05 December Tuesday

ചരിത്രത്തെ നിങ്ങൾ ഭയപ്പെടുന്നതെന്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019


രാജ്യത്തിന്റെ ചരിത്രത്തെ വക്രീകരിക്കുക എന്നത് സംഘപരിവാർ അജൻഡയുടെ സുപ്രധാന ഭാഗമാണ്. ഇന്ത്യയുടെ നവോത്ഥാന പാരമ്പര്യത്തെ തകർത്തും  ജനാധിപത്യ- മതേതര- സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിത്തറ മാന്തിയും   ഹൈന്ദവരാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അവർ. അതിനായുള്ള ആശയരൂപീകരണത്തിന് വലിയ തടസ്സം നാടിന്റെ ചരിത്രംതന്നെയാണ്. പുതിയ തലമുറയെ ചരിത്രബോധമില്ലാത്തതാക്കി, മസ്തിഷ്കത്തിൽനിന്ന് നവോത്ഥാനമൂല്യങ്ങൾ തുടച്ചുമാറ്റി തങ്ങൾക്കുവേണ്ട മനോഭാവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസരംഗത്ത് സംഘപരിവാർ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. കേരളചരിത്രത്തിലെ ജാതിവിരുദ്ധ മുന്നേറ്റത്തിൽ നാഴികക്കല്ലായി എക്കാലത്തും ഓർമിക്കപ്പെടുന്ന മാറുമറയ്ക്കൽ സമരം വിദ്യാർഥികൾ പഠിക്കേണ്ടതില്ല എന്ന തീരുമാനം ആ ഇടപെടലിൽ ഒടുവിലത്തേതാണ്.

വസ്ത്രധാരണത്തിന്റെ  സാമൂഹ്യചരിത്രം എന്നതുൾപ്പെടെ മൂന്ന് അധ്യായം എൻസിഇആർടി ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തതിനെ ഒറ്റപ്പെട്ട സംഭവമായോ നിഷ‌്കളങ്ക  നടപടിയായോ കാണാനാകില്ല.   മാറുമറയ്ക്കൽ സമരം ഉൾപ്പെടെയുള്ള മുന്നേറ്റങ്ങൾ നടക്കുന്ന ഘട്ടത്തിലും ഒരുവിഭാഗം സ്ത്രീകൾ പരമ്പരാഗത സ്ത്രീ സംഘത്തിന്റെയും ആചാരങ്ങളുടെയും തടവുകാരായി നിലകൊണ്ടു എന്ന ഭാഗം  കൃത്യമായി നീക്കംചെയ്യപ്പെട്ടിട്ടുണ്ട്. അതിലറിയാം യഥാർഥലക്ഷ്യം എന്ത് എന്ന്. പുസ്‌തകത്തിന്റെ ഭാരം കുറയ‌്ക്കാനുള്ള കേവലമായ നടപടിയല്ല മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആസൂത്രിതനീക്കത്തിന്റെ ഒരുഭാഗം മാത്രമാണിത്. രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയുടെയും മതനിരപേക്ഷതയുടെയും ചരിത്രത്തെ തമസ്കരിക്കാനും വക്രീകരിക്കാനും ആർഎസ്എസ് കേന്ദ്ര ഗവൺമെന്റ‌് സംവിധാനത്തെയും  അവർക്ക് നിയന്ത്രണമുള്ള സംസ്ഥാനങ്ങളെയും ഉപയോഗിക്കുകയാണ്. എൻസിഇആർടി, യുജിസി, ഐസിഎസ്എസ്ആർ തുടങ്ങിയ സ്ഥാപനങ്ങളിൽ എല്ലാംതന്നെ അത്തരം ഇടപെടൽ ഉണ്ടാകുന്നു. ആർഎസ്എസിന്റെ  പ്രമുഖ പ്രവർത്തകരോ ആജ്ഞാനുവർത്തികളോ  ഇവിടങ്ങളിൽ തിരുകിക്കയറ്റപ്പെടുന്നു.  ഇത് വാജ്പേയി ഭരണകാലത്ത് തുടങ്ങിയ രീതിയാണ്.

