സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ വിദ്യാലയങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുകയാണ്‌. രണ്ടാം വാർഷികത്തിന്റെ ഭാഗമായി പൂർത്തിയായ 96 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഉദ്‌ഘാടനംചെയ്യും. 11 പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിടും. ഇതുവരെ കിഫ്‌ബി പദ്ധതിയിൽ 377 കെട്ടിടങ്ങളാണ്‌ പൂർത്തീകരിച്ചത്‌.

വിദ്യാകിരണം പദ്ധതിവഴി 47,613 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതിവഴി 16,500 ലാപ്ടോപ്പുകളും നൽകി. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ ലാബുകളടക്കം മെച്ചപ്പെടുത്തി. പിഎസ്‌സി വഴിയുള്ള അധ്യാപക നിയമനം ത്വരിതപ്പെടുത്തി. മലയോര പിന്നാക്ക മേഖലകളിലെ വിദ്യാർഥികൾക്ക് പഠനവിടവ് പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കി. കാഴ്ച പരിമിതരായ അധ്യാപകരും വിദ്യാർഥികളും നേരിടുന്ന വായന പ്രതിസന്ധിക്ക് പരിഹാരമായി ശ്രുതിപാഠം എന്ന ഓഡിയോ ലൈബ്രറി പൂർത്തിയാക്കി. ഭിന്നശേഷി വിദ്യാർഥികളുടെ പഠന പിന്തുണയ്ക്കായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കുകയും 1486 സ്പെഷ്യൽ കെയർ സെന്ററുകൾ സ്ഥാപിക്കുകയും ചെയ്‌തു. പാഠപുസ്തകം മാസങ്ങൾക്ക്‌ മുമ്പുതന്നെ ലഭ്യമാക്കി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കാൻ നടപടി സ്വീകരിച്ചു. സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഇനിയുമേറെ.

വിജയികളായ വിദ്യാർഥികളെയും അവർക്ക്‌ പിന്നിൽ പ്രവർത്തിച്ച അധ്യാപകരടക്കമുള്ളവരെയും അഭിനന്ദിക്കുന്നു. വിജയത്തിൽനിന്ന്‌ അകന്നുപോകുന്നവർ നിരാശരാകേണ്ടതില്ല. അടുത്ത പരീക്ഷയിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top