24 April Wednesday

ആത്മവിശ്വാസത്തോടെ വിദ്യാലയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

2019-–- 2020 അധ്യയന വർഷാന്ത്യത്തിൽ, കോവിഡ്‌ മഹാമാരി സൃഷ്‌ടിച്ച അസാധാരണ സാഹചര്യത്തിൽ സ്‌കൂളിന്റെ പടിയിറങ്ങിപ്പോയവരാണ്‌ ലോകമെങ്ങുമുള്ള വിദ്യാർഥികൾ. ഓൺലൈൻ ക്ലാസുകളുടെ ദീർഘമായ പരീക്ഷണകാലമായിരുന്നു പിന്നീട്‌. കേരളത്തിൽ പ്രശംസാർഹമാംവിധം ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനായി. കോവിഡ്‌ തരംഗത്തിന്‌ ശമനമുണ്ടായപ്പോൾ ഭാഗികമായി ക്ലാസുകൾ നടന്നു. ശാസ്‌ത്രത്തിന്റെ കരുത്തിൽ കോവിഡിന്റെ ഭീഷണി മനുഷ്യരാശി ഏറെക്കുറെ മറികടന്ന സാഹചര്യത്തിൽ അധ്യയനം സാധാരണ നിലയിലേക്ക്‌ മാറുകയാണ്‌  ജൂൺ ഒന്നുമുതൽ.

രണ്ടര വർഷംമുമ്പ്‌ ഇറങ്ങിപ്പോയ കുട്ടികളല്ല മടങ്ങിയെത്തുന്നത്‌. ഓൺലൈൻ മാധ്യമങ്ങളിലൂടെ തുറന്നുകിട്ടിയ വിഭിന്നവും വിസ്‌തൃതവുമായ ലോകക്കാഴ്‌ചകൾ അവരുടെ പ്രകൃതത്തിലും കാഴ്‌ചപ്പാടിലും സമീപനത്തിലും ബന്ധങ്ങളിലുമൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം. രണ്ടരവർഷത്തെ അടച്ചും തുറന്നുമുള്ള ജീവിതം അവരുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടാകാം. ഇത്തരം മാറ്റങ്ങളെയും വെല്ലുവിളികളെയും ഉൾക്കൊണ്ടുവേണം കുട്ടികളെ സമീപിക്കേണ്ടത്‌. വിദ്യാഭ്യാസവകുപ്പ്‌ അതിനായി സംഘടിപ്പിച്ച പരിശീലന പരിപാടികൾ പുതിയകാലത്തെ അഭിസംബോധന ചെയ്യുന്നതിന്‌ അധ്യാപകരെ സർവസജ്ജരാക്കാൻവേണ്ടിയുള്ളതായിരുന്നു. സ്‌ക്രീൻ അഡിക്‌ഷനിൽനിന്ന്‌ കുട്ടികളെ മുക്തരാക്കാനും പഠനവിടവ്‌ പരിഹരിക്കാനും അധ്യാപകർക്ക്‌ സാധിക്കുമെന്ന പ്രത്യാശയിലാണ്‌ അധ്യയനവർഷാരംഭം.  

