24 April Wednesday

ആരോഗ്യമികവും വെല്ലുവിളികളും

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021


ആരോഗ്യമേഖലയിലെ നേട്ടക്കുതിപ്പ് കേരളം തുടരുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന 2019–- -20 ലെ നിതി ആയോഗ് സൂചികയിലും സംസ്ഥാനം അഭിമാനകരമാംവിധം ഒന്നാമതെത്തി. പകുതി സംസ്ഥാനങ്ങള്‍ക്കും നൂറില്‍ 50  സ്കോർപോലും നേടാനാകാത്തപ്പോൾ കേരളം 82 പോയിന്റ് നേടി. മുൻവർഷത്തെ അപേക്ഷിച്ച് വർധനയും ഉണ്ട്.

ഏറെ കെടുതികൾ നീന്തിയാണ് കേരളം ഈ നേട്ടങ്ങള്‍ നിലനിര്‍ത്തിയത്. ആശുപത്രികളുടെ പ്രവര്‍ത്തനമികവ്, ജീവനക്കാരുടെ എണ്ണം, സേവനത്തിന്റെ മേന്മ എന്നിവയൊക്കെ വിലയിരുത്തിയാണ് റാങ്ക് എന്നത് പ്രധാനമാണ്. കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ നമ്മളെ തുണച്ചത് ഈ മികവും അവ പ്രയോജനപ്പെടുത്തിയുള്ള ആസൂത്രണവുമാണ്. ഇപ്പോള്‍ അടുത്ത ഭീഷണിയായി ഒമിക്രോണ്‍ അരികിലുണ്ട്. മഹാമാരിയുടെ ഈ പുതുരൂപത്തെ ചെറുക്കാനും നമ്മള്‍ക്ക് കരുത്തുണ്ടാകുമെന്ന ആത്മവിശ്വാസം നല്‍കുന്നതുകൂടിയാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍.

ഈ നേട്ടം അഭിമാനകരമായി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ആരോഗ്യരംഗത്തെ സംസ്ഥാനത്തിന്റെ വെല്ലുവിളികളെ നമ്മള്‍ അവഗണിച്ചു കൂടാ. രോഗാതുരതയില്‍ കേരളം  വളരെ മുന്നില്‍ നില്‍ക്കുന്നു എന്നത് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യമേഖലയിലെ നേട്ടം പ്രതിഫലിക്കുന്നത് സ്വാഭാവികമായും വര്‍ധിച്ച ആയുര്‍ ദൈര്‍ഘ്യത്തിലാണ്. വയോധികരുടെ എണ്ണം കൂടുന്നു; ഒപ്പം  അവര്‍ക്ക് വരുന്ന തീരാവ്യാധികളും പെരുകുന്നു. പ്രമേഹം, രക്താതിമര്‍ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ കൂടിവരുന്നതായി പഠനങ്ങള്‍ പറയുന്നു. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനയുണ്ടാകുന്നതായും  ചൂണ്ടിക്കാണിക്കപ്പെടുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും അമിത മദ്യപാനവും ഈ പ്രവണതയ്‌ക്ക്‌ കാരണമാകുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരും കൂടിവരുന്നു. ഇവരില്‍ ചികിത്സ തേടുന്നവര്‍ വളരെ ചെറിയ ശതമാനം മാത്രമെന്നും കണക്കുകളുണ്ട്.  ഇതും ഗൗരവമുള്ള ആരോഗ്യ-സാമൂഹ്യപ്രശ്നമാണ്. ഇതിനെല്ലാം പുറമേ കൊതുകും കീടങ്ങളും വഴി പകരുന്ന രോഗങ്ങളും ഇപ്പോഴും സാന്നിധ്യമറിയിക്കുന്നു.

"പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും മാനസികരോഗങ്ങളും അപകടംമൂലമുണ്ടാകുന്ന മരണവും ആരോഗ്യ പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ മാതൃകയിലുള്ള പദ്ധതി  ജനപങ്കാളിത്തത്തോടെ നടപ്പാക്കു'മെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ ആര്‍ദ്രം പദ്ധതി ഈ വെല്ലുവിളികളെക്കൂടി നേരിടാന്‍ കഴിയുന്ന വിധത്തില്‍ പുതുക്കിപ്പണിയേണ്ടതുണ്ട്. പുതിയ സര്‍ക്കാര്‍ ആ വഴിക്കുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു. ആവര്‍ത്തിക്കുന്ന മഹാമാരികള്‍ നമ്മുടെ ആരോഗ്യ മുന്‍ഗണനകള്‍ തകിടം മറിക്കുന്നുണ്ടെങ്കിലും ഈ വെല്ലുവിളികളെയും അതിജീവിക്കാന്‍  കേരളത്തിനു കഴിയുമെന്നത് ഉറപ്പാണ്.

നിതി ആയോഗിന്റെ സൂചികയില്‍ കേരളം നേടിയ മികവ്‌ പറയുമ്പോള്‍ മറ്റ്  സംസ്ഥാനങ്ങളുടെ സ്ഥിതികൂടി സ്വാഭാവികമായും പരിശോധിക്കേണ്ടി വരും. കേരളം 82.2 പോയിന്റ് സ്കോര്‍ നേടിയപ്പോള്‍ വികസന മാതൃകയായി സംഘപരിവാർ പെരുമ്പറ കൊട്ടുന്ന ഉത്തർപ്രദേശിലെ ആകെ സ്കോർ 30.57 ആണ്. കേരളത്തിന്റെ സ്കോറിന്റെ പകുതിക്കും ഏറെ താഴെ. വലിയ സംസ്ഥാനങ്ങളില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനമെന്ന "പദവി' അവര്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്  നീങ്ങുന്ന യുപിയെ വെളിപ്പിച്ചെടുക്കാന്‍  ഈ സ്കോർ മുൻനിർത്തിപ്പോലും  സംഘടിത മാധ്യമശ്രമമുണ്ടായി എന്നത് കാണണം. ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനം യുപി ആണെന്നാണ് പല "ദേശീയ' മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഏറ്റവും പിന്നിൽ ഓടിയ ആള്‍ കഴിഞ്ഞതവണത്തേക്കാള്‍ അൽപ്പംകൂടി  വേഗത്തിൽ ഓടി എന്നതാണ് പരമപ്രധാനം എന്ന മട്ടിലാണ്  ഈ  അസംബന്ധ വാര്‍ത്തകള്‍. കഴിഞ്ഞ വർഷംതന്നെ വളരെ ഉയർന്ന സൂചികയിൽ എത്തിയതിനാൽ കേരളത്തിന്‌ വലിയതോതിൽ വർധന ഇനി എളുപ്പമല്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top