25 April Thursday

പുതിയ പ്രതീക്ഷകൾ പുതിയ പാഠങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


ആഹ്ലാദാരവങ്ങളുടെ കവാടങ്ങൾ തുറന്ന്‌ പുതിയ വിദ്യാലയവർഷം ഇന്ന്‌ ആരംഭിക്കുകയാണ്‌. പുതിയ പ്രതീക്ഷകൾ, പുതിയ ലക്ഷ്യങ്ങൾ, പുതിയ പാഠങ്ങൾ... അതിരുകളില്ലാത്ത വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക്‌ പറന്നുയരാൻ കുരുന്നുകൾ എത്തുകയാണ്‌. കൗതുകവും ആകാംക്ഷയും  നിറയുന്ന അന്തരീക്ഷത്തിൽ പിരിമുറുക്കങ്ങളില്ലാതെ പഠിച്ചുവളരാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും  ഒരുങ്ങി. സംസ്ഥാനത്ത്‌ 42  ലക്ഷത്തിലധികം കുട്ടികളാണ്‌ വ്യാഴാഴ്‌ച സ്‌കൂളുകളിലേക്ക്‌ എത്തുന്നത്‌.  നാലര ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നവാഗതരായി എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ്‌ പൂർത്തിയായിരിക്കുന്നത്‌. പുത്തനറിവുകളുടെ  ആകാശത്തുകൂടി പാടിയാടി പറന്ന്‌ മുന്നേറാൻ എത്തുന്ന കുഞ്ഞുങ്ങളുടെ പ്രവേശനോത്സവം, നാടിന്റെയാകെ  ഉത്സവമാകുമെന്ന്‌ ഉറപ്പ്‌. ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം  പിടിച്ചു സ്വന്തമാക്കണം’ എന്ന പ്രവേശനോത്സവ ഗാനം  ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌. പഠനം പാൽപ്പായസമാക്കാൻ, സാമൂഹ്യബോധത്തോടെയും മതനിരപേക്ഷ നിലപാടോടെയും  വളരാനുമുള്ള വഴികാട്ടിയാകുകയാണ്‌ ഇവയെല്ലാം.

സ്‌കൂൾ പ്രവേശനോത്സവം വ്യാഴാഴ്‌ച രാവിലെ 10ന്‌ എല്ലാ സ്‌കൂളിലും നടക്കും. ഇതിനായി സ്‌കൂളുകൾ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. സ്‌കൂൾ പിടിഎ, മദർ പിടിഎ, തദ്ദേശഭരണ സ്ഥാപനങ്ങൾ, മറ്റ്‌ സർക്കാർ വകുപ്പുകൾ, അധ്യാപക, അനധ്യാപക, വിദ്യാർഥി, സന്നദ്ധ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ്‌ ഒരുക്കങ്ങൾ. സ്‌കൂൾ, ജില്ല, സംസ്ഥാനം എന്നീ  തലങ്ങളിലായി ഒരേസമയം ഉദ്ഘാടനം നടക്കും. തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്‌എസ്‌എസിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുക. സ്‌കൂൾ വർഷം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ഒരാഴ്‌ച മുമ്പേ പൂർത്തിയാക്കിയിട്ടുണ്ട്‌. പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ 95 ശതമാനവും പൂർത്തിയാക്കി. എല്ലാ വിദ്യാലയവും ശുചീകരിച്ചു. ജൂൺ അഞ്ചിന്‌  വലിച്ചെറിയൽ മുക്ത വിദ്യാലയ പ്രഖ്യാപനം നടക്കും. ഗതാഗതം,  കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ക്ഷമത, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം എന്നിവയും പൂർത്തിയാക്കി. ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി എല്ലാ സ്‌കൂളിലും രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കൂടുതൽ പൊതുവിദ്യാലയങ്ങളിൽ വനിതാ ശിശുവികസന വകുപ്പിന്റെ  കൗൺസലർമാരുടെ  സേവനം ഏർപ്പെടുത്തും. അധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനും നടപടി സ്വീകരിച്ചു. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുനൽകുന്നതിന്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്തിനാകെ മാതൃകയാകുകയാണ്‌. നിതി ആയോഗിന്റെ റിപ്പോർട്ടിൽ കേരളം ഒന്നാമതാണ്‌. കേരളത്തിന്റെ നേട്ടങ്ങൾ പഠിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവർ എത്തുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ  സമാനതകളില്ലാത്ത വികസനമുന്നേറ്റവും  പരിഷ്‌കരണവുമാണ്‌ നടപ്പാക്കുന്നത്‌. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‌ സർക്കാർ സ്വീകരിച്ച നടപടികൾ വിജയം കണ്ടു. വിദ്യാഭ്യാസമേഖലയ്‌ക്കായി ബജറ്റ്‌ വിഹിതം ഉയർത്തിയതും അടിസ്ഥാനസൗകര്യ വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതും മേഖലയ്‌ക്ക്‌ കരുത്തായി. ഭൗതികസാഹചര്യ വികസനത്തിനൊപ്പം ആധുനികവൽക്കരണത്തിലൂടെയും   അധ്യാപനമികവിലൂടെയും  പൊതുവിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വർധിച്ചു. ഇതുവഴി  പൊതുവിദ്യാലയങ്ങളിലേക്ക്‌ പോയവർഷം 2.56 ലക്ഷം കുട്ടികളാണ്‌ പുതുതായി എത്തിയത്‌. ഈ വർഷം ഇത്‌ വീണ്ടും ഉയരും. നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യം വലിയ മുന്നേറ്റമാണ്‌ സൃഷ്ടിക്കുന്നത്‌. പുതുതായി നിർമിച്ച 96 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾകൂടി അടുത്തിടെയാണ്‌ തുറന്നുനൽകിയത്‌.  കിഫ്‌ബി വഴി സംസ്ഥാനത്ത്‌ 377 ആധുനിക സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചു. നിരവധി കെട്ടിടങ്ങൾ നിർമാണം പുരോഗമിക്കുന്നു. സ്‌കൂൾ ലാബുകൾ ആധുനീകരിച്ചു. 45,710 ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു.  47,613 ലാപ്ടോപ്പുകൾ വിദ്യാകിരണം പദ്ധതിവഴിയും 16,500 ലാപ്ടോപ്പുകൾ ഹൈടെക്‌ പദ്ധതി വഴിയും നൽകി.  പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികളും തുടങ്ങി. ശാസ്‌ത്ര സാങ്കേതിക രംഗത്തെ അത്ഭുതാവഹമായ മുന്നേറ്റത്തിനൊപ്പം സാമൂഹ്യബോധത്തോടെയും ശാസ്‌ത്രബോധത്തോടെയും വളരാൻ പുതിയ തലമുറയെ പര്യാപ്‌തമാക്കേണ്ടതുണ്ട്‌. മധ്യവേനൽ അവധി കഴിഞ്ഞ്‌ വിദ്യാലയങ്ങളിലേക്ക്‌ എത്തുന്നവർക്കും നവാഗതരായി എത്തുന്ന കുരുന്നുകൾക്കും എല്ലാ ആശംസയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top