മലയാളികൾ ഒരുമെയ്യായിനിന്ന്‌ പ്രളയവും മഹാമാരിയുമൊക്കെ നേരിട്ടത്‌ കുട്ടികളിലും സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌. സ്വാർഥത വെടിഞ്ഞ്‌ സഹജാതർക്ക്‌ കാവലാകാൻ അവരും ഒപ്പംനിന്നു. പ്രളയം, ജലക്ഷാമം, ദുരന്തനിവാരണം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ കൂടുതൽ ശ്രദ്ധ നൽകേണ്ടവിധം നമ്മുടെ പാഠ്യപദ്ധതികൾ മാറേണ്ടതുണ്ട്‌. ലിംഗസമത്വം എന്ന ആശയത്തിന്‌ കൂടുതൽ പ്രാധാന്യം കിട്ടാനും ജാതി, മത, ഭൂമിശാസ്ത്രപരമായ വിവേചനങ്ങൾ മാറ്റാനും ആവശ്യമായ വിധം വിദ്യാലയാന്തരീക്ഷം മാറാൻ ശ്രദ്ധാപൂർവമായ പ്രവർത്തനം നടത്തേണ്ടതുണ്ട്‌. അക്കാദമിക്‌ മാസ്റ്റർപ്ലാനിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നത്‌ അഭികാമ്യമാകും. ഭിന്നശേഷിക്കാർക്കുള്ള കരുതലാണ്‌ ഈ കാലയളവിൽ വിദ്യാലയങ്ങളിൽ പ്രകടമായ മറ്റൊരു കാര്യം. ഐഇഡി (ഇൻക്ലൂസീവ്‌ എഡ്യൂക്കേഷൻ ഫോർ ഡിഫറന്റ്‌ലി- ഏബിൾഡ്‌ സ്റ്റുഡന്റ്‌സ്‌) വിദ്യാർഥികൾക്ക്‌ നമ്മുടെ പൊതുവിദ്യാലയങ്ങൾ ഒരുക്കുന്ന സൗകര്യം തീർച്ചയായും ഒരു പരിഷ്‌കൃതസമൂഹത്തിന്‌ അനുയോജ്യമാംവിധംതന്നെയാണ്‌.

ആറുവർഷമായി എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ഇടപെടൽവഴി അൺ എയ്‌ഡഡ്‌ മേഖലയിൽനിന്ന്‌ ലക്ഷക്കണക്കിനു കുട്ടികളെയാണ്‌ പൊതുവിദ്യാഭ്യാസമേഖലയിൽ എത്തിക്കാൻ സാധിച്ചത്‌. ഈ അധ്യയനവർഷവും പുതുതായി പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാം. വിദ്യാഭ്യാസമേഖലയിൽനിന്ന്‌ പിന്മാറണമെന്ന നവലിബറൽ കുറിപ്പടി വലിച്ചെറിഞ്ഞാണ്‌ എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും മക്കൾക്ക്‌ നീതിയിലും സമത്വത്തിലും അധിഷ്‌ഠിതമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസമേഖലയ്‌ക്ക്‌ മുന്തിയ പരിഗണന നൽകുന്നത്‌. അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക്‌ നിലവാരം മെച്ചപ്പെടുത്തലും ഒരുപോലെ ശ്രദ്ധിക്കുന്നതിന്റെകൂടി ഫലമാണ്‌ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്നത്‌.

പൊതുവിദ്യാഭ്യാസമെന്നത്‌ മതനിരപേക്ഷ വിദ്യാഭ്യാസംകൂടിയാണ്‌. മതങ്ങളുടെയും ജാതികളുടെയും ഉപജാതികളുടെയും പേരിൽ സ്‌കൂളുകൾ മുളച്ചുപൊന്തുമ്പോൾ അതിനുള്ള രാഷ്‌ട്രീയ മറുപടിയാണ്‌ പൊതുവിദ്യാലയങ്ങൾ. മതനിരപേക്ഷതയുടെ വിശാലമായ ഇടങ്ങളാണവ. കുട്ടികളെ വർഗീയവാദികൾ വിദ്വേഷ പ്രചാരണത്തിന്‌ ആയുധമാക്കുന്ന അത്യന്തം അപകടകരമായ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ്‌ ഇത്തവണത്തെ അധ്യയനവർഷാരംഭം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം കുട്ടി വിളിച്ചതിന് അച്ഛനെയും മുദ്രവാക്യം പറഞ്ഞ്‌ പഠിപ്പിച്ചവരെയും പിടികൂടിയിട്ടുണ്ട്‌. നെടുമങ്ങാട്ട്‌ വാളേന്തി വിഎച്ച്‌പിയുടെ വനിതാ വിഭാഗത്തിന്റെ  പ്രകടനം സംഘടിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.

പുസ്‌തകമേന്തേണ്ട കൈകളിൽ വാൾ പിടിപ്പിക്കുന്നവരെയും കുട്ടിക്കവിതകളും കുട്ടിക്കഥകളും ഉരുവിടേണ്ട കിടാങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെ വിഷപ്പാട്ടുകൾ ഓതിക്കൊടുക്കുന്നവരെയും ഒറ്റപ്പെടുത്താൻവേണ്ടി കൂടിയാണ്‌ പൊതുവിദ്യാലയങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top