ജാതിവ്യവസ്ഥയുടെ ദുഷ്‌പ്രവണതകളെ പരാമർശിക്കുന്ന പാഠഭാഗങ്ങൾ  മതവിശ്വാസം വ്രണപ്പെടുത്തുന്നു  എന്ന കാരണംപറഞ്ഞ് മുരളീ മനോഹർ ജോഷി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ ഘട്ടത്തിൽതന്നെ  ഭേദഗതി വരുത്തിയിരുന്നു. അതിനെ  എതിർത്ത ബുദ്ധിജീവികളെയും ചരിത്രകാരന്മാരെയും രാജ്യദ്രോഹികൾ എന്ന് മുദ്രയടിച്ചു.  റോമില ഥാപർ,  ആർ എസ് ശർമ തുടങ്ങിയവരെ  അറസ്റ്റ് ചെയ്യണമെന്ന ആവശ്യംപോലും അന്ന് സംഘപരിവാർ  ഉയർത്തി. പത്താംക്ലാസിലെ എൻസിഇആർടി പാഠപുസ‌്തകത്തിൽനിന്ന് ഗാന്ധിവധത്തെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കി.  ശക്തമായ പ്രതിഷേധം വന്നപ്പോഴാണ് ഗാന്ധിവധം ഉൾപ്പെടുത്താൻ തയ്യാറായത്. ഗുജറാത്തിലാണെങ്കിൽ നരേന്ദ്ര മോഡി ഭരിക്കുമ്പോൾ പാഠപുസ‌്തകത്തിൽ  എഴുതിവച്ചത്,  ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾ ആക്കാൻ ശ്രമിക്കുന്ന വിദേശീയരാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും എന്നാണ്.

തങ്ങളുടെ ഗൂഢലക്ഷ്യത്തിന്റെ സാക്ഷാൽക്കാരത്തിനായി "ഭാരതീയ മൂല്യപരിവേഷത്തോടെ നമ്മുടെ വ്യവസ്ഥയെ പുനഃസംഘടിപ്പിക്കുക’ എന്ന മുദ്രാവാക്യമാണ് അവർ  ഉയർത്തിയത്. ശാസ്ത്ര സത്യങ്ങളെയും വസ്തുതകളെയും മറച്ചുവച്ച് യുക്തിക്കുനിരക്കാത്ത കൽപ്പിതകഥകൾ പ്രചരിപ്പിക്കുകയും അതിന് ആധികാരികത നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രിയുള്ള നാട്ടിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.  സാമൂഹ്യപരിഷ‌്കരണ പോരാട്ടങ്ങളുടെയും ജനമുന്നേറ്റങ്ങളുടെയും ചരിത്രത്തെ  നശിപ്പിച്ച്  പുതിയ തലമുറയെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാനും അതിലൂടെ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കാനുമുള്ള തുടർച്ചയായ  ശ്രമത്തിന്റെ  ഭാഗം തന്നെയാണ് എൻസിഇആർടിയുടെ  പുതിയ തീരുമാനം. സംഘപരിവാർ സമൂഹത്തെ പുറകോട്ട് വലിച്ചിഴയ്ക്കുകയും അപരിഷ‌്‌കൃത ആശയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ നവോത്ഥാനമൂല്യങ്ങളെ തിരിച്ചുപിടിക്കുകയും പുതിയ മുന്നേറ്റത്തിന‌് ഊർജമാക്കുകയും എന്ന  ശരിയായ ഇടപെടലാണ് പുരോഗമനപ്രസ്ഥാനങ്ങൾ നടത്തുന്നത്. അത് ആർഎസ്എസിനെ അസ്വസ്ഥമാക്കുന്നു. നാടിന്റെ പോരാട്ടങ്ങളുടെ ചരിത്രം പുതിയ തലമുറയുടെ മനസ്സിൽ അനീതികളെ ചോദ്യംചെയ്യാനുള്ള ഊർജമായി വളരുമെന്നാണ് ആർഎസ്എസ് ഭയപ്പെടുന്നത്. മേൽവസ്ത്രം ധരിച്ച് നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി  നടന്ന സമരത്തിനും ദുരാചാരങ്ങൾക്കെതിരെ ഉയർന്നുവന്ന നവോത്ഥാന ചിന്തകൾക്കും സമരതീക്ഷ‌്ണമായ ഭൂതകാലത്തിനും എൻസിഇആർടി  അയിത്തം കൽപ്പിക്കുമ്പോൾ സംഘപരിവാറിനെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടം എല്ലാ മേഖലയിലും ശക്തമാക്കണം എന്ന സന്ദേശം  തന്നെയാണ് കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top